Thursday, August 17, 2017 Last Updated 0 Min 20 Sec ago English Edition
Todays E paper
Friday 12 May 2017 02.23 PM

കരച്ചിലില്‍ ഉരുകിപ്പോയ സങ്കടങ്ങള്‍...

uploads/news/2017/05/107849/weeklypenma120517.jpg

പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് സിനിമയില്‍ അവസരങ്ങള്‍ ഏറെവന്നത്. പക്ഷേ എന്തുകൊണ്ടോ അഭിനയത്തോട് താല്‍പ്പര്യമുണ്ടായിരുന്നില്ല. ഡിഗ്രി ഫസ്റ്റ് ഇയറിന് ചേര്‍ന്നപ്പോഴാണ് 'കളിയൂഞ്ഞാലി'ലേക്ക് വിളിച്ചത്.

മമ്മൂട്ടിയും ശോഭനയും അഭിനയിക്കുന്ന സിനിമയില്‍ അവസരം കിട്ടിയിട്ടും പോകാതിരിക്കുന്നതെങ്ങനെ? സത്യം പറഞ്ഞാല്‍ വീട്ടിലെല്ലാവര്‍ക്കും പേടിയായിരുന്നു. കാരണം സിനിമയെക്കുറിച്ച് ആര്‍ക്കും ഒന്നുമറിയില്ല. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകള്‍ കാണാറുണ്ട്.

പക്ഷേ അതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരാണെന്നോ ഷൂട്ടിംഗ് എന്താണെന്നോ അറിയില്ല. ഒരു വെക്കേഷന്‍ സമയത്തായിരുന്നു 'കളിയൂഞ്ഞാലി'ന്റെ ഷൂട്ടിംഗ്. ലൊക്കേഷനിലെത്തുമ്പോള്‍ മമ്മുക്കയും ശോഭനച്ചേച്ചിയുമൊക്കെയുണ്ട്.

മമ്മുക്ക എന്നെക്കണ്ടയുടന്‍ എഴുന്നേറ്റുനിന്ന് തൊട്ടടുത്ത കസേര ചൂണ്ടിക്കാണിച്ച് ഇരിക്കാന്‍ പറഞ്ഞു. അതേപോലെ തന്നെ പുതുമുഖതാരമെന്ന നിലയില്‍ മറ്റുള്ളവരില്‍നിന്നും വലിയ ബഹുമാനമാണ് കിട്ടിയത്.

ദിലീപ് സ്‌നേഹിക്കുന്ന പെണ്‍കുട്ടിയായാണ് ഞാന്‍ വേഷമിടുന്നത്. പക്ഷേ കല്യാണം കഴിക്കുന്നത് ശാലിനിയെയാണ്. മമ്മുക്ക, ശോഭനച്ചേച്ചി, കരമന, ദിലീപ് തുടങ്ങി ഒരുപാടുപേര്‍ പങ്കെടുക്കുന്ന ഒരു സീനാണ് ആദ്യമെടുക്കുന്നത്.

ദിലീപിന് ചായ കൊടുത്തശേഷം ഞാന്‍ ക്യാമറയുടെ ലെഫ്റ്റ് ഔട്ട് പോകണം. അത് ശരിയായി വരാന്‍ പത്ത് റിഹേഴ്‌സലെടുത്തു. അന്ന് ഇന്നത്തെപ്പോലെ ഡിജിറ്റലല്ല.

ഫിലിമാണ്. അതുകൊണ്ടുതന്നെ വെറുതെ സീനെടുത്താല്‍ ഫിലിം വേസ്റ്റാവും. ടേക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് സംവിധായകരില്‍ ഒരാളായ അനില്‍ പറഞ്ഞു.

''പ്രവീണ ഒരുകാര്യം ചെയ്യ്. ക്യാമറയുടെ ലെഫ്റ്റ് പോകണ്ട. റൈറ്റ് ഔട്ട് പോയാല്‍ മതി.''
ചെയ്യാമെന്ന് പറഞ്ഞു.

സംവിധായകന്‍ ആക്ഷന്‍ പറഞ്ഞു. പക്ഷേ ഞാന്‍ പോയത് റിഹേഴ്‌സലില്‍ ചെയ്തതുപോലെ ക്യാമറയുടെ ലെഫ്റ്റ് ഔട്ടാണ്. സംവിധായകന്‍ അനില്‍ ദേഷ്യത്തില്‍ കട്ട് പറഞ്ഞു.

''ആ കുട്ടിയോട് പറഞ്ഞതാണ്, ലെഫ്റ്റ് പോകല്ലേ, പോകല്ലേയെന്ന്. കേട്ടില്ല. വെറുതെ ഫിലിം വേസ്റ്റായി.''
എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം ക്ഷോഭം കൊണ്ട് വിറച്ചു.

സെറ്റ് അല്‍പ്പനിമിഷം മൗനമായി. എല്ലാവരും എന്നെ കുറ്റവാളിയെപ്പോലെ നോക്കുകയാണ്. ഞാനാകെ അപ്‌സെറ്റായി. ഉള്ളില്‍നിന്ന് തികട്ടിവന്ന കരച്ചില്‍ അടക്കിപ്പിടിച്ച് അമ്മയുടെ അടുത്തേക്കുചെന്നു.

''വാ, നമുക്കുപറ്റുന്ന പണിയല്ല, അഭിനയം. തിരിച്ചുപോകാം.''
അമ്മ സമാധാനിപ്പിച്ചെങ്കിലും അതൊന്നും ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ല. കാരണം ജീവിതത്തില്‍ ആദ്യമായാണ് ഒരാള്‍ എന്നെ വഴക്കുപറയുന്നത്. വീട്ടിലുള്ളവര്‍ പോലും ഒന്നും പറയാറില്ല.

ഞാനൊന്നും പറയാതെ മുറിക്കകത്തിരുന്നു. ഷോട്ട് വീണ്ടും റെഡിയെന്ന് സംവിധായകന്‍. ഞാന്‍ ചെന്നെങ്കിലും മുഖത്തുള്ള പേശികളൊന്നും ചലിക്കാത്ത അവസ്ഥയായിരുന്നു.

വീണ്ടും ഒരുപാടുതവണ റിഹേഴ്‌സല്‍ എടുത്തെങ്കിലും ഒന്നും ശരിയായില്ല. ശരിയാവില്ലെന്ന് എനിക്കറിയാം. കാരണം ഞാന്‍ വേറെ ലോകത്തിലായിരുന്നു. അതോടെ ഷൂട്ടിംഗ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു.

സങ്കടം ഉള്ളിലൊതുക്കിക്കൊണ്ട് ലൊക്കേഷനിലെ വീട്ടിനകത്തേക്ക് കയറി. പൊട്ടിപ്പൊട്ടിക്കരഞ്ഞു. പെട്ടെന്നാണ് ഒരു ആശ്വാസത്തിന്റെ ഒരു തലോടല്‍. പിന്നില്‍ നോക്കിയപ്പോള്‍ ശോഭനച്ചേച്ചി.

''എന്താ പ്രവീണാ ഇത്? ചെറിയൊരു പ്രശ്‌നത്തിന് ഇങ്ങനെ സെന്‍സിറ്റീവായാലോ? ഞാനൊക്കെ എത്രയെത്ര വഴക്ക് കേട്ടിട്ടാണ് ഇവിടംവരെ എത്തിയതെന്നറിയുമോ? സീന്‍ ശരിയായില്ലെങ്കില്‍ സംവിധായകന്‍ വഴക്കുപറയും. അതൊന്നും കാര്യമാക്കരുത്. നീ വാ.''

എന്നെ ആശ്വസിപ്പിക്കുമ്പോഴും കൂടുതല്‍ ഉച്ചത്തില്‍ ഞാന്‍ വിതുമ്പിക്കരഞ്ഞു. ആ കരച്ചിലില്‍ എന്റെ എല്ലാ സങ്കടവും ഉരുകിയൊലിച്ചുപോയി എന്നതാണ് സത്യം.

ഒരു മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും എന്നെ വിളിച്ചപ്പോള്‍ ഒറ്റ ടേക്കില്‍ സീന്‍ ഓകെ ആവുകയും ചെയ്തു. അതോടെ സംവിധായകന്‍ അനില്‍ ഓടി അടുത്തേക്കുവന്നു.

''പ്രവീണ ഇങ്ങനെയുള്ള വഴക്കൊന്നും സീരിയസ്സാക്കി എടുക്കരുത്. സിനിമയില്‍ ഇതൊക്കെ സാധാരണമാണ്. സോ കൂള്‍ ഡൗണ്‍.''

പക്ഷേ എനിക്കെന്തോ ആരു പറയുന്നതും മനസ്സിലാക്കാന്‍ കഴിഞ്ഞതേയില്ല. അന്നത്തെ ആ ഹാങ്ഓവര്‍ മാറിക്കിട്ടാന്‍ രണ്ടുദിവസമെടുത്തു. ഇപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട്, അന്ന് ഞാന്‍ തിരിച്ചുപോയിരുന്നെങ്കില്‍ ഒരുപക്ഷേ എന്റെ മേഖല മറ്റൊന്നാവുമായിരുന്നു.

തയ്യാറാക്കിയത്: രമേഷ് പുതിയമഠം

Ads by Google
TRENDING NOW