Wednesday, October 18, 2017 Last Updated 6 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 08 May 2017 03.42 PM

ഒരു മെക്‌സിക്കന്‍ വിജയഗാഥ

uploads/news/2017/05/106489/tomemmattyINW.jpg

സിനിമ ലോകത്തെ ചട്ടക്കൂടുകള്‍ പൊളിച്ചെഴുതി വിപ്ലവം സൃഷ്ടിച്ച ഒരു മെക്‌സിക്കന്‍ അപാരതയുടെ വിജയ വിശേഷങ്ങളുമായി ടോം ഇമ്മട്ടി...

ആദ്യചിത്രം തന്നെ ഹിറ്റായതിന്റെ ആനന്ദത്തിലാണ് ടോം. ചട്ടക്കൂടുകള്‍ പൊളിച്ചെഴുതി ചിത്രീകരിച്ച ഒരു മെക്സിക്കന്‍ അപാരത എന്ന കലാലയ രാഷ്ട്രീയ ചിത്രം മലയാളികള്‍ രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വര്‍ഷങ്ങളുടെ പ്രയത്നത്തിന്റെ വിജയവുമായി ഒരു മെക്സിക്കന്‍ അപാരതയുടെ അമരക്കാരന്‍ ടോം ഇമ്മട്ടിയുടെ വിജയഗാഥ..

ആദ്യ ചിത്രത്തില്‍ കലാലയരാഷ്ട്രീയം തെരഞ്ഞെടുക്കാന്‍... ?


രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ടായിട്ടല്ല, മറിച്ച് ക്യാമ്പസ് സിനിമ വേണമെന്നുണ്ടായിരുന്നു. ഏറ്റവും അടുത്ത അനുഭവങ്ങളെയും കഥാപാത്രങ്ങളെയുമാണ് ആദ്യം സിനിമയാക്കേണ്ടതെന്ന് വായിച്ചിട്ടുണ്ട്. ഞാന്‍ കണ്ടതും അനുഭവിച്ചതും ആസ്വദിച്ചതുമായ കാര്യങ്ങളാണ് എഴുതിയത്.

അതുകൊണ്ടാണ് ആദ്യ ചിത്രം രാഷ്ട്രീയമായത്. ഒരു മെക്സിക്കന്‍ അപാരതയില്‍ രാഷ്ട്രീയം മാത്രമല്ലല്ലോ,കലോത്സവവും അതിന്റെ തയ്യാറെടുപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്. എന്റെ കലാലയ രാഷ്ട്രീയവും സൗഹൃദവുമാണ് ഒരു മെക്സിക്കന്‍ അപാരത.

ഈ പേരിന്റെ ഉറവിടം ?


പേരിന്റെ പിന്നില്‍ ഒരു കഥയുണ്ട്. പക്ഷേ അത് പറയാന്‍ സമയമായിട്ടില്ല. സിനിമയിലെ ഒരാളാണ് ഈ പേരു നിര്‍ദ്ദേശിച്ചത്. അത് ആരാണെന്നു പിന്നീട് പറയാം.

ഒരുപാട് ചര്‍ച്ച നടത്തിയും എഴുതിയതെല്ലാം മാറ്റിയെഴുതിയാണ് ഈ സിനിമ തീയറ്ററുകളില്‍ എത്തിച്ചത്. തിരക്കഥ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുത്തു. അതിനിടയില്‍ തന്നെയാണ് പേരും വന്നത്. പേരിട്ടയാളെ നിങ്ങള്‍ക്കു മുന്നില്‍ കാണിക്കാം. അതിനുള്ള സമയമാകുന്നതു വരെ കാത്തിരിക്കണമെന്നു മാത്രം.

ചിത്രം പുറത്തിറങ്ങും മുന്‍പുള്ള ചര്‍ച്ചകള്‍ ആരോഗ്യകരമാണോ ?


പഴയ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഉയര്‍ത്തേഴുന്നേല്‍പ്പായിട്ടാണ് എനിക്ക് തോന്നിയത്. അതിനാവേശം നല്‍കുന്ന ഒരു ചിത്രമാണ് ഒരു മെക്സിക്കന്‍ അപാരത.

ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തെയും വളര്‍ത്തുന്നത് കുറേ ചര്‍ച്ചകളാണ്. സോഷ്യല്‍ മീഡിയയില്‍ ഈ സിനിമയും ചര്‍ച്ച ചെയ്യട്ടെ. കലാലയ ജീവിതത്തിനിടയില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ മാത്രമേ പൂര്‍ണ്ണതയുണ്ടാകു എന്നാണ് എന്റെ അഭിപ്രായം. അക്രമരഹിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കോളജുകളില്‍ വേണമെന്നൊരു ആഗ്രഹമുണ്ടെനിക്ക്.

പുതിയ കലാലയ രാഷ്ട്രീയം ?


എപ്പോഴും ഒരു നേതാവിനെ ആശ്രയിക്കുന്നതാണല്ലോ രാഷ്ട്രീയം. രാഷ്ട്രീയ ആദര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും ആ നേതാവ് എത്രത്തോളം അതിനെ വഹിക്കുന്നു എന്നതനുസരിച്ചിരിക്കും അതിന്റെ വളര്‍ച്ച.

ധീരമായ നേതാക്കള്‍ ഉണ്ടെങ്കില്‍ ആ പ്രസ്ഥാനം ധീരമായി തന്നെ വളരും. നേതാക്കള്‍ പ്രസ്ഥാനത്തോടു കാണിക്കുന്ന കൂറായിരിക്കും അതിന്റെ നിലനില്‍പു തന്നെ.

പലരും കഥയെച്ചൊല്ലി തര്‍ക്കവുമായി വന്നിട്ടുണ്ടല്ലോ ?


ചിത്രം ഒരാളുടെയോ ഒരു കോളജിലെയോ കഥയാണ് എന്നു പറയാന്‍ പറ്റില്ല. ഒരുപാട് പേര്‍ വിളിച്ചു പറഞ്ഞു,,ഇത് ഞങ്ങളുടെ കഥയാണെന്ന്.. പല കോളജുകളിലും ബന്ധപെടുത്താവുന്ന കഥകള്‍ ഉണ്ടായിട്ടുണ്ടാകും.

ഇതൊക്കെ എല്ലാ കോളേജുകളിലുമുള്ള കഥയാണ്. പല സാദൃശ്യങ്ങളുമുണ്ടായിരിക്കും. എങ്കിലും പൂര്‍ണ്ണമായി ഇത് ഒരാളുടെയോ, ഒരു കോളജിന്റെയോ കഥയല്ല. കഥയും കഥാപാത്രങ്ങളും യഥാര്‍ത്ഥമായി പ്രേക്ഷകര്‍ക്ക് തോന്നുന്നതും സിനിമയുടെ വിജയമാണ്.

uploads/news/2017/05/106489/tomemmattyINWc.jpg

Advertisement
Ads by Google
Ads by Google
TRENDING NOW