Sunday, June 25, 2017 Last Updated 47 Min 10 Sec ago English Edition
Todays E paper
Wednesday 03 May 2017 04.07 PM

മലയാളിയുടെ സ്വന്തം മീനുക്കൂട്ടി

uploads/news/2017/05/104908/reakhaoldactrss1.jpg

തന്മയത്വമുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങളിലിടം നേടിയ നടിയാണ് രേഖ. ആനിയായും മീനുവായും മലയാളികളുടെ മനസ്സിലിടം നേടിയ രേഖയുടെ വിശേഷങ്ങളിലൂടെ...

ശാലീന സൗന്ദര്യവുമായി മലയാളികളുടെ മനസ്സിലിടം നേടിയ പ്രിയപ്പെട്ട മീനുക്കുട്ടി. നിഷ്‌കളങ്കമായ പുഞ്ചിരികൊണ്ടും പക്വതയാര്‍ന്ന അഭിനയംകൊണ്ടും സിനിമയില്‍ വിസ്മയം തീര്‍ത്ത ചുരുക്കം ചില നടികളിലൊരാള്‍.

ദശരഥം എന്ന സിനിമമാത്രം മതി മലയാളികള്‍ക്ക് ഈ നടിയെ നെഞ്ചോട് ചേര്‍ക്കാന്‍. ആരും മോഹിക്കുന്ന സംവിധായകര്‍ക്കൊപ്പം സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ രേഖ ഒട്ടേറെ സിനിമകളിലൂടെ കരുത്തുറ്റ കഥാപാത്രങ്ങളെ സമ്മാനിച്ചു.

കുറുമ്പിയായും പക്വതയുള്ള അമ്മയായും മികച്ച അഭിനയം കാഴ്ചവച്ച രേഖ ഇന്നും മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഗ്രഹാതുരതയുടെ ഒരു പിടി ഇലഞ്ഞിപ്പൂക്കള്‍ സമ്മാനിച്ച അഭിനേത്രിയുടെ ജീവിത രേഖകളിലൂടെ...

മലയാളി വീട്ടമ്മ റിയാലിറ്റി ഷോയുടെ ജഡ്ജായത്?


ഇടയ്‌ക്കൊക്കെ ക്യാമറയുടെ മുമ്പില്‍ വന്ന് പോകണം. വീട്ടമ്മയായതുകൊണ്ട് വീട്ടിലെ കഷ്ടപ്പാടുകളും ചുമതലകളുമെല്ലാം നമുക്ക് മനസ്സിലാകും.

അതറിയാവുന്നതുകൊണ്ടും പ്രേക്ഷകര്‍ക്ക് ഞാനുള്‍പ്പടെയുള്ള താരങ്ങളെ സ്‌ക്രീനില്‍ കാണാന്‍ ഇഷ്ടമായതുകൊണ്ടുമാണല്ലോ ഇത്തരം പ്രോഗ്രാമുകളിലേക്ക് വിളിക്കുന്നത്?.

ജഡ്ജായിട്ടിരിക്കുന്നത് നല്ലൊരു അനുഭവമാണ്. മത്സരാര്‍ത്ഥികളെല്ലാവരും നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. അവരുടെ ഓരോ ടാസ്‌ക്കുകളും കണ്ടിട്ട് നല്ലതാണെങ്കില്‍ നന്നായെന്നും മോശമായെങ്കില്‍ മോശമാണ്, കുറച്ചുകൂടി നന്നായി ചെയ്യണമെന്നും പറയാറുണ്ട്.

മത്സരാര്‍ത്ഥികള്‍ സാധാരണ വീട്ടമ്മമാരായതുകൊണ്ട് അവരില്‍ നിന്ന് പലതും പഠിക്കാന്‍ കഴിയും.

തിരിച്ചുവരവില്‍ മലയാള സിനിമ ഏറെ മാറിയതായി തോന്നിയിട്ടുണ്ടോ?


ടെക്‌നിക്കലി വളരെയേറെ അഡ്വാന്‍സ്ഡായിട്ടുണ്ട്. പക്ഷേ ഇന്നത്തെ പല ഹിറ്റ് സിനിമകളും കുറച്ചു മാസങ്ങള്‍ മാത്രമാണ് പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിക്കുന്നത്.

പാട്ടുകളുടെ കാര്യവും അതുപോലെയാണ്. ചില പാട്ടുകള്‍ റോക്ക് ഹിറ്റുകളായിരിക്കും. പക്ഷേ അടുത്ത ഒരു പാട്ട് വരുമ്പോ ള്‍ പഴയത് എല്ലാവരും മറക്കും.

പണ്ടത്തെ സിനിമകളില്‍ നല്ല കഥയും കഥാപാത്രങ്ങളും പാട്ടുകളുമുണ്ടായിരുന്നു. അതൊക്കെ കൂടുതലും കുടുംബചിത്രങ്ങളായിരുന്നു. ഇന്നും നല്ല സിനിമകളുണ്ടാകുന്നുണ്ട്.

22 ഫീമെയില്‍ കോട്ടയം, ദൃശ്യം, പുലിമുരുകന്‍ തുടങ്ങിയ പടങ്ങളിലൊക്കെ നല്ല സബ്ജക്ടുകളുണ്ട്. പുതിയ കുട്ടികള്‍ അഭിനയിക്കുന്ന സിനിമകളും പെട്ടെന്ന് ഹിറ്റാകുന്നുണ്ട്. പക്ഷേ ഇന്നത്തെ സിനിമകളില്‍ മനസ്സില്‍ ഇടംപിടിക്കുന്ന കഥാപാത്രങ്ങള്‍ കുറവാണ്.

പ്രഗല്ഭരായ പല കലാകാരന്മാരേയും നമുക്ക് നഷ്ടമായി. പല നല്ല സംവിധായകരും ഇന്ന് സിനിമയിലുമില്ല. പക്ഷേ കഴിവുള്ള സംവിധായകര്‍ സിനിമയിലേക്ക് വരുന്നുണ്ട്.

ന്യൂജനറേഷന്‍ താരങ്ങളെക്കുറിച്ച്?


പല കുട്ടികള്‍ക്കും നമ്മളെ അറിയില്ല. പണ്ടും അഭിനേതാക്കള്‍ തമ്മില്‍ ഒരു പരിധിയില്‍ കൂടുതലുള്ള ബന്ധങ്ങളൊന്നുമില്ലായിരുന്നു. പക്ഷേ എല്ലാവര്‍ക്കും പരസ്പരം ബഹുമാനമുണ്ടായിരുന്നു.

ഇന്നത്തെ തലമുറയില്‍പ്പെട്ട അഭിനേതാക്കള്‍ക്ക് നമ്മള്‍ അഭിനയിച്ച സിനിമകളെക്കുറിച്ചോ നമ്മുടെ എക്‌സ്പീരിയന്‍സിനെക്കുറിച്ചോ ഒന്നുമറിയില്ല. പലരും സൂപ്പര്‍ താരങ്ങളെക്കുറിച്ചു മാത്രം മനസ്സിലാക്കിയിട്ടാണ് വരുന്നത്.

ഇന്നത്തെ തലമുറയിലും നല്ല സംവിധായകരുണ്ട്. ഞാന്‍ അടുത്തിടെ അഭിനയിച്ച വേദം എന്ന സിനിമയുടെ സംവിധായകന്‍ പുതിയ ആളാണ്. പക്ഷേ അയാള്‍ വളരെ പ്ലാനിങ്ങോടെയാണ് ഓരോ ദിവസവും ഷൂട്ട് ചെയ്യുന്നത്. ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാതെ മുന്നോട്ട് പോകാനാണ് അയാള്‍ ശ്രമിച്ചത്.

TRENDING NOW