Sunday, June 25, 2017 Last Updated 1 Min 30 Sec ago English Edition
Todays E paper

കലിപ്പ്

Aleena Mariya Varghese
Aleena Mariya Varghese
Sunday 23 Apr 2017 07.58 PM

മിനിസ്റ്റര്‍ മണി, ഒരു മൈക്കും വകതിരിവില്ലാത്ത തലച്ചോറും എല്ലില്ലാത്ത നാക്കും ഉണ്ടായതുകൊണ്ട് നിങ്ങള്‍ക്കതു വിളിച്ചു പറയാന്‍ കഴിഞ്ഞു

ചരിത്രവും രാഷ്ട്രവും കെട്ടിപ്പടുത്തസമരങ്ങള്‍ക്കു തണലേകിയ ചുവപ്പന്‍ പതാകയേന്തി, മുദ്രവാക്യം വിളിച്ചു പട്ടിണിയില്‍ നിന്നും ദുരിതത്തില്‍ നിന്നും പടവെട്ടി വന്ന നിങ്ങളെപോലെ ഒരാളുടെ വായില്‍നിന്ന് ഒരിക്കലും വീഴാന്‍ പാടില്ലായിരുന്നു ഇങ്ങനെ ഒരു കാര്യം. മന്ത്രിയായാലും തന്ത്രിയായും ഒരാണിന്റെ പുഴുവരിച്ച മനസിന് ഒരിക്കലും മാറ്റമുണ്ടാവില്ല എന്ന് ഈ 72 വയസില്‍ നിങ്ങള്‍ തെളിയിച്ചിരിക്കുന്നു.
MM Mani's comment

അതൊരു ചരിത്രമായിരുന്നു ആയിരക്കണക്കിനു പെണ്ണുങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് എഴുതിയ ചരിത്രകാവ്യം. മുഷ്ടി ചുഴറ്റി വായുവില്‍ ഊക്കോടെ എറിഞ്ഞ് നെഞ്ചുകലക്കി മുദ്രവാക്യം വിളിക്കാന്‍ അവനു മാത്രമല്ല അവള്‍ക്കും ആകും എന്നതിന്റെ തെളിവായിരുന്നു ആ കാവ്യം. പെമ്പിളൈഒരുമൈ എന്നു പേരിട്ട മൂന്നാറിലെ ആ ചരിത്ര കാവ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടണം, അവരുടെ വളര്‍ച്ചയെ തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. എന്നാല്‍ അതിനുള്ള വഴി ഇതായിരുന്നില്ല. അവര്‍ക്കു ജീവിക്കാന്‍ തേയിലക്കാട്ടിലും കുറ്റിക്കാട്ടിലും വ്യഭിചരിച്ചാല്‍ മതിയായിരുന്നെങ്കില്‍ ഇത്രയും വലിയൊരു പെണ്‍ചരിത്രം മൂന്നാറില്‍നിന്ന് ഉണ്ടാകില്ലായിരുന്നു.

അവരുടെ സമരം മൂന്നുനേരം അല്ലലില്ലാതെ കഴിക്കാനും പിന്നെ മാന്യമായി ജീവിക്കാനും വേണ്ടിയായിരുന്നു എന്നു തിരിച്ചറിയനുള്ള വകതിരിവുണ്ടാകണമായിരുന്നു കേരളത്തിലെ മന്ത്രിക്ക്. മിനിസ്റ്റര്‍ മണി, നിങ്ങള്‍ പറഞ്ഞതു പോലെയായിരുന്നു കാര്യമെങ്കില്‍ കേരളം മുഴുവന്‍ ഇളക്കിമറിച്ച് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പട്ട ഒരു സമരം മൂന്നാറിലെ പെണ്ണുങ്ങള്‍ നടത്തേണ്ട കാര്യം ഇല്ലായിരുന്നു. അതിലും എളുപ്പത്തില്‍ ആ പെണ്ണുങ്ങള്‍ക്കു നിങ്ങള്‍ പറഞ്ഞ ആ വഴികള്‍ സാധ്യമാകുമായിരുന്നു.

ചരിത്രവും രാഷ്ട്രവും കെട്ടിപ്പടുത്തസമരങ്ങള്‍ക്കു തണലേകിയ ചുവപ്പന്‍ പതാകയേന്തി, മുദ്രാവാക്യം വിളിച്ചു പട്ടിണിയില്‍ നിന്നും ദുരിതത്തില്‍ നിന്നും പടവെട്ടി വന്ന നിങ്ങളെപോലെ ഒരാളുടെ വായില്‍നിന്ന് ഒരിക്കലും വീഴാന്‍ പാടില്ലായിരുന്നു ഇങ്ങനെ ഒരു കാര്യം. മന്ത്രിയായാലും തന്ത്രിയായും ഒരാണിന്റെ പുഴുവരിച്ച മനസിന് ഒരിക്കലും മാറ്റമുണ്ടാവില്ല എന്ന് ഈ 72 വയസില്‍ നിങ്ങള്‍ തെളിയിച്ചിരിക്കുന്നു. പുരുഷന്റെ മനസില്‍ പെണ്ണിനെ തകര്‍ക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം അവളുടെ മാനത്തിനു മുറിവേല്‍പ്പിക്കുക എന്നതു തന്നെയാണ്. ഈ കാഴ്ചാപ്പാടില്‍ ജീവിക്കുന്ന ആദ്യത്തെ ആണല്ല മണി.. പക്ഷേ നിങ്ങള്‍ വെറും ഒരു ആണ് മാത്രമല്ല ഒരു സമൂഹത്തിന്റെ പ്രതിനിധി കൂടിയാണ്, അതിലുപരി ഒരു മന്ത്രിയാണ്. വാവിട്ടു പോയ വാക്കിനു മുകളില്‍ ഒരു ഖേദപ്രകടനം നടത്തിയാല്‍ തീരുന്നതല്ല നിങ്ങള്‍ പറഞ്ഞ വിവരക്കേട് എന്ന് ഓര്‍ക്കണം. അതുകൊണ്ട് തന്നെ ഈ പ്രസ്താവനയ്ക്കു മാപ്പില്ല..

നിങ്ങളെ പോലൊരു മന്ത്രിയുടെ മുമ്പില്‍ ഈ നാട്ടിലെ പെണ്ണുങ്ങള്‍ എന്തു ധൈര്യത്തില്‍ പരാതിയുമായി വന്നു നില്‍ക്കും. ഒരു ആവശ്യവുമായി സമീപിക്കും. മുമ്പില്‍ വരുന്ന പെണ്ണിനെ അപമാനിക്കാന്‍ ശ്രമിക്കുകയില്ലെന്ന് എന്ത് ഉറപ്പാണ് ഉള്ളത്. രാഷ്ട്രീയമായി നിങ്ങള്‍ക്കു അവരെ നേരിടാം അതു മാന്യത. മൂന്നാറില്‍ നിന്ന് ഒരു കൂട്ടം പെണ്ണുങ്ങള്‍ ഒരു വര്‍ഷം മുമ്പ് കരഞ്ഞു നിലവിളിച്ചത് ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനായിരുന്നില്ല. അവരുടെ ഒരുമയെ നിങ്ങള്‍ ഭയക്കുന്നുണ്ടെങ്കില്‍ അപമാനിക്കാതെ ചങ്കുറ്റത്തോടെ നേരിടണം മിസ്റ്റര്‍.

ഈ നാട്ടില്‍ പെണ്ണുങ്ങള്‍ തെരുവുകളില്‍ വലിച്ചിഴക്കപ്പെട്ടതിലും കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായതിലും അവരെ കൊന്നു കെട്ടിത്തുക്കിയതിലുമൊന്നും ഇന്ന് തീരെ അത്ഭുതവും ഞെട്ടലും തോന്നുന്നില്ല. ഒരു നാട്ടിലെ പെണ്ണിന്റെ മാനത്തിന് ജീവന്‍ കൊടുത്തു കാവല്‍ നില്‍ക്കേണ്ടയാളാണു നിങ്ങള്‍ എന്നു മറന്നു പോകരുത്. ഒരു മൈക്കും വകതിരിവില്ലാത്ത തലച്ചോറും എല്ലില്ലാത്ത നാക്കും ഉണ്ടായതു കൊണ്ട് നിങ്ങള്‍ക്കതു വിളിച്ചു പറയാന്‍ കഴിഞ്ഞു. ഇതുപോലെ വികലമായി ചിന്തിക്കുന്ന, പറയുന്ന ഒരു വലിയ സമൂഹം ചുറ്റുമുണ്ട് എന്നതു കാണാതിരിക്കാന്‍ കഴിയില്ല. നിങ്ങള്‍ ജനപ്രതിനിധിയല്ല പുഴുക്കുത്തു ബാധിച്ച പുരുഷ മേധാവിത്വസമൂഹത്തിന്റെ പ്രതിനിധി കൂടിയാണ്. ഗൗരവമായി കാണണം ഇത്തരം പുഴുക്കുത്തുകളെ, കാണുക മാത്രമല്ല പരിഹാരം കണ്ടെത്തുകയും വേണം.

ഇക്കൂട്ടര്‍ക്ക് പെണ്ണ് ഒന്നു ശബ്ദിച്ചാല്‍ അവള്‍ തന്‍േടിയായി. ഉച്ചത്തില്‍ സംസാരിച്ചാല്‍ അഹങ്കാരിയായി. എതിര്‍ത്തു സംസാരിച്ചാല്‍ തന്നിഷ്ട്ടക്കാരിയായി ഇനി ഒന്നു നാട്ടിലിറങ്ങി അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിച്ചാല്‍ അവള്‍ വേശ്യയായി.. പിന്നെ നാട്ടിലെ പ്രമാണിമാരുടേയും പോലീസുകാരുടെയും കൂടെ കുറ്റിക്കാട്ടിലും തേയില കാട്ടിലുമായി... തലതാന്നു പോകുന്നു മിനിസ്റ്റര്‍... അഭിമാനത്തോടെ തിരഞ്ഞെടുത്തു വിട്ടവരെ തന്നെ അപമാനിക്കുന്നതു കാണുമ്പോള്‍. പിന്നെ ഒന്നു ഓര്‍ത്തു കൊള്ളുക, തന്റെ പാതിവ്രത്യത്തിന്റെ ശക്തിയില്‍ ഒരു നഗരം ചുട്ടെരിച്ച കണ്ണകി ജീവിച്ച നാട്ടില്‍ നിന്നു വന്ന പെണ്ണുങ്ങളാണ്.. തൊട്ടുകളിക്കും മുമ്പ് മൂന്നറിലെ മണികിലുക്കം ഒന്നു സൂക്ഷിക്കുന്നത് നല്ലത്.

Ads by Google
TRENDING NOW