ബംഗുളൂരു : ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി'യുടെ രണ്ടാം ഭാഗം തിയറ്ററിലെത്താന്‍ ഒരാഴ്ച മാത്രം ശേഷിക്കേ കര്‍ണ്ണാടകത്തില്‍ നിന്നും ഉയര്‍ന്നിട്ടുള്ള പ്രതിഷേധം ശമിപ്പിക്കാന്‍ നടന് സത്യരാജ് പരസ്യമായി മാപ്പു പറഞ്ഞു. കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണ്ണാടകയെ അധിക്ഷേപിച്ച് സംസാരിച്ച സത്യരാജ് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ഒന്നല്ല, നൂറ് ഭാഗം ഇറക്കിയാലും കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ കന്നട അനുകൂല സംഘടനകള്‍ ഉറച്ചു നിന്ന സാഹചര്യത്തിലാണ് നടപടി.
ചിത്രത്തിന്റെ പ്രധാന കഥാപാത്രമായ കട്ടപ്പയ്ക്ക് ജീവന് നല്‍കുന്നത് സത്യരാജാണ്. അതുകൊണ്ടു തന്നെ സത്യരാജ് മാപ്പു പറയാത്ത സാഹചര്യത്തില്‍ റിലീസിങ് ദിവസമായ 28 ന് സംസ്ഥാനത്ത് ബന്ദ് നടത്തുമെന്നും സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.
ബാഹുബലി രണ്ടാംഭാഗം റിലീസ് ചെയ്യരുതെന്ന് തിയറ്ററുടമകള്‍ക്കും മര്‍ട്ടിപ്ലക്സ് സംഘടനകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ ജനങ്ങള്‍ ബഹിഷ്കരിക്കുമെന്നും ഇവര്‍ പറഞ്ഞു. ഇതിനിടെ, രണ്ടാം ഭാഗത്തിന് മുന്നോടിയായി ഒന്നാം ഭാഗം പ്രദര്‍ശിപ്പിക്കുന്ന 20 തിയറ്ററുകളിലെ പ്രദര്‍ശനം ഈ സംഘടനകള്‍ തടഞ്ഞിരുന്നു.