Thursday, May 31, 2018 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 07 May 2017 12.57 AM

വര്‍ത്തമാനകാലത്തെ പ്രക്ഷുബ്‌ധമാക്കി 'കലിപാകം'

uploads/news/2017/05/106012/sun2.jpg

ഒന്നിനൊന്ന്‌ വ്യത്യസ്‌തമായ പ്രമേയങ്ങള്‍, നിലവാരമുള്ള അവതരണമികവോടെ, നിരന്തരമായി എഴുതുക എന്നത്‌ ഒരു എഴുത്തുകാരന്‌ കനത്ത വെല്ലുവിളിയുയര്‍ത്തുന്ന കാര്യമാണ്‌. സിദ്ധിയും, സാധനയും, സര്‍ഗാത്മകമായ ഊര്‍ജ പ്രയോഗത്തിനുള്ള നിരന്തര പരിശ്രമവും, സാധനയ്‌ക്കുള്ള ക്ഷമയുമുള്ളവര്‍ക്കേ ഇതു സാധിക്കൂ. കഥയില്‍നിന്നും വിഭിന്നമായി വലിയ ക്യാന്‍വാസിലുള്ള നോവലിലേക്ക്‌ എത്തുമ്പോള്‍ അതിന്റെ കാഠിന്യത്തിന്റെ തോതിന്‌ വിസ്‌താരവുമേറും. വളരെ ചുരുങ്ങിയ കാലംകൊണ്ട്‌ മലയാള നോവല്‍ സാഹിത്യത്തിന്‌ അഭിമാനിക്കാവുന്ന ഏഴ്‌ നോവലുകള്‍ സംഭാവന ചെയ്‌ത എഴുത്തുകാരന്‍ രാജീവ്‌ ശിവശങ്കറും ഇത്തരം കഠിനാധ്വാനിയായ എഴുത്തുകാരുടെ ഗണത്തില്‍പ്പെടുത്താവുന്ന വ്യക്‌തിയാണ്‌. ചരിത്രവും, പരിസ്‌ഥിതിയും, സാമൂഹിക മാറ്റങ്ങളും, പുരാണങ്ങളും, രാഷ്‌ട്രീയവുമെല്ലാം ഈ എഴുത്തുകാരന്റെ തൂലികതുമ്പിനെ മുന്നോട്ടുനയിക്കുന്ന ഘടകങ്ങളാണ്‌. ഒരു കൃതി എഴുതി വര്‍ഷങ്ങളോളം അതിന്റെ മഹത്വവും, ഗുണമേന്മകളും അയവിറക്കി കാലം കഴിക്കുന്ന എഴുത്തുകാരില്‍നിന്നും എഴുത്തിനോടുള്ള തികഞ്ഞ അര്‍പ്പണബോധമാണ്‌ രാജീവിനെ വ്യത്യസ്‌തനാക്കുന്നത്‌.
ബാല്യകാലം തൊട്ടേ എഴുതിത്തുടങ്ങിയ രാജീവ്‌ പിന്നീട്‌ നീണ്ട മൗനത്തിന്റെ ഉള്ളറകളിലായിരുന്നു. അതിന്റെ പുറന്തോട്‌ പൊട്ടിക്കാന്‍ മൂന്നരപതിറ്റാണ്ടുകള്‍ വേണ്ടിവന്നു. മൗനം ഭേദിച്ചപ്പോള്‍ ഈ എഴുത്തുകാരന്‌ പിന്നെ പിന്‍തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പുരാണത്തില്‍നിന്നും കണ്ടെടുത്ത കഥാവസ്‌തുവായ 'കലിപാകം' എന്ന നോവലാണ്‌ ഈ എഴുത്തുകാരന്റേതായി വായനാലോകം പുതുതായി കൈയിലെടുത്തിരിക്കുന്നത്‌. കലിപാകത്തിന്റെ രചനാരഹസ്യങ്ങളെക്കുറിച്ച്‌ രാജീവ്‌ സംസാരിക്കുന്നു.

താങ്കളുടെ നോവലുകളുടെ രചനാവഴികളെക്കുറിച്ച്‌ പറഞ്ഞുതുടങ്ങാം?

ഇതുവരെ പ്രസിദ്ധീകരിച്ച എന്റെ എട്ടു പുസ്‌തകങ്ങളില്‍ ഏഴും നോവലുകളാണ്‌. നോവല്‍ കൂടുതല്‍ സര്‍ഗാത്മകമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിനാലാണ്‌ അതിനോടു കമ്പം. ആദ്യത്തെ നോവല്‍ തമോവേദം 2013ലാണ്‌ ഇറങ്ങിയത്‌. കേരളത്തില്‍ വര്‍ധിച്ചുവരുന്ന സാത്താന്‍ പൂജയുടെ പശ്‌ചാത്തലത്തിലുള്ള ഒരു ഫാന്റസിയായിരുന്നു അത്‌. തുടര്‍ന്നു പ്രാണസഞ്ചാരം വന്നു. അടുത്തത്‌ കല്‍പ്രമാണം. പാറമടകളുടെ രാഷ്‌ട്രീയവും അതുകേരളത്തിന്റെ പരിസ്‌ഥിതിയിലുണ്ടാക്കുന്ന ആഘാതവും ചര്‍ച്ചചെയ്യുന്ന പ്രവചനസ്വഭാവമുള്ള ഒരു നോവലായിരുന്നു അത്‌. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടും കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുമൊക്കെ കേരളത്തെ ഉലച്ചുകൊണ്ടിരുന്ന കാലത്ത്‌ എഴുതിയ ആ നോവല്‍ കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നിടത്താണ്‌ ഒട്ടും ശുഭപ്രതീക്ഷയില്ലാതെ അവസാനിക്കുന്നത്‌.
ആര്‌ അധികാരത്തിലെത്തിയാലും ഇക്കാര്യത്തില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും അവസാനത്തെ കല്ലുവരെയും ഭൂമിയില്‍നിന്നു മാന്തിയെടുക്കുന്നതുവരെ എല്ലാവരും മൗനംഭജിക്കും എന്നും അന്നു നോവലില്‍ പറഞ്ഞത്‌ കൃത്യമായി. നാലുവര്‍ഷത്തിനുശേഷം ഇന്നും കാര്യങ്ങള്‍ അവിടെത്തന്നെ നില്‍ക്കുന്നു. ജനറേഷന്‍ ഗ്യാപ്പിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പുത്രസൂക്‌തം ആക്ഷേപഹാസ്യനോവലായ കാറല്‍മാര്‍ക്‌സ് കൈലാസം വീട്‌ എന്നിവയാണ്‌ പിന്നീടെഴുതിയത്‌. ശങ്കരാചാര്യരുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള മറപൊരുള്‍, ഇപ്പോള്‍ കലിയുടെ കഥ പറയുന്ന കലിപാകം എന്നിവയിറങ്ങി. വ്യത്യസ്‌തമായ വിഷയങ്ങളും ക്രാഫ്‌റ്റിലെയും ഭാഷയിലെയും പരീക്ഷണങ്ങളുമൊക്കെ എന്നെ നോവലിനോട്‌ കൂടുതല്‍ അടുപ്പിക്കുന്ന കാര്യങ്ങളാണ്‌. വായിച്ചുതുടങ്ങുമ്പോള്‍ മനസിലേക്ക്‌ ഒട്ടിപ്പിടിക്കുന്നില്ലെങ്കില്‍ പത്തുപേജ്‌ വായിച്ചിട്ട്‌ ഒരാള്‍ നോവല്‍ മടക്കും. ചെറുകഥയാണെങ്കില്‍ ഒന്നുമടുത്താല്‍ മറ്റൊരു കഥയിലേക്കു കയറാം എന്ന സൗകര്യമുണ്ട്‌.നോവലിനതില്ല. അതുകൊണ്ടുതന്നെ വായിച്ചുതുടങ്ങിയാല്‍ അവസാനം വരെ പിടിച്ചിരുത്താനൊരു ചൂണ്ട നോവലില്‍ ഒളിപ്പിച്ചുവയ്‌ക്കേണ്ടതുണ്ട്‌.
മറപൊരുള്‍ പോലെ ആത്മീയജീവിതവും അദൈ്വതവേദാന്തവും ചര്‍ച്ചചെയ്യുന്ന നോവലിലേക്ക്‌ സാധാരണക്കാരനെ പിടിച്ചിടാന്‍ പ്രയാസമാണ്‌. പക്ഷേ, ചുരുങ്ങിയസമയംകൊണ്ടുതന്നെ ആ നോവലിന്റെ പുതിയ പതിപ്പിറങ്ങിയത്‌ എന്റെ ശ്രമം വിജയിച്ചതിന്റെ തെളിവാണ്‌. മറപൊരുളിനായി ദീര്‍ഘകാലത്തെ ഗവേഷണവും പഠനവും വേണ്ടിവന്നു. പഴയകാലത്തിന്റെ കഥ പറയുന്നതിനാല്‍ ഭാഷയെയും ബിംബങ്ങളെയും സാത്വികമായൊരു തലത്തിലേക്ക്‌ പുനര്‍നിര്‍മിക്കേണ്ടിവന്നു. എഴുതിത്തീര്‍ന്നപ്പോള്‍ പെട്ടെന്നൊരു ശൂന്യതയാണ്‌ തോന്നിയത്‌. മറപൊരുളില്‍നിന്നു മനസിനെ പറിച്ചെടുക്കാന്‍ പ്രയാസമായി. എന്തെഴുതുമ്പോഴും മറപൊരുളിനായി പാകപ്പെടുത്തിയെടുത്ത മനസും കാഴ്‌ചയും ഉള്ളിലേക്കു കയറിവന്നു. പുരാണസ്‌പര്‍ശിയായ ഒരു നോവല്‍കൂടി എഴുതിയിട്ടുമതി, അതു തൂത്തുതുടച്ചു കളയാന്‍ എന്നുറപ്പിച്ചാണ്‌ കലിപാകത്തിലേക്കുവരുന്നത്‌.
മഹാഭാരത്തില്‍നിന്നു

കണ്ടെത്തിയ കഥാവസ്‌തുവാണല്ലോ കലിപാകത്തിന്റേത്‌. എഴുത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച്‌ പറയാമോ?

എല്ലാവര്‍ക്കുമറിയാവുന്ന നളദമയന്തീകഥ അതേപടി പറയുന്നതില്‍ കാര്യമില്ലല്ലോ. ആ കഥ കേട്ടപ്പോഴും വായിച്ചപ്പോഴുമെല്ലാം ചില പൊരുത്തക്കേടുകളോ സംശയങ്ങളോ ഒക്കെ തോന്നിയിരുന്നു. അതെന്തുകൊണ്ടെന്ന അന്വേഷണത്തിലാണ്‌ നോവലിന്റെ യുക്‌തി. ശ്രീകൃഷ്‌ണന്‍ അമ്പേറ്റുമരിക്കുന്നിടത്തുനിന്നാണ്‌ കലിയുഗത്തിന്റെ തുടക്കം എന്നതു പ്രധാനമാണ്‌. കലിയുമായി ബന്ധപ്പെട്ട്‌ പുരാണങ്ങളില്‍ പലയിടത്തായി പറഞ്ഞതെല്ലാം ഞാന്‍ പ്രത്യേകരീതിയില്‍ ഒരുമിപ്പിക്കുകയാണു ചെയ്‌തത്‌. കഥാപാത്രങ്ങളുടെ മാനസസഞ്ചാരത്തിലൂടെയാണ്‌ നോവല്‍ വളരുന്നത്‌. പറയുന്നത്‌ നളന്റെയും കലിയുടെയും കഥയായിട്ടും നളനോ കലിയോ ദമയന്തിയോ ഈ നോവലില്‍ നേരിട്ടു കഥ പറയുന്നില്ലെന്ന പ്രത്യേകതയുണ്ട്‌. താരതമ്യേന അപ്രധാനവും എന്നാല്‍ കഥാഗതിയെ നിയന്ത്രിക്കുകയും ചെയ്യുന്ന അപ്രധാനകഥാപാത്രങ്ങളെയാണ്‌ ഞാന്‍ കഥപറയിക്കാന്‍ ഉപയോഗിച്ചത്‌.

കലിപാകത്തില്‍ ഭാവനയില്‍ സൃഷ്‌ടിച്ച കഥാപാത്രങ്ങളെക്കുറിച്ചും അവരുടെ സവിശേഷതകളെക്കുറിച്ചും പറയാമോ?

പുഷ്‌കരന്റെ കളിക്കൂട്ടുകാരനായ ദിനനാഥന്‍, സത്രം സൂക്ഷിപ്പുകാരനായ സോമകീര്‍ത്തി, കാശമുനിയുടെ ശിഷ്യനായ ഉത്താനപാദന്‍ എന്നിങ്ങനെ ചില കഥാപാത്രങ്ങളെയാണ്‌ കലിപാകത്തില്‍ പുതുതായി സൃഷ്‌ടിച്ചിരിക്കുന്നത്‌. പുരാണകഥകളില്‍ കഥാപാത്രത്തെ കൂട്ടിച്ചേര്‍ക്കുമ്പോള്‍ കഥയുടെ പൊതുസ്വഭാവത്തില്‍നിന്ന്‌ അതു മുഴച്ചുനില്‍ക്കാതെ സൂക്ഷിക്കണം. പാത്രസൃഷ്‌ടിയേക്കാള്‍ അന്തരീക്ഷസൃഷ്‌ടിയാണ്‌ ഇത്തരം നോവലുകളില്‍ എഴുത്തുകാരന്‍ നേരിടുന്ന പ്രശ്‌നം. അന്നത്തെ കാലം, കാഴ്‌ചകള്‍, നേരമ്പോക്കുകള്‍ ഇതിനൊക്കെ ഭാവനയെ കൂട്ടുപിടിച്ചേ മതിയാവൂ.
കലിപാകം മഹാഭാരതത്തെ അവലംബിച്ചുള്ള രചനയാണ്‌. ഇത്തരം ശ്രമങ്ങള്‍ പരക്കെയുണ്ടാകുന്നു. എന്തുകൊണ്ടാണു സംഭവബഹുലമായ
വര്‍ത്തമാനകാലത്തില്‍നിന്നു പുരാണത്തിലേക്കും ഇതിഹാസത്തിലേക്കുമുള്ള മടക്കം?

ഇതിഹാസമായാലും നോവലായാലും കഥയായാലും മനുഷ്യജീവിതമാണ്‌ പുനര്‍വായിക്കപ്പെടുന്നത്‌. വര്‍ത്തമാനകാലത്തിലെ പ്രശ്‌നങ്ങള്‍ക്കോ സംഭവങ്ങള്‍ക്കോ സമാനമായ ചിലത്‌ പഴമയില്‍ ഉണ്ടായിരിക്കുമ്പോള്‍ അവയെ പുതിയ കണ്ണിലൂടെ നോക്കുകയാണ്‌ ഇത്തരം നോവലിലൂടെ ചെയ്യുന്നത്‌. ചരിത്രം ഒരു തുടര്‍ച്ചയാണ്‌. മുറിച്ചുമാറ്റപ്പെട്ട ഒരു തുണ്ടായി അതിനു നിലനില്‍പില്ല. ചരിത്രത്തിന്റെ അന്നത്തെ ശരിതെറ്റുകളെ ഇന്നത്തെ സാംസ്‌കാരിക അവസ്‌ഥയുമായി ഒത്തുനോക്കാനുള്ള ശ്രമം കൂടിയാണത്‌.
പിന്നെ മറ്റൊരു പ്രധാനകാര്യം, ഇന്നത്തെ ഇന്റര്‍നെറ്റ്‌ യുഗത്തില്‍ ലോകത്തെവിടെ നോക്കിയാലും പുസ്‌തകരചന പുതിയ ഭാവപരിണാമങ്ങളിലൂടെ സഞ്ചരിക്കുകയാണ്‌. മനുഷ്യന്റെ കൈകള്‍ക്ക്‌ ചരിത്രത്തിലുള്ള സ്‌ഥാനത്തെപ്പറ്റി ഡാരിയന്‍ ലീഡര്‍ പുസ്‌തകമെഴുതുമ്പോള്‍ ഇണചേരലിനു പിന്നിലെ രാഷ്ര്‌ടീയവും അധികാരവും അന്വേഷിക്കുകയാണ്‌ ആന്‍ഡ്രിയ ഡ്വോര്‍കിന്‍. പറഞ്ഞുവരുന്നത്‌, ചരിത്രത്തിലൂടെയുള്ള അന്വേഷണങ്ങളും കണ്ടെത്തലും പുതിയകാലത്തെ എഴുത്തുകാര്‍ക്കു പ്രിയപ്പെട്ടതാണ്‌ എന്നാണ്‌. ക്രിയാത്മകമായ ഇത്തരം സംരംഭങ്ങള്‍ ഇനിയുള്ളകാലത്ത്‌ വര്‍ധിക്കുകയേയുള്ളൂ. കലിപാകത്തെയൊക്കെ ഇത്തരം ശ്രമത്തിന്റെ ഭാഗമായിക്കാണണം. ഒരുപാട്‌ സമയവും അധ്വാനവും ഉപയോഗിച്ചാണ്‌ ഇത്തരം നോവലുകള്‍ രചിക്കുന്നത്‌. പരന്ന വായനയും ഗവേഷണവുമൊക്കെ ഇതിന്റെ ഭാഗമാണ്‌. ഇതിന്റെ പകുതി പ്രയത്നംകൊണ്ടു മറ്റൊരു നോവല്‍ എഴുതാമായിരുന്നിട്ടും എന്തുകൊണ്ട്‌ ഇതിനു മെനക്കെടുന്നു എന്നുചോദിച്ചാല്‍, വ്യത്യസ്‌തമായത്‌ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹവും മനസിനു ലഭിക്കുന്ന സംതൃപ്‌തിയുമൊക്കെയാണ്‌ കാരണം എന്നു പറയാം.

രാഷ്‌ട്രീയ വായനയുടെ മറ്റൊരു സാധ്യത പുതിയ നോവല്‍ 'കലിപാകം' ഒളിപ്പിച്ചുവയ്‌ക്കുന്നില്ലേ? ഗോവധനിരോധനപ്രശ്‌നംപോലുള്ള ചില വിഷയങ്ങള്‍ കലിപാകത്തിനുള്ളില്‍ ചര്‍ച്ചചെയ്യുന്നുണ്ട്‌. അതു പറയാന്‍വേണ്ടിക്കൂടെയാണോ ഈ വിഷയം തിരഞ്ഞെടുത്തത്‌?

തീര്‍ച്ചയായും. അതുതന്നെയാണ്‌ ആ നോവലിന്റെ പ്രസക്‌തിയും. വര്‍ത്തമാനകാലത്തെ പ്രക്ഷുബ്‌ധമാക്കുന്ന കുറേ വിഷയങ്ങള്‍ കലിപാകം ചര്‍ച്ചചെയ്യുന്നുണ്ട്‌. ഭരണാധികാരിക്ക്‌ ധര്‍മചിന്ത എവിടെവരെയാകാമെന്ന ചര്‍ച്ചയുണ്ട്‌. അധികാരം സാധാരണക്കാരനെ വേട്ടയാടുന്നതിന്റെ പ്രശ്‌നങ്ങളുണ്ട്‌. പരാജിതന്റെ സങ്കടങ്ങളുണ്ട്‌. പെണ്ണിന്റെ പ്രതികാരവും നിസഹായതയുമുണ്ട്‌. ചൂതും മദ്യവും പെണ്ണുമൊക്കെ അന്നെന്നപോലെ ഇന്നും അധികാരത്തെ ചുറ്റിപ്പറ്റിനില്‍ക്കുന്നുമുണ്ടല്ലോ.
പിന്നെ നോവലിന്റെ വിഷയം ഗോവധനിരോധനപ്രശ്‌നംപോലുള്ള ചില പ്രശ്‌നങ്ങളിലേക്കു വാതില്‍ തുറന്നിടുന്നുണ്ട്‌ എന്നതു സത്യമാണ്‌. കല്‍പ്രമാണത്തില്‍ ഞാന്‍ വികസനത്തിന്റെ രാഷ്ര്‌ടീയം ചര്‍ച്ചചെയ്‌തിരുന്നു. മറപൊരുളില്‍ ആത്മീയതയുടെയും സന്ന്യാസത്തിന്റെയും രാഷ്ര്‌ടീയം. കലിപാകം വര്‍ത്തമാനകാലത്തു കൂടുതല്‍ പ്രസക്‌തമാകുന്നത്‌, ആ നോവല്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങള്‍ ഇന്നു പ്രസക്‌തമായതുകൊണ്ടുതന്നെയാണ്‌.

ഗൗരവവായനക്കാരെയാണോ ഈ നോവല്‍ ലക്ഷ്യം വയ്‌ക്കുന്നത്‌?

എഴുത്തുകാരന്‍ എന്നതിനേക്കാള്‍ നല്ല വായനക്കാരന്‍ എന്നു പറയുന്നതിലാണ്‌ എനിക്ക്‌ അഭിമാനം. എന്റെ ഒരു രചനയും വായനക്കാരെ നിരാശരാക്കരുതെന്നു നിര്‍ബന്ധമുണ്ട്‌. നേരംപോകാന്‍വേണ്ടിമാത്രം വായിക്കുന്നവരെയും ആഴത്തിലറിഞ്ഞുവായിക്കുന്നവരെയും ഒരുപോലെ തൃപ്‌തിപ്പെടുത്തണമെന്നതാണ്‌ എന്റെ ആഗ്രഹം. ഉദാഹരണത്തിന്‌, മറപൊരുളില്‍ ശങ്കരാചാര്യരുടെ ജീവചരിത്രം തേടുന്നയാള്‍ക്ക്‌ അതു വായിക്കാം.
ജീവിതവും ആത്മീയതയും മുഖാമുഖം നിന്ന സന്ദിഗ്‌ധഘട്ടങ്ങളെക്കുറിച്ചറിയാനാഗ്രഹിക്കുന്നവര്‍ക്ക്‌ ആവിധത്തിലുള്ള വായന സാധ്യമാണ്‌. അദൈ്വതത്തിന്റെ മേഖലയില്‍ പരിചയമുള്ളവര്‍ക്ക്‌ കുറേക്കൂടി ആഴത്തില്‍ ആ പുസ്‌തകത്തെ സമീപിക്കാം. കലിപാകത്തിലും ഇത്തരത്തിലുള്ള പലതരം വായനാനുഭവം സാധ്യമാണ്‌.

വളരെ വേഗത്തില്‍, ഒന്നിനൊന്നു വ്യത്യസ്‌തമായ വിഷയങ്ങള്‍ താങ്കള്‍ നോവലാക്കുന്നു. എല്ലാ എഴുത്തുകാരെയും അസൂയപ്പെടുത്തുന്ന ഈ വേഗത്തിലുള്ള എഴുത്തിന്റെ രഹസ്യമെന്താണ്‌?

1982ല്‍ ഒരു കഥയച്ചടിച്ചുവന്നതില്‍പ്പിന്നെ 2013 ലാണ്‌ ഞാന്‍ എഴുതുന്നത്‌. മുപ്പത്തിയൊന്നു വര്‍ഷം അടച്ചുവച്ച ഒരു പ്രഷര്‍കുക്കറിന്റെ വാല്‍വ്‌ തുറന്നപ്പോള്‍ ഉള്ളിലുണ്ടായിരുന്നത്‌ പുറത്തേക്കൊഴുകുന്നു എന്നു കരുതിയാല്‍മതി. എഴുതാതെ വയ്യ എന്നൊരവസ്‌ഥയിലാണ്‌ തുടങ്ങിയത്‌. തുടരാതെവയ്യ എന്നൊരവസ്‌ഥയാണ്‌ ഇപ്പോള്‍. പുതുതായി എന്തെങ്കിലും പറയാനില്ലാത്ത നിമിഷം തീര്‍ച്ചയായും ഞാന്‍ എഴുത്തുനിര്‍ത്തുകതന്നെ ചെയ്യും. ഇരുപത്തിയഞ്ചുവര്‍ഷത്തെ പത്രപ്രവര്‍ത്തനപരിചയം എഴുത്തിന്റെ വേഗത്തെ നിര്‍ണയിക്കുന്ന പ്രധാനപ്പെട്ട ഘടകമാണെന്നു ഞാന്‍ കരുതുന്നു. കംപ്യൂട്ടറിലാണെഴുതുന്നത്‌ എന്നതും എഴുത്തിന്റെ വേഗം നിര്‍ണയിക്കുന്നുണ്ട്‌.
കടലാസില്‍ ഒരുവരിപോലുമെഴുതാന്‍ എനിക്കാവില്ല. എഴുതാന്‍ ഏകാന്തതയോ പ്രകൃതിഭംഗിയോ ഒന്നും വേണമെന്നില്ല. ഒരു ലാപ്‌ടോപ്പോ നെറ്റ്‌ബുക്കോ ഉണ്ടങ്കില്‍ ഏത്‌ ആള്‍ക്കൂട്ടത്തിനു നടുവിലിരുന്നും എഴുതാന്‍ കഴിയും എന്ന ഭാഗ്യമുണ്ട്‌. ഓഫീസിലും വീട്ടിലുമായി ദിവസം പതിനഞ്ചുമണിക്കൂറുകളോളം കമ്പ്യൂട്ടറിനു മുന്നിലാണെന്നതാണു സത്യം. അതിന്റേതായ ശാരീരിക പ്രശ്‌നങ്ങളും ചിലപ്പോഴുണ്ട്‌. എന്തിനാണ്‌ ഇങ്ങനെ കഷ്‌ടപ്പെടുന്നതെന്ന്‌ ചിലപ്പോള്‍ ഞാനും ആലോചിക്കാറുണ്ട്‌. പേര്‌, പ്രശസ്‌തി...അതൊന്നും ഈ പ്രായത്തില്‍ എന്റെ എഴുത്തിനെ പ്രോല്‍സാഹിപ്പിക്കുന്ന കാര്യങ്ങളല്ല. എഴുതുമ്പോള്‍ ലഭിക്കുന്ന സംതൃപ്‌തിയും പിന്നെ വായനക്കാര്‍ക്കുണ്ടാകുന്ന സന്തോഷവുമാണു പ്രധാനം. അതിലേതെങ്കിലുമൊന്ന്‌ ഇല്ലാതാവുമ്പോള്‍ എഴുത്തിനോടു വിടപറയും. അതു തീര്‍ച്ച.

എന്താണ്‌ പുതിയ എഴുത്ത്‌?

പുതിയ നോവലിന്റെ രചനയിലാണ്‌. ഇന്നത്തെ സ്‌ത്രീകളുടെ അവസ്‌ഥയും പുരുഷകേന്ദ്രീകൃതമായ ജീവിതവ്യവസ്‌ഥയില്‍ അവര്‍ നേരിടുന്ന പ്രതിസന്ധികളുമാണ്‌ വിഷയം. കാലികമായ ചില പ്രശ്‌നങ്ങളും അതുണ്ടാക്കിയ ധര്‍മസങ്കടങ്ങളും ഇതില്‍ ചര്‍ച്ചചെയ്യുന്നുണ്ട്‌.

Ads by Google
Sunday 07 May 2017 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW