Sunday, June 03, 2018 Last Updated 9 Min 27 Sec ago English Edition
Todays E paper
Ads by Google
ഡോ. ശരത് സുന്ദര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മന്ദിരം ഹോസ്പിറ്റല്‍, മാങ്ങാനം
ഡോ. ശരത് സുന്ദര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മന്ദിരം ഹോസ്പിറ്റല്‍, മാങ്ങാനം
Friday 21 Apr 2017 03.12 PM

ഏഴു വയസുള്ള ആണ്‍കുട്ടിയുടെ അമ്മ പറഞ്ഞ കാര്യങ്ങള്‍... ഇത് അത്ര നിസാരമല്ല

uploads/news/2017/04/101388/weeklyasdr210417.jpg

ഡോക്ടര്‍,

ഞാന്‍ ഏഴു വയസുള്ള ഒരാണ്‍കുട്ടിയുടെ അമ്മയാണ്. മോന്‍ ഇക്കൊല്ലം ഒന്നാം ക്ലാസിലായിരുന്നു. ശ്രദ്ധയോടെ അവന്‍ ക്ലാസില്‍ ഇരിക്കാറില്ലെന്ന് ഞങ്ങള്‍ക്കറിയാം. എന്നാലും ടീച്ചര്‍മാര്‍ പറയുന്ന മിക്ക കാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ വീട്ടില്‍ വന്നു പറയും. ചിലപ്പോള്‍ അത് പലതവണ ആവര്‍ത്തിക്കും. ആരുടെയും മുഖത്തുനോക്കി അവന്‍ സംസാരിക്കാറില്ല. ചോദിക്കുന്നതിന് ഒരു പ്രത്യേക തരത്തില്‍ കൃത്യമായി മറുപടി പറയാറുണ്ട്. ചില സാഹചര്യങ്ങളില്‍ കൈകള്‍കൊണ്ടും കണ്ണുകള്‍കൊണ്ടും ഗോഷ്ഠി കാണിക്കും. സ്‌കൂളില്‍ മറ്റു കുട്ടികളോടൊന്നും അവന്‍ സൗഹൃദത്തിലായിട്ടില്ല. ഇതൊക്കെ സ്വഭാവമാണെന്നും വലുതാകുമ്പോള്‍ ശരിയാകുമെന്നുമാണ് അവന്റെ അച്ഛന്‍ പറയുന്നത്. അവന് ബുദ്ധിക്കു കുറവൊന്നുമുള്ളതായി തോന്നിയിട്ടില്ല. പഠിക്കാറില്ലെങ്കിലും പരീക്ഷകളില്‍ ഫുള്‍മാര്‍ക്ക് കിട്ടും. കാറുകളോടു വലിയ താല്‍പ്പര്യമാണ്. ഏതു കാര്‍ കണ്ടാലും കമ്പനിയുടെ പേരുള്‍പ്പെടെ അതിന്റെ സകല വിവരങ്ങളും കൃത്യമായി പറയും. കുട്ടികളില്‍ കാണാറുള്ള കളിചിരികളും കൊഞ്ചലുമൊന്നും അവനില്ല. ഒരു കൗണ്‍സിലിങ്ങിനു കൊണ്ടുപോയപ്പോള്‍ അവനു സോഷ്യല്‍ ഫോബിയ ആണെന്നു പറഞ്ഞു. എന്താണു ഡോക്ടര്‍ ഞങ്ങള്‍ ചെയ്യേണ്ടത്?

ഏഴു വയസുകാരന്റെ വ്യത്യസ്ത സ്വഭാവവിശേഷങ്ങള്‍ വളരെ ഗൗരവമുള്ളതായി കാണേണ്ടതാണ്. ആളുകളുമായുള്ള സമ്പര്‍ക്കമില്ലായ്മ, മുഖത്തു നോക്കാതെയുള്ള സംസാരം, കൈകളും മുഖം കൊണ്ടുമുള്ള ഗോഷ്ഠി കാണിക്കല്‍, കാറുകളെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന വിജ്ഞാനം, കേട്ട കാര്യങ്ങള്‍ വള്ളിപുള്ളി തെറ്റാതെ പറയല്‍ തുടങ്ങിയ വിചിത്രമായ പെരുമാറ്റങ്ങള്‍ അത്ര നിസാരമല്ല.

അതോടൊപ്പം കുട്ടിത്തമില്ലെന്നുകൂടി പറയുന്നത് പ്രശ്‌നത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. വലുതാകുമ്പോള്‍ ശരിയാകുമെന്ന് അവന്റെ അച്ഛനും സോഷ്യല്‍ ഫോബിയയാണെന്ന് കൗണ്‍സിലറും പറയുന്നത് പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.

കത്തിലെ വിവരങ്ങളനുസരിച്ച് ഇത് ഓട്ടിസ്റ്റിക് സ്‌പെക്ട്രം ഡിസോര്‍ഡര്‍ ആകാനാണു സാദ്ധ്യത. പക്ഷേ ഇത്തരമൊരു രോഗനിര്‍ണയം നടത്തുന്നത് വിശദമായ പഠനവും ക്ലിനിക്കല്‍ നിരീക്ഷണവും നടത്തിയതിനു ശേഷമായിരിക്കണം.

ഓട്ടിസമെന്നത് തികച്ചും മസ്തിഷ്‌കസംബന്ധമായ ഒരു അവസ്ഥയാണ്. പ്രായം കൂടുന്നതിനനുസരിച്ച് ഇതു കൂടുതല്‍ തീവ്രമാവുകയാണു പതിവ്. ഈ രോഗാവസ്ഥയില്‍ മറ്റുള്ളവരോട് ഇടപെടാനുള്ള ക്ഷമത വളരെ കുറവായിരിക്കും.

ഭാഷാപരവും ഭാഷേതരവുമായ ആശയവിനിമയശേഷി അനുയോജ്യമായ രീതിയില്‍ ആവില്ല. ചില പ്രത്യേക രീതിയിലുള്ള ചലനങ്ങള്‍ തുടരെത്തുടരെ ചെയ്തുകൊണ്ടിരിക്കുന്നതും സാധാരണമാണ്. മിക്കപ്പോഴും ഇതിന്റെ മുന്‍കാല ലക്ഷണങ്ങള്‍ രണ്ടുവയസിനു മുമ്പേ മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെടാറുണ്ട്.

ഇവിടെ, നിങ്ങളുടെ കുട്ടിയിലെ ലക്ഷണങ്ങള്‍ ഓട്ടിസമാണോ അല്ലയോ എന്നു വേര്‍തിരിച്ചറിയുന്നതാണ് പരമപ്രധാനം. അതിനായി കുട്ടിയുടെ ജനനം മുതലുള്ള കാര്യങ്ങള്‍ ക്രമമനുസരിച്ച് പഠിക്കേണ്ടതുണ്ട്.

അവന്റെ വളര്‍ച്ചയുടെ നിലവാരം, ശാരീരികവും മാനസികവുമായ പരിവര്‍ത്തനങ്ങള്‍, അവനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍, ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ തുടങ്ങിയവയെല്ലാം പരിശോധിച്ചാണ് ഇതു സാദ്ധ്യമാക്കുക.

ഇതിനുപുറമേ, വിശദമായ ഒരു ന്യൂറോളജിക്കല്‍ പരിശോധനയും അനിവാര്യമാണ്. കുടുംബത്തിലെ ആര്‍ക്കെങ്കിലും മനോരോഗമോ മസ്തിഷ്‌കരോഗമോ ഉണ്ടോ എന്ന കാര്യവും നോക്കേണ്ടിവരും.

ഒരു പീഡിയാട്രീഷനെയോ ന്യൂറോളജിസ്റ്റിനെയോ കാണിച്ച് കുട്ടിയുടെ വിശദാംശങ്ങള്‍ പറയുകയാണ് താങ്കള്‍ ആദ്യം ചെയ്യേണ്ടത്.

അവരുടെ നിര്‍ദ്ദേശപ്രകാരം സൈക്യാട്രിസ്റ്റിനെയോ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെയോ സമീപിച്ച് വേണ്ടതുപോലെ മുന്നോട്ടു പോവുക. മാതാപിതാക്കള്‍ കുട്ടിയുടെ അവസ്ഥ വ്യക്തമായി മനസിലാക്കേണ്ടത് പ്രശ്‌നപരിഹാരത്തിന് അത്യാവശ്യമാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW