Sunday, October 22, 2017 Last Updated 7 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 01.40 AM

ഷെരീഫ്‌: വീണ്ടും ഏപ്രിലിന്റെ ക്രൂരത

ഇസ്ലാമാബാദ്‌: ഏപ്രിലിനെ ക്രൂരമായ മാസം എന്നു വിശേഷിപ്പിച്ചത്‌ പ്രശസ്‌ത കവി ടി.എസ്‌. എലിയട്ടാണ്‌; "ദ്‌ വേസ്‌റ്റ്‌ ലാന്‍ഡ്‌" എന്ന കവിതയിലായിരുന്നു അത്‌. ശൈത്യകാലത്തു മരവിച്ചുകിടന്ന വേദനിപ്പിക്കുന്ന ഓര്‍മകള്‍ ഏപ്രിലില്‍ വസന്താഗമനത്തോടെ ഉണര്‍ന്നെണീറ്റ്‌ വീണ്ടും നോവിപ്പിക്കുന്നതായിരുന്നു വിവക്ഷ.
പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനും ഏപ്രിലുകള്‍ തിരിച്ചടികളുടേതാണ്‌. മൂന്നാം തവണയും പ്രധാനമന്ത്രിപദവും പാതിയില്‍ നഷ്‌ടപ്പെടുത്തിയേക്കാവുന്ന സുപ്രീം കോടതിവിധി ആ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കല്‍.
പ്രധാനമന്ത്രിപദത്തില്‍നിന്ന്‌ ഷെരീഫ്‌ ആദ്യം തൂത്തെറിയപ്പെട്ടത്‌ 1993 ഏപ്രിലിലാണ്‌. ദേശീയ അസംബ്ലി പിരിച്ചുവിട്ട പ്രസിഡന്റ്‌ ഗുലാം ഇഷാഖ്‌ ഖാനായിരുന്നു അന്നു ഷെരീഫിനു വില്ലനായത്‌.
പട്ടാളമേധാവിയായിരുന്ന ജനറല്‍ പര്‍വേസ്‌ മുഷറഫിന്റെ വിമാനത്തിനു ലാന്‍ഡിങ്‌ അനുമതി നിഷേധിച്ചെന്ന കേസില്‍ കോടതി നവാസ്‌ ഷെരീഫിന്‌ ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്‌ 2000 ഏപ്രില്‍ ആറിന്‌. അതിന്‌ ആറു മാസം മുമ്പ്‌ പട്ടാളനീക്കത്തിലൂടെ ഷെരീഫിനെ പുറത്താക്കി മുഷറഫ്‌ അധികാരം പിടിച്ചിരുന്നു. പാകിസ്‌താന്റെ മറ്റു പ്രധാനമന്ത്രിമാര്‍ക്കും ഏപ്രില്‍ ദുര്‍വിധികളുടേതായിരുന്നു. മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ സിയാവുള്‍ ഹഖ്‌ ഭരണകൂടം തൂക്കിലേറ്റിയത്‌ 1979 ഏപ്രില്‍ നാലിനായിരുന്നു.
ആസിഫ്‌ അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസ്‌ വീണ്ടും തുറക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ്‌ സര്‍ക്കാരിനു കത്തെഴുതാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനി പ്രതിക്കൂട്ടിലായത്‌ 2012 ഏപ്രില്‍ 26-നായിരുന്നു. കോടതി ഉത്തരവിനു പിന്നാലെ ഗിലാനി പ്രധാനമന്ത്രിപദം രാജിവച്ചു.

Ads by Google
Advertisement
Friday 21 Apr 2017 01.40 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW