Wednesday, May 23, 2018 Last Updated 50 Min 52 Sec ago English Edition
Todays E paper
Ads by Google
കെ.ആര്‍.പ്രമോദ്‌
Thursday 20 Apr 2017 01.21 AM

സദ്യയുണ്ണുന്ന ദൈവങ്ങള്‍

uploads/news/2017/04/100859/bft1.jpg

ദൈവങ്ങള്‍ സദ്യയുണ്ണാറുണ്ട്‌. വയറിന്‌ അസുഖം വന്നാല്‍ മരുന്നു കഴിക്കാറുമുണ്ട്‌. പുത്തരിച്ചോറുണ്ടാല്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ദേവന്‌ വയറ്റിലസുഖമുണ്ടാകുമെന്നാണു സങ്കല്‍പ്പം. തുലാമാസത്തിലെ തിരുവോണ ദിവസമാണ്‌ അവിടെ പുത്തരിനിവേദ്യം പതിവ്‌. അതുകഴിഞ്ഞാല്‍ 'മുക്കുടി' എന്ന മരുന്നുകൂട്ടും നിവേദിക്കും. വയറ്റിലസുഖം മാറ്റുന്നതിനുള്ള മരുന്നാണ്‌ 'മുക്കുടി'. മഹാവൈദ്യനായിരുന്ന കുട്ടഞ്ചേരി മൂസതിനായിരുന്നു 'മുക്കുടി' ഉണ്ടാക്കാനുള്ള ചുമതല. മൂസതിനെ നേരിട്ടുകണ്ട്‌ ദേവന്‍ രോഗവിവരം പറഞ്ഞതായാണു കഥ.
വൈക്കം ക്ഷേത്രത്തിലും 'മുക്കുടി' നിവേദ്യമുണ്ട്‌. പണ്ട്‌, പന്ത്രണ്ടു ദിവസവും ഉത്സവസദ്യ കഴിച്ച വൈക്കത്തപ്പന്‌ മുക്കുടി നിവേദിച്ചെന്നാണു കഥ.
ചേര്‍ത്തലയ്‌ക്കു സമീപമുള്ള മരുത്തോര്‍വട്ടം ധന്വന്തരീക്ഷേത്രത്തില്‍ വാവുനാളില്‍ ഉണക്കലരിച്ചോറും താളുകറിയുമാണ്‌ ഭഗവാനു നേദിക്കുന്നത്‌. ഈ താളുകറി ഉദരരോഗത്തിനു മികച്ച മരുന്നായി കരുതുന്നു.
ഒരു നേരം പോലും കഞ്ഞികുടിക്കാന്‍ തത്രപ്പെടുന്ന മനുഷ്യര്‍ക്ക്‌ സദ്യ എന്നത്‌ ആഘോഷമായിരുന്നു. ഉത്സവസദ്യ അങ്ങിനെ ഉണ്ടായതാകാം. സദ്യയുടെ ആളാണു വൈക്കത്തപ്പന്‍. അന്നദാനപ്രഭു!.
അതുകൊണ്ടുതന്നെ വൈക്കം ക്ഷേത്രത്തിലെ 'പ്രാതല്‍' വിശേഷപ്പെട്ടതായി. പ്രാതല്‍ സദ്യയില്‍ ഭഗവാന്‍ പങ്കുകൊള്ളുന്നു എന്നു സങ്കല്‍പ്പിച്ച്‌ വിളക്കുവച്ച്‌ ഇലയിട്ട്‌ എല്ലാ വിഭവങ്ങളും ഭഗവാനു വിളമ്പിയശേഷമാണ്‌ 'പ്രാതല്‍' നടത്തുക. എരിവ്‌, പുളി, ഉപ്പ്‌, മധുരം എന്നിവ പാകത്തിന്‌ - എന്നാണ്‌ വൈക്കത്തെ സദ്യയെക്കെുറിച്ചു പറയുന്നത്‌. പഴംപ്രഥമനും ചക്കപ്രഥമനും കാളനുമാണ്‌ ഏറ്റവും പ്രസിദ്ധി. പഴയകാലത്ത്‌ പടിഞ്ഞാറേനട മുതല്‍ ബോട്ട്‌ജെട്ടി വരെ സദ്യയ്‌ക്കായി ഇലയിട്ടിരുന്നത്രേ.
ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യയിലും ആറന്മുള ഭഗവാന്‍ പങ്കെടുക്കുന്നു എന്നാണ്‌ വിശ്വാസം. കാളന്‍, ഓലന്‍, എരിശേരി, പരിപ്പ്‌, പച്ചടി, സാമ്പാര്‍, അപ്പം, വട, എള്ളുണ്ട, ബോളി, ചെറുതും വലുതുമായ പപ്പടം, പഴംനുറുക്ക്‌, പഞ്ചസാര, നാലുകൂട്ടം പ്രഥമന്‍, എട്ടുകൂട്ടം ഉപ്പേരി, അത്രയും ഉപ്പിലിട്ടത്‌, ഉറത്തൈര്‌, മോര്‌ എന്നിങ്ങനെയാണു വിഭവങ്ങള്‍. അമ്പലപ്പുഴ ക്ഷേത്രത്തിലെ ഒമ്പതാം ഉത്സവത്തിന്‌ നാടകശാലസദ്യയില്‍ അമ്പലപ്പുഴ കൃഷ്‌ണന്‍ വിളമ്പുകയും ഉണ്ണുകയും ചെയ്യുമെന്ന്‌ മറ്റൊരു കഥ. അവിടെയും ഭഗവാന്‌ പ്രത്യേകം വിളമ്പുന്ന രീതിയുണ്ട്‌. ക്ഷേത്രദര്‍ശനത്തിനെത്തിയ വില്വമംഗലത്ത്‌ സ്വാമിയാര്‍, കൃഷ്‌ണനെ ശ്രീകോവിലില്‍ കണ്ടില്ലെന്നും തെരഞ്ഞുചെന്നപ്പോള്‍ ഭക്‌തര്‍ക്ക്‌ സദ്യ വിളമ്പുന്ന രൂപത്തില്‍ കണ്ടു എന്നുമുള്ള വിശ്വാസമാണ്‌ നാടകശാല സദ്യയ്‌ക്കു നിദാനം. അമ്പലപ്പുഴ പാല്‍പ്പായസവും ഭഗവാന്റെ ആഗ്രഹപ്രകാരം ഉണ്ടായതാണ്‌. ശ്രീകൃഷ്‌ണന്‍ ബ്രാഹ്‌മണകുമാരന്റെ വേഷത്തില്‍ വന്ന്‌ അമ്പലപ്പുഴ രാജാവിനെ ചതുരംഗത്തില്‍ വാതുവച്ച്‌ തോല്‍പിച്ച്‌ നെല്ല്‌ വാങ്ങിയതും ഈ നെല്ല്‌ അരിയാക്കി പാല്‍പ്പായസം വച്ച്‌ നിവേദിക്കാന്‍ ആവശ്യപ്പെട്ടതും നാം കേട്ടിട്ടുണ്ട്‌. ഇനി, തവികൊണ്ട്‌ ചോറു വിളമ്പുന്ന രൂപത്തിലുള്ള ഭഗവതിയെക്കുറിച്ച്‌: കണ്ണൂരിനടുത്തുള്ള ചെറുകുന്ന്‌ അന്നപൂര്‍ണേശ്വരീ ക്ഷേത്രത്തിന്റെ കാര്യമാണു പറയുന്നത്‌.
കേരളത്തിലെ ഏക അന്നപൂര്‍ണേശ്വരീ ക്ഷേത്രം. സദ്യ നല്‍കലാണ്‌ ഇവിടെ പ്രധാനം. ചോറുകുന്നാണ്‌ ചെറുകുന്നായതെന്ന വാദമുണ്ട്‌. ഒരുകാലത്ത്‌, നടയട്‌ക്കുംമുമ്പേ മേല്‍ശാന്തി വെളിയില്‍വന്ന്‌ 'അത്താഴപ്പട്ടിണിക്കാരുണ്ടോ' എന്ന്‌ മൂന്നുവട്ടം വിളിച്ചുചോദിച്ചിരുന്നു. ആരുമില്ലെങ്കില്‍പ്പോലും മതിലിനു വെളിയില്‍ കുറച്ച്‌ ചോറുപൊതികള്‍ സൂക്ഷിക്കും. ടിപ്പുസുല്‍ത്താന്റെ സൈന്യം ക്ഷേത്രം ആക്രമിക്കാന്‍ രാത്രിയിലെത്തിയപ്പോള്‍ ഈ ചോറുപൊതികള്‍ കഴിച്ച്‌ മടങ്ങിപ്പോയെന്നു കഥയുണ്ട്‌.
'ചെറുകുന്നിലമ്മേ, ഒരു കുന്ന്‌ ചോറ്‌' -എന്നാണ്‌ ചൊല്ല്‌.
വിശിഷ്‌ടവിഭവങ്ങളൊന്നുമില്ലെങ്കിലും ദൈവങ്ങള്‍ തൃപ്‌തരാകുമെന്നതാണു സത്യം. കണ്ണിമാങ്ങയോ തേങ്ങാക്കൊത്തോ മതി നേദിക്കാന്‍. അപ്രതീക്ഷിതമായി വിഗ്രഹം കിട്ടിയാല്‍ അവിടെക്കാണുന്ന വസ്‌തുക്കള്‍ക്കൊണ്ട്‌ നിവേദ്യം കഴിക്കാറുണ്ട്‌.വില്വമംഗലത്തിന്‌ ശ്രീപത്മനാഭന്‍ ആദ്യം ദര്‍ശനം നല്‍കിയത്‌ അനന്തന്‍കാട്ടിലായിരുന്നു. കൊടുംകാട്ടില്‍വച്ച്‌ ''എനിക്കു വിശക്കുന്നു'' എന്നു പറഞ്ഞ ഭഗവാന്റെ വിശപ്പുതീര്‍ക്കാന്‍ മറ്റൊന്നും കാണാത്തതുകൊണ്ട്‌ കാട്ടുമാങ്ങ പറിച്ച്‌ നേദിക്കുകയായിരുന്നു സ്വാമിയാര്‍. ഒരു ചിരട്ടയിലാണു കണ്ണിമാങ്ങ നേദിച്ചത്‌. ആ ചിരട്ട സ്വര്‍ണത്തകിടുപൊതിഞ്ഞ്‌ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണു വയ്‌പ്പ്.
കൃഷിയിടത്തിലെ കാവല്‍ക്കാരനായിരുന്ന ചാത്തന്‍, ചുട്ട തേങ്ങാപ്പൂള്‍ നല്‍കി ഗണപതിയെ വശത്താക്കിയ കഥയുണ്ട്‌. കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കാതിരിക്കാന്‍ രാത്രി കാവലിരുന്ന മൂപ്പര്‍ നെരിപ്പോടുണ്ടാക്കി തീ കായുമായിരുന്നു. വിരസത മാറ്റാന്‍ കൊട്ടത്തേങ്ങ പൊട്ടിച്ച്‌ പൂളുകളാക്കി നെരിപ്പോടിലിട്ട്‌ ചുട്ടു കഴിക്കും. ചുട്ട തേങ്ങയുടെ മണം പരന്ന ഒരു രാത്രിയില്‍ കുട്ടിയാനയുടെ രൂപത്തില്‍ ഗണപതി ചാത്തന്റെയടുത്തെത്തി തേങ്ങാപ്പൂള്‍ വാങ്ങി! ക്രമേണ ചാത്തനൊപ്പം കൂട്ടുകൂടുകയും ചെയ്‌തു!
ആറാട്ടുപുഴ പൂരത്തിന്‌ ഭാരതത്തിലെ എല്ലാ ക്ഷേത്രത്തിലെയും ദൈവങ്ങളുടെ 'അത്താഴം' നേരത്തേ കഴിയും! ആറാട്ടുപുഴ ദേവസംഗമത്തില്‍ പങ്കുചേരാന്‍ എല്ലാ ദൈവങ്ങള്‍ക്കും എത്തേണ്ടതുണ്ടത്രേ. സാക്ഷാല്‍ കാശി വിശ്വനാഥന്റെ അത്താഴപ്പൂജ പോലും നേരത്തെയാക്കും!. വടക്കുംനാഥന്റെ അത്താഴപ്പൂജയും നേരത്തേതന്നെ.
ഉത്തരകേരളത്തില്‍ കാമദേവനു പൂജ ചെയ്യുന്നവര്‍ നെല്ല്‌ തന്നത്താന്‍ കുത്തി അരിയാക്കി പാടത്തുനിന്നു കൊണ്ടുവന്ന മണ്ണുകൊണ്ട്‌ അടുപ്പുണ്ടാക്കി ഉണങ്ങിയ എള്ളിന്‍തണ്ട്‌ വിറകായിക്കത്തിച്ച്‌ അരി വേവിച്ച്‌ ചോറാക്കി സമര്‍പ്പിക്കുമായിരുന്നു. മഞ്ഞള്‍പ്പൊടിയും തെങ്ങിന്‍പൂക്കുലയും പാലും ചേര്‍ന്ന്‌ നാഗദൈവങ്ങള്‍ക്ക്‌ 'നൂറും പാലും' സദ്യയൊരുക്കുന്നത്‌ ആയില്യംപൂജയുടെ ഭാഗമാണ്‌.
മഞ്ഞളും ചുണ്ണാമ്പും വെള്ളത്തില്‍ കലക്കിയുണ്ടാക്കുന്ന കടുംരക്‌തവര്‍ണത്തിലുള്ള കൂട്ടാണ്‌ കാളീദേവിയുടെ പാനീയം. ഇത്‌ 'ഗുരുതി' എന്നും 'ഗുരുസി' എന്നും അറിയപ്പെടുന്നു.
തുലാമാസം പത്തിന്‌ നായാടിക്കിട്ടിയ മൃഗങ്ങളെ ദൈവത്തിനു കൊടുക്കുന്ന 'ദൈവത്തിന്‌ കൊടുക്കല്‍' എന്നൊരു ചടങ്ങ്‌ കാട്ടുനായ്‌ക്കരുടെയിടയിലുണ്ട്‌.
മിക്ക ക്ഷേത്രങ്ങളിലെയും ഉത്സവച്ചടങ്ങാണ്‌ പാണികൊട്ട്‌. പാണി കൊട്ടിയാണ്‌ ഭൂതബലി നടത്തുക. ഭൂതങ്ങള്‍ക്കു ബലിച്ചോറ്‌ നല്‍കലാണിത്‌. വിധിപ്രകാരം പാണി കൊട്ടി ബലിതൂകിയാല്‍ ഭൂതങ്ങള്‍ വായുംപിളര്‍ന്ന്‌ ബലിസദ്യയുണ്ണാന്‍ വരുമെന്നാണു സങ്കല്‍പം. ശാസ്‌ത്രീയമായി പാണികൊട്ട്‌ നടത്തുന്നവരില്ലാത്തതിനാല്‍ ഭൂതങ്ങള്‍ക്ക്‌ പരസ്യമായി പ്രത്യക്ഷപ്പെടേണ്ടിവരാറില്ല!ദൈവങ്ങള്‍ക്കു നല്‍കുന്ന സദ്യ സര്‍വചരാചരങ്ങള്‍ക്കും അവകാശമുള്ളതാണ്‌.
ശാസ്‌താംകോട്ടയിലെ കുരങ്ങന്മാര്‍ക്ക്‌ സദ്യ നല്‍കുന്നതും കൂടല്‍മാണിക്യമടക്കമുള്ള ക്ഷേത്രങ്ങളിലെ മീനുകള്‍ക്ക്‌ 'മീനൂട്ട്‌' നടത്തുന്നതും അതുകൊണ്ടാണ്‌. ഈച്ചയ്‌ക്കും ഉറുമ്പിനും ചോറുനല്‍കുന്ന രീതിയുമുണ്ട്‌.കാസര്‍ഗോഡ്‌ അനന്തപുരം ക്ഷേത്രക്കുളത്തിലെ മുതലയ്‌ക്ക് നിവേദ്യമാണു ഭക്ഷണമായി നല്‍കുന്നത്‌. 'വെജിറ്റേറിയനാ'യ മുതല, ക്ഷേത്രത്തിന്റെ സംരക്ഷകനായാണ്‌ അറിയപ്പെടുന്നത്‌. ചുറ്റും ജലമാര്‍ഗങ്ങളൊന്നുമില്ലാത്ത ഈ സ്‌ഥലത്ത്‌ മുതല എത്തിയതെങ്ങിനെ എന്നതാണ്‌ അത്ഭുതം.

അടിക്കുറിപ്പ്‌:

വിശപ്പും കാമവും ക്രോധവും മോഹവും മാനുഷികമായ അനുഭവങ്ങളും പാളിച്ചകളുമാക്കെ ദൈവങ്ങള്‍ക്കുമുണ്ട്‌ എന്ന 'കോമണ്‍സെന്‍സും' നര്‍മബോധവും മലയാളത്താന്‍മാര്‍ക്കു മാത്രമുള്ളതാണ്‌!
സദ്യയ്‌ക്ക് ഇല വച്ചാല്‍ എല്ലാ വിഭവങ്ങളും നാക്കിലയില്‍ ഗണപതിക്ക്‌ ആദ്യം നേദിക്കുന്ന നമ്മള്‍ അതേസമയത്ത്‌ ഗണപതിപ്രാതലിനെക്കുറിച്ച്‌ കൂത്തും തുള്ളലും പറഞ്ഞുരസിക്കുകയും ചെയ്യും! വരം തരാന്‍ ആഗ്രഹിച്ച ഘോരരൂപിണിയായ ഭദ്രകാളിയോട്‌ നാറാണത്തുഭ്രാന്തന്‍ പറഞ്ഞത്‌, ഒരു കാലിലെ മന്ത്‌ മറ്റേക്കാലിലേക്കു മാറ്റണമെന്നാണ്‌!
പഴഞ്ചൊല്ലുകളിലും കടങ്കഥകളിലും നമ്മള്‍ ദൈവങ്ങളെ കൂട്ടിനു വിളിക്കുന്നുണ്ട്‌ എന്നത്‌ മറ്റൊരു കാര്യം. 'ഭദ്രകാളിയെ പിശാചുപിടിച്ചു' എന്നും 'ധര്‍മദൈവം ബാധയായി വരും'- എന്നുമൊക്കെ പറയാറുണ്ടല്ലോ.

Ads by Google
കെ.ആര്‍.പ്രമോദ്‌
Thursday 20 Apr 2017 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW