Thursday, May 24, 2018 Last Updated 10 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 14 May 2017 02.00 AM

'തലൈക്കൂത്തലി'നെ പിന്‍പറ്റി 'കൊല്ലപ്പാട്ടി ദയ'

uploads/news/2017/05/108318/sun2.jpg

മുഖ്യധാരാജീവിതപാതകളില്‍നിന്നു തള്ളിമാറ്റപ്പെട്ട മനുഷ്യരുടെ അതിഭാവനയെക്കാള്‍ വെല്ലുന്ന ജീവിതങ്ങളെ കണ്ടെത്താനും തേടിപ്പിടിക്കാനുള്ള മിടുക്കാണ്‌ ഇന്ദുഗോപനെ മറ്റ്‌ എഴുത്തുകാരില്‍നിന്ന്‌ വേറിട്ടുനിര്‍ത്തുന്നത്‌. അതിന്‌ അല്‍പ്പം സാഹസികത വേണമെങ്കില്‍ ആ സാഹസികതയെ ഈ എഴുത്തുകാരന്‍ ഇഷ്‌ടപ്പെടുന്നു. ഈ വ്യത്യസ്‌തത തന്നെയാണ്‌ തന്റെ എഴുത്തിലെ പൊതുശൈലിയായി ഇന്ദുഗോപന്‍ സ്വീകരിച്ചിരിക്കുന്നത്‌.
ശാസ്‌ത്രമേഖലയില്‍ ഇന്ത്യ ഏറെ പുരോഗമിച്ചുച്ചെങ്കിലും ഏറെ വിചിത്രമായഅന്ധവിശ്വാസമെന്ന്‌ തോന്നുന്ന ആചാരങ്ങളും അനാചാരങ്ങളും കെട്ടുകഥകളേക്കാള്‍ ഒരുപിടി മുന്നില്‍ നില്‍ക്കുന്ന ജീവിതം പിന്‍പറ്റുന്ന മനുഷ്യരും കേട്ടാല്‍ പെരുംനുണയെന്നു തോന്നുന്ന സംഭവങ്ങളും ഈ ആധുനികയുഗത്തിലും നമ്മുടെ ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന്‌ വായനക്കാരെ നിരന്തരം ബോധ്യപ്പെടുത്തുന്നതാണ്‌ ഈ എഴുത്തുകാരന്റെ രചനകള്‍.
കഥാകൃത്ത്‌, നോവലിസ്‌റ്റ്, അനുഭവമെഴുത്തുകാരന്‍, തിരക്കഥാകൃത്ത്‌, സംവിധായകന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ ഇന്ദുഗോപന്റെ കര്‍മ്മമേഖലകള്‍ അനവധിയാണ്‌. വ്യത്യസ്‌തമായ അനുഭവങ്ങളെ തന്റെ രചനകളിലൂടെ പരിചയപ്പെടുത്തുമ്പോള്‍ ഇതൊന്നും മിഥ്യയോ സങ്കല്‍പ്പമോ അല്ലെന്നും ഇതെല്ലാം സത്യമാണെന്നുമുള്ള ബോധം രചനകളില്‍ സൃഷ്‌ടിക്കാനുള്ള കരവിരുത്‌ ഇന്ദുഗോപന്‌ എഴുത്തില്‍ സവിശേഷസ്‌ഥാനം നല്‍കുന്നു.
ആരും കാണാത്തത്‌ കണ്ടെത്താനുള്ള നിരീക്ഷണപാടവം, വ്യത്യസ്‌തത തേടിപിടിക്കാനുള്ള ആര്‍ജ്‌ജവം, അതിനായി വേണ്ട ധൈര്യം ഇവയില്‍ സാഹിത്യമാക്കേണ്ടതിനെയും അനുഭവക്കുറിപ്പാക്കേണ്ടതിനെയും തരംതിരിച്ചു മാറ്റാനുള്ള ചിന്താധാരകള്‍ എന്നീ ഘടകങ്ങള്‍ എഴുത്തുകാരനെന്ന നിലയില്‍ ഇന്ദുഗോപന്റെ സഞ്ചാരപഥത്തിന്‌ കൂടുതല്‍ ശോഭ നല്‍കുന്നു. അടുത്ത കാലത്തായി മലയാള കഥാവേദിയില്‍ ഏറെ ചര്‍ച്ചചെയ്പ്പെടുയകയും, 2016-ലെ ഏറ്റവും മികച്ച കഥയ്‌ക്കുള്ള പത്മരാജന്‍ പുരസ്‌കാരം നേടുകയും ചെയ്‌ത ഇന്ദുഗോപന്റെ കഥ 'കൊല്ലപ്പാട്ടി ദയ'യും വിശ്വസിക്കാന്‍ പ്രയാസംതോന്നുന്ന, തമിഴ്‌നാട്ടിലെ ആചാരമായ 'തലൈക്കൂത്തലി' ന്റെ പശ്‌ചാത്തലത്തിലാണ്‌ എഴുതപ്പെട്ടിരിക്കുന്നത്‌.

കഥയിലേക്കുള്ള വഴി

തമിഴ്‌നാട്ടിലെ ചില ഗ്രാമങ്ങളില്‍ ബലംപ്രയോഗിച്ചോ നിര്‍ബന്ധപൂര്‍വമോ നടപ്പിലാക്കുന്ന ദയാവധമാണ്‌ തലൈക്കൂത്ത്‌. വൃദ്ധരായവരെ അവരുടെ കുടുംബാംഗങ്ങള്‍ തന്നെ കൊലചെയ്യുന്ന പരമ്പരാഗതമായ ആചാരമാണിത്‌. തമിഴ്‌നാട്ടിലെ ചില ഗ്രാമങ്ങളില്‍ അതീവ രഹസ്യവും ദുരൂഹവുമായി തലൈക്കൂത്ത്‌ ഇന്നും തുടരുന്നു. നിയമവിരുദ്ധമായാണ്‌ ഈ ചടങ്ങ്‌ നടത്തപ്പെടുന്നത്‌.
വൃദ്ധരെ ഇങ്ങനെ മരണത്തിന്‌ വിധിക്കുന്നത്‌ മിക്കവാറും അവരുടെ മക്കള്‍ തന്നെയാണ്‌. ഭൂരിഭാഗം ആളുകളും ഇതിനെ ആചാരത്തിന്റെ ഭാഗമായാണ്‌ കാണുന്നത്‌. പണ്ടുകാലങ്ങളില്‍ പരമ്പരാഗത രീതികളിലൂടെയായിരുന്നു കൊല ചെയ്‌തിരുന്നതെങ്കിലും ഇപ്പോള്‍ മാരകവിഷവും ഉറക്കഗുളികയും നല്‍കി കൊലപ്പെടുത്തുന്നു. മുന്‍കാലങ്ങളില്‍ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചുചേര്‍ത്ത്‌ പരസ്യമായാണ്‌ ചടങ്ങ്‌ നടത്തിയിരുന്നത്‌. എന്നാല്‍ ഇന്നിത്‌ വളരെ രഹസ്യമായി നടപ്പാക്കപ്പെടുന്നുവെന്ന്‌ മാത്രം.
മക്കള്‍ക്ക്‌ പ്രായമായ മാതാപിതാക്കളെ സംബന്ധിച്ചുള്ള ഉത്‌കണ്‌ഠ, വൃദ്ധരുടെ ശാരീരിക- മാനസിക ദുര്‍ബലത, സാമ്പത്തിക സ്‌ഥിരതയില്ലായ്‌മ എന്നിവയൊക്കെ ഈ ചടങ്ങ്‌ നടത്താന്‍ കാരണങ്ങളാണ്‌. എന്നാല്‍ പിതാവിന്റെ സര്‍ക്കാര്‍ ജോലി നേടുന്നതിനു പോലും ഇതിനെ ദുരുപയോഗം ചെയ്യുന്നുണ്ട്‌. തലൈക്കുത്ത്‌ എന്ന ഈ ആചാരത്തെ കഥയാക്കിമാറ്റിയ രചനാരഹസ്യങ്ങളിലേക്കുള്ള വാതില്‍ എഴുത്തുകാരന്‍ തുറക്കുന്നു.

കൊല്ലപ്പാട്ടി ദയയുടെ സഞ്ചാരവഴികളെക്കുറിച്ച്‌ പറയാമോ?

ജീവിതത്തില്‍ ഇമ്മിണി രസം കിട്ടി ആനന്ദമായി മുന്നോട്ടുപോകാനല്ലേ എല്ലാവരും ശ്രമിക്കുന്നത്‌. എഴുത്തും ജീവിതത്തിന്റെ ഭാഗമാണ്‌. അതിലും അല്‍പ്പം ഇമ്പം കിട്ടണം. ഇല്ലെങ്കില്‍ നമ്മളിങ്ങനെ കാലവും ആരോഗ്യവും കൊടുത്ത്‌ കഥാപാത്രങ്ങളുമായി കെട്ടിമറിയുന്നതില്‍ കാര്യമുണ്ടോ? എഴുത്തില്‍ ആനന്ദം കിട്ടാന്‍ എളുപ്പമാര്‍ഗം സത്യസന്ധമായി എഴുതുക മാത്രമാണ്‌. ഏതു കഥയും കുറച്ചു പേര്‍ക്ക്‌ ഇഷ്‌ടപ്പെടുെന്നങ്കില്‍ അതില്‍ ഈ സത്യസന്ധത അനുഭവിക്കാന്‍ കഴിയുന്നതു കൊണ്ടാകും. 'കൊല്ലപ്പാട്ടി ദയ' എന്ന കഥ കുറച്ചാളുകള്‍ക്ക്‌ ഇഷ്‌ടപ്പെട്ടെങ്കില്‍ അതില്‍ ഈ ഘടകം ഉണ്ടെന്നതാണ്‌.
ഈ കഥയിലെ പത്രപ്രവര്‍ത്തക പശ്‌ചാത്തലവും കഥ നടക്കുന്ന വീടിന്റെ അവസ്‌ഥയുമൊന്നും ഭാവനയല്ല. എന്റെ ഭാര്യയുടെ അമ്മ മരിച്ചതിനെത്തുടര്‍ന്ന്‌ അച്‌ഛന്‍ ഒറ്റയ്‌ക്കായതിനെ സംബന്ധിച്ച അനിശ്‌ചിതത്വങ്ങളും വീടിന്റെ ഭാഗം തമിഴ്‌ കുടുംബങ്ങള്‍ക്കു വാടകയ്‌ക്കു കൊടുത്തതുമായി ബന്ധപ്പെട്ട പശ്‌ചാത്തലവും അടിത്തറയാക്കി കെട്ടിപ്പൊക്കിയ കഥയാണത്‌.
അതിലൊരു തമിഴ്‌ കുടുംബത്തില്‍ വളരെ വയസായ ഒരു പാട്ടിയും മറ്റൊന്നില്‍ ഒരു അപരിചിതനും പെട്ടെന്ന്‌ പ്രത്യക്ഷപ്പെട്ടു. തലൈക്കൂത്തലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞാന്‍ നേരത്തേ വായിച്ചിട്ടുള്ളതാണ്‌. ഇവര്‍ വരുന്നതാകട്ടെ, തലൈക്കൂത്തലിന്‌ കുപ്രസിദ്ധിയാര്‍ജിച്ച പ്രദേശത്തിനടുത്തുനിന്നാണ്‌. തലൈക്കൂത്തല്‍ എന്നാല്‍ കായികശേഷി നഷ്‌ടപ്പെട്ട്‌ കുടുംബത്തിന്‌ ഭാരമായ വയോജനങ്ങളെ പ്രാകൃതമായി കൊലപ്പെടുത്തുന്ന ഏര്‍പ്പാടാണ്‌. കരിക്കു കുടിപ്പിച്ച്‌ കുളിപ്പിച്ച്‌ തണുപ്പിച്ച്‌ വെയിലത്തിരുത്തുക, ഉമ്മി കഴിപ്പിച്ചിട്ട്‌ വെള്ളം കൊടുക്കാതിരിക്കുക തുടങ്ങി പല മാര്‍ഗങ്ങളുണ്ട്‌. അതൊക്കെ ആലോചിച്ചപ്പോള്‍ പെട്ടെന്നൊരു ഭീതിവന്നു. അതില്‍ നിന്നാണ്‌ ഈ കഥ. പെട്ടെന്നൊരു നാള്‍ ആ പാട്ടി മരിക്കുന്നു. അതിന്‌ മുമ്പുതന്നെ കഥാനായകന്റെ അമ്മയുടെ മരണത്തിന്‌ സദാ സഹായിയായി നിന്നത്‌ നേരത്തേ വന്ന അപരിചിതനാണ്‌.
മരണകര്‍മങ്ങളെക്കുറിച്ച്‌ നല്ല പിടിയുള്ള ആളെ പോലെയാണ്‌ അയാള്‍ പെരുമാറുന്നത്‌. പാട്ടിയുടെ ശരീരവും ഇയാള്‍ തന്നെയാണ്‌ ദഹിപ്പിക്കാന്‍ തുടങ്ങുന്നത്‌. ഇത്‌ തലൈക്കൂത്തലാണെന്ന അറിവു കിട്ടുന്നതോടെ, സ്വന്തം അച്‌ഛന്റെ കാര്യമോര്‍ത്ത്‌ വേവലാതി കൊള്ളുകയാണ്‌ നായകന്‍. പക്ഷേ അയാള്‍ക്ക്‌ അച്‌ഛന്റെ സംരക്ഷണയില്‍ കാര്യമായൊന്നും ചെയ്യാനില്ല. വ്യക്‌തി എന്ന രീതിയില്‍ കൈകടത്താന്‍ പറ്റാത്ത തരത്തിലുള്ള വലിയ വേദനകളുണ്ട്‌. അത്‌ വായനക്കാര്‍ക്ക്‌ അനുഭവിക്കാനാകും. ആയുസും സമയവും ചോരുന്നതുപോലെ ഉത്തരത്തില്‍ സദാ തടി ദ്രവിച്ച ധൂളിപ്പൊടി വീണുകൊണ്ടേയിരിക്കുന്ന കാര്യങ്ങളൊന്നും ഭാവനയല്ല. ഞാന്‍ കണ്ടു കൊണ്ടിരിക്കുന്നതാണത്‌.
കൊല്ലപ്പാട്ടി ദയ എന്ന സമാഹാരം ഞാന്‍ വര്‍ഷങ്ങള്‍ക്കുശേഷം സമാഹരിക്കുന്ന കഥകളാണെന്ന വ്യത്യാസമുണ്ട്‌. തരക്കേടില്ലാത്ത കഥകള്‍ മാത്രം തെരഞ്ഞെടുക്കാനുള്ള അവസരവും ലഭിച്ചു. അതിന്‌ കിട്ടിയ മോശമല്ലാത്ത സ്വീകരണം ഇത്തരം ചില ശ്രദ്ധയുടെ ഗുണഫലമാണ്‌. അഥവാ നമ്മള്‍ എപ്പോള്‍ ലാഘവബുദ്ധി പ്രകടിപ്പിച്ചാലും വായനക്കാരന്‍ അത്‌ മനസിലാക്കും. വിവിധ തരത്തിലുള്ള വായനക്കാരുമായി താദാത്മ്യം പ്രാപിക്കാനുള്ള വലിയ ശ്രമം, അതിനായുള്ള നിരന്തരം തിരുത്തുകള്‍... തുടങ്ങിയ കാര്യങ്ങളിലൂടെ നമുക്ക്‌ കുറച്ചൊക്കെ ശ്രമിക്കാം. അതിനൊക്കെ മേലേയാണ്‌ പ്രതിഭ. അക്കാര്യത്തിലൊന്നും നമുക്ക്‌ വലിയ തീര്‍ച്ചയില്ലാത്തതുകൊണ്ടാണ്‌ ഈ അധ്വാനം.

ഇന്നത്തെ പലയുവപ്രതിഭകളും നോവലെഴുതി പേര്‌ എടുക്കുന്നതിന്‌ മുമ്പേ
മണല്‍ജീവികള്‍, കൊടിയടയാളം, ഐസ്‌ 196 ഡിഗ്രി സെല്‍ഷ്യസ്‌, ഭൂമിശ്‌മശാനം , മുതലലായിനി എന്നീ നോവലുകളെഴുതി പ്രശസ്‌തനായ വ്യക്‌തിയാണല്ലോ താങ്കള്‍. എന്താണ്‌ ഇപ്പോള്‍ നോവലെഴുത്തില്‍നിന്ന്‌ പിന്‍വാങ്ങിയിരിക്കുന്നത്‌?

ഞാന്‍ നോവലെഴുതിത്തുടങ്ങിയപ്പോള്‍ പുതിയ തലമുറയില്‍ നോവലിന്റെ പുഷ്‌കല കാലമല്ല. ഞങ്ങള്‍ക്കായി വഴി തുറന്നുവരുന്നതേയുള്ളൂ. ഒന്നോ രണ്ടോ പെട്ടിക്കട തുറന്നതുകൊണ്ട്‌ ഒരു ജങ്‌ഷന്‍ ഉണ്ടാകുന്നില്ല. ഇപ്പോള്‍ പല കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒക്കെയായി. പുതിയ തലമുറ സ്വന്തമായി നോവലിന്റെ ഒരു നഗരം പണിതു. ഒരു അവകാശവാദവുമില്ലാതെ അവര്‍ക്കൊപ്പംനിന്ന്‌ ആവുംവിധം ഞാനും ചിലത്‌ ശ്രമിക്കുന്നുണ്ട്‌. നാലഞ്ചു കൊല്ലമായി ഒരു നോവല്‍ എഴുതി വരുന്നുണ്ട്‌. വലുതാണ്‌. ഇടുക്കിയിലെ കഞ്ചാവിന്റെയും ചന്ദനക്കാട്ടിലുമായി കഴിഞ്ഞ ഒരു പയ്യന്റെ ജീവിതം. 12 കൊല്ലത്തെ അനുഭവം കൊണ്ട്‌ 28-ാം വയസില്‍ വൃദ്ധനായവന്റെ കഥയാണ്‌.
ഗഹനമായ അനുഭവം കൊണ്ട്‌ വായനക്കാരനെ ആഴത്തില്‍ സ്‌പര്‍ശിക്കുന്ന ജീവിതമുള്ള കുറേ റീഡിങ്‌ മെറ്റീരിയല്‍ ഉണ്ടാക്കി വയ്‌ക്കുക എന്നതിലാണ്‌ എന്റെ ശ്രമം. അത്‌ ഏത്‌ വിഭാഗത്തില്‍ പെടുന്നെന്ന്‌ ചിന്തിക്കാറില്ല. ഞാനെഴുതുന്ന ഏത്‌ അനുഭവത്തെയും നോവല്‍ എന്ന ടാഗ്‌ പുതപ്പിച്ചാല്‍ അത്‌ വേറെ തലത്തിലേ്‌ക്ക് എത്തിക്കാമായിരുന്നു. അതൊന്നും വേണ്ട. നേരത്തേ പറഞ്ഞില്ലേ... കുറച്ചൊക്കെ സത്യസന്ധമായി പോകുന്നതാണ്‌ നല്ലത്‌. ഇതില്‍ നമുക്ക്‌ ഉത്‌കണ്‌ഠകളുമില്ല. ഒരു കൃതി എഴുതിത്തീര്‍ന്നാല്‍ പിന്നെ ഞാന്‍ അതിന്റെ പിന്നാലെയില്ല. മറക്കുന്നെന്ന്‌ പറയാം. പിന്നെ അടുത്ത തച്ച്‌. പഴയതിന്റെ കുറവുകളെക്കുറിച്ചും മെച്ചത്തെക്കുറിച്ച്‌ പറയാന്‍ സ്വാതന്ത്ര്യമുള്ള കുറച്ച്‌ വായനക്കാരും സുഹൃത്തുക്കളും എനിക്കുണ്ട്‌.

താങ്കളുടെ അനുഭവമെഴുത്തിന്‌ വളരെയേറെ വായനക്കാരുണ്ട്‌. അതിനായി വിചിത്രമായി അനുഭവങ്ങള്‍ തേടി പോകുന്ന വ്യക്‌തിയാണ്‌ താങ്കള്‍. ഇത്തരം അപകടം പിടിച്ച അനുഭവങ്ങള്‍ തേടി പോകാനുള്ള ഊര്‍ജ്‌ജം എവിടെ നിന്നാണ്‌ ലഭിക്കുന്നത്‌.?

എനിക്ക്‌ സാഹിത്യം ഇഷ്‌ടമല്ല. ജീവിതമാണ്‌ താല്‍പര്യം. ഭാവന മാത്രം വച്ചുള്ള അദ്‌ഭുതത്തില്‍ വലിയ വിശ്വാസമില്ല. ഭാവന നല്ലതാണ്‌. കൃത്യവും പാകപ്പെട്ടതുമായ ജീവിതവും അതിനെ കൈകാര്യം ചെയ്യാനുള്ള പാടവവും കൂട്ടിനുണ്ടെങ്കില്‍. ഞാനാകട്ടെ മനുഷ്യരെയും അവരുടെ കഥകളെയും തേടിപ്പോകുകയാണ്‌. അങ്ങനെ ജീവിതം കണ്ടനുഭവിച്ച്‌ തീര്‍ത്തവരില്‍നിന്ന്‌ ആ കൗതുകം അതേ പടി ഏറ്റുവാങ്ങുന്നതിന്റെ ഒരു അത്ഭുതം വലുതാണ്‌. കഥയുള്ള മനുഷ്യരെയും സംഭവങ്ങളെയും അത്തരം മനുഷ്യരുണ്ടാക്കി വച്ച ചരിത്രത്തെയും തേടി നടന്ന ഒരാള്‍ എന്ന്‌ പരിമിതമായി അറിയപ്പെട്ടാല്‍ മതി. കാട്ടിലും മേട്ടിലും ഒക്കെയായി കഥയുള്ള, വിചിത്രവും ദുരൂഹവും ഞെട്ടിക്കുന്നതുമായി ഒരുപാട്‌ മനുഷ്യര്‍ ഇനിയും ബാക്കി കിടപ്പുണ്ട്‌. അജ്‌ഞാതരായ ചിലരെ അടര്‍ത്തിയെടുത്ത്‌ രേഖപ്പെടുത്തുന്നതിന്റെ ഇമ്പം പറഞ്ഞറിയിക്കുന്നതിലുമപ്പുറമാണ്‌. ഞാന്‍ ഒരു സെലിബ്രിറ്റികളുടെ കൂടെയും ഇരിക്കാനാശിക്കുന്നില്ല. അതിലെനിക്ക്‌ സന്തോഷം കിട്ടില്ല. അതേസമയം സത്യസന്ധമായ ജീവിതമുള്ള ഒരു മനുഷ്യനൊപ്പം അഞ്ചുമിനിട്ട്‌ ചെലവഴിക്കാന്‍ കിട്ടിയാല്‍ അതാണന്നത്തെ ഭാഗ്യം. ഇതാണെന്റെ പ്രകൃതം. മനുഷ്യനാടകങ്ങള്‍ കണ്ടാല്‍ പാമ്പ്‌ ഇഴയുന്നതു പോലെ തോന്നും.
പരമാവധി സുതാര്യരായ മനുഷ്യരുമായി ഇടപെടണം. പറയാവുന്നത്ര സത്യസന്ധരായ നിഷ്‌കളങ്കരായ മനുഷ്യരുടെ കഥ പറയണം. അത്‌ ഏറ്റവും ലളിതമായി പറയണം. എന്റെ ഭാഷ ഏഴാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി മുതല്‍ വായിച്ചാല്‍ മനസിലാകണം. അതില്‍ തട്ടും തടവും പാടില്ല. അനാവശ്യ പദങ്ങളോ മനസിലാകാത്ത ചുറ്റിക്കെട്ടുകളോ ഒരു കുത്തോ കോമയോ പോലും വിനയാകരുത്‌. കൊച്ചുകൊച്ചു വാക്കുകളില്‍ സ്‌നേഹമുള്ള ഭാഷയാകണം. അതിനാണ്‌ ശ്രമിക്കുന്നത്‌. അതെന്റെ വായനയേയും സ്വാധീനിച്ചിട്ടുണ്ട്‌. കഠിനമായ യത്നം സഹിച്ച്‌ ഒരു പുസ്‌തകം വായിച്ചു തീര്‍ക്കുന്നതിനോട്‌ എനിക്ക്‌ യോജിപ്പില്ല. ഇഷ്‌ടപ്പെടാത്ത പുസ്‌തകത്തെ വലിച്ചെറിഞ്ഞു കളയാന്‍ വായനക്കാരന്‌ സ്വാതന്ത്ര്യമുണ്ട്‌. വലിച്ചെറിയാനാകാതെ എന്നെ വായിച്ചു തീര്‍ക്കുന്നവരിലാണ്‌ എന്റെ ആനന്ദം. അതില്‍ അലിയും, കഥകളും കഥയുള്ളവരെയും തേടിയുള്ള കഷ്‌ടപ്പാടും യാത്രകളുടെ വേദനകളുമെല്ലാം...
പിന്നെ ഇത്തരം യാത്രകള്‍ക്കിറങ്ങിപോകുന്നതില്‍ അപകടമില്ലേയെന്ന്‌ ചോദിച്ചാല്‍... ഞാനതിനെക്കുറിച്ച്‌ ആകുലപ്പെടാറില്ല. ഒരുപാടു തവണ പുതിയ നോവലെഴുതാനായി കഞ്ചാവ്‌ കൃഷിക്കാരും ചന്ദനമോഷ്‌ടാക്കളുമായി സഞ്ചരിച്ചിട്ടുണ്ട്‌. ഇടുക്കിയിലെ പല കുന്നുകള്‍ കയറിയിറങ്ങിയിട്ടുണ്ട്‌. രാത്രികളില്‍ വിജനമായ ചന്ദനക്കാട്ടില്‍ ഇരുന്നിട്ടുണ്ട്‌. അപ്പോഴൊന്നും ഇത്‌ ഭയങ്കര ക്രിമിനലുകളാണ്‌ കൂടുള്ളതെന്ന്‌ ഞാന്‍ കരുതുന്നില്ല. അവരൊക്കെയും അപ്പോള്‍ നമ്മുടെ സുഹൃത്തുക്കളാണ്‌. അവരോട്‌ നമ്മള്‍ യോജിക്കുന്നില്ല. പക്ഷേ അവരുടെ ജീവിതത്തിന്റെ സാഹസികത അതിന്റെ ഭാഗമായ അത്ഭുതങ്ങള്‍ ഒക്കെ നമ്മെ ഞെട്ടിപ്പിക്കുന്നതാണ്‌. മറയൂരില്‍നിന്ന്‌ അടിമാലിക്കെത്താന്‍ പുതിയ ഒരു കാട്ടുപാത കണ്ടെത്താനായി ഒരു ഡോണ്‍ കുറച്ചു ചെറുപ്പക്കാരെ വിടുകയാണ്‌. തോളില്‍ ചന്ദനക്കെട്ടുകളാണ്‌. പണ്ട്‌ വാസ്‌കോഡഗാമ വന്നതും കൊള്ളയ്‌ക്കു തന്നെയാണ്‌. വലിയ ലാഭം ചിലരെടുക്കാന്‍ ശ്രമിക്കുന്നത്‌ പലരെയും വേദനിപ്പിച്ച്‌ ചതിച്ചിട്ടാണ്‌. ഈ അത്ഭുതങ്ങള്‍ നമ്മുടെ തൊട്ടയല്‍പക്കത്ത്‌ നിലനില്‍ക്കുന്നു. ആ ജീവിതത്തെ ഞാന്‍ പകര്‍ത്താന്‍ ശ്രമിക്കുന്നെന്നേയുള്ളൂ.
എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, സംവിധായകന്‍, അനുഭവമെഴുത്തുകാരന്‍, തിരക്കഥാകൃത്ത്‌ എന്നിവയില്‍ താങ്കള്‍ ഇഷ്‌ടപ്പെടുന്ന വേഷം
ഏതാണ്‌?

