Thursday, July 27, 2017 Last Updated 14 Min 40 Sec ago English Edition
Todays E paper
ജി. അരുണ്‍
Friday 21 Apr 2017 01.50 AM

സപ്ലൈകോ വാങ്ങുന്ന ഗുണനിലവാരമുള്ള വസ്‌തുക്കള്‍ എത്തുന്നത്‌ കോട്ടാറിലെ സ്വകാര്യ മില്ലിലേക്ക്‌

uploads/news/2017/04/101205/1.jpg

തിരുവനന്തപുരം: സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനു വാങ്ങിനല്‍കുന്ന ഗുണനിലവാരമുള്ള ഭക്ഷ്യവസ്‌തുക്കള്‍ എത്തുന്നത്‌ തമിഴ്‌നാട്ടിലെ നാഗര്‍കോവിലിനു സമീപമുള്ള കോട്ടാറിലെ സ്വകാര്യമില്ലിലേക്ക്‌. ഈ മില്ലുകളില്‍നിന്നു മായം കലര്‍ത്തിയതും ഗുണനിലവാരം കുറഞ്ഞതുമായ സാധനങ്ങളാണ്‌ കേരളത്തിലെ സിവില്‍ സപ്ലൈസ്‌ ഗോഡൗണുകളിലേക്കും ഔട്ട്‌ലെറ്റുകളിലേക്കും പിന്നീട്‌ എത്തുന്നത്‌.

മേല്‍ത്തരം അരിയും ഭക്ഷ്യധാന്യങ്ങളും ഉള്‍പ്പെടെയുള്ളവ കോട്ടാറിലെയും ഇവരുടെതന്നെ അധീനതയില്‍ തിരുവനന്തപുരം പൂവാറിനു സമീപമുള്ള ഊരമ്പിലേയും സ്വകാര്യമില്ലുകളിലേക്ക്‌ എത്തിക്കുന്നതിന്‌ സിവില്‍ സപ്ലൈസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ മാസപ്പടിയായി ലഭിക്കുന്നത്‌ ലക്ഷങ്ങള്‍. ഇതു സംബന്ധിച്ച്‌ വ്യക്‌തമായ തെളിവുസഹിതം മുന്‍സര്‍ക്കാരിനും വിജിലന്‍സിനും ലഭിച്ച പരാതികള്‍ പൂഴ്‌ത്തി.

ക്രമക്കേടുകള്‍ ഇപ്പോഴും തുടരുന്നു. തിരുവനന്തപുരം ചാലയിലും അങ്കമാലിയിലും ശാഖകള്‍ ഉള്ള തമിഴ്‌നാട്‌ സ്വദേശിയായ മൊത്തവിതരണക്കാരനാണ്‌ ഇതിനു പിന്നില്‍. ഇയാളുടെ ഉടമസ്‌ഥതയില്‍ ബിനാമികളായി അഞ്ചു പേരുകളില്‍ സംസ്‌ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ സപ്ലൈകോയുടെ ഇ-ടെന്‍ഡറുകളില്‍ പങ്കെടുത്ത്‌ കരാര്‍ സ്വന്തമാക്കിയാണ്‌ കാലങ്ങളായി ക്രമക്കേടുകള്‍ നടത്തുന്നത്‌. ഇ-ടെന്‍ഡറുകളില്‍ പങ്കെടുക്കുന്ന മറ്റു കരാറുകാരുടെ സാധനങ്ങള്‍ക്കു ഗുണനിലവാരമില്ലെന്നു പറഞ്ഞാണ്‌ തള്ളുന്നത്‌.

ഇതിനു കൂട്ടുനില്‍ക്കുന്നത്‌ കൈക്കൂലിക്കേസില്‍ ശിക്ഷാനടപടി നേരിട്ട സപ്ലൈകോയിലെ ഉന്നതനും. തന്ത്രപ്രധാനസ്‌ഥാനത്ത്‌ ഇയാളെ നിയമിക്കരുതെന്ന കര്‍ശനനിര്‍ദേശം മറികടന്ന്‌ സപ്ലൈകോ ഹെഡ്‌ഓഫീസില്‍ വീണ്ടും നിയമിച്ചത്‌ സ്വകാര്യമില്ലുടമക്കുവേണ്ടിയാണെന്ന്‌ ആക്ഷേപമുണ്ട്‌.

സാധാരണക്കാര്‍ക്ക്‌ ഗുണനിലവാരമുള്ള ഭക്ഷ്യവസ്‌തുക്കള്‍ ന്യായവിലക്ക്‌ നല്‍കാനായി സപ്ലൈകോയ്‌ക്കു വര്‍ഷംതോറും കോടികളാണ്‌ സര്‍ക്കാര്‍ നല്‍കുന്നത്‌. ടെന്‍ഡറുകളില്‍ പങ്കെടുക്കുന്ന കരാറുകാര്‍ സാമ്പിളായി നല്‍കുന്നവയുടെ ഗുണനിലവാരം ഉറപ്പുവരുത്തിയശേഷമാണ്‌ ഇവര്‍ക്ക്‌ കരാര്‍ നല്‍കുന്നത്‌. എന്നാല്‍ കാലങ്ങളായി പലപേരുകളില്‍ ടെന്‍ഡറുകളില്‍ പങ്കെടുക്കുന്ന തമിഴ്‌നാട്‌ സ്വദേശിയായ മില്ലുടമയെ സഹായിക്കാന്‍ ടെന്‍ഡറിനെക്കുറിച്ചുള്ള വിവരങ്ങള്‍ സപ്ലൈകോ ഉദ്യോഗസ്‌ഥര്‍ ഇയാള്‍ക്ക്‌ ചോര്‍ത്തി നല്‍കുകയാണ്‌ പതിവ്‌. ടെന്‍ഡറില്‍ കുറഞ്ഞ തുക കാണിക്കുന്ന ഇയാള്‍ക്ക്‌ ടെന്‍ഡര്‍ അനുവദിച്ച്‌ കിട്ടുകയും ചെയ്യും.

എന്നാല്‍ സാമ്പിളായി നല്‍കിയ സാധനങ്ങളായിരിക്കില്ല പിന്നീട്‌ സിവില്‍ സപ്ലൈസിലേക്ക്‌ എത്തുന്നത്‌. ഈ മില്ലുടമയുടെ ലോഡ്‌ പരിശോധന പോലുമില്ലാതെയാണ്‌ ഗോഡൗണുകളിലേക്കും ഔട്ട്‌ലെറ്റുകളിലേക്കും എത്തുന്നത്‌. അരിയും പയറുവര്‍ഗങ്ങളുംഉള്‍പ്പെടെ നൂറിലധികം ലോഡുകള്‍ ഓരോമാസവും ഇയാളുടേതായി സപ്ലൈകോയില്‍ എത്തുന്നുണ്ട്‌. ഇതില്‍ 90 ശതമാനവും നിലവാരം തൊട്ടുതീണ്ടാത്തവയാണ്‌.
തമിഴ്‌നാട്‌ റേഷനും കേരളാ റേഷനും ഇടകലര്‍ത്തി കളറും എണ്ണയും ചേര്‍ക്കുന്നത്‌ കോട്ടാറിലെയും ഊരമ്പിലെയും മില്ലുകളിലാണ്‌. സപ്ലൈകോയിലെ അസിസ്‌റ്റന്റ്‌ മാനേജര്‍മാര്‍, ക്വാളിറ്റി കണ്‍ട്രോളര്‍, കസ്‌റ്റോഡിയന്‍ തുടങ്ങിയ ഉദ്യോഗസ്‌ഥര്‍ക്ക്‌ ഇയാള്‍ നല്‍കുന്ന മാസപ്പടിയുടെ കണക്ക്‌ മംഗളത്തിനു ലഭിച്ചിട്ടുണ്ട്‌. ഇയാളുടെ സ്വാധീനത്തിനു വഴങ്ങാത്ത ക്വാളിറ്റി കണ്‍ട്രോളര്‍മാര്‍ തിരസ്‌ക്കരിക്കുന്ന ലോഡുകള്‍ സ്വന്തക്കാരായ മറ്റ്‌ ക്വാളിറ്റി കണ്‍ട്രോളര്‍മാരുടെ സഹായത്തോടെ സപ്ലൈകോയ്‌ക്ക്‌ തന്നെ നല്‍കുകയാണ്‌ പതിവ്‌.

മായം കലര്‍ന്ന ഇയാളുടെ ലോഡുകള്‍ ക്വാളിറ്റി കണ്‍ട്രോളര്‍മാര്‍ തിരസ്‌ക്കരിച്ചിട്ടും ഒരിക്കല്‍പോലും ഇയാള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുമില്ല. 2009 മുതല്‍ ഇയാള്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ നല്‍കിയ മാസപ്പടിയുടെ കണക്കുകള്‍ രേഖാമൂലമാണ്‌ മുന്‍ സര്‍ക്കാരിനും വിജിലന്‍സ്‌ ഡയറക്‌ടര്‍ ആയിരുന്ന വിന്‍സെന്റ്‌ എം. പോളിനും നല്‍കിയത്‌. എന്നാല്‍ ഈ പരാതികള്‍ ഇതേവരെ വെളിച്ചം കണ്ടിട്ടില്ല.

Ads by Google
ജി. അരുണ്‍
Friday 21 Apr 2017 01.50 AM
YOU MAY BE INTERESTED
TRENDING NOW