Friday, September 21, 2018 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 09 May 2017 04.14 PM

അവധിക്കാലവും പഠനക്കളരികളും

uploads/news/2017/05/106856/parenting090517.jpg

പരീക്ഷാച്ചൂടും പരീക്ഷാപ്പേടിയുമെല്ലാം കഴിഞ്ഞു. ഇനിയുള്ളത് രണ്ടുമാസത്തെ അവധിക്കാലം. ഈ അവധിക്കാലത്ത് സജീവമാകുന്ന ചില അവധിക്കാല കോഴ്‌സുകളെക്കുറിച്ചറിയാം...

വേനലവധിയിങ്ങെത്തി. ഇനി പാടത്തും പറമ്പിലുമായി ചെത്തി നടക്കണം. അതൊരു രസം തന്ന്യാ... ഹോ..പരീക്ഷയെപ്പേടിച്ച് ഇത്രയും നാളിരുന്നു, ഇനി അമ്മയുടെ വഴക്കും അച്ഛന്റെ തല്ലും രണ്ട് മാസത്തേക്ക് പേടിക്കേണ്ട. ഹാവൂ. അപ്പുണ്ണി നെടുവീര്‍പ്പിട്ടു.

സ്‌കൂള്‍ കുട്ടികള്‍ക്കെല്ലാം പരീക്ഷയോട് വല്ലാത്തൊരു പേടിയാണ്. പക്ഷേ വേനലവധിക്കുള്ള പരീക്ഷ കഴിയുന്നതോടെ ആ പേടി പമ്പ കടക്കും.

മുന്‍കാലങ്ങളിലുള്ളത്ര കളിയും ഓട്ടവുമൊന്നുമില്ലെങ്കിലും ഇപ്പോഴും വേനലവധിയുടെ രസമൊന്ന് വേറെ തന്നെ. വേനലവധിക്ക് കളിക്കൊപ്പം അല്പം വിജ്ഞാനവും കൂടിയായാലോ. ചുരുക്കം ചില അവധിക്കാല കോഴ്സുകളെക്കുറിച്ച്..

കംപ്യൂട്ടര്‍ ക്ലാസുകള്‍


അവധിക്കാലകോഴ്സുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മുതല്‍ എല്ലാവരും കംപ്യൂട്ടര്‍ ക്ലാസുകള്‍ക്കാണ് കൂടുതല്‍ പരിഗണന കൊടുക്കാറുള്ളത്. എന്നാല്‍ അവധിക്കാലമല്ലേ, ഏതെങ്കിലും ഒരു കംപ്യൂട്ടര്‍ കോഴ്സ് കുട്ടി പഠിച്ചാല്‍ മതിയെന്ന് ചിന്തിക്കരുത്. അല്പമൊന്ന് ആലോചിക്കുക.

ആദ്യം പ്രാധാന്യം നല്‍കേണ്ടത് കുട്ടിയുടെ താല്പര്യത്തിനാണ്. കുട്ടിയുടെ അഭിരുചി, കോഴ്സിന്റെ പ്രാധാന്യം, ഫീസ്, കോഴ്സിന്റെ കാലാവധി എന്നിവയ്ക്കെല്ലാം പ്രാധാന്യം നല്‍കണം.

കോഴ്സ് നടത്തുന്ന സ്ഥാപനത്തിലെത്തി കോഴ്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞതിന് ശേഷം മാത്രം കുട്ടികളെ കംപ്യൂട്ടര്‍ ക്ലാസിന് ചേര്‍ക്കുന്നതാണ് ഉത്തമം. അംഗീകാരമുള്ള സ്ഥാപനങ്ങളാണോ എന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്.

കെല്‍ട്രോണ്‍, സി.ഡിറ്റ്, ഐ.എച്ച്.ആര്‍.ഡി, എല്‍.ബി.എസ്, എന്നീ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളും അവധിക്കാല കോഴ്സുകള്‍ നടത്താറുണ്ട്.

ചിത്രകലയെ പ്രോത്സാഹിപ്പിക്കാം


ചിത്രം വരയ്ക്കാന്‍ കഴിവുള്ള കുട്ടികള്‍ക്ക് അവരുടെ കഴിവിനെ മിനുക്കിയെടുക്കാനുള്ള സുവര്‍ണാവസരമാണ് അവധിക്കാലം. പല പ്രമുഖ സ്ഥാപനങ്ങളും അവധിക്കാലത്ത് ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്. ഓയില്‍ പെയിംന്റിംഗ്, വാട്ടര്‍കളര്‍, അക്രലിക് എന്നിവ ചിത്രകലയില്‍ പ്രധാനപ്പെട്ടവയാണ്.

അഭിനയമോഹത്തിന്...


ഓരോ കാലഘട്ടത്തിനനുസരിച്ച് കുട്ടികളുടെ കലാവാസനയിലും താല്‍പര്യങ്ങളിലും വ്യത്യാസമുണ്ടാകും. ഇന്നത്തെ കുട്ടികളില്‍ പലര്‍ക്കും അഭിനയരംഗത്തോട് അതിയായ താല്പര്യമുണ്ട്.

അവര്‍ക്കുള്ളതാണ് അവധിക്കാല നാടകപരിശീലന ക്യാംപുകള്‍. കുട്ടികള്‍ക്ക് അഭിനയത്തോടുള്ള താല്പര്യം ചെറുപ്പത്തില്‍ തന്നെ കണ്ടെത്തേണ്ടത് അച്ഛനമ്മമാരാണ്. അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും വേണം.

അഭിനയകലയെ നിസാരവത്ക്കരിക്കുന്ന മാതാപിതാക്കളുണ്ട്. അത് ശരിയല്ല. അഭിനയപഠനം കുട്ടികളുടെ വ്യക്തിത്വവികാസത്തിനും ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനും ഉപകരിക്കും. മോണോ ആക്ട്, മിമിക്രി എന്നിവയില്‍ കഴിവ് പ്രകടിപ്പിക്കുന്നവര്‍ക്ക് നാടകക്യാംപുകള്‍ വളരെ ഗുണപ്രദമാണ്.

നൃത്തസംഗീത പഠനം


സംഗീതത്തോടും നൃത്തത്തോടും താല്പര്യമില്ലാത്തവര്‍ ചുരുക്കം. അവധിക്കാലത്താണ് നൃത്തവും സംഗീതവും പഠിക്കാനുള്ള അവസരം കൂടുതല്‍ ലഭ്യമാവുന്നത്. കൂടാതെ വാദ്യോപകരണങ്ങള്‍ പഠിക്കാനും സമയം മാറ്റി വയ്ക്കാം.
uploads/news/2017/05/106856/parenting090517a.jpg

ഗിത്താര്‍, വയലിന്‍, തബല. കീബോര്‍ഡ് എന്നിവയാണ് തുടക്കക്കാര്‍ക്ക് അനുയോജ്യം. അംഗീകൃത കോഴ്സുകള്‍ കണ്ടെത്തുകയെന്നതാണ് ഏറ്റവും പ്രധാനം. വര്‍ഷങ്ങളുടെ കലാപാരമ്പര്യമുള്ളവരോ, ഈ രംഗത്ത് സജീവമായവരോ ആവണം പരിശീലകര്‍.

വ്യക്തിത്വവികസനം


കുട്ടികളിലെ വ്യക്തിത്വവികസനത്തിനു ള്ള കോഴ്സുകള്‍ അവധിക്കാലത്താണ് കൂടുതല്‍ സജീവമാകുന്നത്. സന്നദ്ധസംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സ്‌കൂളുകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് അവധിക്കാല കോഴ്സുകള്‍ നടത്താറുള്ളത്. വ്യക്തത്വവികസനത്തിന് തിയറി ക്ലാസിനേക്കാള്‍ മികച്ചത് പ്രായോഗിക പരിശീലനമാണ്.

ഇക്കാലത്ത് കുട്ടികള്‍ നേരിടുന്ന പ്രധാനവെല്ലുവിളിയാണ് ആശയവിനിമയത്തിനുള്ള കഴിവില്ലായ്മ. സ്പോക്കണ്‍ ഇംഗ്ലീഷ്, മലയാളം ഭാഷാ കോഴ്സുകള്‍ എന്നിവ ഇതിന്റെ ഭാഗമാണ്.

നീന്തല്‍


ഇന്നത്തെക്കാലത്ത് നീന്തല്‍ പഠിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഏറെ പറയേണ്ടതില്ലല്ലോ. നീന്തല്‍ പഠനം അത്യാവശ്യമാണെന്ന് കരുതി ഏതെങ്കിലും സ്ഥലത്ത് കുട്ടിയെ നീന്തല്‍ പഠിക്കാന്‍ പറഞ്ഞയക്കരുത്.

സുരക്ഷയാണ് ഏറ്റവും പ്രധാനം. അക്വാട്ടിക് അസോസിയേഷന്റെയും മറ്റും നിയന്ത്രണത്തിലുള്ള നീന്തല്‍ക്കുളങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവധിക്കാല പരിശീലനം ലഭ്യമാണ്. കൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിലും ഫയര്‍ ആന്റ് റസ്‌ക്യൂ ഫോഴ്സിന്റെ ആഭിമുഖ്യത്തിലും നീന്തല്‍ പരിശീലനം നടത്തുന്നുണ്ട്.

ഇതര കായികയിനങ്ങള്‍


ഫുട്ബോളും ക്രിക്കറ്റുമാണ് അവധിക്കാല പഠനക്യാംപുകളില്‍ ഏറെ സജീവം. പ്രമുഖപരിശീലകര്‍ നേരിട്ട് നടത്തുന്ന അവധിക്കാലക്യാപുകള്‍ ഇന്ന് എല്ലാ ജില്ലകളിലുമുണ്ട്. വേണ്ടവിധത്തിലുള്ള സൗകര്യവും സുരക്ഷയും ഉറപ്പുവരുത്തി മാത്രമേ കുട്ടികളെ ചേര്‍ക്കാവൂ.

ഹോക്കി, ബാഡ്മിന്റണ്‍, ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍ എന്നിവയുള്ള ക്യാംപുകളും സജീവമാണ്. ഇവയെ കൂടാതെ കരാട്ടെ, കളരി, കുങ്ഫു, ജൂഡോ തുടങ്ങിയ ആയോധനകലകളും അവധിക്കാലകോഴ്സുകളായി നടത്തുന്നുണ്ട്.

മുന്‍ഗണന അഭിരുചിക്ക്


കുട്ടികള്‍ക്കായി ഏത് കോഴ്സ് തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. കുട്ടിയുടെ താല്പര്യത്തിനനുസരിച്ചുള്ള കോഴ്സാണെന്ന് ഉറപ്പുവരുത്തണം.അത് കുട്ടിക്ക് താല്പര്യമുള്ള മേഖലയാണോ എന്ന് ശ്രദ്ധിക്കണം.

എനിക്ക് ചുറ്റുമുള്ളവര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നു അതുകൊണ്ട് ഞാനും ചെയ്യുന്നു. ഈ ചിന്താഗതി അപകടമാണ്. ഇനി കുട്ടികള്‍ക്ക് ഇത്തരം അവധിക്കാല കോഴ്സുകളോട് താല്പര്യമില്ലെന്നിരിക്കട്ടെ, എങ്കില്‍ ഈ അവധിക്കാലം അവര്‍ക്ക് വിട്ടുകൊടുത്തേക്കൂ. അവര്‍ കളിച്ചു പഠിക്കട്ടെ.

മാതാപിതാക്കളെ സഹായിച്ചും വീട്ടുകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയും അവരും നന്നാവട്ടെ. ഭാവിയില്‍ നല്ലൊരു മനുഷ്യനാകട്ടെ...

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Tuesday 09 May 2017 04.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW