Tuesday, June 19, 2018 Last Updated 46 Min 44 Sec ago English Edition
Todays E paper
Ads by Google
ഗോകുല്‍ മുരളി
Sunday 14 May 2017 02.00 AM

സിഗരറ്റ്‌ കൂടും ഗാന്ധിയും

uploads/news/2017/05/108319/sun3.jpg

ഏറെനാളത്തെ അധ്വാനഫലമായി ഇന്ത്യയുടെ ആത്മാവിനെ അടുത്തറിഞ്ഞ്‌ ഒരു ചിത്രം നിര്‍മിക്കാന്‍ ഹോളീവുഡ്‌ ഇതിഹാസം റിച്ചാര്‍ഡ്‌ ആറ്റന്‍ബറോ തീരുമാനിക്കുന്നു. രാഷ്‌ട്രപിതാവ്‌ മഹാത്മാ ഗാന്ധിയുടെ ജീവിതത്തിനു ചലച്ചിത്ര ഭാഷ്യം. താരത്തെയും കണ്ടെത്തി ചിത്രീകരണവും കഴിഞ്ഞു. എന്നാല്‍, ഇന്ത്യയില്‍ ആര്‌ പോസ്‌റ്ററുകള്‍ രൂപകല്‍പന ചെയ്യുമെന്ന്‌ സംശയം ഉടലെടുത്തു. സോഴ്‌സ് അഡ്വര്‍ടൈസിങ്‌ എന്ന സ്‌ഥാപനത്തിനാണ്‌ ഇതിന്റെ ഉത്തരവാദിത്തം നല്‍കിയത്‌. സമയത്ത്‌ തീര്‍ത്തുകൊടുക്കുന്ന ഒരാളെ ചുമതല ഏല്‍പ്പിക്കുക എന്നതായിരുന്നു കമ്പനിയുടെ മുന്നിലെ പ്രധാന ഉത്തരവാദിത്വം. ഒടുവില്‍ അതിനായി കണ്ടെത്തിയത്‌ തലശേരിക്കാരനായ ശരത്ത്‌ ചന്ദ്രനെയായിരുന്നു. അങ്ങനെ, ആറ്റന്‍ബറോചിത്രത്തിനായി ഇന്ത്യയില്‍ ഉടനീളം ശരത്‌ ചന്ദ്രന്‍ ഡിസൈന്‍ ചെയ്‌ത പോസ്‌റ്ററുകള്‍ ഉയര്‍ന്നു.

കാലം കുറച്ചുകൂടി പിന്നിലേക്ക്‌ പോയാല്‍, 1963ല്‍ തലശേരിക്കാരനായ ഒരു പയ്യന്‍ പഴയകാല നടി സാധന നായികയായി അരങ്ങേറ്റം കുറിച്ച "ഏക്‌ മുസാഫിര്‍ ഏക്‌ ഹസീന" എന്ന ചിത്രത്തിനായി പോസ്‌റ്റര്‍ തയ്യാറാക്കി. മത്സരത്തിലൂടെയാണ്‌ പോസ്‌റ്ററുകള്‍ ക്ഷണിച്ചത്‌. മഞ്ഞ്‌ പുതച്ച മലനിരകളുടെ പശ്‌ചാത്തലത്തില്‍ നായികയും നായകനും നില്‍ക്കുന്ന പോസ്‌റ്ററുകളാണ്‌ തയ്യാറാക്കിയത്‌. പോസ്‌റ്ററുകള്‍ ഇഷ്‌ടപ്പെട്ട അണിയറപ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന്‌ രണ്ടാം സമ്മാനം നല്‍കി. 350 രൂപയാണ്‌ അന്ന്‌ സമ്മാനമായി ലഭിച്ചത്‌.

ആ പണം ഉപയോഗിച്ച്‌ 1964ല്‍ ശരത്‌ ചന്ദ്രന്‍ മുംബൈക്ക്‌ വണ്ടികയറി. ഇതാണ്‌ ഓസ്‌കറിലേക്ക്‌ വഴി തെളിച്ച ഗാന്ധി ചിത്രത്തിന്‌ പോസ്‌റ്ററുകള്‍ തയ്യാറാക്കാന്‍ കാരണമായ ആദ്യ സംഭവം എന്ന്‌ അദ്ദേഹം ഓര്‍ക്കുന്നു.

ചെറുപ്പം മുതല്‍ക്കെ ചിത്രങ്ങളോടും കലാരൂപങ്ങളോടും പ്രത്യേകം താല്‍പ്പര്യമുണ്ടായിരുന്ന ശരത്ത്‌. പ്രശസ്‌ത ചിത്രകാരന്‍ സി.വി. ബാലന്‍ നായരുടെ കീഴിലാണ്‌ കലാപഠനം നടത്തിയത്‌. തലശേരിയിലെ അദ്ദേഹത്തിന്റെ സ്വന്തം സ്‌ഥാപനമായ കേരള സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സിലായിരുന്നു പഠനം. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടില്‍ നിന്നു വളര്‍ന്നുവന്നതിനാല്‍ അദ്ദേഹത്തിന്‌ ഏറെ ഇളവുകള്‍ നല്‍കിയിരുന്നു. ഇന്ന്‌ ലഭിച്ചിരുന്നത്ര സുലഭമായും വിലക്കുറച്ചും പെയിന്റുകള്‍ അന്ന്‌ ലഭിച്ചിരുന്നില്ല. ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കേടാകാതിരിക്കുവാന്‍ ഉപയോഗിച്ചിരുന്ന സിങ്ക്‌ ഓക്‌സൈഡും മറ്റ്‌ രാസോല്‍പ്പന്നങ്ങളും ചേര്‍ത്ത്‌ അരച്ചാണ്‌ പണ്ട്‌ വെള്ള പെയിന്റ്‌ ഉണ്ടാക്കിയിരുന്നത്‌. ഇത്തരത്തില്‍ നുറുങ്ങുവിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ്‌ ചിത്രരചന. എന്നാല്‍, ഇന്ന്‌ അതിന്റെ ആവശ്യം വരുന്നില്ലെന്ന്‌ അദ്ദേഹം പറയുന്നു. താമസിയാതെ ശരത്തിന്‌ ഡ്രോയിങ്‌ അധ്യാപകനായി ജോലിയും ലഭിച്ചു. എങ്കിലും ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം മുംബൈക്ക്‌ പോകാനായിരുന്നു തീരുമാനം.

മുംബൈയില്‍ തുടക്കത്തില്‍ കഷ്‌ടപ്പാടായിരുന്നു. പല ചെറു സ്‌ഥാപനങ്ങളിലും ആദ്യഘട്ടങ്ങളില്‍ ജോലി ചെയ്‌ത അദ്ദേഹത്തിന്‌ വൈകാതെ ഇന്ത്യയിലെ തന്നെ വമ്പന്മാരായ ഗോള്‍ഡന്‍ ടുബാക്കോയില്‍ ജോലി ലഭിച്ചു. കിട്ടിയതു പക്ഷേ, സിഗരറ്റുകളുടെ കവറുകള്‍ രൂപകല്‍പന ചെയ്യുക എന്ന അപൂര്‍വ്വ ജോലി. സിഗരറ്റ്‌ പായ്‌ക്കറ്റ്‌ എന്നത്‌ വെറുമൊരു പായ്‌ക്കറ്റ്‌ മാത്രമല്ല, അതിലും ഒരു കല ഒളിഞ്ഞിരിപ്പുണ്ടെന്ന്‌ അദ്ദേഹം തെളിയിച്ചു. പിന്നീട്‌ ഇദ്ദേഹം രൂപകല്‍പന ചെയ്‌ത കവറുകളില്‍ ഉള്ള സിഗരറ്റുകള്‍ അമേരിക്കയിലും യൂറോപ്പിലും അടക്കം പുകവലിക്കാര്‍ക്ക്‌ പ്രിയങ്കരമായി.
1976ല്‍ മുംബൈയില്‍ നടന്ന ഏഷ്യന്‍ അമച്വര്‍ ബോക്‌സിങ്ങിന്റെ പോസ്‌റ്ററുകളുടെയും പരസ്യങ്ങളുടെയും ചുമതല തേടിയെത്തിയത്‌ ശരത്തിലെ കലാകാരനുള്ള അംഗീകാരമായിരുന്നു. താന്‍ ചെയ്യുന്ന പോസ്‌റ്ററുകള്‍ ഇഷ്‌ടപ്പെട്ടാല്‍ മാത്രം പ്രതിഫലം നല്‍കിയാല്‍ മതിയെന്ന കരാറിലാണ്‌ അദ്ദേഹം മോഡലുകള്‍ ചെയ്‌തത്‌. ലോകം കഴിവുറ്റവരെന്ന്‌ വിളിക്കുന്ന ജപ്പാന്‍കാരെയും കൊറിയന്‍ കലാകാരന്മാരെയും "ഇടിച്ചിട്ട്‌" ഈ തലശേരിക്കാരന്‍ കളം പിടിച്ചു.

