Monday, August 21, 2017 Last Updated 53 Min 58 Sec ago English Edition
Todays E paper
ആര്‍. സുരേഷ്‌
Friday 21 Apr 2017 01.50 AM

മാണിയെയും പിള്ളയെയും യു.ഡി.എഫില്‍ തിരിച്ചെത്തിക്കാന്‍ ലീഗിന്റെ ശ്രമം

uploads/news/2017/04/101207/11.jpg

തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്നു വിട്ടുപോയ കെ.എം. മാണിയെയൂം ആര്‍. ബാലകൃഷ്‌ണപിള്ള വിഭാഗത്തെയും മുന്നണിയിലേക്കു മുന്നണിയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ മുസ്ലിംലീഗ്‌ ശ്രമം തുടങ്ങി.

മലപ്പുറം ഉപതെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിനുശേഷമാണു നീക്കം സജീവമായത്‌. ഇന്നു മുന്നണി യോഗം ചേരുന്നുണ്ടെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കില്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പു മുന്നണിയെ ശക്‌തിപ്പെടുത്തുകയാണു ലക്ഷ്യം. പി.കെ. കുഞ്ഞാലിക്കുട്ടിയാണ്‌ ഇതിനായി ചുക്കാന്‍ പിടിക്കുന്നത്‌.

ഇതിന്റെ ഭാഗമായി കെ.ബി. ഗണേഷ്‌കുമാറുമായി ലീഗിനുണ്ടായിരുന്ന തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ അദ്ദേഹത്തിന്റെ പ്രതിനിധികള്‍ ലീഗ്‌ നേതാക്കളുമായി ചര്‍ച്ച നടത്തി. വി.കെ. ഇബ്രാഹിംകുഞ്ഞിനോടാണു പിള്ളയുടെ മകനു നീരസമുള്ളത്‌. മന്ത്രിയായിരുന്ന അദ്ദേഹത്തിനെതിരേ നിയമസഭയില്‍ ആരോപമുന്നയിക്കുകയും പിന്നീട്‌ ലോകായുക്‌തയിലും മറ്റും സാക്ഷിയായി ഗണേഷ്‌കുമാര്‍ ഹാജരാകുകയും ചെയ്‌തിരുന്നു.

ഇതുമായി ബന്ധപ്പെട്ട്‌ അന്ന്‌ ഇരുവിഭാഗങ്ങളുമായി ശക്‌തമായ വാക്‌പോരുണ്ടായി. ഇരു നേതാക്കളും പരസ്‌പരം നല്‍കിയ മാനനഷ്‌ടക്കേസ്‌ നിലവിലുണ്ട്‌. ഇക്കാര്യത്തിലാണ്‌ ചര്‍ച്ച നടന്നത്‌. തനിക്കെതിരേ നല്‍കിയ മാനനഷ്‌ടക്കേസ്‌ പിന്‍വലിക്കണമെന്നാണു ഗണേഷ്‌കുമാറിന്റെ ആവശ്യമെന്നാണു വിവരം. കേസ്‌ പിന്‍വലിക്കാന്‍ ഇരുനേതാക്കളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇതിലൂടെ മുന്നണി പുനഃപ്രവേശനത്തിനു വഴി തുറന്നേക്കും.

യു.ഡി.എഫ്‌. വിട്ട കേരളാ കോണ്‍ഗ്രസ്‌(പിള്ള) ഒരു മുന്നണിയിലുമില്ലാത്ത സ്‌ഥിതിയിലാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ഭാഗമായി നിന്ന്‌ ഒരു എം.എല്‍.എയെ നേടാനായെങ്കിലും മുന്നണിപ്രവേശനം അടഞ്ഞ അധ്യായമായി തുടരുകയാണ്‌. മാത്രമല്ല, പിള്ളയ്‌ക്ക്‌ ക്യാബിനറ്റ്‌ റാങ്കോടെ മുന്നോക്ക സമുദായ ക്ഷേമകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്‌ഥാനം വേണമെന്ന ആവശ്യത്തിലും തീരുമാനമൊന്നുമുണ്ടായിട്ടില്ല. രണ്ടുമാസം മുമ്പുതന്നെ ഇക്കാര്യങ്ങളിലുള്ള അതൃപ്‌തി പിള്ള വിഭാഗം പ്രകടിപ്പിച്ചിരുന്നു. മുന്നണി വിടുന്നതിനുള്ള ആലോചനയും പാര്‍ട്ടിതലത്തില്‍ നടന്നിരുന്നു. ഇതിനായി പാര്‍ട്ടി തക്കം നോക്കിയിരിക്കുകയാണെന്നാണു വിവരം.

കോണ്‍ഗ്രസില്‍ വിയോജിപ്പുണ്ടെങ്കിലും മാണിയെയും മടക്കിക്കൊണ്ടു വരാനുള്ള ദൗത്യവും കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കുമെന്നാണ്‌ സൂചന. മുന്നണി വിട്ട മാണിക്ക്‌ തിരിച്ചുവന്നാല്‍ വിലപേശല്‍ശക്‌തി വീണ്ടെടുക്കാനാകുമോയെന്നആശങ്കയാണുള്ളത്‌.

മാണിയെ നേരത്തേയുണ്ടായിരുന്ന അതേ പ്രാധാന്യത്തോടെ തിരിച്ച്‌ യു.ഡി.എഫില്‍ എത്തിക്കാനാണു ലീഗിന്റെ ശ്രമം. മാണി-കുഞ്ഞാലിക്കുട്ടി അച്ചുതണ്ട്‌ ഇക്കാര്യത്തില്‍ നീക്കം നടത്തുന്നുമുണ്ട്‌. മലപ്പുറം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മാണിയുടെ പ്രസ്‌താവനകളില്‍ നിന്നും ഇതു വ്യക്‌തം. വരുംദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകും.

ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ച്‌ നിര്‍ത്തണമെന്നാണ്‌ ലീഗിന്റെ നിലപാട്‌. യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ലീഗും കേരളാ കോണ്‍ഗ്രസും രാഷ്‌ട്രീയകക്ഷികള്‍ മാത്രമല്ല, ചില സമുദായങ്ങളുടെ പിന്‍ബലമുള്ള ശക്‌തികളുമാണ്‌. അതുകൊണ്ടു തന്നെ ഈ പാര്‍ട്ടികള്‍ മുന്നണിയുടെ ശാക്‌തീകരണത്തിന്‌ അനിവാര്യമാണ്‌. മാണിയെ കൊണ്ടുവന്നില്ലെങ്കില്‍ പുതിയ തന്ത്രങ്ങളിലൂടെ ബി.ജെ.പി. കേരളാ കോണ്‍ഗ്രസിനെ വലയില്‍ വീഴ്‌ത്തുമോയെന്ന ആശങ്കയും യു.ഡി.എഫില്‍ ചിലര്‍ക്കെങ്കിലുമുണ്ട്‌. പെട്ടെന്നൊന്നും മാണി നിലപാടു മാറ്റാനും സധ്യതയില്ല.

മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇന്നു യു.ഡി.എഫ്‌. യോഗം ചേരുന്നത്‌. തെരഞ്ഞെടുപ്പ്‌ ഫലം വിലയിരുത്തുന്നതിനോടൊപ്പം അടുത്ത ആഴ്‌ച ആരംഭിക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കൈക്കോള്ളേണ്ട തന്ത്രങ്ങള്‍ക്ക്‌ യോഗം രൂപം നല്‍കും. കുടിവെള്ളക്ഷാമം, വൈദ്യുതിനിരക്ക്‌ വര്‍ധന എന്നിവയ്‌ക്കെതിരേ സ്വീകരിക്കേണ്ട പ്രക്ഷോഭപരിപാടികളും തീരുമാനിക്കും.

Ads by Google
ആര്‍. സുരേഷ്‌
Friday 21 Apr 2017 01.50 AM
YOU MAY BE INTERESTED
TRENDING NOW