ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റ് താരം ജോസഫ് ചാമിന്ദവാസും ആലപ്പുഴക്കാരന് റവ. ഡോ. ഫിലിപ്സ് വടക്കേക്കളവും തമ്മിലുള്ള ബന്ധമെന്താണ്?
ദൈവവിളി പാതിവഴിയിലുപേക്ഷിച്ചു ഗ്യാലറിയുടെ ആരവത്തില്‍ മുഴുകിയ ആളാണു ചാമിന്ദവാസ്. ഫിലിപ്സ്അച്ചനാകട്ടേ ആളിരമ്പത്തില്നിന്ന് അള്‍ത്താരയിലേക്കും അള്‍ത്താരയില്‍നിന്ന് ആളിരമ്പത്തിലേക്കും കയറിയിറങ്ങി മുന്നോട്ടു പോകുന്നു. എഴുത്തുകാരന്, കായിക താരം, ഗവേഷകന്, ആത്മീയാചാര്യന്, അവതാരകന്... ഇതൊക്കെ അദ്ദേഹത്തിനു ദൈവവിളിയുടെ ഭാഗമാണ്.
ആരാണ് റവ. ഡോ. ഫിലിപ്സ് വടക്കേക്കളം
"ഓരോ ദൗത്യവും എന്നിലേക്കു വന്നുചേരുകയായിരുന്നു. തീരെ പ്രതീക്ഷിക്കാതെ..." - വി.പി. തോമസിന്റെയും റോസക്കുട്ടിയുടെയും ഒന്‍പത് മക്കളില്‍ മൂന്നാമനായ മാത്തുക്കുട്ടി, റവ. ഡോ. ഫിലിപ്സ് വടക്കേക്കളം എന്ന റഫറിയച്ചനിലേക്കുള്ള യാത്ര ഒറ്റവാചകത്തില്‍ അവതരിപ്പിച്ചതിങ്ങനെ.
വൈദികനാകാന്‍ മാത്തുക്കുട്ടി ചെറുപ്പത്തിലേ തീരുമാനിച്ചിരുന്നു. അതും വ്യത്യസ്തനായ വൈദികന്. പിതാവ് വി.പി. തോമസ് വഴി ഇംഗ്ലിഷ് ഭാഷാപ്രേമം ബാല്യത്തിലേ കൂട്ടുകൂടിയെത്തി. അതു വളര്‍ന്നെത്തിയത് ഇംഗ്ലീഷില്‍ പോസ്റ്റ് ഡോക്ടറല്‍ ഡിഗ്രിയിലാണ്. കായിക മേഖലയിലേക്കുള്ള തുടക്കം അത്ലറ്റിക്സിലൂടെയാണ്. ബോള്‍ ബാഡ്മിനോടുള്ള ഇഷ്ടം സമ്മാനിച്ചത് അപ്പനും. ട്രിപ്പിള്‍ ജംപ് സ്റ്റേറ്റ് ചാമ്പ്യന്‍, ബാസ്കറ്റ് ബോള്‍ താരം, കേരള സര്‍വകലാശാലയില്‍നിന്ന് എം.എ. ഇംഗ്ലീഷില്‍ മൂന്നാം റാങ്ക്, റിസര്‍ച്ച് ഗൈഡ്, രാജ്യാന്തര ബാസ്കറ്റ് ബോള്‍ റഫറി, എസ്.ബി. കോളജ് പ്രിന്‍സിപ്പല്‍, വിശുദ്ധ കൊച്ചുത്രേസ്യയെക്കുറിച്ചുള്ള പുസ്തകങ്ങള്‍, കൊച്ചുത്രേസ്യയെക്കുറിച്ച് 50 എപ്പിസോഡ് ടിവി പരിപാടി, ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍... അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല.
സ്പോട്സിലേക്കുള്ള വഴി
തത്തംപള്ളി സെന്റ്് മൈക്കിള്‍ സ്കൂളില്‍നിന്നാണു തുടക്കം. രണ്ടാംക്ല ാസില് പഠിക്കുമ്പോള്‍ കായിക മത്സരങ്ങള്‍ക്കു പേരു നല്‍കിയത് ഒരു കൗതുകത്തിനായിരുന്നു. സമ്മാനവും കിട്ടി. മാത്തുക്കുട്ടി ഒരു വലിയ പാഠമാണ് അന്നു പഠിച്ചത്. "ഇതെനിക്കു പറ്റും." അതോടെ പഠനത്തിനൊപ്പം സ്പോട്സും മനസില്‍ സ്ഥാനം പിടിക്കുകയായിരുന്നു. പരിശീലനത്തിനുള്ള സൗകര്യം വീട്ടില്‍ സ്വയമൊരുക്കി. ആദ്യമായി സമയക്രമവും കൊണ്ടുവന്നത് അങ്ങനെ. രാവിലെ പള്ളിയില്‍ പോകും. അതു കഴിഞ്ഞു പരിശീലനം. പിന്നെ സ്കൂളിലേക്ക്...അതു ദിനചര്യയുടെ ഭാഗമായി.
