Sunday, October 22, 2017 Last Updated 9 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 01.40 AM

കള്ളപ്പണം: നവാസ്‌ ഷെരീഫിനെതിരേ അന്വേഷണത്തിന്‌ ഉത്തരവ്‌

uploads/news/2017/04/101156/1.jpg

ഇസ്ലാമാബാദ്‌: കള്ളപ്പണക്കേസില്‍ പാകിസ്‌താന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനെതിരേ വിവിധ ഏജന്‍സികളുടെ സംയുക്‌ത അന്വേഷണത്തിനു പാക്‌ സുപ്രീം കോടതി ഉത്തരവിട്ടു. ഷെരീഫും മക്കളായ ഹസനും ഹുസൈനും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണം. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഷെരീഫിനെ അയോഗ്യനാക്കാന്‍ മതിയായ തെളിവില്ലെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുമുള്ള അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ വിധിയാണ്‌ ഷെരീഫിനു താല്‍ക്കാലിക ആശ്വാസമായത്‌. ഷെരീഫിനെ അയോഗ്യനായി പ്രഖ്യാപിക്കണമെന്ന്‌ രണ്ടു ജഡ്‌ജിമാര്‍ വിയോജന വിധിന്യായമെഴുതി.
കാലാവധി തികയ്‌ക്കുന്നതിനുമുമ്പ്‌ പ്രധാനമന്ത്രിപദത്തില്‍നിന്നു മൂന്നാം തവണയും പുറത്താക്കപ്പെടുക എന്ന നാണക്കേട്‌ തല്‍ക്കാലം ഒഴിഞ്ഞെങ്കിലും സംയുക്‌ത സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടാകും ഷെരീഫിന്റെ ഭാവി നിര്‍ണയിക്കുക.
1993-ല്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട്‌ പ്രസിഡന്റ്‌ ഗുലാം ഇഷാഖ്‌ ഖാനും 1999-ല്‍ രക്‌തച്ചൊരിച്ചിലില്ലാതെയുള്ള അട്ടിമറിയിലൂടെ ജനറല്‍ പര്‍വേസ്‌ മുഷറഫും ഷെരീഫിനെ പ്രധാനമന്ത്രിപദത്തില്‍നിന്നു പുറത്താക്കിയിരുന്നു. കള്ളപ്പണക്കേസിലെ അന്വേഷണ റിപ്പോര്‍ട്ട്‌ എതിരായാല്‍ ഷെരീഫിനെ അയോഗ്യനായി പ്രഖ്യാപിക്കാനുള്ള നടപടി തുടങ്ങും.
പാകിസ്‌താന്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സി, നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ, സെക്യൂരിറ്റി ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ കമ്മിഷന്‍, ഐ.എസ്‌.ഐ, മിലിട്ടറി ഇന്റലിജന്‍സ്‌ എന്നിവരുടെ സംയുക്‌ത അന്വേഷണത്തിനാണ്‌ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്‌.
കുപ്രസിദ്ധമായ പനാമ രേഖച്ചോര്‍ച്ചയാണ്‌ ഷെരീഫിനെയും കുടുംബത്തെയും കുരുക്കിലാക്കിയത്‌. ഷെരീഫിന്റെ മക്കളുടെ പേരില്‍ വിദേശത്തുള്ള കടലാസുകമ്പനികള്‍ വഴി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ്‌ ആരോപണം. തുടര്‍ന്ന്‌ തെഹ്‌രീകെ ഇന്‍സാഫ്‌ പാര്‍ട്ടി നേതാവ്‌ ഇമ്രാന്‍ ഖാന്‍ അടക്കമുള്ളവര്‍ ഷെരീഫിനെതിരേ കോടതിയെ സമീപിക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിച്ചെന്നും ഈ പണമുപയോഗിച്ച്‌ വിദേശത്തു വാങ്ങിക്കൂട്ടിയ സ്വത്തുക്കളുടെ വിവരം ദേശീയ അസംബ്ലിയില്‍നിന്നു മറച്ചുവച്ചെന്നുമുള്ള ആക്ഷേപമാണ്‌ ഷെരീഫ്‌ അഭിമുഖീകരിക്കുന്നത്‌. ലണ്ടനിലെ ആഡംബരമേഖലയില്‍ നാല്‌ അപ്പാര്‍ട്ട്‌മെന്റുകള്‍ ഷെരീഫ്‌ കുടുംബം സ്വന്തമാക്കിയെന്നു കണ്ടെത്തിയിട്ടുണ്ട്‌. പണം ഖത്തറിലേക്ക്‌ ഒഴുക്കിയതിനെപ്പറ്റിയും അന്വേഷണമുണ്ടാകും.
ഓരോ രണ്ടാഴ്‌ചയിലും അന്വേഷണസംഘം ഇടക്കാല റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം. ഫെഡറല്‍ അന്വേഷണ ഏജന്‍സിയുടെയും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെയും തലവന്മാര്‍ പ്രാഥമിക അന്വേഷണവുമായി സഹകരിച്ചില്ലെന്ന കുറ്റപ്പെടുത്തലും സുപ്രീം കോടതി ഉത്തരവിലുണ്ട്‌.
ഷെരീഫിന്റെ രാഷ്‌ട്രീയ പിന്‍ഗാമിയാകുമെന്നു വിലയിരുത്തപ്പെടുന്ന മകള്‍ മറിയാമിന്റെ പേരും പനാമയിലെ നിയമസ്‌ഥാപനമായ മൊസാക്‌ ഫൊണ്‍സേകയില്‍നിന്നു ചോര്‍ന്ന രേഖകളിലുണ്ടായിരുന്നു. പാകിസ്‌താനിലും ഗള്‍ഫിലുമുള്ള കുടുംബ ബിസിനസുകളിലൂടെ നിയമാനുസൃതമായി നേടിയ പണമാണ്‌ വിദേശത്തു സ്വത്തുവാങ്ങാന്‍ ഉപയോഗിച്ചതെന്നാണ്‌ ഇവരുടെ നിലപാട്‌. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ വരുന്നതോടെ കള്ളി വെളിച്ചത്താകുമെന്ന്‌ ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു.
ചലച്ചിത്ര താരങ്ങളായ അമിതാഭ്‌ ബച്ചന്‍, ഐശ്വര്യ റായ്‌, ഡി.എല്‍.എഫ്‌. ഉടമ കെ.പി. സിങ്‌, അദാനി ഗ്രൂപ്പ്‌ തലവന്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ്‌ അദാനി, മുംബൈ അധോലോക ഗുണ്ടയായിരുന്ന ഇക്‌ബാല്‍ മിര്‍ച്ചി, ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസി, മുന്‍ ഫുട്‌ബോള്‍ താരം മിഷേല്‍ പ്ലാറ്റിനി, ഹോളിവുഡ്‌ താരം ജാക്കി ചാന്‍ തുടങ്ങിയ പേരുകളും പനാമ രേഖകളിലുണ്ടായിരുന്നു.

Ads by Google
Advertisement
Friday 21 Apr 2017 01.40 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW