Sunday, May 28, 2017 Last Updated 18 Min 36 Sec ago English Edition
Todays E paper
Friday 21 Apr 2017 01.46 AM

അണ്ണാ ഡി.എം.കെ. ലയനനീക്കത്തില്‍ കല്ലുകടി; ഉപാധികളുമായി പനീര്‍ശെല്‍വം പക്ഷം

uploads/news/2017/04/101172/3.jpg

ചെന്നൈ: ജയലളിതയുടെ മരണശേഷം തല്ലിപ്പിരിഞ്ഞ അണ്ണാ ഡി.എം.കെ. ഘടകങ്ങളുടെ ലയനനീക്കത്തില്‍ വീണ്ടും കല്ലുകടി. ജയലളിതയുടെ വിധേയനായ മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം നയിക്കുന്ന ഘടകം മറുപക്ഷത്തിനുമുന്നില്‍ അവതരിപ്പിച്ച നിബന്ധനകളാണ്‌ ഐക്യത്തിനു വിലങ്ങുതടിയായത്‌.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ. ശശികലയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരനെയും ഔദ്യോഗികമായി പുറത്താക്കിയതിനു രേഖ വേണമെന്നതും ജയലളിതയുടെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കണമെന്നതും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നപക്ഷം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നയിക്കുന്ന വിഭാഗവുമായി യോജിച്ചു പ്രവര്‍ത്തിക്കാമെന്നാണു പനീര്‍ശെല്‍വംപക്ഷത്തിന്റെ നിലപാട്‌.
ജനറല്‍ സെക്രട്ടറി, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പദവികളില്‍ ശശികലയെയും ദിനകരനെയും നിയോഗിച്ചുകൊണ്ട്‌ പളനിസ്വാമിപക്ഷം തെരഞ്ഞെടുപ്പു കമ്മിഷനു സമര്‍പ്പിച്ച സത്യവാങ്‌മൂലം പിന്‍വലിക്കണമെന്നതാണു മറ്റൊരാവശ്യം. ഇരുവര്‍ക്കും പുറമേ മുപ്പതോളം കുടുംബാംഗങ്ങളെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കി വിജ്‌ഞാപനമിറക്കണമെന്നും പനീര്‍ശെല്‍വം ക്യാമ്പിലെ പ്രമുഖനായ കെ.പി. മുനുസാമി ആവശ്യമുന്നയിച്ചു.
ഇക്കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടായാല്‍ ഐക്യചര്‍ച്ചകള്‍ക്കു വഴിതുറക്കും. ശശികലയെയും ദിനകരനെയും പുറത്താക്കാനുള്ള കഴിഞ്ഞ 18 ലെ തീരുമാനത്തിനുപിന്നിലും കള്ളക്കളിയുണ്ടെന്നു സംശയിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്‌തത വേണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുനുസാമിയുടെ ആരോപണങ്ങള്‍ പളനിസ്വാമിപക്ഷം നിരാകരിച്ചു. ദിനകരന്‍, ശശികല വിഷയങ്ങളില്‍ നാടകമൊന്നുമില്ലെന്നും നേതാക്കളുടെ ആവശ്യത്തിനുമുന്നില്‍ സ്‌ഥാനം ത്യജിക്കാന്‍ ദിനകരന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്നും എ.ഐ.എ.ഡി.എം.കെ. രാജ്യസഭാംഗം ആര്‍. വൈത്തിലിംഗം പറഞ്ഞു.
പാര്‍ട്ടിയുടെ ശോഭനഭാവിക്കായി വിട്ടുവീഴ്‌ചകള്‍ക്കു തയാറാണെന്നും തങ്ങള്‍ ഒരു ഉപാധിയും മുന്നോട്ടുവച്ചിട്ടില്ലെന്നും വൈത്തിലിംഗം വ്യക്‌തമാക്കി. മുതിര്‍ന്ന നേതാക്കളായ എം. തമ്പിദുരൈയും ഡി. ജയകുമാറും ഇന്നലെ ഒറ്റയ്‌ക്കൊറ്റയ്‌ക്കു ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശിച്ചതും അഭ്യൂഹത്തിനിടയാക്കി. ഇതില്‍ രാഷ്‌ട്രീയം കാണേണ്ടതില്ലെന്നും സൗഹൃദസന്ദര്‍ശനമായിരുന്നുവെന്നുമായിരുന്നു ഇരുവരുടെയും പ്രതികരണം.
അതിനിടെ രണ്ടില ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷനു കോഴ നല്‍കാന്‍ ശ്രമിച്ചെന്ന കേസില്‍ ടി.ടി.വി. ദിനകരന്‍ നാളെ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകാന്‍ ഡല്‍ഹി പോലീസ്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. അസി. കമ്മിഷണര്‍ സഞ്‌ജയും ഉദ്യോഗസ്‌ഥരും ബസന്ത്‌ നഗറിലെ ദിനകരന്റെ വസതിയിലെത്തിയാണ്‌ സമന്‍സ്‌ കൈമാറിയത്‌.

Ads by Google
Friday 21 Apr 2017 01.46 AM
YOU MAY BE INTERESTED
TRENDING NOW