Monday, September 25, 2017 Last Updated 6 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 01.50 AM

മൂന്നാറില്‍ വീണ്ടും ഒഴിപ്പിക്കല്‍, ഒഴിപ്പിച്ചത്‌ കുരിശിന്റെ മറവിലെ കൈയേറ്റം

uploads/news/2017/04/101213/2.jpg

മൂന്നാര്‍: കൈയേറ്റ മാഫിയയ്‌ക്കു നേരേ ജെ.സി.ബിയുമായി വീണ്ടും റവന്യുസംഘം. സൂര്യനെല്ലി പാപ്പാത്തിച്ചോലമേട്ടില്‍ മതസംഘടനയുടെ പേരില്‍ കൈയേറിയ സ്‌ഥലം ഭീമന്‍കുരിശ്‌ പൊളിച്ചുനീക്കി തിരിച്ചുപിടിച്ചു. ഇതിനു സമീപമുണ്ടായിരുന്ന ഷെഡുകള്‍ തീയിട്ട്‌ നശിപ്പിച്ചു.
സി.പി.എമ്മിന്റെ എതിര്‍പ്പിനിടെയാണു വി.എസ്‌. അച്യുതാനന്ദന്റെ ദൗത്യസംഘത്തിനു സമാനമായ രീതിയില്‍ വന്‍ പോലീസ്‌ സന്നാഹവുമായി ഒഴിപ്പിച്ചത്‌. അതീവരഹസ്യമായി തീരുമാനമെടുത്തശേഷം പുലര്‍ച്ചെയെത്തി കുരിശുള്‍പ്പെടെയുള്ളവ പൊളിച്ചു നീക്കുകയായിരുന്നു. സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ സ്‌ഥലത്ത്‌ നിരോധനാജ്‌ഞ പ്രഖ്യാപിച്ച ശേഷമായിരുന്നു നടപടി. ആയിരമേക്കര്‍ സര്‍ക്കാര്‍ഭൂമി കൈയേറാനുള്ള നീക്കമാണ്‌ റവന്യു സംഘം തകര്‍ത്തത്‌. സ്‌പിരിച്വല്‍ ടൂറിസത്തിന്റെ മറവിലായിരുന്നു കുരിശടി സ്‌ഥാപിച്ചത്‌. സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ എന്ന പ്രാര്‍ഥനാ ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു കൈയേറിയത്‌.
ദേവികുളം സബ്‌കലക്‌ടറുടെ നിര്‍ദേശപ്രകാരം അഡീഷണല്‍ തഹസീല്‍ദാരുടെ നേതൃത്വത്തിലായിരുന്നു പൊളിച്ചത്‌.
രാവിലെ ഏഴരയോടെയാണ്‌ സംഘം പാപ്പാത്തിച്ചോലമേട്ടിലേക്കു തിരിച്ചത്‌. വഴിയില്‍ വാഹനമിട്ട്‌ കൈയേറ്റ മാഫിയാ ഉദ്യോഗസ്‌ഥര്‍ക്കു തടസമുണ്ടാക്കി. എന്നാല്‍, ജെ.സി.ബി. ഉപയോഗിച്ച്‌ വാഹനങ്ങള്‍ മാറ്റിയ ശേഷമാണു സംഘം മുന്നോട്ടു നീങ്ങിയത്‌. സ്‌ഥലം കൈവശംവച്ചിരുന്ന വ്യക്‌തിക്കെതിരേ കേസെടുക്കാന്‍ റവന്യു അധികൃതര്‍ പോലീസിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കൂടുതല്‍ നിര്‍മാണം നടക്കുന്നതിനിടെയാണു ഭൂമി തിരിച്ചുപിടിച്ചത്‌. ഈ കൈയേറ്റം ഒഴിപ്പിക്കാന്‍ നേരത്തേ ശ്രമിച്ചെങ്കിലും വിശ്വാസികളുടെ എതിര്‍പ്പുമൂലം നടന്നില്ല. പൊളിക്കാന്‍ കൊണ്ടുവന്ന ജെ.സി.ബി ഉള്‍പ്പെടെ അന്നു തടഞ്ഞിരുന്നു.
എന്നാല്‍, ഇവര്‍ പ്രദേശവാസികളല്ലെന്നും വിശ്വാസികളുടെ പേരില്‍ എത്തിയ ചിലര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ തടസപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടി റവന്യുവിഭാഗം റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഇവിടെ കുരിശടി സ്‌ഥാപിച്ച്‌ സര്‍ക്കാര്‍ഭൂമി കൈയേറാനുള്ള നീക്കമാണ്‌ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ ഇന്നലെ ഒഴിപ്പിക്കല്‍ നടന്നത്‌. വരുംദിവസങ്ങളിലും കൈയേറ്റത്തിനെതിരേ ശക്‌തമായ നടപടിയെടുക്കാനാണ്‌ സബ്‌കലക്‌ടര്‍ അടങ്ങുന്ന സംഘത്തിന്റെ തീരുമാനം. ഇതിനായി വന്‍കിട കൈയേറ്റങ്ങളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്‌. ഇതു ജില്ലാ കലക്‌ടര്‍ക്ക്‌ കൈമാറി. ഇതുസംബന്ധിച്ച്‌ ഇന്ന്‌ തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കും.

Ads by Google
Advertisement
Friday 21 Apr 2017 01.50 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW