Saturday, June 24, 2017 Last Updated 0 Min 15 Sec ago English Edition
Todays E paper
Thursday 20 Apr 2017 04.12 PM

പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി

uploads/news/2017/04/101098/joythi200417.jpg

ബാലരൂപിയായ വിഷ്ണു, വിശാലമായ ജലപ്പരപ്പില്‍ ആലിലയില്‍ പള്ളികൊണ്ട് കിടക്കുമ്പോള്‍ തന്റെ സ്വത്വത്തെക്കുറിച്ചും സൃഷ്ടിയെക്കുറിച്ചുമെല്ലാം സന്ദേഹിച്ചു വ്യാകുലപ്പെടാന്‍ തുടങ്ങി.

പ്രപഞ്ചത്തിന് ആധാരഭൂതമായ മൂന്ന് ഗുണങ്ങളാണ്. സാത്വികം, രാജസം, താമസം എന്നിവ. ഇവ കാണാവുന്നവയും നശ്വരവുമാണ്. എന്നാല്‍ ഈശ്വരന് ആകൃതിയോ, രൂപമോ ഇല്ലാത്തതിനാല്‍ അദ്ദേഹം നിര്‍ഗ്ഗുണനാണെന്ന് പറയാം.

മാംസചക്ഷുസ്സുകള്‍കൊണ്ട് അദ്ദേഹത്തെ കാണാന്‍ സാധിക്കുകയില്ല. മറിച്ച് ജ്ഞാനം കൊണ്ടറിയാം. തമസ്സായിരുന്ന ദിവ്യശക്തിയില്‍നിന്ന് ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിങ്ങനെയുള്ള പഞ്ചതന്മാത്രകള്‍ ഉണ്ടായി.

ജ്ഞാനശക്തിയോടുകൂടിയ സാത്വികത്തില്‍നിന്നും വായു, സൂര്യന്‍, പാശി, രണ്ട് അശ്വനിദേവകള്‍, ചന്ദ്രന്‍, ബ്രഹ്മാവ്, രുദ്രന്‍, ക്ഷേത്രജ്ഞന്‍, മനസ്സ് എന്നീ പത്തു തത്വങ്ങള്‍ ആവിര്‍ഭവിച്ചു.

ഇവയുടെ പഞ്ചീകരണത്തില്‍നിന്നും പഞ്ചഭൂതങ്ങളുണ്ടായി. ഈ പഞ്ചീകൃതമായ ഭൂതത്തില്‍ പ്രവേശിക്കുന്ന ചൈതന്യത്തെ ആദിനാരായണന്‍ എന്ന് പറയുന്നു.

ആകാശത്തിന് ശബ്ദം എന്ന ഗുണവും വായുവിന് ശബ്ദം, സ്പര്‍ശം എന്നീ ഗുണങ്ങളും അഗ്നിക്ക് ശബ്ദസ്പര്‍ശ രൂപഗുണങ്ങളും ജലത്തിന് ശബ്ദസ്പര്‍ശരൂപരസ ഗുണങ്ങളും ഭൂമിക്ക് ശബ്ദസ്പര്‍ശ രൂപരസഗന്ധ ഗുണങ്ങളും ഉണ്ടായിരിക്കുന്നു. ഈ പഞ്ചഭൂതങ്ങളുടെ നാനാരൂപത്തിലുള്ള പ്രകടിത ഭാവത്തെയാണ് ഒരുമിച്ച് ബ്രഹ്മാണ്ഡം എന്ന് പറയുന്നത്.

ബാലരൂപിയായ വിഷ്ണു, വിശാലമായ ജലപ്പരപ്പില്‍ ആലിലയില്‍ പള്ളികൊണ്ട് കിടക്കുമ്പോള്‍ തന്റെ സ്വത്വത്തെക്കുറിച്ചും സൃഷ്ടിയെക്കുറിച്ചുമെല്ലാം സന്ദേഹിച്ചു വ്യാകുലപ്പെടാന്‍ തുടങ്ങി.

അപ്പോള്‍ മഹാദേവിയായ പരാശക്തി അദ്ദേഹത്തിന് ആദ്യം അശരീരി വാക്യങ്ങളായും പിന്നെ സ്വരൂപിയായും സാന്ത്വനമരുളി.

''അല്ലയോ വിഷ്ണൗ, ലോകത്തിന് സൃഷ്ടിസ്ഥിതിലയങ്ങളുണ്ടാകുന്ന കാലങ്ങളിലെല്ലാം പരാശക്തിയുടെ പ്രഭാവം നിമിത്തം അങ്ങയും ഉണ്ടായിട്ടുണ്ടല്ലോ. ഇനി സത്വഗുണ പ്രധാനനായ അങ്ങയുടെ നാഭിയില്‍നിന്ന് രജോഗുണ പ്രധാനനായ ബ്രഹ്മാവുണ്ടാകും. ആ ബ്രഹ്മാവിന്റെ ഭൂമദ്ധ്യത്തില്‍നിന്ന് താമസശക്തിയോടുകൂടിയ ശിവനും ജനിക്കും.

ബ്രഹ്മാവ് തന്റെ രജോഗുണംകൊണ്ട് രക്തവര്‍ണ്ണമായ ലോകത്തെ സൃഷ്ടിക്കും. ആ ജഗത്തിന് അങ്ങ് രക്ഷിതാവായിത്തീരും. ശിവമൂര്‍ത്തിയാകട്ടെ, കല്പാന്തത്തില്‍ അതിന്റെ ഹന്താവുമായിത്തീരും.

ഈ കര്‍മ്മങ്ങള്‍ക്കെല്ലാം സാക്ഷിയും സഹായിയുമായി വര്‍ത്തിക്കുന്നത് സാത്വികശക്തിയായ ഞാന്‍ തന്നെയാണെന്നും അറിഞ്ഞുകൊള്‍ക.''

ഇതുകേട്ട് വിഷ്ണു സന്ദേഹമകന്ന് പരാശക്തിയായ ദേവിയെ സ്തുതിച്ചു.

ഡോ. സി.ആര്‍. ചന്ദ്രലേഖ
തിരുവനന്തപുരം

Ads by Google
TRENDING NOW