പിതാവ് വി.പി. തോമസ് മികച്ച ബാഡ്മിന്റണ്‍ കളിക്കാരനായിരുന്നു. മദ്രാസ് ലയോള കോളജിലാണ് അദ്ദേഹം ഇന്റര്‍മീഡിയറ്റിനു പഠിച്ചതത്. മദ്രാസില്‍നിന്നു ബാഡ്മിന്റണെയും അദ്ദേഹം നാട്ടിലെത്തിച്ചു. അപ്പനില്നിന്നാണു ബാഡ്മിന്റന്റെ പാഠങ്ങള്‍ പഠിച്ചത്. "തത്തംപള്ളി സ്കൂളില്‍ ബോള്‍ ബാഡ്മിന്റണ്‍ പ്രചരിക്കുന്ന കാലം. ഹെഡ്മാസ്റ്റര്‍ക്കും രണ്ട് അധ്യാപകര്‍ക്കും മാത്രമേ അന്നു ബോള്‍ ബാഡ്മിന്റണ്‍ അറിയൂ. നാലാംക്ല ാസുകാരനായ ഞാനും അവര്‍ക്കൊപ്പം കൂടി. വീട്ടിലെത്തിയും ഞാന്‍ പരിശീലനം തുടര്‍ന്നു". ഇതിനിടെ അധ്യാപകരെയും കളിക്കളത്തില്‍ തോല്പിക്കാനായി. മാത്തുക്കുട്ടിക്ക് ഒരു ചോദ്യത്തിനുകൂടി ഉത്തരമായി. "പ്രായം ഒരു പ്രശ്നമല്ല." പിന്നീട് മുതിര്‍ന്നവരുമായുള്ള മത്സരങ്ങളിലും പങ്കെടുത്തു. ഒരു ലോക്കല്‍ ചാമ്പ്യനായിരുന്ന കാലം.
ഹൈസ്കൂളിലെത്തിയപ്പോഴാണു ബാസ്കറ്റ് ബോളില്‍ കൗതുകം തോന്നിയത്. അല്പ സമയം അതിനും നീക്കിവച്ചു.
ആലപ്പുഴ ലിയോ തേര്ട്ടീന്ത് സ്കൂളിലായിരുന്നു ഹൈസ്കൂള്‍ പഠനം. ഇവിടെ കൂടുതല്‍ അവസരങ്ങളാണു കാത്തിരുന്നത്. ഉത്തരങ്ങള്‍ക്കൊപ്പം ഉത്തരവാദിത്വവും തേടിയെത്തിയത് ഇവിടെ. "എന്നെ ബാഡ്മിന്റണ്‍ ക്യാപ്റ്റനാക്കി. ഞാന്‍ ടീമുണ്ടാക്കി. ഇന്റര്‍സ്കൂള്‍ മത്സരത്തില്‍ ഞങ്ങള്‍ വിജയിക്കുകയും ചെയ്തു. അന്നു ഞാന്‍ തോല്പിച്ച വ്യക്തിയായിരുന്നു അടുത്ത വര്‍ഷം സംസ്ഥാന ചാമ്പ്യന്‍. ഞാന്‍ സെമിനാരിയില്‍ പോയതിനാല്‍ ബാഡ്മിന്റണില്‍ തുടര്‍ന്നില്ല."
വീടിന്റെ നിയമങ്ങളില്‍നിന്ന് സെമിനാരിയുടെ ഗൗരവത്തിലേക്ക് കടന്നതും ഈ പ്രായത്തില്‍.
"വിട്ടില്‍ ഒരു നിയമമേ ഉണ്ടായിരുന്നുള്ളൂ. കായിക മത്സരങ്ങളില്‍ പങ്കെടുക്കാം. പക്ഷേ, പരീക്ഷയില്‍ മാര്‍ക്ക് കുറയാന്‍ പാടില്ല. ഇംഗ്ലിഷിനു മാര്‍ക്ക് കുറയുന്നത് അപ്പനു വേദനയുണ്ടാക്കുമെന്ന് അറിയുമായിരുന്നു. അതിനാല്‍ ഇംഗ്ലീഷില്‍ എന്നും ഒന്നാമനാകാന്‍ ശ്രദ്ധിച്ചിരുന്നു. അപ്പന് നല്കിയ സ്വതന്ത്ര്യം ഞാന്‍ ദുരുപയോഗം ചെയ്തില്ല."
എല്ലാറ്റിലും വലിയ ആഗ്രഹം
നാലാംക്ല ാസ് മുതല്‍ പള്ളിയില്‍ അള്‍ത്താര ബാലന് കൂടിയായിരുന്നു. ഇതിനിടയിലാണു കൊച്ചുത്രേസ്യയെക്കുറിച്ചു ഒരു പുസ്തകം അധ്യാപികകൂടിയായ കന്യാസ്ത്രീ സമ്മാനിച്ചത്. ആത്മീയപാത മനസില്‍ ഉറയ്ക്കുകയായിരുന്നു. കൊച്ചുത്രേസ്യയുടെ വിശുദ്ധ ജീവിതം ദൈവവിളി മാത്തുക്കുട്ടിയുടെ മനസില്‍നിറഞ്ഞു. "10 ാംക്ല ാസില് പഠിക്കുമ്പോള്‍ കേരള അമച്വര്‍ അത്ലറ്റിക് മീറ്റില്‍ ട്രിപ്പിള്‍ ജമ്പില്‍ സംസ്ഥാന ചാമ്പ്യനായിരുന്നു. അരുവിത്തുറയില്വച്ചു മുന്‍ രാഷ്ട്രപതി വി.വി. ഗിരിയാണു സമ്മാനം നല്‍കിയത്. അദ്ദേഹം അന്ന് കേരള ഗവര്‍ണറായിരുന്നു. ബാഡ്മിന്റണിലും തിളങ്ങിനിന്ന കാലം. ഞാന്‍ സെമിനാരിയില്‍ ചേരുകയാണെന്നു പറഞ്ഞപ്പോള്‍ പലരും ഞെട്ടി. പക്ഷേ, എല്ലാത്തിലും വലിയ ആഗ്രഹം അതുതന്നെയായിരുന്നു."
സെമിനാരിയില്‍ വച്ച് വിശുദ്ധ കൊച്ചുത്രേസ്യയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചു. മലയാളത്തേക്കാള്‍ ഇംഗ്ലിഷ് പുസ്തകങ്ങളാണു മനസില്‍ തട്ടിയത്. ആ പഠനവും തുടര്‍ന്നു. ആലുവയില്‍ കര്‍മലീത്താ വൈദികരില്‍നിന്നു കൂടുതല്‍ അറിഞ്ഞു. അതാണ് പിന്നീട് എഴുത്തിലേക്കു നയിച്ചത്.
സെമിനാരിയില്‍ ചേര്‍ന്നു കഴിഞ്ഞു പ്രീ യൂണിവേഴ്സിറ്റിക്കു ചേര്‍ന്നു. അതില്‍ ഫസ്റ്റ്ക്ല ാസ് ലഭിക്കുന്നവരെ ഡിഗ്രിക്കു വിടുകയായിരുന്നു പതിവ്.
അങ്ങനെ ഞാന്‍ റഫറിയായി
സെമിനാരിയിലെത്തിയപ്പോഴായിരുന്നു അടുത്ത പാഠം ബ്രദര്‍ ഫിലിപ്സിന്റെ മുന്നിലെത്തിയത്. "ബാഡ്മിന്റണ്‍ അടക്കമുള്ള കായിക ഇനങ്ങള്‍ക്കു സെമിനാരിയില്‍ സാധ്യത കുറവാണ്്". അവിടെ എല്ലാവരും കളിക്കുന്നത് ബാസ്കറ്റ് ബോളാണ്.
പലര്‍ക്കും ബാസ്കറ്റ് ബോള്‍ നിയമങ്ങളൊന്നും കാര്യമായി അറിയില്ല. ബ്രദര്‍ ഫിലിപ്സിനു കളിനിയമങ്ങള്‍ പഠിക്കുന്നതും ഇഷ്ടമായിരുന്നു. 16-ാം വയസിലാണു ബാസ്കറ്റ്ബോളില്‍ കാര്യമായി ശ്രദ്ധിച്ചത്. പലര്‍ക്കും പരിശീലനവും നല്‍കിയിരുന്നു. ആലുവ മേജര്‍ സെമിനാരിയില്വച്ചായിരുന്നു അടുത്ത വഴിത്തിരിവ്. അവിടെ വച്ചാണു റെക്ടറായിരുന്ന ഫാ. ഡോമിനിക്കിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
അവിടെ ഒരവധിക്കാലത്ത്് സംസ്ഥാന കോച്ച് ഫെന്നെത്തി. ബാസ്കറ്റ് ബോള്‍ നിയന്ത്രിക്കാന്‍ ലൈസന്‍സ് വേണോ എന്ന് ഫാ. ഡോമിനിക് അദ്ദേഹത്തോട് ആരാഞ്ഞു. അതു ബ്രദര്‍ ഫിലിപ്സിനു പുതിയ അറിവായിരുന്നു. തിരുവല്ലയില്വച്ചു നടക്കുന്ന പരീക്ഷയെക്കുറിച്ച് അദ്ദേഹമാണു പറഞ്ഞത്. റെക്ടറച്ചന് പറഞ്ഞാണ് അപേക്ഷ അയച്ചത്. പരീക്ഷ പാസായി. "1970 മുതല്‍ ഞാന്‍ റഫറിയാണ്. ഒരുപക്ഷേ, അന്ന് ഏറ്റവും പ്രായം കുറഞ്ഞ റഫറിയും. 47 വര്‍ഷം റഫറിയായി തുടരുന്നവര്‍ ചുരുക്കം. റഫറിയായി പോകുന്നത് സംബന്ധിച്ച ആശങ്കയുണ്ടായിരുന്നു. സെമിനാരി വിദ്യാര്‍ഥി റഫറിയാകുന്നതിനെ വിശ്വാസികള്‍ എങ്ങനെ സ്വീകരിക്കുമെന്നതായിരുന്നു പ്രശ്നം. അധികം ആരും വിവരം അറിയരുതെന്നു റെക്ടര്‍ പറഞ്ഞു. ഞാന്‍ കോഴിക്കോട് വരെ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ പോകുമായിരുന്നു.
അച്ചനായിക്കഴിഞ്ഞു ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ക്കു പോയിത്തുടങ്ങി. പിന്നീട് വിവിധ തലങ്ങള്‍ കടന്നു രാജ്യാന്തര റഫറിയായി മാറി. 1982 ലെ ഡല്‍ഹി ഏഷ്യാഡായിരുന്നു ആദ്യ രാജ്യാന്തര മത്സരം. ആ അംഗീകാരത്തോടെയാണു ആശങ്കകള്‍ അകന്നത്."
അടുത്ത 'പരീക്ഷ' 1997 ലായിരുന്നു.
അക്കാലത്താണു ഫീബ റെഫറിമാര്‍ക്ക് ഫിറ്റ്നെസ് പരിശോധന നിര്‍ബന്ധമാക്കിയത്. പല രാജ്യാന്തര റഫറിമാരും കളിക്കളം വിട്ടു, ഇന്ത്യയില്‍നിന്ന് ആദ്യമായി ഈ പരീക്ഷ പാസായത് ഫാ. ഫിലിപ്സ് ആണ്. ഇന്തോനീഷ്യയിലെ സുറബായയിലായിരുന്നു പരീക്ഷ. നാലു ടെസ്റ്റുകള്‍ പാസാകണമായിരുന്നു. ഒന്നാമതായി വിജയിച്ചു.
മലയാളത്തിലേക്കുള്ള വഴി
"എന്റെ ഇഷ്ടവിഷയം ഇംഗ്ലീഷായിരുന്നു. മലയാളത്തില്‍ രചനകളൊന്നും ഉണ്ടായിരുന്നില്ല. പ്രസംഗിക്കുമായിരുന്നു അത്രമാത്രം. വിശുദ്ധ കൊച്ചു ത്രേസ്യയാണു മാതൃഭാഷയില്‍ രചന നടത്താനുള്ള പ്രോത്സാഹനമായത്. ആലുവാ സെമിനാരിയില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്താണു വിശുദ്ധയുടെ ജീവിതത്തെക്കുറിച്ചു പഠിച്ചത്.
ഈയടുത്ത കാലത്ത് ആലുവ സെമിനാരിയില്‍ പോയ കാലത്താണു ടിവി സംഘം എത്തിയത്. അവിടുത്തെ പൂന്തോട്ടത്തില്‍ ഒരു പൂവ് കൈയിലെടുത്തു നില്‍ക്കുകയായിരുന്നു ഞാന്‍. എന്റെ കൈയിലുണ്ടായിരുന്നത് കൊച്ചുത്രേസ്യയ്ക്ക് ഇഷ്ടമുള്ള പൂവായിരുന്നു.
അവരുമായി സംസാരിക്കുന്നതിനിടെയാണ് കൊച്ചുത്രേസ്യ എന്ന വിശുദ്ധയെക്കുറിച്ചാണു ഞാന്‍ പറഞ്ഞത്. അത് ടിവി പരിപാടിയായി മാറി. പിന്നീട് അതിന്റെ സ്ക്രിപ്റ്റും അവതരണവും ഞാന്‍ ചെയ്തു. ഗവേഷണവും ഏറെ നടത്തി. ലിസ്യുവില്‍ വരെ പോയി. ബാല്യകാലത്തുതന്നെ ഞാന്‍ മധ്യസ്ഥത തേടിയിരുന്ന വിശുദ്ധയെക്കുറിച്ചു കൂടുതല്‍ അറിഞ്ഞത് അങ്ങനെ. വിശുദ്ധയെക്കുറിച്ച് ഇനി ഏറെ പഠിക്കാനുണ്ടെന്നു തോന്നുന്നു. പുതിയ ദൗത്യത്തെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു".
പിന്നീട് വിശുദ്ധയെക്കുറിച്ചുള്ള പ്രസംഗങ്ങള്‍ക്കു ക്ഷണമെത്തി. ഇതോടെ മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. എല്ലാം യാദൃശ്ചികമായി എന്നിലെത്തുകയായിരുന്നു. മൂന്ന് ഇംഗ്ലിഷ് പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ കൊച്ചുറാണി പറഞ്ഞ കഥ' എന്ന മലയാളം പുസ്തകത്തിലേക്ക് എന്നെ നയിച്ചത് വിശുദ്ധ കൊച്ചുത്രേസ്യയാണ്'.
ഇന്ത്യയുടെ സ്വന്തം തെരേസ
ഒരിക്കല്‍ ബാസ്ക്റ്റ് ബോള്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിനായി പോകുമ്പോഴാണു മദര്‍ തെരേസയെ കണ്ടത്. കാണാന്‍ പറ്റുമോയെന്നൊന്നും ഉറപ്പില്ലായിരുന്നു. വളരെ ആദരവോടെയാണ് അമ്മ സംസാരിച്ചത്. അമ്മയുടെ ശൈലി എപ്പോഴും അങ്ങനെ തന്നെയാണല്ലോ. അമ്മ ത്രേസ്യ, കൊച്ചുത്രേസ്യ ... ഇതേ പേരുള്ള ഒട്ടേറെ വിശുദ്ധകളുണ്ട്.
പഠനം, അതിപ്പോഴും തുടരുന്നു
പിതാവിന് ഇംഗ്ലീഷ് ഭാഷ ഏറെ ഇഷ്ടമായിരുന്നു. എം.എ. ഇംഗ്ലിഷിനു സര്‍വകലാശാലയില്‍ മൂന്നാം റാങ്ക് ഉണ്ടായിരുന്നു. യു.ജി.സിയുടെ സ്കോളര്ഷിപ്പോടെയാണു പിഎച്ച്.ഡി ചെയ്തത്. അതിനുശേഷം യു.ജി.സി. ഫെല്ലോഷിപ്പ് ലഭിച്ചു. അധ്യാപകനായിരുന്ന കാലത്താണു പോസ്റ്റ് ഡോക്ടറല്‍ ഡിഗ്രി(ഡിലിറ്റ്) നേടിയത്. അക്കാലത്ത് അത് അപൂര്‍വമായിരുന്നു.
"പിഎച്ച്.ഡിക്കുള്ള യു.ജി.സിയുടെ സ്കോളര്‍ഷിപ്പ് മൂന്ന് വര്ഷത്തേക്കിനായിരുന്നു. ഞാന്‍ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. അവശേഷിക്കുന്ന സമയത്തെ തുക തിരിച്ചുകൊടുത്തു. ഡോക്ടറേറ്റിനു ശ്രമിക്കുന്നതിനിടെതന്നെ പോസ്റ്റ് ഡോക്ടറല്‍ ഡിഗ്രിയെക്കുറിച്ചു ചിന്തിച്ചു. അന്നേ തയാറെടുത്തു. അതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. ഈ സമയത്ത് വൈദികനെന്ന നിലയില്‍ വീട്ടുവീഴ്ച ഉണ്ടായില്ല. പ്രസംഗങ്ങള്‍ക്കും സമയം കണ്ടെത്തി. ബാസ്കറ്റ് ബോളിനെയും വിട്ടുകളഞ്ഞില്ല. ഹോസ്റ്റല്‍ വാര്‍ഡനായും പ്രവര്‍ത്തിച്ചിട്ടുണ്ട്." പരമാവധി ഒന്നു രണ്ട് ആഴ്ചകള്‍ മാത്രമാണു പഠനത്തിനിടയില്‍ ബാസ്കറ്റ് ബോള്‍ മത്സരങ്ങളെ വിട്ടുകളഞ്ഞത്. അമേരിക്കയില്‍ ഒരു വര്‍ഷം ജോലി ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ഉച്ചാരണ രീതിയിലും പഠനം നടത്തി. "എനിക്ക് അമേരിക്കന്‍ -ബ്രിട്ടിഷ് ഉച്ചാരണങ്ങള്‍ ഒരുപോലെയാണ്. ഇപ്പോള്‍ ഉച്ചാരണത്തെക്കുറിച്ചു ഞാന്‍ കുട്ടികളെ പഠിപ്പിക്കാറുണ്ട്."
ബാസ്കറ്റ് ബോളിനെ ഉപേക്ഷിക്കില്ല
"വികാരി ജനറാള്‍ സ്ഥാനം ആഗ്രഹിച്ചിരുന്നില്ല. അത് പെരുന്തോട്ടം പിതാവ്(ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം)ഏല്പിച്ച ദൗത്യമാണ്. എല്ലാത്തിനും സമയം കിട്ടുമോയെന്ന ചെറിയ ഭയം ഇല്ലാതില്ല. പക്ഷേ, ഇവിടെയും എല്ലാ സൗകര്യങ്ങളുമുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയം അരമനയിലുണ്ട്. മറ്റൊരു അനുഭവമാണിത്. ഞാന്‍ സന്തോഷപൂര്‍വം സ്വീകരിക്കുന്നു. ബാസ്കറ്റ് ബോള്‍ അസോസിയേഷന്‍കാര്‍ക്ക് ഭയമുണ്ടായിരുന്നു. ഞാന്‍ അവര്‍ക്ക് ഉറപ്പു നല്കി. ഈ ചുമതലയുടെ പേരില്‍ ഞാന്‍ ബാസ്കറ്റ്ബോളിനെ ഉപേക്ഷിക്കുകയൊന്നുമില്ല. മേയ് അവസാനം ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുണ്ട്. ഞാന്‍ അതിനു സമയം കണ്ടെത്തും. ഫിറ്റ്നെസ് കീപ്പ് ചെയ്യും. പലയിടത്തും പോകേണ്ടി വരും. എന്നാല്‍ ആരോഗ്യത്തിനു ഹാനികരമായ ഭക്ഷണം കഴിക്കില്ല. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല."
സെമിനാരിയില്‍ പഠിക്കുമ്പോഴും ഫിലിപ്സച്ചന് സര്‍വകലാശാല മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. രണ്ട് തവണ മികച്ച താരത്തിനുള്ള സമ്മാനം ലഭിച്ചു. ദേശീയ ടീമില്‍ ചേര്‍ക്കാന്‍ ശിപാര്‍ശ ചെയ്യപ്പെട്ടു. എന്നാല്‍, സെമിനാരി പഠനത്തിനു തടസമാകുമെന്നതിനാല്‍ കളിക്കാരനെന്ന നിലയില്‍ മുന്നോട്ടുപോയില്ല. റഫറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നെ എസ്.ബി. കോളജില്‍ അധ്യാപകനായി എത്തിയപ്പോള്‍ കുട്ടികള്‍ക്കൊപ്പം ബാസ്കറ്റ്ബോള്‍ കളിക്കുമായിരുന്നു. പരിശീലകന്റെ ജോലിയും ഇഷ്ടമായിരുന്നു.
എല്ലാം പ്രയോജനപ്പെട്ടത്
അനുഭവങ്ങള്‍ ഫാ. ഫിലിപ്സിന് അനുഗ്രഹമായത് എസ്.ബി. കോളജ് പ്രിന്‍സിപ്പല്‍ ആയിരുന്നപ്പോഴാണ്. വിദ്യാര്‍ഥി സമരമായിരുന്നു ആ പ്രതിസന്ധി. വിദ്യാര്‍ഥിയുടെ മനസോടെ അവലോകനം ചെയ്തപ്പോള്‍ സമരം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നു വ്യക്തമായി. റഫറിയെപ്പോലെ ശരിയായ തീരുമാനമെടുത്തു. വൈദികനെന്ന നിലയില്‍ ദൈവത്തിനു മുന്നില്‍ സമര്‍പ്പിച്ചു. സമ്മര്‍ദം സഭയിലെ പിതാക്കന്മാര്‍ക്കുപോലും ഉണ്ടാകരുതെന്നും ഫാ. ഫിലിപ്സ് ആഗ്രഹിച്ചു. സമരക്കാരുടെ ഓരോ നീക്കവും കായികതാരത്തെപ്പോലെ മുന്‍കൂട്ടി കണ്ട് തടഞ്ഞു. ജീവനു വരെ ഭീഷണിയുണ്ടായിരുന്നു. പക്ഷേ ഫലം അദ്ദേഹത്തിന്റെ വാക്കുകളില്‍... "ഒരുപാട് പേരുടെ പ്രാര്‍ഥന എനിക്കു ലഭിച്ചു. ദൈവാനുഗ്രഹവും. നാലു മാസം സമരം നീണ്ടു. ഒരു ദിവസം പോലുംക്ല ാസ് മുടങ്ങിയില്ല. ഒരു പീരീഡും മുടങ്ങിയില്ല. ഞാന്‍ ഇതിനിടെ ജപ്പാനില്‍ ഒരു ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നിയന്ത്രിക്കാനും പോയി".
എവിടെയും ബാസ്കറ്റ് ബോള്‍ കളി കാണാം. പക്ഷേ, താരങ്ങളില്ല
ഇന്ത്യയില്‍ ബാസ്കറ്റ് ബോളിന് അര്‍ഹിക്കുന്ന പരിഗണ കിട്ടുന്നുണ്ടോ എന്ന് 'റഫറിയച്ചന്‍' സംശയമുണ്ട്. "കൂടുതല്‍ പ്രഫഷണലായി കാര്യങ്ങള്‍ കാണണം. മീഡിയ സഹായിക്കണം. ക്രിക്കറ്റിനുള്ളപോലെ പ്രാധാന്യം ലഭിക്കണം. ഫുട്ബോളും ബാഡ്മിന്റണും ഈ മാറ്റത്തിന്റെ പാതയിലാണ്. ബാസ്കറ്റ് ബോളും അങ്ങനെയാകണം. ഭരണനേതൃത്വം ശ്രദ്ധിക്കണം. ഇവിടെ അര്‍ഹിക്കുന്ന കളിക്കാരുണ്ട്. ചെറുപ്പത്തിലേ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. ഇവിടെ കൈയില്‍നിന്നു പണം കൊടുത്താണു പലപ്പോഴും ഞാന്‍ മത്സരങ്ങള്‍ക്കു പോയത്. ഇന്ന് അവസ്ഥയില്‍ മാറ്റമുണ്ട്. ചിലര്‍ പറയാറുണ്ട് ഉയരത്തിന്റെ പ്രശ്നം. എന്നാല്‍ ചൈനീസ്, കൊറിയന്‍, ജപ്പാന് താരങ്ങളും ഉയര്‍ന്നുവരുന്നില്ലേ."
ഇന്ത്യന്‍ താരം വി.ആര്. ഷേണായി എസ്.ബി. കോളജ് ടീമംഗമായിരുന്നു. അന്വിന് ആന്റണിയും എസ്.ബി. കോളജിന്റെ കണ്ടെത്തലാണ്. റഫറിമാരില്‍ സലിം മുഹമ്മദിനെപ്പോലുള്ളവര്ക്കു പരിശീലനം നല്‍കാനായി.
സമയം, അതല്ലേ എല്ലാം!
രാവിലെ നാലു മണിക്ക് എഴുന്നേല്ക്കും. 20 മിനിറ്റ് യോഗ ചെയ്യും. ഉറക്കത്തിന്റെ കാര്യത്തിലും നിര്‍ബന്ധമുണ്ട്. രാത്രി ഒന്‍പതിന് ഉറങ്ങണം. പകല്‍ ഉറക്കമില്ല. ഭക്ഷണശീലങ്ങളില്‍ ഒത്തുതീര്‍പ്പില്ല. ഫിറ്റ്നെസ് നിലനിര്‍ത്താനാണത്. ഞാന്‍ സെമിനാരിയില്‍ പഠിച്ചപ്പോഴുണ്ടായിരുന്ന ഭാരം ഇപ്പോഴും നിലനിര്‍ത്തുന്നു.
ഭാഷാ പഠനം ഇപ്പോഴുമുണ്ട്. പുതിയ പ്രയോഗങ്ങള്‍, മാറ്റങ്ങള്‍ ഇവയൊക്കെ അറിയണം. ഉച്ചകഴിഞ്ഞാണു കായിക പരിശീലനം.എസ്.ബി. കോളജില്‍ മികച്ച ബാസ്കറ്റ്ബോള്‍ കോര്‍ട്ടുണ്ടായിരുന്നു. ചങ്ങനാശേരി അരമനയിലും ബാസ്കറ്റ്ബോള്‍ കോര്ട്ടുണ്ട്.
തുടര്‍ച്ചയില്ല
പലരും പരീക്ഷകള്‍ പാസായാല്‍ അതോടെ പഠനം അവസാനിപ്പിക്കും. കായിക താരങ്ങള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ ശാരിരിക ക്ഷമത നിലനിര്‍ത്തുന്നതില്‍ ശ്രദ്ധിക്കാറില്ല. പരീക്ഷയോ ഒരു വിജത്തിലോ ഒന്നും അവസാനിക്കുന്നില്ല. ഒരുപാട് കാര്യങ്ങളുണ്ട് പഠിക്കാന്‍. ഇപ്പോഴാണെങ്കില്‍ കൂടുതല്‍ സൗകര്യവും പ്രോത്സാഹനവുമുണ്ട്. അതനുസരിച്ച് ഉയരാന്‍ കഴിയാണം.
മാതൃകകള്‍
തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസിന് ബാസ്കറ്റ് ബോളിനോട് താല്പര്യമുണ്ട്. അദ്ദേഹം നന്നായി ബാസ്കറ്റ് ബോള്‍ കളിക്കും. കാലിനു പരുക്കേറ്റതിനാല്‍ ഇപ്പോള്‍ അദ്ദേഹം പരിശീലനം മുടക്കി.
"എന്നെ റഫറിയച്ചന്‍ എന്നാണു പലരും വിളിക്കുന്നത്. പലരെയും സെമിനാരിയില്വച്ചാണു പരിചയപ്പെട്ടത്. ഈയിടെ ചങ്ങനാശേരി അരമനയിലെത്തിയ സൂസായ്പാക്യം പിതാവും റഫറിയച്ചന്‍ എന്നാണ് എന്നെ വിളിച്ചത്.
കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയ്ക്കു ഞാന്‍ റഫറിയാകുന്നതില് ആശങ്കയുണ്ടായിരുന്നു. അദ്ദേഹം ചങ്ങനാശേരിയില്‍ ബിഷപ്പായി വന്നപ്പോള്‍ അതു നേരിട്ടറിയിച്ചു. വിശ്വാസികള്‍ ഇത് എങ്ങനെ സ്വീകരിക്കുമെന്നായിരുന്നു പേടി. എന്നാല്‍ ഏഷ്യാഡ് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനും സന്തോഷമായി. പവ്വത്തില്‍ പിതാവും(ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍) പഠിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഇക്കണോമിക്സല്ല, മതത്തെക്കുറിച്ചാണു പഠിപ്പിച്ചത്. അദ്ദേഹം സ്പോട്സ് ആസ്വദിക്കുന്നയാളാണ്. ഗുരുവായ അദ്ദേഹം എന്നും പ്രോത്സാഹിപ്പിച്ചു.
സാധാരണ വൈദികര്‍ സ്പോട്സില്‍ താല്പര്യം കാണിക്കാറില്ല. സ്പോട്സ് നിലനിര്‍ത്തണമെന്ന് ആഗ്രഹിച്ചു. അതിനു കഴിഞ്ഞത് ദൈവാനുഗ്രഹം...
അവസാനിക്കുന്നില്ല...
ദൗത്യങ്ങള്‍ ഒരിക്കലും റവ. ഡോ. ഫിലിപ്സ് വടക്കേക്കളത്തിനു വെല്ലുവിളിയായില്ല.
കുട്ടിക്കാനം മരിയന്‍ കോളജിന്റെ സ്ഥാപക പ്രിന്‍സിപ്പലാണ് അദ്ദേഹം. ആലുവ പൊന്തിഫിക്കല്‍ സെമിനാരി പ്രഫസര്‍, 1988 മുതല്‍ എം.ജി. സര്‍വകലാശാല റിസര്‍ച്ച് ഗൈഡ്, 1993 മുതല്‍ എം.ജി, കേരള സര്‍വകലാശാലകളുടെ റിസോഴ്സ് പഴ്സണ്‍, നേര്‍ത്ത് ബംഗാള്‍ സര്‍വകലാശാലയുടെ പിഎച്ച്.ഡി. എക്സാമിനര്‍, ബാസ്കറ്റ്ബോള്‍ ഫെഡറേഷന് ടെക്നിക്കല്‍ കമ്മിറ്റി അംഗം എന്നി നിലകളിലും ശ്രദ്ധേയനായി. ഇംഗ്ലിഷ്, മലയാളം, ഹിന്ദി, ലത്തീന്‍, സുറിയാനി ഭാഷകളറിയാം.
മാത്യുസ് എം. ജോര്‍ജ്