Thursday, April 19, 2018 Last Updated 11 Min 0 Sec ago English Edition
Todays E paper
Ads by Google

തുറന്നവാതില്‍

Dr. Mathew Kuzhalnadan
Dr. Mathew Kuzhalnadan
Friday 21 Apr 2017 01.15 AM

നിയമവാഴ്‌ച അട്ടിമറിക്കപ്പെടുമ്പോള്‍

uploads/news/2017/04/101126/1.jpg

1992 ഡിസംബര്‍ ആറാം തീയതി ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തത്‌ സംബന്ധിച്ച കേസില്‍ മുതിര്‍ന്ന ബി.ജെ.പി. നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, രാജസ്‌ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്‌, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവര്‍ തുടങ്ങി 15 പേര്‍ക്കെതിരേ ഗൂഢാലോചനക്കുറ്റം പുനഃസ്‌ഥാപിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വ്യാപക ചര്‍ച്ചകള്‍ക്കു വഴിതെളിച്ചിട്ടുണ്ട്‌.
ഇന്ത്യന്‍ നീതിന്യായ വ്യവസ്‌ഥയില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണു വിധിയെന്നു രാഷ്‌ട്രീയ നേതാക്കളും സാംസ്‌കാരിക നായകന്മാരുമൊക്കെ ഒരേ സ്വരത്തില്‍ പറയുകയുണ്ടായി. ഇതു രാജ്യത്തിന്റെ മതേതരത്വത്തിന്റെ തന്നെ വിജയമാണ്‌ എന്ന നിലയിലും അവകാശവാദം ഉന്നയിച്ചവര്‍ ഉണ്ട്‌. എന്നാല്‍, ഈ വിധി സൂക്ഷ്‌മമായി പരിശോധിച്ചാല്‍ എപ്രകാരമാണു രാജ്യത്തെ നീതിന്യായവ്യവസ്‌ഥ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി അട്ടിമറിക്കുന്നത്‌ എന്ന ചിത്രം വ്യക്‌തമാകും.
ഈ കാര്യത്തില്‍ ജൂഡീഷ്യറിയുടെ നിസഹായതയും നിരാശയും രാജ്യം കണ്ട എക്കാലത്തേയും മികച്ച അഭിഭാഷകരില്‍ ഒരാളായ ഫാലി എസ്‌. നരിമാന്റെ മകന്‍ രോഹിങ്‌ടണ്‍ നരിമാന്‍ എഴുതിയ വിധിന്യായത്തില്‍ ദര്‍ശിക്കാം.
ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തതുമായി ബന്ധപ്പെട്ട്‌ പ്രധാനമായും രണ്ട്‌ എഫ്‌.ഐ.ആറുകളാണ്‌ അന്നു ഫയല്‍ ചെയ്യപ്പെട്ടത്‌. 197/92, 198/92 എന്നിവയാണവ. ആദ്യ എഫ്‌.ഐ.ആറില്‍ ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്ത ലക്ഷക്കണക്കിനു കര്‍സേവകര്‍ക്കെതിരേ ആരാധാനാലയം തകര്‍ത്തതിനും കൊള്ളയും അതിക്രമവും നടത്തുകയും മതത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കായതിനുമടക്കം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. രണ്ടാമത്തെ എഫ്‌.ഐ.ആറില്‍ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ്‌ എന്നിവരുള്‍പ്പെടെ എട്ടുപേര്‍ക്കെതിരേ മതത്തിന്റെ പേരില്‍ ജനവിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുക, ദേശീയോഗ്രഥനത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുക, സമൂഹത്തില്‍ അസ്വസ്‌ഥത സൃഷ്‌ടിക്കുക എന്നീ കുറ്റങ്ങളാണു ചുമത്തപ്പെട്ടത്‌.
ഇതിനുപുറമേ വ്യത്യസ്‌ത കേസുകളിലായി 46 വ്യത്യസ്‌ത എഫ്‌.ഐ.ആറുകളും ഫയല്‍ ചെയ്യപ്പെട്ടു. കേസുകള്‍ വിചാരണ ചെയ്യാന്‍ ആദ്യം ലളിത്‌പുരില്‍ പ്രത്യേക കോടതി സ്‌ഥാപിച്ചെങ്കിലും പിന്നീട്‌ അലഹാബാദ്‌ ഹൈക്കോടതിയുടെ അനുമതിയോടെ 1993 സെപ്‌റ്റംബര്‍ എട്ടിന്‌ ഇറക്കിയ വിജ്‌ഞാപനപ്രകാരം ഇവ ലഖ്‌നൗവിലെ സ്‌പെഷല്‍ കോടതിയിലേക്കു മാറ്റുകയുണ്ടായി. എന്നാല്‍ ഇപ്രകാരം ചെയ്‌തപ്പോള്‍ അദ്വാനി, ജോഷി, കല്യാണ്‍ സിങ്‌ എന്നിവരുടെ പേരിലുള്ള എഫ്‌.ഐ.ആര്‍. 198/92 പ്രത്യേക കോടതിയിലേക്കു മാറ്റുകയുണ്ടായില്ല.
തുടര്‍ന്ന്‌ 1993 ഒക്‌ടോബര്‍ അഞ്ചിനു തന്നെ സി.ബി.ഐ. എല്ലാ കേസുകളും ചേര്‍ത്ത്‌ അദ്വാനി, ജോഷി, കല്യാണ്‍ സിങ്‌, ഉമാഭാരതി എന്നിവരെ ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനുശേഷം ഒക്‌ടോബര്‍ എട്ടിനു സംസ്‌ഥാന സര്‍ക്കാര്‍ പുതിയ ഒരു വിജ്‌ഞാപനത്തിലൂടെ അദ്വാനി തുടങ്ങി എട്ട്‌ പേര്‍ കുറ്റക്കാരായുള്ള എഫ്‌.ഐ.ആര്‍. 198/92 ലഖ്‌നൗ പ്രത്യേക കോടതിയിലേക്കു മാറ്റി.
എന്നാല്‍ ഈ വിജ്‌ഞാപനം ഇറക്കുമ്പോള്‍ അലഹബാദ്‌ ഹൈക്കോടതിയുമായി കൂടിയാലോചിച്ചല്ല എന്ന ഒരു സാങ്കേതിക പിഴവ്‌ സംഭവിച്ചു. ഇതു ചൂണ്ടിക്കാട്ടി പിന്നീട്‌ വിജ്‌ഞാപനം ഹൈക്കോടതി റദ്ദാക്കി. ഇതു മറികടക്കാന്‍ പിഴവ്‌ പരിഹരിച്ച്‌ പുനഃവിജ്‌ഞാപനം ചെയ്യുന്നതിനു പകരം സി.ബി.ഐ. അനുബന്ധ കുറ്റപത്രം നല്‍കുകയാണ്‌ ചെയ്‌തത്‌. ഇതുപ്രകാരം എല്ലാ പ്രതികളും പ്രഥമദൃഷ്‌ടിയാ കുറ്റക്കാരാണെന്നു പ്രത്യേക കോടതി കണ്ടെത്തുകയും വിചാരണ നടത്താന്‍ ഉത്തരവിടുകയും ചെയ്‌തു.
ഈ ഉത്തരവ്‌ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും വിജ്‌ഞാപനത്തിന്റെ സാങ്കേതികപ്പിഴവ്‌ പരിഹരിക്കാത്തതിനാല്‍ എഫ്‌.ഐ.ആര്‍. 198/92 ലെ പ്രതികള്‍ക്കെതിരായ കുറ്റപത്രം നിലനില്‍ക്കില്ലെന്നു ഫെബ്രുവരി 2001 ല്‍ അലഹബാദ്‌ ഹൈക്കോടതി വിധിച്ചു. ഈ വിധി അംഗീകരിച്ചുകൊണ്ട്‌ 2001 ജൂണ്‍ മാസം 16 നു വിജ്‌ഞാപനത്തിലെ പിഴവ്‌ പരിഹരിച്ചു പുനഃവിജ്‌ഞാപനം ചെയ്യണമെന്നു സി.ബി.ഐ. ഔദ്യോഗികമായി ഉത്തര്‍പ്രദേശ്‌ ചീഫ്‌ സെക്രട്ടറിയോട്‌ ആവശ്യപ്പെട്ടു. (ഈ സമയം ഉത്തര്‍പ്രദേശില്‍ ബി.എസ്‌.പിയും, ബി.ജെ.പിയും, ലോക്‌ദളും ചേര്‍ന്ന മുന്നണി സര്‍ക്കാരാണ്‌ അധികാരത്തിലുണ്ടായിരുന്നത്‌. കേന്ദ്രത്തില്‍ ബി.ജെ.പി. സര്‍ക്കാരും) എന്നാല്‍, ഒരു വര്‍ഷവും മൂന്ന്‌ മാസവും കഴിഞ്ഞപ്പോള്‍ ഈ ആവശ്യം ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ഔദ്യോഗികമായി നിരാകരിച്ചു. ഈ നിരാകരണ ഉത്തരവിനെ ചോദ്യം ചെയ്യാന്‍ അന്ന്‌ സി.ബി.ഐ. യും തയാറായില്ല. ഇതിനിടെ ഹൈക്കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ അദ്വാനി മുതല്‍പേരെ കുറ്റപത്രത്തില്‍നിന്നും പ്രത്യേക കോടതി ഒഴിവാക്കിയിരുന്നു.
ഇത്തരത്തില്‍ സാങ്കേതികമായി കുറ്റപത്രത്തില്‍നിന്നും രക്ഷപ്പെട്ടവര്‍ തങ്ങളുടെ രാഷ്‌ട്രീയ സ്വാധീനമുപയോഗപ്പെടുത്തി നിയമവ്യവസ്‌ഥയ്‌ക്ക്‌ മുന്നില്‍നിന്നും രക്ഷപ്പെട്ടുനിന്നു. മേല്‍പറഞ്ഞ പ്രതികളെ ഒഴിവാക്കിയ പ്രത്യേക കോടതിയുടെ ചോദ്യം ചെയ്‌ത ഹര്‍ജിയിലാണ്‌ ഇപ്പോഴത്തെ സുപ്രീം കോടതിയുടെ വിധി. രാഷ്‌ട്രീയധികാരമുപയോഗപ്പെടുത്തി 25 വര്‍ഷം നീതിന്യായ വ്യവസ്‌ഥയില്‍നിന്ന്‌ ഒഴിഞ്ഞുനിന്നവരെ നിയമത്തിനു മുന്നിലെത്തിക്കുന്നതാണു സുപ്രീംകോടതി വിധി.
ഈ കാലയളവിനിടയില്‍ നാല്‌ പേരുടെ ആയുസ്‌ അവസാനിച്ചു. അവര്‍ ചെയ്‌ത കുറ്റം വിചാരണ ചെയ്യപ്പെട്ടില്ല. ഇനി ബാക്കിയുള്ളവരുടെ വിചാരണ വര്‍ഷങ്ങള്‍ക്കുശേഷം ആരംഭിക്കാന്‍ പോകുന്നതേയുള്ളൂ. ഇനിയും മേല്‍ക്കോടതികളിലെ അപ്പീലിന്റെ സാധ്യതകള്‍ക്കൂടി ഉപയോഗപ്പെടുത്തിയാല്‍ ഇന്നത്തെ നിലയില്‍ ഒന്നോ രണ്ടോ ദശാബ്‌ദം നിയമത്തിന്റെ കരങ്ങള്‍ തങ്ങളില്‍നിന്ന്‌ അകറ്റി നിര്‍ത്താന്‍ ഇവര്‍ക്ക്‌ കഴിഞ്ഞേക്കാം. ഇവിടെ തോല്‍ക്കുന്നത്‌ ആരാണ്‌? ഭരണഘടനയോ, കോടതിയോ, അതോ ഏതൊരു ജനാധിപത്യ സമൂഹത്തിന്റേയും അടിസ്‌ഥാന ശിലയായ നിയമവാഴ്‌ചയോ?
ബാബ്‌റി മസ്‌ജിദിന്റെ താഴികക്കുടങ്ങള്‍ തകര്‍ക്കുമ്പോള്‍ പളളിയുടെ മിനാരത്തിന്‌ മുകളില്‍ കയറി നില്‍ക്കുന്ന കര്‍സേവകരോട്‌ കുബ്ബ (മിനാരം) നിലം പൊത്തുന്നതിനുമുമ്പ്‌ സ്വയം താഴെ ഇറങ്ങാന്‍ അദ്വാനി ആവശ്യപ്പെടുന്നതും, സി.ആര്‍.പി.എഫ്‌. ഭടന്മാര്‍ സ്‌ഥലത്തേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നത്‌ തടയാന്‍ കര്‍സേവകര്‍ കൂട്ടത്തോടെ ആ പ്രദേശത്തെ റോഡ്‌ ബ്ലോക്ക്‌ ചെയ്യാന്‍ അദ്വാനി ആഹ്വാനം ചെയ്യൂന്നതും കേട്ടു എന്ന്‌ 48-ാം സാക്ഷിയുടെ മൊഴി വിധിയില്‍ പ്രതിപാദിക്കുന്നുണ്ട്‌.
രാജ്യത്തിന്റെ മതേതര അടിത്തറ ഇളക്കുന്ന കുറ്റങ്ങള്‍ ചെയ്‌തു എന്നാണു പ്രതികള്‍ക്കെതിരെയുള്ള ആരോപണമെന്നും ഇതു വിചാരണ ചെയ്യാതെ പൊയ്‌ക്കൂടാ എന്ന വികാരവും പങ്കുവയ്‌ക്കുന്ന സുപ്രീംകോടതി വിധിയില്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ക്ക്‌ ആശ്വസിക്കാം. എങ്കിലും, ഏതു ശക്‌തികള്‍ക്കപ്പുറവും രാജ്യത്തിന്റെ നിയമവാഴ്‌ചയെ ശക്‌തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ്‌ ഇവിടെ ചര്‍ച്ചചെയ്യപ്പെടേണ്ടത്‌.

തുറന്നവാതില്‍ ഡോ. മാത്യു കുഴല്‍ നാടന്‍

Ads by Google

തുറന്നവാതില്‍

Dr. Mathew Kuzhalnadan
Dr. Mathew Kuzhalnadan
Friday 21 Apr 2017 01.15 AM
YOU MAY BE INTERESTED
TRENDING NOW