ഗോള്‍ഡന്‍ ടുബാക്കോയിലെ ജോലി പരിമിതിയാകുെന്നന്ന്‌ തോന്നിയപ്പോള്‍ സ്വന്തം കമ്പനി തുടങ്ങി. ധാരാളം സിഗരറ്റ്‌ കമ്പനികള്‍ക്കായി കവറുകള്‍ തയാറാക്കാനുള്ള അവസരമാണ്‌ ഇതിലൂടെ ലഭിച്ചത്‌.

ഗാന്ധി സിനിമയുടെ പോസ്‌റ്ററുകള്‍ തയ്യാറാക്കവെ അണിയറപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ ഇത്രമാത്രമായിരുന്നു. ഷോലെയുടേതു പോലെ വര്‍ണങ്ങള്‍ നിറഞ്ഞതായിരിക്കണം പോസ്‌റ്ററുകള്‍. എന്നാല്‍ "അര്‍ദ്ധനഗ്നനായ ഫക്കീറി"ന്‌ വര്‍ണ്ണം നല്‍കുക എന്നത്‌ ഏറെ ശ്രമകരമായിരുന്നു. ജാലിയന്‍ വാലാബാഗ്‌ സംഭവത്തിന്‌ ഗാന്ധിയുടെ വര്‍ണഭാഷ ഒരുക്കിയത്‌ ആറ്റന്‍ബറോയുടെ സംഘത്തിന്‌ ഇഷ്‌ടപ്പെട്ടതോടെ ഇന്ത്യന്‍ ചുവരുകളില്‍ ശരത്‌ ചന്ദ്രന്റെ കലാവിരുന്ന്‌ ഇടംപിടിച്ചു.

മലയാളികള്‍ ചിത്രകാരന്മാര്‍ക്ക്‌ വേണ്ട പ്രധാന്യം നല്‍കുന്നില്ലെന്ന പരാതിയും അദ്ദേഹത്തിനുണ്ട്‌. ബോംബെയ്‌ക്ക് പോകാന്‍ നേരവും എല്ലാവരും അത്തരത്തില്‍ തന്നെയാണ്‌ പെരുമാറിയത്‌. ആര്‍ട്ടിസ്‌റ്റുകളെ പുച്‌ഛത്തോടെയാണ്‌ കാണുന്ന ഈ സമീപനം മാറ്റിയെങ്കില്‍ മാത്രമേ കേരളത്തിലെ കലാകരന്മാര്‍ക്ക്‌ വളര്‍ച്ചയുണ്ടാകു എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

Ads by Google
ഗോകുല്‍ മുരളി
Sunday 14 May 2017 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW