Thursday, May 25, 2017 Last Updated 14 Min 7 Sec ago English Edition
Todays E paper
Friday 21 Apr 2017 01.46 AM

നിലപാടിലുറച്ച്‌ ഉമ്മന്‍ ചാണ്ടി;

uploads/news/2017/04/101170/1.jpg

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഡല്‍ഹിയില്‍ ചര്‍ച്ചകളും കൂടിയാലോചനകളും സജീവം. ഉമ്മന്‍ ചാണ്ടിയും മുന്‍ കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരനും ഇന്നലെ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി. കെ.പി.സി.സി പ്രസിഡന്റ്‌ അടക്കമുള്ള പദവികള്‍ ഏറ്റെടുക്കാന്‍ തയാറല്ലെന്ന മുന്‍ നിലപാട്‌ ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. എന്നാല്‍ സമവായത്തിലൂടെ കെ.പി.സി.സി പ്രസിഡന്റിനെ കണ്ടെത്തണമെന്ന നിലപാടാണ്‌ ചര്‍ച്ചയില്‍ വി.എം സുധീരന്‍ സ്വീകരിച്ചത്‌.
ഐ ഗ്രൂപ്പിനൊപ്പം നിന്നിരുന്ന കെ.മുരളീധരനും ഹൈക്കമാന്‍ഡുമായി നടന്ന ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടിയെയായിരുന്നു കെ.പി.സി.സി പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ നിര്‍ദേശിച്ചത്‌. താല്‍ക്കാലിക പ്രസിഡന്റ്‌ എം.എം ഹസനും ഇതേ നിലപാടാണ്‌ സ്വീകരിച്ചത്‌. അതേ സമയം ഐ ഗ്രൂപ്പ്‌ നിലപാട്‌ വ്യക്‌തമാക്കാതെ തന്ത്രപൂര്‍വമായ സമീപനവും സ്വീകരിച്ചു. പാര്‍ട്ടിക്കകത്ത്‌ വലിയ തോതിലുള്ള പിന്തുണ ലഭിച്ചിട്ടും പദവി എറ്റെടുക്കാനില്ലെന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടി ഉറച്ചു നില്‍ക്കുകയാണ്‌. ഇന്നലെ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുലുമായി നടത്തിയ ചര്‍ച്ചയിലും ഇതേ നിലപാട്‌ ഉമ്മന്‍ ചാണ്ടി സ്വീകരിച്ചതോടെ പ്രസിഡന്റ്‌ സ്‌ഥാനം മോഹിക്കുന്ന നേതാക്കളുടെ നിര വീണ്ടും സജീവമായി.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ്‌ പദവികള്‍ സ്വീകരിക്കില്ലെന്ന തീരുമാനമെടുത്തതെന്നും ഈ നിലപാടു മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഉമ്മന്‍ ചാണ്ടി, ഇന്നലെ രാഹുലുമായി നടത്തിയ ചര്‍ച്ചക്ക്‌ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ വ്യക്‌തമാക്കി. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരനും രാജിവച്ചു കഴിഞ്ഞു. അന്ന്‌ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ്‌ ചെന്നിത്തല മാത്രമാണ്‌ പദവിയില്‍ തുടരുന്നത്‌. നിലവില്‍ പ്രതിപക്ഷ നേതാവാണ്‌ രമേശ്‌. പദവി ഏറ്റെടുക്കാതെ മാറി നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി ഇന്നലെ വീണ്ടും തെരഞ്ഞെടുപ്പ്‌ പരാജയ സാഹചര്യം ചുണ്ടി കാണിച്ചത്‌ രമേശിനെ ലക്ഷ്യം വച്ചാണെന്ന്‌ ചൂണ്ടി കാണിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ്‌ സ്‌ഥാനവുമായി ബന്ധപ്പെട്ട്‌ നിലപാട്‌ വ്യക്‌തമാക്കാതെ തീരുമാനം ഹൈക്കമാന്‍ഡിനുവിടുന്ന തന്ത്രപരമായ സമീപനമാണ്‌ ഇക്കാര്യത്തില്‍ ഐ ഗ്രൂപ്പ്‌ സ്വീകരിക്കുന്നത്‌. ഹൈക്കമാന്‍ഡ്‌ നേരിട്ട്‌ നടത്തിയ ഡി.സി.സി പുന:സംഘടനയിലൂടെ നേട്ടമുണ്ടാക്കിയത്‌ ഐ ഗ്രൂപ്പാണ്‌. ഒപ്പം പ്രതിപക്ഷ നേതാവ്‌ സ്‌ഥാനവുമുള്ളതിനാല്‍ കെ.പി.സി.സി പ്രസിഡന്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇടപെട്ട്‌ നഷ്‌ടത്തില്‍ കലാശിക്കേണ്ടെന്ന വിലയിരുത്തലിലാണ്‌ ഐ ഗ്രൂപ്പ്‌.
അതേ സമയം കെ.പി.സി.സി പ്രസിഡന്റ്‌ സ്‌ഥാനം ഏറ്റെടുത്താല്‍ തനിക്കെതിരേയുള്ള പാറ്റൂര്‍ അടക്കമുള്ള കേസുകള്‍ സി.പി.എം സജീവമാക്കിയേക്കുമെന്നും ഉമ്മന്‍ ചാണ്ടിക്ക്‌ ആശങ്കയുണ്ട്‌. ഈ സാഹചര്യത്തില്‍ മുന്‍ നിലപാട്‌ ആവര്‍ത്തിക്കുകയും തന്റെ വിശ്വസ്‌തനെ കെ.പി.സി.സി പ്രസിഡന്റാക്കുകയും ചെയ്യുകയെന്ന തന്ത്രമാണ്‌ ഉമ്മന്‍ ചാണ്ടിയുടേത്‌. എ ഗ്രൂപ്പിന്റെ വിശ്വസ്‌തനും തന്റെ അടുപ്പക്കാരനുമായ താല്‍ക്കാലിക പ്രസിഡന്റ്‌ എം.എം ഹസന്‍ തന്നെ തുടരട്ടെയെന്ന താല്‍പ്പര്യവും ഉമ്മന്‍ ചാണ്ടി ഇന്നലത്തെ ചര്‍ച്ചയില്‍ പ്രകടിപ്പിച്ചു. സംഘടനാ തെരഞ്ഞെടുപ്പ്‌ നടക്കുകയാണെങ്കില്‍ മേധാവിത്വം സ്‌ഥാപിക്കാന്‍ സാധിക്കുമെന്നും എ ഗ്രൂപ്പ്‌ കരുതുന്നു.
അതേ സമയം സമവായത്തിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതാണ്‌ ഉചിതമെന്ന നിലപാടാണ്‌ സുധീരന്‍ സ്വീകരിച്ചത്‌. ഇരു ഗ്രൂപ്പുകളും ശക്‌തി പരീക്ഷണത്തിന്‌ ഒരുങ്ങിയാല്‍ അത്‌ സംഘടനാ സംവിധാനത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്നും സുധീരന്‍ രാഹുലുമായുള്ള ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. സ്‌ഥിരം നേതാക്കള്‍ മാറി പുതിയയവര്‍ നേതൃനിരയിലേക്ക്‌ കടന്നു വരട്ടെയെന്നും സുധീരന്‍ പറഞ്ഞു. ഈയൊരു സാഹചര്യത്തില്‍ പി.ടി.തോമസിനെ പോലുള്ളവര്‍ക്ക്‌ സുധീരന്റെ പിന്തുണയുണ്ട്‌. കെ.എം മാണി വിഷയത്തിലടക്കം കൃത്യമായ നിലപാടെടുക്കുകയും ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന പി.ടി.തോമസിന്‌ സ്വീകാര്യതയും ഏറിയിട്ടുണ്ട്‌. എ ഗ്രൂപ്പ്‌ നേതാവായ പി.ടി.തോമസിന്‌ എ.കെ ആന്റണിയുടെ പിന്തുണയും ഗുണകരമാകുമെന്നാണ്‌ പ്രതീക്ഷ.
അതേ സമയം സംസ്‌ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ ദളിത്‌ നേതാവ്‌ കെ.പി.സി.സി പ്രസിഡന്റാകുന്നത്‌ ഗുണം ചെയ്യുമെന്ന വാദം ഉയര്‍ത്തി കൊടികുന്നില്‍ സുരേഷിന്റെ അനുയായികളും രംഗത്തുണ്ട്‌. കെ. വി തോമസ്‌, കെ.സി.വേണുഗോപാല്‍ അടക്കമുള്ള നേതാക്കളും കെ.പി.സി.സി. പ്രസിഡന്റ്‌റ്‌ സ്‌ഥാനം നോട്ടമിട്ട്‌ രംഗത്തുണ്ട്‌. എന്തു തന്നെയായാലും സംഘടനാ തെരഞ്ഞെടുപ്പിന്‌ മുന്നെ പുതിയ കെ.പി.സി.സി പ്രസിഡന്റിനെ നിശ്‌ചയിക്കണമെന്ന വാദത്തിന്‌ തന്നെയാണ്‌ മേല്‍കൈ.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Friday 21 Apr 2017 01.46 AM
YOU MAY BE INTERESTED
TRENDING NOW