Friday, May 19, 2017 Last Updated 26 Min 26 Sec ago English Edition
Todays E paper

മൂന്നാംകണ്ണ്

R. SURESH
R. SURESH
Sunday 30 Apr 2017 01.41 PM

ചോദ്യം ചെയ്യാനാകാത്ത ഉദ്യോഗസ്ഥരും ഭൂപ്രഭൂത്വത്തിലേക്ക് മടങ്ങുന്ന രാഷ്ട്രീയനേതൃത്വവും

ഉമ്മന്‍ചാണ്ടി 2005ല്‍ പോലീസ് മേധാവിയുടെ തസ്തികയില്‍ ഒഴിവുവന്നപ്പോള്‍ നിയമിച്ചത് റാങ്കില്‍ ഏറ്റവും ജൂനിയറായ രമണ്‍ ശ്രീവാസ്തവയെയായിരുന്നു. അന്ന് ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥനായിരുന്ന ഉപേന്ദ്രവര്‍മ്മയോട് കാട്ടിയത് നീതികേടുമായിരുന്നു. വിജിലന്‍സ്ഡയറക്ടറായി നിയമിച്ചശേഷം ലാവ്‌ലിന്‍കേസില്‍ പിണറായിക്കെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ അദ്ദേഹത്തിനെ ആ സ്ഥാനത്തുനിന്നും തെറിപ്പിക്കുകയും ചെയ്തു. ടി.പി. സെന്‍കുമാറിന്റെ പോലീസ് മേധാവിയായുള്ള നിയമനവും ഇതേരീതിയിലായിരുന്നുവെന്നത് വിസ്മരിക്കാനാവില്ല. സീനിയറായ മഹേഷ്‌കുമാര്‍ സിംഗ്‌ള കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിവരാന്‍ തയാറായിരുന്നപ്പോള്‍ അദ്ദേഹത്തെ ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞ് മടക്കിയാണ് സെന്‍കുമാറിനെ നിയമിച്ചത്.
T.P. Sen Kumar, M.M. Mani

പ്രതിസന്ധികളേ നിന്റെ പേരോ കേരള സര്‍ക്കാര്‍ എന്ന് ചോദിക്കേണ്ട തലത്തിലാണ് ഇപ്പോള്‍ നാം എത്തിനില്‍ക്കുന്നത്. പ്രതിസന്ധികള്‍ സ്വയം വരുന്നതല്ല, വരുത്തിവയ്ക്കുന്നതാണ് എന്ന് വ്യക്തമായി അറിയാമെങ്കിലും മൂന്നരക്കോടിയില്‍ പരം വരുന്ന ജനങ്ങളുടെ ജീവിതമാണ് സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൂടെ കഷ്ടത്തിലാകുന്നത്. വളരെ പ്രതീക്ഷകളുമായി അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞചെയ്ത അന്നുതുടങ്ങി ഇന്നുവരെ വിവാദങ്ങള്‍ക്ക് അവധിയുണ്ടായിട്ടില്ലെന്നതാണ് സത്യം. ഇതിനിടയില്‍ സര്‍ക്കാരിന്റെ ചില നല്ല പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അത് ആരും അറിയുന്നുമില്ല.

ഇപ്പോള്‍ ചെന്നുപെട്ടിരിക്കുന്ന പടുകുഴികളില്‍ രണ്ടും സ്വയം കുഴിച്ചത് തന്നെയെന്ന് പറയാമെങ്കിലും അവയ്ക്ക് രണ്ടിനും വ്യത്യാസമുണ്ട്. ഒന്ന് ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്നതും മറ്റൊന്ന് എം.എം.മണിയുടെ ഗ്രാമ്യഭാഷയുമാണ്. രണ്ടും സര്‍ക്കാരിനെ കൊണ്ട് എത്തിച്ചിരിക്കുന്ന പ്രതിസന്ധി ചെറുതല്ല. ഒന്ന് നിയമപരമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെങ്കില്‍ മറ്റേതുണ്ടാക്കിയിരിക്കുന്നത് അതിനെക്കാളൊക്കെ വലിയ ജനകീയപ്രശ്‌നമാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. ജനകീയ നേതൃത്വവും ഉദ്യോഗസ്ഥ വിഭാഗങ്ങളും ഒന്നിച്ച് ഒരു മനസോടെ പ്രവര്‍ത്തിക്കുമ്പോഴാണ് ജനാധിപത്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നത്. ഇവിടെ ഈ രണ്ടുവിഭാഗങ്ങളില്‍ ഏതെങ്കിലുമൊന്ന് മറ്റൊന്നിനെക്കാള്‍ ശക്തമാകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.

സെന്‍കുമാറിന്റെ കാര്യത്തില്‍ എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള ഒരു വലിയ തര്‍ക്കത്തിനാണ് വഴിവച്ചിരിക്കുന്നത്. കേരളത്തിന് മാത്രമല്ല, രാജ്യത്താകമാനം തന്നെ ദൂരവ്യാപകമായ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കാവുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ജനാധിപത്യത്തില്‍ നിന്നും ഒരുപക്ഷേ ഉദ്യോഗസ്ഥഭരണത്തിലേക്ക് മാറിപോകാവുന്ന തരത്തിലുള്ള വിധി. പോലീസ് മേധാവി സ്ഥാനത്തിരുന്ന സെന്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ല, എന്നാണ് വിധി വ്യാഖ്യാനിച്ചാല്‍ നമുക്ക് മനസിലാകുന്നത്. പോലീസ് നിയമത്തിലെ ഇത്തരം ഒരു വ്യവസ്ഥ ആഖ്യാനിച്ചുകൊണ്ടാണ് വിധിയുണ്ടായത് എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. അതുപോലെ സുപ്രീംകോടതിയില്‍ സര്‍ക്കാരിന്റെ ഭാഗം ദുര്‍ബലമായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.

ഭരണസംവിധാനത്തിലെ അടിസ്ഥാനഘടകമാണ് ഒരു സര്‍ക്കാരിന് തങ്ങളുടെ നടപടികള്‍ നടപ്പാക്കാന്‍ കഴിയുമെന്ന് ബോദ്ധ്യമുള്ള ഉദ്യോഗസ്ഥരെ താക്കോല്‍ സ്ഥാനത്ത് വയ്ക്കുകയെന്നത്. പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനില്‍ ഇതേക്കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നുമുണ്ട്. യു.എസ്.എ പോലുള്ള രാജ്യങ്ങളില്‍ ഉന്നത തസ്തികകള്‍ സ്ഥിരമായി നിശ്ചയിക്കാത്തതിന്റെ കാരണം തന്നെ ഇതാണെന്നാണ് പറയപ്പെടുന്നത്. നാലുവര്‍ഷം കഴിഞ്ഞ് ഭരണം മാറുമ്പോള്‍ പ്രസിഡന്റിന് തന്റെ സൗകര്യത്തിനനുസരിച്ച് ആളുകളെ നിയമിക്കാമെന്നതാണ് അതിന്റെ ഗുണം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് നടന്ന നിയമനം പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകും. ഉമ്മന്‍ചാണ്ടി ആദ്യമായി മുഖ്യമന്ത്രിയായിരുന്ന 2005ല്‍ പോലീസ് മേധാവിയുടെ തസ്തികയില്‍ ഒഴിവുവന്നപ്പോള്‍ നിയമിച്ചത് റാങ്കില്‍ ഏറ്റവും ജൂനിയറായ രമണ്‍ ശ്രീവാസ്തവയെയായിരുന്നു. അന്ന് ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥനായിരുന്ന ഉപേന്ദ്രവര്‍മ്മയോട് കാട്ടിയത് നീതികേടുമായിരുന്നു. വിജിലന്‍സ്ഡയറക്ടറായി നിയമിച്ചശേഷം ലാവ്‌ലിന്‍കേസില്‍ പിണറായിക്കെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ അദ്ദേഹത്തിനെ ആ സ്ഥാനത്തുനിന്നും തെറിപ്പിക്കുകയും ചെയ്തു. ടി.പി. സെന്‍കുമാറിന്റെ പോലീസ് മേധാവിയായുള്ള നിയമനവും ഇതേരീതിയിലായിരുന്നുവെന്നത് വിസ്മരിക്കാനാവില്ല. സീനിയറായ മഹേഷ്‌കുമാര്‍ സിംഗ്‌ള കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിവരാന്‍ തയാറായിരുന്നപ്പോള്‍ അദ്ദേഹത്തെ ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞ് മടക്കിയാണ് സെന്‍കുമാറിനെ നിയമിച്ചത്. ഇതൊക്കെ ഒരു സര്‍ക്കാരിന്റെ ഭരണപരമായ നടപടികള്‍ മാത്രമായി മാത്രമേ എല്ലാവര്‍ക്കും കാണാന്‍ കഴിയുമായിരുന്നുള്ളു. അതിനാണ് ഇപ്പോള്‍ തിരിച്ചടിനേരിട്ടിരിക്കുന്നത്.

അത്തരത്തിലുള്ള ഒരു തീരുമാനം ഇവിടെ പോലീസ് മേധാവിയുടെ കാര്യത്തില്‍ പാടില്ലെന്നാണ് സുപ്രീംകോടതി പറയുന്നത്. അതുണ്ടാക്കാവുന്നത് സര്‍ക്കാരും പോലീസും രണ്ടുതട്ടാകുക രാജ്യത്ത് അരാജകത്വം വളരുക എന്നത് മാത്രമാണ്. ഏത് ഉദ്യോഗസ്ഥനായാലും അദ്ദേഹവും ഒരു മനുഷ്യനാണ്. അതുഃെകാണ്ടുതന്നെ ആ വ്യക്തിയും രാഷ്ട്രീയത്തിനും ചിലരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കുമൊന്നും അന്യനുമല്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയപരിപാടികള്‍ ഉള്‍പ്പെടെ ഒന്നും നടപ്പാക്കാന്‍ ഈ ഉദ്യോഗസ്ഥന്‍ തയാറായില്ലെങ്കില്‍ മന്ത്രിക്കോ രാഷ്ട്രീയനേതൃത്വത്തിനോ പ്രതികരിക്കാന്‍ കഴിയില്ലെന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകും. ഇപ്പോള്‍ തന്നെ സെന്‍കുമാറും സര്‍ക്കാരും തമ്മില്‍ വലിയ അകല്‍ച്ചയിലാണ്. രണ്ടുമാസമേ സര്‍വീസ് ബാക്കിയുള്ളുവെങ്കില്‍ കൂടി പോലീസ് മേധാവി എന്ന പദവി തിരിച്ചുകിട്ടിയാല്‍ അദ്ദേഹത്തിന് ഇനി ഈ രണ്ടുമാസം സര്‍ക്കാരിനെ അനുസരിക്കേണ്ടതില്ല. സുപ്രീംകോടതി വിധിപ്രകാരം ആ ഉദ്യോഗസ്ഥനെതിരെ സര്‍ക്കാരിന് ചെറുവിരല്‍ അനക്കാനും പറ്റില്ല. എന്തിനേറെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരെ അതത് സ്ഥലത്ത് സ്ഥലംമാറ്റാന്‍ പോലും പോലീസ് മേധാവി തയാറായില്ലെങ്കിലും രാഷ്ട്രീയനേതൃത്വത്തിന് അനങ്ങാനാവില്ല. ഇത് അരാജകത്വത്തിലേക്കുള്ള വഴിതുറക്കലാകും.

നമ്മുടെ ഭരണസംവിധാനം ജനാധിപത്യത്തിലധിഷ്ഠിതമാണ്. ഇവിടെ ഏത് പ്രോട്ടോകോള്‍ പ്രകാരം നോക്കിയാലും ജനങ്ങളാല്‍ തെരഞ്ഞെടുക്കുന്ന ഭരണാധികാരികളാണ് കൂടുതല്‍ ശക്തരാകേണ്ടത്. എന്തെന്നാല്‍ അവര്‍ക്ക് ജനങ്ങളോട് മറുപടി പറയേണ്ടതുണ്ട്. അഞ്ചുവര്‍ഷം കഴിഞ്ഞ് ജനസമക്ഷത്ത് എത്തുമ്പോള്‍ അതുവരെ ചെയ്ത ഓരോ കാര്യങ്ങള്‍ക്കും അവര്‍ എണ്ണിയെണ്ണി മറുപടി പറയേണ്ടിവരും. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരെ നിലനിയ്ക്കുനിര്‍ത്താന്‍ ഭരണസംവിധാനവും തയാറാകും. മറിച്ച് ഉദ്യോഗസ്ഥര്‍ക്ക് അത്തരത്തില്‍ ആരോടും കടപ്പാടും ഉത്തരവാദിത്വവും ഉണ്ടാകേണ്ടതില്ല. അവര്‍ക്ക് ഇതൊരു തൊഴില്‍ മാത്രമാണ്. മാസംതോറും ലഭിക്കുന്ന വേതനമാണ് അവരുടെ ലക്ഷ്യം. മറിച്ച് ഇപ്പോള്‍ നിര്‍വചനങ്ങള്‍ ഒരുപാട് മാറിപ്പോയെങ്കിലും പൊതുപ്രവര്‍ത്തനം എന്നത് സേവനമാണ്. അതുകൊണ്ടുതന്നെ അവര്‍ ജനങ്ങളോട് കടപ്പെട്ടവരുമാണ്. അത്തരത്തില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ജനകീയ ഓഡിറ്റിന് വിധേയമാകുന്ന ഒരു ഭരണത്തിന് പകരം ഉദ്യോഗസ്ഥരുടെ ഭരണം നിലവില്‍ വരാന്‍ ഇത് സഹായിക്കും. സര്‍ക്കാര്‍ ചെയ്തത് ശരിയാണോയെന്നതും ചര്‍ച്ചചെയ്യേണ്ടതാണ്. സുപ്രീംകോടതിയില്‍ വേണ്ടരീതിയില്‍ കേസ് നടത്തിയോ എന്നതും പരിശോധിക്കണം. ഇത്തരത്തില്‍ എന്തെങ്കിലും നിയമങ്ങളുണ്ടെങ്കില്‍ അതും മാറ്റിയെഴുതേണ്ടതാണ്. എന്തായാലും അധികാരത്തിലിരിക്കുന്ന ജനകീയസര്‍ക്കാരുകള്‍ക്ക് മുകളില്‍ ഉദ്യോഗസ്ഥരെ പ്രതിഷ്ഠിക്കുന്ന രീതി ഒന്നുകൊണ്ടും ഗുണകരമാവില്ല. അത് ജനാധിപത്യത്തിന്റെ നിര്‍വചനം തന്നെ മാറ്റിമറിക്കും.

ഉദ്യോഗസ്ഥര്‍മാത്രമല്ല, ഭരണാധികാരികള്‍ക്കും ഇതൊക്കെ ബാധകമാണെന്ന് തെളിയിക്കുന്നതാണ് മന്ത്രിയായ എം.എം. മണിയുടെ പ്രസംഗം. മണി എന്ന വ്യക്തിയല്ല, മണിയെന്ന മന്ത്രിയെയാണ് ഈ സമൂഹം കുറ്റപ്പെടുത്തുന്നത്. എന്തെന്നാല്‍ താന്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ഓരോരുത്തരും മനസിലാക്കണം. ഇരിക്കേണ്ടവന്‍ ആ സ്ഥാനത്തിരുന്നില്ലെങ്കില്‍ നായ കയറിയിരിക്കുമെന്നൊരുചൊല്ലുണ്ട്, അതുപോലെയാണ് കാര്യങ്ങള്‍. മണിയുടെ പ്രസംഗത്തില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഒന്നുമില്ലെന്ന് അത് മുഴുവനും കേള്‍ക്കുന്നവര്‍ക്ക് മനസിലാകുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഷ അത് ഒരു പൊതുപ്രവര്‍ത്തകന്‍ ഉപയോഗിക്കേണ്ടതല്ല. മാത്രമല്ല, ഒരു സര്‍ക്കാരിന് കീഴില്‍ പണിയെടുക്കുന്ന ഉദ്യോഗസ്ഥരെ ഇത്തരം മ്ലേഛമായ ഭാഷയില്‍ അഭിസംബോധനചെയ്യാന്‍ അദ്ദേഹത്തിന് ആരും അധികാരവും നല്‍കുന്നില്ല.
ജനങ്ങള്‍ തെരഞ്ഞെടുത്ത് അയച്ചത് ഉദ്യോഗസ്ഥരെ ഭള്ള് പറയാനല്ല, മറിച്ച് അവരുടെ കാര്യങ്ങള്‍ നല്ല രീതിയില്‍ ചെയ്യാന്‍ വേണ്ടിയാണ്. അതാണ് മന്ത്രിയായ മണി മനസിലാക്കേണ്ടത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ വിഭാഗങ്ങള്‍ ചേരുമ്പോഴാണ് ഒരു ഭരണസംവിധാനം ഉണ്ടാകുന്നത്. ഇത് രണ്ടും പരസ്പരപൂരകമായിരിക്കണം. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാട്ടി തിരിത്തിക്കുകയാണ് രണ്ടുകൂട്ടരുംചെയ്യേണ്ടത്. കേരളത്തിന്റെ ഭരണചരിത്രത്തില്‍ ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ നടന്നിട്ടുമുണ്ട്. അതൊക്കെ വിട്ടിട്ട് തനിക്ക് കീഴില്‍ പണിയെടുക്കുന്ന ഉദ്യോഗസ്ഥരെല്ലാം തന്റെ കീഴാളന്മാരാണെന്ന ചിന്ത ഒരു ഭരണാധികാരിക്കും ചേര്‍ന്നതല്ല. അത്തരം ചിന്ത അദ്ദേഹത്തെ കമ്മ്യൂണിസ്റ്റല്ല, ഭൂപ്രഭുത്വത്തിന്റെ പഴയകാലത്തേക്കായിരിക്കും തിരിച്ചുകൊണ്ടുപോകുക. ഉദ്യോഗസ്ഥരുടെ വിശ്വാസം രാഷ്ട്രീയനേതൃത്വവും തിരിച്ചും നേടി ഒന്നിച്ച് ഒറ്റമനസും ശരീരവും ലക്ഷ്യവുമായി മുന്നോട്ടുപോകുകയാണ് നാടിന് നല്ലത്.

