Thursday, April 20, 2017 Last Updated 12 Min 54 Sec ago English Edition
Todays E paper
Thursday 20 Apr 2017 07.04 PM

ആ കുരിശ് നീക്കിയപ്പോള്‍ സന്തോഷിച്ചത് ക്രിസ്തു തന്നെയായിരിക്കും: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Munnar eviction

നിരണം: മൂന്നാറില്‍ കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതിനെ പിന്തുണച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ആ കുരിശ് നീക്കം ചെയ്തപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങള്‍, നമുക്ക് അവസാനം ഒരു റവന്യു മന്ത്രി ഉണ്ടായിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഒരു പഴയ സംഭവ കഥ ഓർക്കുന്നു. ഒരു ആഫ്രിക്കൻ രാജ്യത്ത് സുവിശേഷീകരണം നടത്താൻ കുറെ വെള്ളക്കാർ ചെന്നു. കുറെ ആഫ്രിക്കക്കാരെ ഒരുമിച്ച് നിർത്തി അവരോട് കണ്ണടക്കാൻ പറഞ്ഞു. പ്രാർത്ഥന കഴിഞ്ഞു അവർ കണ്ണു തുറന്നപ്പോൾ വെള്ളക്കാരുടെ കൈയ്യിലിരുന്ന ബൈബിൾ എല്ലാം ആഫ്രിക്കക്കാരുടെ കൈകളിലും ആഫ്രിക്കക്കാരുടെ കൈവശം ഉണ്ടായിരുന്ന ഭൂമി എല്ലാം വെള്ളക്കാരുടെ കൈയ്യിലുമായി. ബൈബിളും കുരിശും എല്ലാം പല കാലത്തും കോളനിവൽക്കരണത്തിനും അധിനിവേശത്തിനുമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരിടത്ത് ഞാൻ എഴുതിയതു പോലെ കുറെ വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ഒരു സ്ഥലത്ത് തോമാഗ്ലീഹയുടെ കാലത്തെ ഒരു കുരിശ് കണ്ടെത്തി എന്ന് പറഞ്ഞ് കുറെ നേതാക്കൾ പാവപ്പെട്ട വിശ്വാസികളെ സംഘടിപ്പിച്ച് ആ പ്രദേശം വെട്ടിപ്പിടിച്ചു. കൈയ്യേറ്റ തിരക്കിൽ തോമഗ്ലീഹയുടെ കാലത്ത് സിമന്റ് കുരിശ് ഇല്ലായിരുന്നു എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും ഉദിച്ചില്ല. ഈ അധിനിവേശ പാരമ്പര്യത്തിന്റെ ഏറ്റവും സമീപകാല ഉദാഹരണമാണ് മൂന്നാറിലെ കുരിശ് . ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോൾ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും - മൂന്നാർ ദൗത്യത്തിന് അഭിവാദ്യങ്ങൾ, നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നു

Ads by Google
TRENDING NOW