ഞാന്‍ പറഞ്ഞില്ലേ... എന്നെ സംബന്ധിച്ച്‌ ആശയവിനിമയത്തിനുള്ള ഒരു മീഡിയം. അത്‌ എഴുത്തിനോളം മറ്റൊന്നില്ല. ചില സിനിമയുമായി ഇടപെട്ടതിനൊക്കെ സൗഹൃദങ്ങളുടേതായ ചില കാരണമുണ്ട്‌. അല്ലാതെ ഞാന്‍ അങ്ങോട്ട്‌ ആകര്‍ഷിക്കപ്പെട്ടതല്ല. പലയാളുകളുമായി കൂട്ടുചേര്‍ത്തു നടക്കുന്ന തൊഴിലല്ല എഴുത്ത്‌. അതിലെ സര്‍വപ്രജാപതിയുടെ വേഷമാണ്‌ ഏത്‌ എഴുത്തുകാരനും ഇഷ്‌ടം. അതില്‍ നമ്മള്‍ ആരുടെയും വിധേയനല്ല. അത്‌ അവനവന്റെ ഉല്‍സവമാണ്‌. വേദനയും എഴുത്തുകാരന്‍ തന്നെ സ്വയം തിന്നുതീര്‍ക്കുന്നു.
താന്‍ എഴുതേണ്ടത്‌ എങ്ങനെയുള്ള കൃതിയായിരിക്കണമെന്നാണ്‌ ഇന്ദുഗോപന്‍ ആഗ്രഹിക്കുന്നത്‌?

ജീവിതം ഒട്ടും ചോരാതെ കലാപരമായ ചാരുതയോടെ മിനിമം ഇടപെടലോടെ അവതരിപ്പിക്കുന്ന തരം എഴുത്താണ്‌ എന്റെ താല്‍പര്യം. അത്തരമുള്ള എന്റെ എഴുത്തിനെ കാത്തിരിക്കുന്ന വായനക്കാരുണ്ട്‌.
അവര്‍ എന്തെങ്കിലും ഹൈപ്പ്‌ കണ്ട്‌ എന്നെ പിന്തുടരുന്നവരല്ല. ഞാനെഴുതുന്ന ജീവിതത്തിന്റെ തീവ്രത കണ്ട്‌ പിന്തുടരുന്നവരാണ്‌. അതെന്റെ മെച്ചമല്ല. ഞാന്‍ കണ്ടെത്തുന്ന ജീവിതത്തിന്റേതാണ്‌. ഞാനത്‌ എഴുതി വഷളാക്കിയിട്ടും അതില്‍ അത്ഭുതം ബാക്കി നില്‍ക്കുന്നതു കൊണ്ടാണ്‌. പ്രതിഭയുടെ ബലത്തെ കാത്തുനില്‍ക്കാതെ, അതുണ്ടെന്ന്‌ ഉറപ്പില്ലാത്ത ഒരാള്‍... ചെയ്യുന്ന പണി വൃത്തിക്ക്‌ ചെയ്യുക, കഷ്‌ടപ്പെട്ട്‌ ചെയ്യുക എന്നതുകൊണ്ട്‌ ചിലതൊക്കെ കുറച്ച്‌ വൃത്തിയായിട്ട്‌ എഴുതി വന്നിട്ടുണ്ടാകണം. ഇനിയും മെച്ചപ്പെടുത്താമോ എന്ന ശ്രമമാണ്‌ പിന്നീടുള്ള ഓരോ എഴുത്തും. ഇത്‌ എനിക്കല്ലാതെ, എല്ലാ എഴുത്തുകാരനും ബാധകമാണ്‌. ഇതല്ലാതെ, ഞാനൊരു എഴുത്തുകാരനാണെന്ന തോന്നലും വച്ച്‌, എഴുതിയതിനെക്കുറിച്ച്‌ ചിന്തിച്ച്‌ വഷളാക്കുന്ന പരിപാടി ഇല്ല. മിനിമം അഹങ്കാരമേ എനിക്ക്‌ എഴുത്തിലുള്ളൂ.
വെട്ടിപ്പിടിക്കാനുള്ള വ്യാമോഹവുമില്ല. പക്ഷേ കുറച്ചുകാലം കൂടി ഇപ്പോഴുള്ള സാമാന്യബുദ്ധിയും ആരോഗ്യവും മനസും കിട്ടിയാല്‍ നേരത്തേ പറഞ്ഞതുപോലെ, ശേഷം വരുന്ന കുറച്ചുപേര്‍ക്കുള്ള കുറച്ച്‌ വായനാസാമഗ്രികള്‍ ഉണ്ടാക്കി വയ്‌ക്കാമെന്ന കാര്യത്തില്‍ എനിക്ക്‌ നല്ല ആത്മവിശ്വാസമുണ്ടുതാനും. അതു തന്നെ, ജീവിതത്തിന്റെ തീവ്രത കൊണ്ടും അനുഭവങ്ങളുടെ ആഴവും കൊണ്ടും ഓരോ വരിയും അത്ഭുതപ്പെടുത്തുന്ന പുസ്‌തകങ്ങളാണെന്റെ സ്വപ്‌നം. പുതിയ നോവലിലും എഴുത്തിലുമൊക്കെ ആ പ്രതീക്ഷയാണുള്ളത്‌. നമുക്ക്‌ നോക്കാം.

എം.എ.ബൈജു

Ads by Google
Sunday 14 May 2017 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW