Thursday, December 14, 2017 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 01.32 AM

ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ യുവന്റസിനോടു തോറ്റു ബാഴ്‌സലോണ പുറത്ത്‌

uploads/news/2017/04/101147/1.jpg

നൗക്യാമ്പ്‌: അത്ഭുതങ്ങള്‍ എപ്പോഴും സംഭവിക്കണമെന്നില്ല. അതിനാലാണല്ലോ നാം അതിനെ അത്ഭുതം എന്നു വിളിക്കുന്നത്‌. ഇന്നലെ പുലര്‍ച്ചെ ബാഴ്‌സലോണയിലെ നൗക്യാമ്പ്‌ സ്‌റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ പതിനായിരങ്ങളുടെ കണ്‌ഠാരവങ്ങള്‍ക്കും അത്ഭുതത്തെ ക്ഷണിച്ചു വരുത്താനായില്ല.
ഫലം ലോകത്തിലെ ഏറ്റവും വിനാശകാരിയായ ആക്രമണനിര ഏറ്റവും മികച്ച പ്രതിരോധ മതിലില്‍ തട്ടി വീണു. ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ യുവന്റസിനോടു തോറ്റു ബാഴ്‌സലോണ പുറത്ത്‌!
പാരീസുകാരല്ല ഇറ്റലിക്കാര്‍ എന്നും ചക്ക വീഴുമ്പോഴെല്ലാം മുയല്‍ ചാകില്ലെന്നും ബാഴ്‌സലോണ മനസിലാക്കിയ ദിനമായിരുന്നു ഇന്നലെ. പ്രീക്വാര്‍ട്ടറില്‍ പാരീസ്‌ സെന്റ്‌ജെര്‍മെയ്‌നോട്‌ ആദ്യപാദം 4-0നു തോറ്റ ശേഷം തിരിച്ചടിച്ചു ജയിച്ച ബാഴ്‌സലോണയെ ഇന്നലെ കണ്ടില്ല.
പകരം പേരുകേട്ട ഇറ്റാലിയന്‍ പ്രതിരോധപ്പൂട്ടില്‍ അകപ്പെട്ട്‌ നട്ടംതിരിയുന്ന താരനിരയെയാണ്‌ കാണാന്‍ കഴിഞ്ഞത്‌. ബാഴ്‌സയുടെ തട്ടകമായ നൗക്യാമ്പ്‌ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചതോടെയാണ്‌ മെസിപ്പടയ്‌ക്ക് പുറത്തേക്കുള്ള വഴിതുറന്നത്‌. ആദ്യ പാദത്തില്‍ യുവന്റസ്‌ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌ ജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 3-0 എന്ന നിലയിലാണ്‌ യുവന്റസിന്റെ മുന്നേറ്റം.
ചാമ്പ്യന്‍സ്‌ ലീഗ്‌ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവ്‌ നടത്തിയ ടീമാണ്‌ ബാഴ്‌സലോണ. സ്വന്തം കാണികള്‍ക്കു മുന്നില്‍ ആക്രമിച്ചു കളിക്കുന്ന അവര്‍ എതിരാളികളുടെ പേടിസ്വപ്‌നമാണ്‌.
എന്നാല്‍ ഇന്നലെ ഇതൊന്നും രക്ഷയ്‌ക്കെത്തിയില്ല. സകല അടവുകളും പുറത്തെടുത്ത്‌ ബാഴ്‌സലോണ ആക്രമിച്ചപ്പോള്‍ അചഞ്ചലമായ പ്രതിരോധവുമായി യുവന്റസ്‌ തങ്ങളുടെ കോട്ട ഭദ്രമാക്കി.
മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ബാഴ്‌സ തുറന്നെടുത്തെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇരുപകുതികളിലുമായി രണ്ടു തുറന്ന അവസരങ്ങള്‍ സൂപ്പര്‍ താരം ലയണല്‍ മെസി പാഴാക്കിയതും അവര്‍ക്ക്‌ തിരിച്ചടിയായി. ക്ലോസ്‌ റേഞ്ചില്‍ നിന്നായിരുന്നു മെസിയുടെ പിഴവുകള്‍.
മത്സരത്തിലാകമാനം 19 ഷോട്ടുകള്‍ അവര്‍ പായിച്ചെങ്കിലും വെറും ഒരെണ്ണം മാത്രമാണ്‌ യുവന്റസ്‌ ഗോള്‍കീപ്പര്‍ ഗ്യാന്‍ ല്യൂയിജി ബഫണിനെ പരീക്ഷിച്ചത്‌. ലീഗില്‍ യുവന്റസിന്റെ പ്രതിരോധമികവ്‌ അരക്കിട്ട്‌ ഉറപ്പിക്കുന്ന പ്രകടനമായിരുന്നു ഇന്നലത്തേത്‌. പത്തു മത്സരങ്ങളില്‍ നിന്ന്‌ വെറും രണ്ടു ഗോളുകള്‍ മാത്രമാണ്‌ അവര്‍ വഴങ്ങിയിട്ടുള്ളത്‌.
ആക്രമണം ന്‍ പ്രതിരോധം
ആദ്യപാദത്തില്‍ മിന്നും ജയം നേടിയ അഭേത ടീമിനെത്തന്നെയാണ്‌ കോച്ച്‌ മാസിമിലിയാനോ അലെഗ്രി നൗക്യാമ്പിലും ബാഴ്‌സയ്‌ക്കെതിരേ അണിനിരത്തിയത്‌. എന്നാല്‍ ഗെയിംപ്ലാനില്‍ നേരിയ മാറ്റം വരുത്തി. ട്യൂറിനില്‍ ആക്രമിച്ചു കളിച്ച യുവന്റസ്‌ നൗക്യാമ്പില്‍ അടവുമാറ്റി പ്രതിരോധിക്കാനിറങ്ങി.
മറുവശത്ത്‌ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കെങ്കിലും ജയിക്കണമെന്നതിനാല്‍ ബാഴ്‌സയുടെ മന്ത്രം മുഴുവുന്‍ ആക്രമണമെന്നതായിരുന്നു. ആദ്യപാദത്തില്‍ കളിക്കാതിരുന്ന സെര്‍ജിയോ ബുസ്‌കറ്റ്‌സ്, ജോര്‍ഡി ആല്‍ബ എന്നിവര്‍ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ പരുക്കേറ്റ ഹാവിയര്‍ മഷറാനോ പുറത്തിരുന്നു.
ആദ്യമിനിറ്റു മുതല്‍ യുവന്റസ്‌ ബോക്‌സിലേക്കുള്ള കടന്നാക്രമണമായിരുന്നു ബാഴ്‌സ നടത്തിയത്‌. അധികം താമസിയാതെ അവസരങ്ങളും ലഭിച്ചു. സുവാരസിന്റെ പാസില്‍ നിന്നുള്ള മെസിയുടെ ഷോട്ട്‌ പുറത്തുപോകുന്നത്‌ അത്ഭുതത്തോടെയാണ്‌ ഗാലറി കണ്ടു നിന്നത്‌.
എം.എസ്‌.എന്‍. ത്രയം ഇടതടവില്ലാതെ ആക്രമിച്ചെങ്കിലും ജോര്‍ജീനിയോ ചെല്ലീനിയും ലിയോനാര്‍ഡോ ബൊനൂച്ചിയും നയിച്ച യുവന്റസ്‌ പ്രതിരോധത്തിന്‌ ഇളക്കമുണ്ടായില്ല. ഇതിനിടെയില്‍ ചില പ്രത്യാക്രമണങ്ങള്‍ നടത്താനും ഇറ്റാറലിയന്‍ ടീം ശ്രമിച്ചു. ഗോണ്‍സാലോ ഹിഗെ്വയ്‌നും പൗളോ ഡിബാലയും നടത്തിയ ചില നീക്കങ്ങള്‍ ബാഴ്‌സ ഗോള്‍കീപ്പര്‍ ആന്ദ്രെ ടെര്‍സ്‌റ്റെഗന്‍ ഏറെപ്പണിപ്പെട്ടാണ്‌ രക്ഷിച്ചെടുത്തത്‌.
ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം യുവന്റസിന്റെ മിന്നുന്ന ആരകമണം കണ്ടാണ്‌ രണ്ടാം പകുതി ആരംഭിച്ചത്‌. എന്നാല്‍ യുവാന്‍ ക്വഡ്രാഡോയുടെ ഷോട്ട്‌ വലയുടെ മീതേയായിരുന്നു.
അപകടമൊഴിവായ ആശ്വാസത്തില്‍ വീണ്ടും ആക്രമണത്തിലേക്കു മടങ്ങിയ ബാഴ്‌സയ്‌ക്ക് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്‌ 56-ാം മിനിറ്റിലായിരുന്നു. ക്ലോസ്‌ റേഞ്ചില്‍ നിന്ന്‌ പന്ത്‌ സ്വീകരിച്ചു ഷോട്ടുതിര്‍ത്ത മെസിക്കു പക്ഷേ വീണ്ടും പിഴച്ചു. അവസാന മിനിറ്റുകളില്‍ പ്രതിരോധനിരയെ ഉള്‍പ്പടെ ആക്രമണത്തിനായി വിനിയോഗിച്ചെങ്കിലും യുവന്റസ്‌ കോട്ട തകര്‍ക്കാന്‍ ബാഴ്‌സയ്‌ക്കായില്ല.

Ads by Google
Friday 21 Apr 2017 01.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW