Saturday, July 22, 2017 Last Updated 0 Min 15 Sec ago English Edition
Todays E paper
Friday 21 Apr 2017 07.04 AM

കാഴ്ചയില്ലാത്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ നിര്‍ബ്ബന്ധം ; വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നിരോധനം മറികടക്കാന്‍ നീക്കം

uploads/news/2017/04/101320/elephant.jpg

തിരുവനന്തപുരംഃ ഏറെക്കുറെ അന്ധനും അവശനുമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന കൊമ്പനെ വനംവകുപ്പ് ഉന്നതരുടെ റിപ്പോര്‍ട്ടുകള്‍ അവഗണിച്ച് വീണ്ടും എഴുന്നള്ളത്തിന് ഉപയോഗിക്കാന്‍ നീക്കം. രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനുള്ള നിരോധനം നീക്കണമെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം സമിതി വനം മന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു.

ഇതിന്റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി ആനയെ വീണ്ടും എഴുന്നള്ളിപ്പിന് ഉപയോഗിക്കാന്‍ നീക്കം നടക്കുന്നതായാണു പരാതി. രാമചന്ദ്രന്റെ വലതുകണ്ണിനു കാഴ്ചയില്ലെന്നും ഇടതുകണ്ണിന് കാഴ്ച കുറവാണെന്നും വെറ്ററിനറി ഡോക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് എഴുന്നള്ളിപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് എഴുന്നള്ളിപ്പിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ദേവസ്വം സമിതി കഴിഞ്ഞ സര്‍ക്കാരിലെ ദേവസ്വം മന്ത്രിക്ക് കത്തു നല്‍കി. ഈ അപേക്ഷയുടെ അടിസ്ഥാനത്തില്‍ വനം-വന്യജീവി വകുപ്പ് മേധാവി നല്‍കിയ കത്തിനെ ആധാരമാക്കി ആനയുടെ െവെകല്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ: ടി.ജി. ഉണ്ണിക്കൃഷ്ണന്‍ കണ്‍വീനറായി സമിതിയെ നിയോഗിച്ചു.

വയനാട് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ, കോളജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍ജറി വിഭാഗം പ്രഫസര്‍ ഡോ. ശ്യാം വേണുഗോപാല്‍ എന്നിവരാണ് അംഗങ്ങള്‍. ആനയെ വിശദമായി പരിശോധിച്ച് 14 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശത്തോടെ കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് സമിതി രൂപീകരിച്ചത്. ഇവര്‍ എത്തിയപ്പോഴൊക്കെ പരിശോധന തടസപ്പെടുത്തിയതായി മൃഗസംരക്ഷണവകുപ്പ് ഡയറക്ടറോട് മൃഗസ്‌നേഹികളുടെ സംഘടനയായ എസ്.പി.സി.എയുടെ ഇടുക്കി ഘടകം പരാതിപ്പെട്ടു. പോലീസിന്റെ സഹായം പോലും തേടാതെ സമിതി പരിശോധന അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മയക്കുവെടി വിദഗ്ധനായ ഡോ: പി.ബി. ഗിരീദാസിനെ ഉപയോഗിച്ച് വേണ്ട രീതിയില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കിയെന്നും പരാതിയില്‍ പറയുന്നു.

മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ നിശ്ചയിച്ച വിദഗ്ധസമിതിയുടെ പരിശോധന തടഞ്ഞശേഷം മൃഗസംരക്ഷണവകുപ്പിലെ ഒരു ഡോക്ടറെക്കൊണ്ട് റിപ്പോര്‍ട്ട് തയാറാക്കുകയായിരുന്നു. വിദഗ്ധസമിതി നിലവിലുണ്ടെന്ന് അറിയാമായിരുന്നിട്ടും പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍ക്കെതിരേ വകുപ്പുതല വിജിലന്‍സ് അന്വേഷണം നടത്തണമെന്നും എസ്.പി.സി.എ. ആവശ്യപ്പെടുന്നു. എസ്.പി.സി.എയുടെ സെക്രട്ടറിയും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച മൃഗക്ഷേമ ബോര്‍ഡിന്റെ പ്രതിനിധിയും തൃശൂര്‍ ജില്ലാ ക്യാപ്റ്റീവ് എലിഫന്റ് മോണിറ്ററിങ് കമ്മിറ്റി അംഗവുമായ എം.എന്‍. ജയനാണു പരാതി നല്‍കിയിരിക്കുന്നത്. വിദഗ്ധസമിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതുവരെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കരുതെന്നും ജയന്‍ ആവശ്യപ്പെടുന്നു.

Ads by Google
LATEST NEWS
TRENDING NOW