Wednesday, August 23, 2017 Last Updated 6 Min 52 Sec ago English Edition
Todays E paper
Friday 21 Apr 2017 01.46 AM

മൂന്നാര്‍ അപകടാവസ്‌ഥയിലെന്ന്‌ റിപ്പോര്‍ട്ട്‌; കേന്ദ്രം നോക്കിനില്‍ക്കില്ല

uploads/news/2017/04/101171/2.jpg

ന്യൂഡല്‍ഹി: മൂന്നാര്‍ അപകടാവസ്‌ഥയിലാണെന്നു ചൂണ്ടിക്കാട്ടി മന്ത്രി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ അതീവ ഗൗരവത്തോടെ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കൈയേറ്റ മാഫിയ സജീവമായ മൂന്നാറില്‍ കൈകടത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

കെട്ടിടങ്ങള്‍ അപകടാവസ്‌ഥയിലാണെന്നും അപകടം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്നും അവിടം സന്ദര്‍ശിച്ച്‌ ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രി സി.ആര്‍. ചൗധരി തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്‌. റിപ്പോര്‍ട്ട്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങിനും കൈമാറി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ്‌ ചൗധരി മൂന്നാര്‍ സന്ദര്‍ശിച്ചത്‌. കൈയേറ്റം ഒഴിപ്പിക്കലുമായി ഭരണമുന്നണിയില്‍ വിവാദം കൊഴുക്കുന്നതിനിടെയാണ്‌ ഇതു പുറത്തുവന്നത്‌.

പെട്ടെന്നു താഴ്‌ന്നു പോകുന്ന മണ്ണാണ്‌ മൂന്നാറിലേതെന്ന്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അശാസ്‌ത്രീയമായി നിര്‍മിച്ച കെട്ടിടങ്ങളാണ്‌ ഏറെയുള്ളതെന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു. മരങ്ങള്‍ക്ക്‌ പച്ചപ്പ്‌ കുറഞ്ഞുവരുന്നു. താഴ്‌വാരങ്ങളില്‍ മാത്രമേ ഹോട്ടലുകള്‍ക്ക്‌ അനുമതി നല്‍കാന്‍ പാടുള്ളു. സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി മൂന്നാറിനെ മാറ്റണം. ഇതിനായി മെച്ചപ്പെട്ട ഗതാഗതസൗകര്യം ഒരുക്കണമെന്നു റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്‌. മൂന്നാറിലെ പരിസ്‌ഥിതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പി. സംസ്‌ഥാന നേതൃത്വം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ്‌ പരിസ്‌ഥിതി വിഷയങ്ങളില്‍ അറിവുള്ള ഭൗമവിദഗ്‌ധന്‍ കൂടിയായ സി.ആര്‍. ചൗധരിയെ അയച്ചത്‌.

ഇപ്പോഴത്തെ സ്‌ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നാണു റിപ്പോര്‍ട്ടിലുള്ളത്‌. ഉത്തരാഖണ്ഡിന്‌ സമാനമായ വലിയ ദുരന്തത്തിനുള്ള സാധ്യതയില്ലെങ്കിലും കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴാവുന്ന സ്‌ഥിതിയുണ്ട്‌. ഇടുങ്ങിയ വഴികളാണുള്ളത്‌. അതിനാല്‍ അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമകും. സൈന്യത്തിനുള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന്‌ ഉടന്‍ എത്തിപ്പെടാനാവാത്ത സാഹചര്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Friday 21 Apr 2017 01.46 AM
YOU MAY BE INTERESTED
TRENDING NOW