വിവാദങ്ങള്‍ ഒരിക്കലും അവസാനിക്കില്ല. ഇല്ലെങ്കില്‍ ശൂന്യതയില്‍ നിന്നെങ്കിലും അത് സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം ചില കോണുകളില്‍ നിന്നും നടക്കും. അത് വയറ്റ്പിഴപ്പിനും മറ്റ് ചില ലക്ഷ്യങ്ങള്‍ നേടാനുമായിരിക്കും. യു.ഡി.എഫായാലും ഇടതുമുന്നണിയായാലും വിവാദവ്യവസായങ്ങള്‍ കൊണ്ട് ജീവിക്കുന്ന ജീവിതങ്ങള്‍ ഇവിടുണ്ട്. അവരുടെ വയറ്റുപിഴപ്പാണ് ഇവയുടെ സൃഷ്ടി. അത് തുടരുകതന്നെ ചെയ്യും. എന്നാല്‍ ആരെങ്കിലും വിരിച്ചുവച്ച വലയില്‍ ചെന്നുവീഴുകയല്ല, ബുദ്ധിയുളള നേതാക്കള്‍ ചെയ്യേണ്ടത്. അവര്‍ ബുദ്ധിപൂര്‍വ്വം ആ വലയില്‍ നിന്നും രക്ഷപ്പെടുകയാണ് വേണ്ടത്. പഞ്ചതന്ത്രം കഥകളില്‍ വേടന്റെ വലയില്‍ നിന്നും രക്ഷപ്പെടുന്ന പക്ഷിക്കൂട്ടത്തെപ്പോലെ. അത് വഴികാണിച്ചുതന്നിട്ടുള്ള നേതാക്കള്‍ നിങ്ങളുടെ പൂര്‍വസൂരികളായി തന്നെയുണ്ട്. അവരെ മാതൃകയാക്കുക. അതുപോലെ ഭിന്നിച്ചുനില്‍ക്കുമ്പോള്‍ വിവാദവ്യവസായക്കാര്‍ക്ക് ഊര്‍ജ്ജവും കൂടും. അതിനാല്‍ ഒന്നിച്ച് ഒറ്റമനസായി കേരളത്തെ മുന്നോട്ടുനയിക്കുക, എന്ന ലക്ഷ്യത്തോടെയായിരിക്കണം പ്രയാണം. അല്ലെങ്കില്‍ നമ്മുടെ ഭാവി ഇരുടഞ്ഞതാകും.

Ads by Google
TRENDING NOW