Thursday, April 19, 2018 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 06 May 2017 12.32 PM

മാണിയോടുള്ള പ്രേമത്തിന് പിന്നില്‍ സമുദായ സ്‌നേഹം; നടപ്പാക്കുന്നത് ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്ന ചാണക്യസൂക്തം

uploads/news/2017/05/105841/culm060517.jpg

രാഷ്ട്രീയം എന്നത് സ്ഥായിയായ ഒന്നല്ല, അത് അവസരത്തിനൊത്ത് മാറിക്കൊണ്ടിരിക്കും. എവിടെയാണോ ആ നിറം സ്വീകരിക്കുകയെന്നതാണ് രാഷ്ട്രീയത്തിന്റെ ഉദ്ദേശ്യം. സമൂഹനന്മ എന്ന ലക്ഷ്യത്തില്‍ നിന്നും രാഷ്ട്രീയം ഉപജീവനമായപ്പോഴേയ്ക്കും അതിന്റെ ധാര്‍മ്മികതയും സത്യസന്ധതയും കൈമോശം വന്നുകഴിഞ്ഞു. മൂല്യാധിഷ്ഠിതരാഷ്ട്രീയപ്രവര്‍ത്തനം എന്നത് ഇന്ന് നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് നാണക്കേടിന് വഴിവയ്ക്കുന്ന ഒന്നാണ്. രാഷ്ട്രീയത്തില്‍ ഇപ്പോഴുണ്ടായിട്ടുള്ള ചില മാറ്റങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മുടെ മാദ്ധ്യമങ്ങള്‍ വളരെ സജീവമായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. പൊതുസമൂഹത്തിന് താല്‍പര്യമുണ്ടോ എന്ന് വ്യക്തമല്ലെങ്കിലൂം വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത് ഈ രാഷ്ട്രീയകളംമാറ്റികളിയാണ്.

കേരളം ഇന്ത്യയ്ക്ക് നല്‍കിയ സംഭാവനയായി നാം എന്നും എടുത്തുയര്‍ത്തിക്കാട്ടുന്നതാണ് മുന്നണി രാഷ്ട്രീയം. യു.ഡി.എഫും എല്‍.ഡി.എഫും ഇവിടെ രൂപംകൊണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യു.പി.എയും എന്‍.ഡി.എയുമൊക്കെ ദേശീയതലത്തില്‍ ഉണ്ടാകുന്നത്. വിവിധ അഭിപ്രായമുള്ള കഷികളെ ഒരുകുടക്കീഴില്‍ അണിനിരത്തി വിജയകരമായി മുന്നോട്ടുപോകുക എന്നതാണ് മുന്നണി രാഷ്ട്രീയത്തിന്റെ അന്തസത്ത. അതിന്റെ അടിത്തറ പരസ്പര വിശ്വാസത്തിലുമാണ്. ആ വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ മുന്നണി രാഷ്ട്രീയമില്ല. അത്തരത്തില്‍ മുന്നണി രാഷ്ട്രീയത്തിലെ അധാര്‍മ്മികപ്രവണതകളാണ് ഇന്ന് ചര്‍ച്ചാവിഷയമായിരിക്കുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാമെന്ന് ഉറപ്പുനല്‍കിയിരുന്ന കേരള കോണ്‍ഗ്രസ്(എം) കളംമാറി കളിച്ചുവെന്നാണ് ഇപ്പോഴത്തെ ആരോപണം. ഒത്തുതീര്‍പ്പില്‍ നിന്നും ഏകപക്ഷീയമായി പിന്മാറി, സി.പി.എമ്മിന്റെ സഹായത്തോടെ അവിടെ അവര്‍ വിജയിച്ചു. ഇതാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ മുഴച്ചുനില്‍ക്കുന്ന സംഭവം. ഇതോടെ കേരള കോണ്‍ഗ്രസ്(എം) ഇടതുമുന്നണിയിലേക്ക് പോകുമെന്നും കോണ്‍ഗ്രസിനെ വഞ്ചിച്ചുവെന്നുമൊക്കെയുള്ള പ്രചരണം ശക്തമാണ്.

എന്തിനാണ് ഇത്രയും കോലാഹലങ്ങള്‍ എന്നതാണ് നാം ചിന്തിക്കേണ്ടത്. നിയമസഭാതെരഞ്ഞെടുപ്പ് കഴിഞ്ഞ അധികം വൈകാതെതന്നെ യു.ഡി.എഫ് വിട്ട പാര്‍ട്ടിയാണ് മാണികോണ്‍ഗ്രസ്. ആ സാഹചര്യത്തില്‍ അവര്‍ക്ക് ആരുമായി കൂട്ടുകൂടുന്നതിന് തെറ്റില്ല. പക്ഷേ ഇവിടുത്തെ പ്രശ്‌നം കോണ്‍ഗ്രസിന് മോഹം നല്‍കി വഞ്ചിച്ചുവെന്നതാണ്. അതിന് മാണികോണ്‍ഗ്രസിന് അവരുടേതായ ന്യായങ്ങളുമുണ്ട്. എന്തായാലും കോട്ടയത്ത് അരങ്ങേറിയത് അത്ര നല്ല രീതിയല്ല, എന്ന് നമുക്ക് തറപ്പിച്ച് പറയാം.

അപ്പോഴും മാണിക്ക് സ്വന്തം നിലയില്‍ തീരുമാനം എടുക്കാന്‍ അവകാശമില്ലേ, എന്ന ചോദ്യം ഉയരുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ മുന്നില്‍ തെളിഞ്ഞുവരുന്ന ചില ചിത്രങ്ങളുണ്ട്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ മാണി കൂടി ഉള്‍പ്പെടുന്ന യു.ഡി.എഫ് ആണ് മത്സരിച്ചത്. അന്നുതന്നെ കോട്ടയം ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മാണിയും കോണ്‍ഗ്രസും തമ്മില്‍ പല സ്ഥലങ്ങളിലും സൗഹൃദമത്സരങ്ങള്‍ നടന്നിട്ടുണ്ട്.

അതുപോലെ യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷിയായ ലീഗിനെ പരാജയപ്പെടുത്താന്‍ മലപ്പുറത്ത് പലേടത്തും കോണ്‍ഗ്രസ് സി.പി.എമ്മുമായി കൈകോര്‍ത്തിട്ടുമുണ്ട്. അതിനുശേഷം ഭരണത്തിലെത്തുന്ന സമയത്തുതന്നെ പല സ്ഥാപനങ്ങളിലും കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും ഇടതുകക്ഷികളും പരസ്പരം സഹായിച്ചും ബി.ജെ.പിയുടെ സഹായത്തോടെയുമൊക്കെ ഭരണത്തില്‍ കയറിയിട്ടുമുണ്ട്. പിന്നെന്തിന് ഇപ്പോഴത്തെ കോലാഹലം എന്ന് ചോദിച്ചാല്‍ അതിന് ഒരു മറുപടി നല്‍കുക ബുദ്ധിമുട്ടാണ്. വിശ്വാസവഞ്ചനയെന്നാണ് പറയുന്നതെങ്കിലും ഇത്തരം വിശ്വാസവഞ്ചനകാണിക്കാത്തവരായി ഈ പറയുന്നവരില്‍ ആരെങ്കിലുമുണ്ടോയെന്ന് ചോദിച്ചല്‍ മറുപടിയുണ്ടാവില്ല.

എന്നാല്‍ കാര്യം അതല്ല, രാഷ്ട്രീയത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ചില നിറമാറ്റങ്ങളാണ് ഇതിന്റെ പ്രധാന വിഷയം. രാഷ്ട്രീയപ്രബ്ദ്ധതയൊക്കെ നാം വലിയ വായില്‍ പറയുന്നുണ്ടെങ്കിലും സാമുദായികരാഷ്ട്രീയത്തിന് കേരളത്തിലെ മണ്ണ് നല്ല വളക്കുറുള്ളതാണ്. നമ്മുടെ നാട്ടിലെ നാലു പ്രമുഖ സമുദായങ്ങളില്‍ മൂന്ന് ആരോടൊപ്പമാണോ അവര്‍ക്കായിരിക്കും തെരഞ്ഞെടുപ്പില്‍ മേല്‍കൈ. എന്നും അതൊക്കെയുണ്ടായിരുന്നെങ്കിലും 1994ന് ശേഷം സ്ഥിതി മാറി. കെ. കരുണാകരനെ കെട്ടുകെട്ടിച്ച് ഡല്‍ഹിക്ക് നാടുകടത്തിയശേഷം കേരളത്തില്‍ നിലനിന്ന യു.ഡി.എഫിന് ശരിക്കും ഒരു സാമുദായികഛായ മാത്രമാണുണ്ടായിരുന്നത്.

ന്യൂനപക്ഷരാഷ്ട്രീയത്തിനെ അമിതമായി ആശ്രയിച്ചാണ് ആ മുന്നണി നിലകൊണ്ടത്. അതിനുണ്ടായ തിരിച്ചടിയായിരുന്നു 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. അന്ന് 18 സീറ്റിലാണ് ഇടതുമുന്നണി വിജയിച്ചത്. അവര്‍ക്കുപോലും വിശ്വസിക്കാന്‍ കഴിയാത്ത വിജയം. എ.കെ. ആന്റണിയുടെ ന്യൂനപക്ഷപ്രസ്താവനയും മറ്റും സൃഷ്ടിച്ച ആഘാതം മുസ്ലീംവോട്ടുകളിലുണ്ടാക്കിയ വ്യതിയാനമായിരുന്നു അതിന് വഴിവച്ചത്. 2009ല്‍ സ്ഥിതി മറിച്ചായി. മഅദ്‌നിയെ കൂട്ടുപിടിച്ച സി.പി.എമ്മിനെ മുസ്ലീംസമുഹം തള്ളിക്കളഞ്ഞു. അത് അവര്‍ക്ക് തിരിച്ചടിയുമായി. പറഞ്ഞുവരുന്നത് 1994 മുതല്‍ യു.ഡി.എഫിലെ ഘടകകക്ഷികള്‍ എന്നത് വെറും രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമല്ല, അവര്‍ ഓരോ സമുദായത്തിന്റെ പ്രതിനിധികള്‍ കൂടിയായിരുന്നു.

2016ല്‍ അതിനാണ് തിരിച്ചടിയേറ്റത്. 2004ലേതുപോലെ മുസ്ലീംസമുദായം ഇടതുമുന്നണിയോടുള്ള അയിത്തം അവസാനിപ്പിച്ചപ്പോള്‍ അവര്‍ തിരിച്ച് അധികാരത്തില്‍ വന്നു. മുസ്ലീംലീഗിനോട് മുസ്ലീംവിഭാഗങ്ങള്‍ താല്‍പര്യം പ്രകടിപ്പിക്കുമ്പോഴും കോണ്‍ഗ്രസിന് പകരം സി.പി.എമ്മിനെ സ്വീകരിക്കാനാണ് അവര്‍ തയാറായത്. അതിനിടയിലാണ് മാണി കോണ്‍ഗ്രസും യു.ഡി.എഫിനോട് വിടപറഞ്ഞത്. കോണ്‍ഗ്രസും മാണികോണ്‍ഗ്രസും കൂടിചേരുമ്പോഴാണ് ക്രിസ്തിയവിഭാഗത്തിന്റെ മാരകപിന്തുണ യു.ഡി.എഫിനുണ്ടാകുക.

മാണികോണ്‍ഗ്രസ് പോയി എന്നുപറഞ്ഞാല്‍ കത്തോലിക്ക സമുദായം യു.ഡി.എഫിനെ കൈവിട്ടുവെന്നതാണ്. സഭയുടെ നിയന്ത്രണത്തില്‍ നടക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ അവരുടെ അനുമതിയില്ലാതെയായിരിക്കില്ല മുന്നണിവിടാന്‍ മാണി തീരുമാനിച്ചത്. അത് യു.ഡി.എഫിന് വലിയ തിരിച്ചടിയാണുണ്ടാക്കിയിട്ടുള്ളത്.

ഇത് മറികടക്കാനായി മാണിയെ മടക്കികൊണ്ടുവരാനുള്ള ശ്രമം കൊണ്ടുപിടിച്ച് നടത്തുന്നതിനിടയിലാണ് കോട്ടയം ജില്ലാപഞ്ചായത്തിലെ സംഭവമുണ്ടായത്. അത് കോണ്‍ഗ്രസ് ഏറ്റ ശക്തമായ തിരിച്ചടിയാണ്. മാണിയുമായി ഉടന്‍ ഒരു ബന്ധത്തിന് തയാറല്ലെങ്കിലും അവരെ കൈവിടാനും സി.പി.എമ്മിന് താല്‍പര്യമില്ല. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി തങ്ങള്‍ ഇത്തരത്തില്‍ സ്വീകരിച്ച അടവുനയമാണ് ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് വിശ്വസിച്ചിരുന്ന മുസ്ലീംസമുദായത്തിനുള്ളില്‍ അംഗീകാരം നേടിത്തന്നതെന്ന് അവര്‍ കരുതുന്നു.

മാരതമല്ല, സി.പി.എമ്മിന്റെ അടിത്തറ എന്നും ഹിന്ദുസമുഹമായിരുന്നു. പ്രത്യേകിച്ചും ഈഴവ സമുദായം. എന്നാല്‍ അടുത്തിടെ ഉണ്ടായ ചില രാഷ്ട്രീയനീക്കുപോക്കുകളുടെയും മറ്റും ഫലമായി അതില്‍ വലിയ വിള്ളല്‍ വീണിട്ടുണ്ട്. ആ നഷ്ടം മറികടന്ന് ശക്തമായി പിടിച്ചുനില്‍ക്കണമെങ്കില്‍ ന്യൂനപക്ഷവിഭാഗങ്ങളുടെ പിന്തുണ ആര്‍ജ്ജിച്ചേ മതിയാകു. അതിനുള്ള ശ്രമമാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായത്. അതില്‍ ഒരുപരിധിവരെ വിജയിച്ചതുകൊണ്ടാണ് അവര്‍ക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞത്.

അപ്പോഴും കോട്ടയം ഉള്‍പ്പെടുന്ന മദ്ധ്യമേഖല കിട്ടാക്കനിയായി നിലകൊള്ളുകയായിരുന്നു. അതുകുടി പിടിച്ചെടുത്ത് ക്രിസ്തീയവിഭാഗത്തിന്റെ പിന്തുണകൂടി നേടിയാണ് അടുത്തകാലത്തൊന്നും തങ്ങളെ ആര്‍ക്കും ചോദ്യംചെയ്യാനാവില്ലെന്ന ചിന്തയാണ് സി.പി.എമ്മിനുള്ളിലുള്ളത്. അതോടൊപ്പം കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനുള്ള സാഹചര്യം ഉപയോഗിക്കുകയും കോണ്‍ഗ്രസ് ശേഷിയില്ലാത്തവരാണെന്ന് വരുത്തിതീര്‍ക്കാനും കിട്ടുന്ന അവസരങ്ങള്‍ വിനിയോഗിക്കുകയും ഇതിന്റെ ലക്ഷ്യമാണ്.

ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനിടയില്‍ സി.പി.എം. എന്ന പ്രസ്ഥാനത്തിന്റെ ധാര്‍മ്മികതയും വിശ്വാസ്യതയും നശിക്കില്ലേയെന്ന ചോദ്യവും ഉയരുന്നുണ്ട്. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട കമ്മ്യൂണിസ്റ്റ്പ്രസ്ഥാനം അധികാരത്തിന് പിന്നില്‍ പായുന്നത് സമൂഹത്തിന് ഗുണകരമാണോയെന്ന സംശയമാണ് ആ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരിലുണ്ടാക്കുന്നത്.

എന്നാല്‍ ഇന്ന് മൂല്യാധിഷ്ഠിതരാഷ്ട്രീയം അന്യനിന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ആര്‍.എസ്.പിയേയും വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദളിനേയും പോലുള്ള കക്ഷികള്‍ മറുകണ്ടം ചാടുന്നത്. ഒരു സീറ്റോ മറ്റ് സ്ഥാനമാനങ്ങള്‍ ലഭിക്കാനോ അവര്‍ എന്തും ചെയ്യും. അതാണ് ഇവിടെ സി.പി.എമ്മും മാണികോണ്‍ഗ്രസും പിന്തുടര്‍ന്നിരിക്കുന്നത്. ഇനിയും രാഷ്ട്രീയം ഇതിനെക്കാള്‍ നിചമായതും അധാര്‍മ്മികമായതുമായ വഴികളിലൂടെ സഞ്ചരിക്കും. എന്തെന്നാല്‍ അധികാരമാണ് ഇന്ന് രാഷ്ട്രീയം.

ലക്ഷ്യം നന്നായാല്‍ മാര്‍ഗ്ഗവും നന്നാകുമെന്ന ഗാന്ധിയന്‍ ആദര്‍ശത്തിനല്ല, ലക്ഷ്യമാണ് മാര്‍ഗ്ഗശത്ത സാധൂകരിക്കുന്നതെന്ന ചാണക്യസൂക്തത്തിനാണ് ഇന്നത്തെ അധികാരരാഷ്ട്രീയത്തില്‍ പ്രാമുഖ്യം. അതുകൊണ്ട് ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ നടത്തുന്ന ഈ പ്രചരണങ്ങള്‍കൊണ്ടൊന്നും ഇന്നത്തെ നിലയില്‍ മാറ്റമുണ്ടാവില്ല. മറ്റുകക്ഷികളൊന്നും ഇതിനേക്കാള്‍ മോശമായ കാര്യങ്ങള്‍ ചെയ്തപ്പോള്‍ സ്വീകരിക്കാത്ത നിലപാടുകളും ഈ പ്രചരണങ്ങളും പിണറായിക്കും സി.പി.എമ്മിനും എതിരായ മറ്റൊരു നീക്കമായി മാത്രം അവര്‍ ചിത്രീകരിക്കുകയും ചെയ്യും.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 06 May 2017 12.32 PM
YOU MAY BE INTERESTED
TRENDING NOW