Wednesday, February 14, 2018 Last Updated 10 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 20 Apr 2017 03.56 PM

ഉള്ളുരുകിക്കരഞ്ഞിട്ടും ദൈവമത് കേട്ടില്ല

uploads/news/2017/04/101092/Weeklypenma200417.jpg

നാടകത്തില്‍നിന്ന് കിട്ടുന്നത് തുച്ഛമായ കാശാണ്. നാലംഗകുടുംബത്തെ പോറ്റാന്‍ അത് തികയില്ലെന്ന് വന്നപ്പോഴാണ് മകള്‍ ബീനയും അഭിനയരംഗത്തേക്കിറങ്ങിയത്.

കെ.പി.എ.സി ഉള്‍പ്പെടെ ഒരുപാട് നാടകട്രൂപ്പുകളില്‍ അഭിനയിച്ച ശേഷം അവളൊരു നാടകപ്രവര്‍ത്തകനെ വിവാഹം ചെയ്തു. കുടുംബിനിയായി. ഒരാണ്‍കുട്ടിയുടെ അമ്മയുമായി. ഞാനാകട്ടെ നാടകത്തില്‍നിന്ന് സിനിമയിലെത്തി.

രണ്ടുവര്‍ഷം മുമ്പാണ് അവള്‍ക്ക് അസുഖമാണെന്ന വിവരമറിഞ്ഞത്. ആ സമയത്ത് ഞാന്‍ സിനിമയില്‍ നല്ല തിരക്കിലാണ്. ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള ഓട്ടത്തിനിടയില്‍ വീട്ടിലെത്തുന്നതുതന്നെ അപൂര്‍വം.

അതിനിടയ്ക്കാണ് ബീനയുടെ അസുഖത്തെക്കുറിച്ചറിഞ്ഞത്. എന്തോ ചെറിയ അസുഖമായിരിക്കാം എന്നാണ് കരുതിയത്. പെട്ടെന്നൊരു ദിവസം വീട്ടില്‍നിന്നൊരു ഫോണ്‍.

''ബീനയെ ഹോമിയോ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.''
എല്ലാ തിരക്കുകളും മാറ്റിവച്ച് ഒരു ദിവസം ഞാന്‍ മോളെക്കാണാന്‍ ആശുപത്രിയിലെത്തി. അവളുടെ കോലം കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ആകെ ക്ഷീണിച്ചിരിക്കുന്നു.

''എന്താ അമ്മേ എനിക്ക് അസുഖം? ചോദിച്ചിട്ട് ആരും പറയുന്നില്ല.''
എന്നെക്കണ്ടയുടന്‍ ബീനയുടെ ചോദ്യം. സത്യം പറഞ്ഞാല്‍ എനിക്കും അറിയില്ലായിരുന്നു.
''ഇംഗ്ലീഷ് മരുന്നുകള്‍ കഴിച്ചതുകൊണ്ടുണ്ടായ അലര്‍ജിയാണ് ചേച്ചിക്ക്.''

തൊട്ടടുത്തുണ്ടായിരുന്ന മകന്‍ പറഞ്ഞു. അവളെപ്പോലെ ഞാനുമത് വിശ്വസിച്ചു. അക്കാലത്ത് തിരുവനന്തപുരത്തായിരുന്നു ഷൂട്ടിംഗ്. രാത്രി ഷൂട്ടിംഗ് കഴിഞ്ഞാല്‍ നേരെ ആശുപത്രിയിലെത്തും. രാവിലെ അവിടെനിന്ന് ലൊക്കേഷനിലേക്ക് പോകും.

വല്ലാത്തൊരു അവസ്ഥയിലായിരുന്നു എന്റെ മോള്‍. ആഹാരം കഴിക്കുമ്പോള്‍ പോലും വേദനിക്കുന്നു. ജ്യൂസ്‌പോലും കൊടുക്കുന്നത് സ്പൂണിലാണ്. ഒരു ദിവസം അവള്‍ ഏറ്റവുമിഷ്ടപ്പെട്ട നെയ്യും ചോറും കഴിക്കണമെന്ന് ആവശ്യപ്പെട്ടു.

ചോറില്‍ പരിപ്പും ഉപ്പുമിട്ട് കുഴച്ച് സ്‌നേഹത്തോടെ വാരിനല്‍കിയപ്പോള്‍ അവള്‍ വേദന കൊണ്ട് പുളഞ്ഞു. വായിലേക്ക് വന്നതിന്റെ ഇരട്ടി സ്പീഡില്‍ പുറത്തേക്ക് തുപ്പി. അപ്പോഴാണ് ഞാന്‍ നാവുകണ്ടത്.

പൂപ്പല്‍ ബാധിച്ചിരിക്കുന്നു. ഇവള്‍ക്ക് കാര്യമായ അസുഖമെന്തോ ഉണ്ട്. വൈകിട്ട് മോന്‍ വന്നപ്പോള്‍ അവനെ ആശുപത്രിക്ക് പുറത്തേക്ക് പിടിച്ചുകൊണ്ടുപോയി.

''ഇനിയെങ്കിലും പറയെടാ. എന്താ മോളുടെ അസുഖം?''
എന്റെ ദേഷ്യം കണ്ടപ്പോള്‍ അവന്‍ പറഞ്ഞു.

''അമ്മ വിഷമിക്കരുത്. ബീന പോയാലും അമ്മയ്ക്ക് മൂന്നുമക്കളുണ്ടാവും.''
എനിക്കൊന്നും മനസ്സിലായില്ല.

''ബീനയ്ക്ക് ബ്ലഡ്കാന്‍സറാണ്. ഡോക്ടര്‍മാര്‍ക്ക് ഇനിയൊന്നും ചെയ്യാനില്ല. നാളെത്തന്നെ വീട്ടിലേക്ക് കൊണ്ടുപൊയ്‌ക്കൊള്ളാന്‍ പറഞ്ഞു.''

പൊട്ടിക്കരയണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷേ മക്കളുടെ മുമ്പില്‍ വച്ച് കരഞ്ഞാല്‍ അവരുടെ ധൈര്യവും പോയാലോ. അതിനാല്‍ എല്ലാം ഉള്ളിലൊതുക്കി നടന്നു. ഞാന്‍ ദൈവത്തോട് ഉള്ളുരുകി പ്രാര്‍ഥിച്ചു.

''ബീനയ്ക്കുപകരം എന്റെ ജീവനെടുത്തോളൂ. ഞാനൊരുപാട് ജീവിതം കണ്ടതാണ്. അവളാകട്ടെ ജീവിച്ചുതുടങ്ങുന്നതേയുള്ളൂ.''
ഒന്നരമാസത്തെ ആശുപത്രിജീവിതത്തിനുശേഷം ബീനയെ വീട്ടിലേക്ക് കൊണ്ടുപോയി.

ഒരു വ്യാഴാഴ്ചയായിരുന്നു 'ഹലോ നമസ്‌തെ'യുടെ ഷൂട്ടിംഗ് കഴിഞ്ഞത്. പിറ്റേ ദിവസം ഒരു ചാനലിന്റെ കോമഡി പ്രോഗ്രാം. അതുകഴിഞ്ഞ് മുറിയിലെത്തുമ്പോള്‍ ഏറെ വൈകിയിയിരുന്നു. പുലര്‍ച്ചെ നാലു മണിക്ക് എന്റെ ഫോണ്‍ ബെല്ലടിച്ചു. നോക്കിയപ്പോള്‍ മോനാണ്.

''ചേച്ചിക്ക് സീരിയസ്സാണ്. അമ്മ ഇപ്പോള്‍ത്തന്നെ പുറപ്പെടണം.''
എനിക്ക് കാര്യം മനസ്സിലായി.
''അവള്‍ പോയി. അേല്ലടാ.''

ഞാന്‍ തിരിച്ചുചോദിച്ചപ്പോള്‍ മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു. അപ്പോള്‍ത്തന്നെ ഒരു വണ്ടി ഏര്‍പ്പാട് ചെയ്ത് പുറപ്പെട്ടു. വീടിന്റെ ഗേറ്റിലെത്തിയപ്പോഴാണ് മരണമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനായത്. ബന്ധുക്കള്‍ ഓടിവന്ന് എന്റെ കൈപിടിച്ചു.

''അവള്‍ മരിച്ചുകിടക്കുന്നത് കാണാന്‍ എനിക്ക് കഴിയില്ല. ഞാനിവിടെ ഈ കാറിലിരുന്നോളാം.''

വാശി പിടിച്ചിരുന്നിട്ടും ബന്ധുക്കളില്‍ ചിലര്‍ എന്നെ ബലമായി പിടിച്ചുകൊണ്ടുപോയി. മോളുടെ ചലനമറ്റ ശരീരത്തിലേക്ക് ഒരിക്കല്‍മാത്രമേ ഞാന്‍ നോക്കിയുള്ളൂ. മക്കളുടെ മരണം കണ്ടുനില്‍ക്കാന്‍ പെറ്റമ്മയ്ക്ക് കഴിയില്ല. അതിനേക്കാള്‍ സങ്കടം വേറെയെന്തുണ്ട് ഭൂമിയില്‍?

തയ്യാറാക്കിയത്: രമേഷ് പുതിയമഠം

Ads by Google
Ads by Google
TRENDING NOW