Saturday, May 19, 2018 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Apr 2017 04.26 PM

മുടിയഴകിന് ആയുര്‍വേദം

uploads/news/2017/04/100799/ayurvedahirtips190417.jpg

മുടിയുടെ സംരക്ഷണത്തിന് ആയുര്‍വേദം ഫലപ്രദമാണ്. മുടികൊഴിച്ചില്‍, അകാലനര, താരന്‍ തുടങ്ങിയ മുടിയെ ബാധിക്കുന്ന എല്ലാപ്രശ്‌നങ്ങള്‍ക്കും
ആയുര്‍വേദത്തില്‍ പരിഹാരമുണ്ട്.

സ്ത്രീയുടെയും പുരുഷന്റെയും സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് മുടിക്കുള്ളത്. നമ്മുടെ ശരീരത്തില്‍ ഏറ്റവും വേഗം വളരുന്ന കോശസമൂഹങ്ങളിലൊന്നാണ് മുടി.

നേരിയ ക്ഷതങ്ങളില്‍ നിന്നും തലയെ രക്ഷിക്കാനും സൂര്യാതാപവും അള്‍ട്രാ വയലറ്റ് രശ്മികളും നേരിട്ട് തലയില്‍ പതിക്കാതിരിക്കാനും തലമുടി സഹായിക്കുന്നു. എന്നാല്‍ മുടി സംരക്ഷണം പറയുമ്പോലെ അത്ര നിസാരമല്ല.

കറുപ്പും കരുത്തുമുള്ള നീണ്ട് ഇടതൂര്‍ന്ന മുടി ഉണ്ടാകുവാന്‍ അല്‍പം ശ്രദ്ധയും പരിചരണവും ആവശ്യമാണ്. താരന്‍, മുടികൊഴിച്ചില്‍, അകാലനര ഇവയെ ചെറുക്കാന്‍ പ്രത്യേക പരിചരണം കൊണ്ടേ കഴിയൂ.

കുളിക്കുമ്പോള്‍ തലമുടിക്കിടയിലൂടെ തലയോട്ടയില്‍ എല്ലായിടത്തും കൈവിരലുകളുടെ അറ്റം അമര്‍ത്തി മസാജ് ചെയ്യാന്‍ ശ്രദ്ധിക്കുക. നനഞ്ഞ മുടി കെട്ടി വയ്ക്കാതിക്കുക. മുടി നന്നായി ഉണങ്ങിയതിന് ശേഷമേ കെട്ടാവൂ.

ഇലക്‌ട്രോണിക് ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് നിരന്തരം മുടി കൃത്രിമമായി ഉണക്കുവാന്‍ ശ്രമിച്ചാല്‍ മുടി പൊട്ടിപ്പിളരുവാന്‍ ഇടയുണ്ട്.

വേനല്‍ക്കാലത്ത് മുടിയില്‍ അഴുക്കും പൊടിയും പിടിക്കുന്നത് പെട്ടന്നായിരിക്കും. അതിനാല്‍ ആഴ്ചയില്‍ രണ്ടു തവണതെങ്കിലും താളിയോ ഹെര്‍ബല്‍ ഷാംപൂവോ ഉപയോഗിച്ച് തലമുടിയിലെ അഴുക്ക് നീക്കം ചെയ്യണം.

മുടി പരിചരിക്കുമ്പോള്‍


1. മുടിയില്‍ എണ്ണ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക
2. മുടി നനയുമ്പോള്‍ ഇലാസ്തികത കൂടുന്നതിനാല്‍ ചീകുമ്പോള്‍ കൂടുതല്‍ വലിയുവാനും പൊട്ടിപ്പോകാനുമുള്ള സാധ്യത ഏറുന്നു
3. വേഗത്തില്‍ ബ്രഷ് ചെയ്യുന്നത് മുടിക്ക് ദോഷം ചെയ്യും. അകന്ന പല്ലുകളുള്ള ചീപ്പുകൊണ്ട് വളരെ സാവധാനം ബ്രഷ് ചെയ്യണം.
4. ഓയില്‍ മസാജിംഗ് തലയോട്ടിയിലെ രക്തയോട്ടം ത്വരിതപ്പെടുത്തുന്നു
5. ഹെന്ന ഒരു നല്ല കണ്ടീഷണറാണ്
6. പ്രോട്ടീനുകളും മിനറലുകളും അടങ്ങിയ ഭക്ഷണം (മുട്ട, പാല്‍, മുരിങ്ങാക്കായ്, കടല, സോയാബീന്‍) മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്.
7. ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നതിനു മുമ്പ് വെളിച്ചെണ്ണ തലയില്‍ നന്നായി തേച്ച് പിടിപ്പിക്കണം.
8. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി തലയോട്ടിയില്‍ വിരല്‍ത്തുമ്പുകള്‍ കൊണ്ട് 10 മിനിട്ട് മസാജ് ചെയ്യുക. തലയോട്ടിയില്‍ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ ഇത് നല്ലതാണ്.
9. രാത്രി ഉറങ്ങുന്നതിന് മുമ്പ് മൃദുവായ തുണി കൊണ്ട് തല പൊതിഞ്ഞ് കെട്ടുക.
10. ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയതിനു ശേഷം നാലു കപ്പ് ചെറു ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മുടി കഴുകുക. മുടിക്ക് തിളക്കവും ഭംഗിയും കിട്ടാന്‍ ഇത് സഹായിക്കും.

മുടിയുടെ ആരോഗ്യത്തിന്


1. നാം കഴിക്കുന്ന ഭക്ഷണത്തില്‍ വേണ്ടത്ര മാംസ്യം ഉണ്ടായിരിക്കണം. മുടിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഘടകമാണ് മാംസ്യം.
2. തവിടു കളയാത്ത അരി, മുട്ട, മാംസം, പാല്‍, തൈര്, വെണ്ണ, പഴങ്ങള്‍, ഇലക്കറികള്‍ ഇവയെല്ലാം മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഒഴിച്ചുകൂടാനാവാത്ത ഭക്ഷണ പദാര്‍ഥങ്ങളാണ്.
3. വിപണിയില്‍ ലഭിക്കുന്ന മിക്ക ഹെയര്‍ ഡൈകളിലും തലമുടിക്ക് ഹാനികരമായ പല രാസവസ്തുക്കളും അടങ്ങിയിരിക്കുന്നു. മൈലാഞ്ചി ഉപയോഗിച്ച് ഡൈ ചെയ്യുന്നതാണ് നല്ലത്.
4. ആഹാരത്തില്‍ മുളക്, ഉപ്പ്, പുളി എന്നിവയുടെ അമിതമായ ഉപയോഗം മുടിയുടെ ബലക്കുറവിന് കാരണമാകും.
5. അമിത ചിന്തകളും മാനസിക പിരിമുറുക്കവും മസ്തിഷ്‌ക താപത്തെ വര്‍ധിപ്പിക്കുന്നതിനാല്‍ മുടിയുടെ ദൃഢത കുറയാനിടയുണ്ട്.
6. തേങ്ങാപ്പാല്‍ തലയില്‍ തേച്ചു കുളിക്കുന്നത് അമിതമായ ചൂടുകൊണ്ട് മുടി കൊഴിയുന്നത് തടയുവാന്‍ സഹായിക്കും.
7. വേനല്‍ക്കാലത്ത് ദിവസവും രണ്ട് തവണയെങ്കിലും മുടി കഴുകണം.
8. മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ പോഷക ഘടകമാണ് ഇരുമ്പ്, ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍. ഇവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.
9. കാരറ്റ്, തണ്ണിമത്തന്‍, ബീറ്റ്‌റൂട്ട് തുടങ്ങിയ ചുവന്ന നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും വൈറ്റമിന്‍ ബി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്തുക.
10. പുകവലി, സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ്് രശ്മികള്‍, ഹെയര്‍ ഡ്രൈയറിന്റെ സ്ഥിരമായ ഉപയോഗം എന്നിവ മുടിയെ ദോഷകരമായി ബാധിക്കുന്നു.
11. വരണ്ട മുടിയുള്ളവര്‍ കണ്ടീഷണര്‍ അടങ്ങിയ, ഏഴില്‍ താഴെ പി.എച്ച് ലെവലുള്ള ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം.

വീട്ടില്‍ തയാറാക്കാവുന്ന കണ്ടീഷണര്‍


മുടിക്ക് തിളക്കവും മൃദൃത്വവം കനവും നല്‍കുന്ന കണ്ടീഷണര്‍ വീട്ടില്‍ തയാറാക്കാം. ഒരു മുട്ട അടിച്ച് പതപ്പിച്ചതിലേക്ക് ഒരു ടീസ്പൂണ്‍ തേനും രണ്ട് ടീസ്പൂണ്‍ വെളിെച്ചണ്ണയോ ചേര്‍ക്കുക. ഇതു തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിച്ചതിന് ശേഷം മുടിയില്‍ ആവികൊള്ളിക്കുക. അതു കഴിഞ്ഞ് ഷാംപൂ ചെയ്യുക.

വരണ്ട മുടി ഈര്‍പ്പമുള്ളതാക്കാം


ഒരു ചെറിയ പാത്രത്തില്‍ വാഴപ്പഴം കുഴമ്പുരൂപത്തിലാക്കി എടുക്കുക. ഇതില്‍ നിന്നും ഒരു ടീസ്പൂണ്‍ കുഴമ്പെടുത്ത് അതില്‍ അര ടീസ്പൂണ്‍ കര്‍പ്പൂര തൈലം ചേര്‍ക്കുക. രണ്ട് മിനിട്ടോളം ഈ മിശ്രിതം നന്നായി ഇളക്കുക.

നനഞ്ഞ മുടിയില്‍ ഇതുപയോഗിച്ച് മസാജ് ചെയ്യുക. അഞ്ച് മിനിട്ട് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് തലയില്‍ പുരട്ടിയ മിശ്രിതം കഴുകിക്കളയുക.

ടിയപാളയംകോടന്‍ പഴം ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് പതപ്പിച്ച് മുടിയില്‍ തേച്ച് നന്നായി മസാജ് ചെയ്യുക. പത്ത് മിനിട്ടിനു ശേഷം കുളിക്കുക. രണ്ടാഴ്ചയിലൊരിക്കല്‍ ഇപ്രകാരം ചെയ്താല്‍ മുടിക്ക് നല്ല തിളക്കവും മൃദുത്വവും ലഭിക്കും.

അകാലനര


ആധുനിക ജീവിതവും ചുറ്റുപാടുകളും ചേര്‍ന്ന് നമുക്ക് സമ്മാനിച്ച ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് 'അകാല നര'. തലമുടിക്ക് നിറം നല്‍കുന്ന മെലാനിന്‍ പിഗ്‌മെന്റ് ഉല്‍പാദിപ്പിക്കുന്നത് മെലനോസൈറ്റ് കോശങ്ങളാണ്.

ഈ കോശങ്ങളുടെ എണ്ണം കുറയുകയോ പ്രവര്‍ത്തനം നിലയ്ക്കുകയോ ഇവ നശിച്ചുപോവുകയോ ചെയ്യുമ്പോഴാണ് അകാലനര ഉണ്ടാകുന്നത്. മുപ്പത് വയസിനു മുമ്പേ നര തുടങ്ങുന്നതിനെയാണ് അകാല നര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അകാലനര തടയാന്‍ ചില മാര്‍ഗങ്ങള്‍


1. അയണ്‍, വിറ്റാമിനുകള്‍, പോഷണം എന്നിവയുടെ കുറവു മൂലം നരയുണ്ടാകാം
2. മാനസിക - ശാരീരിക സമ്മര്‍ദങ്ങള്‍ നരയ്ക്കു കാരണമാകുന്നു
3. തിരക്കേറിയ ജീവിതം സമ്മാനിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ മൂലം ശരീരോഷ്മാവ് കൂടാനും അതുവഴി മുടി നരയ്ക്കാനും കാരണമായേക്കാം
4. മുടി കഴുകാന്‍ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത്
5. ദിവസവും രാത്രി അല്‍പം ഉണക്കനെല്ലിക്ക വെള്ളത്തിട്ട് പിറ്റേന്ന് ഇതേ വെള്ളത്തില്‍ നെല്ലിക്ക പിഴിഞ്ഞ് അരിച്ചെടുത്ത് തലയില്‍ തേയ്ക്കുക
6. കറ്റാര്‍വാഴപ്പോള നീര് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേയ്ക്കുക
7. ചുവന്നുള്ളി അരിഞ്ഞ് വെളിച്ചെണ്ണയിലിട്ട് കാച്ചി തേച്ചാല്‍ തലമുടി തഴച്ചു വളരും
8. കറിവേപ്പില ധാരാളം ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി തലയില്‍ തേയ്ക്കുക
9. തല തണുക്കെ എണ്ണതേച്ച് കുളിക്കുന്നത് ശരീരോഷ്മാവ് കുറയ്ക്കാന്‍ സഹായിക്കും.
10. ഭക്ഷണത്തില്‍ പച്ചക്കറി, പഴം ഇവയുടെ അളവ് വര്‍ധിപ്പിക്കുക, കൊഴുപ്പ് കൂടുതലുള്ളതും വറുത്തതും പൊരിച്ചതുമായ ആഹാര വസ്തുക്കള്‍ പാടെ നിര്‍ത്തുക
11. ഷാംപൂ, ഹെയര്‍ഡൈ തുടങ്ങിയവ മുടി നരയ്ക്കാന്‍ പ്രേരക ഘടകങ്ങളാണ്
12. ക്ലോറിന്‍ ചേര്‍ന്ന വെള്ളം അകാലനരയുണ്ടാക്കുന്ന ഏറ്റവും പ്രധാന വില്ലനാണ്
13. ആഹാരത്തില്‍ ചീര, തഴുതാമ, കാരറ്റ് എന്നിവ ധാരാളമായി ചേര്‍ക്കുക
14. സോയമില്‍ക്ക്, ധാന്യങ്ങള്‍ എന്നിവയില്‍ അകാലനര തടയാന്‍ കഴിവുള്ള വിറ്റാമിനുകള്‍ ബി അടങ്ങിയിട്ടുണ്ട്
15. ധാരാളം ശുദ്ധജലം കുടിക്കുക. കുറഞ്ഞത് പത്ത് ഗ്ലാസ് ശുദ്ധജലമെങ്കിലും ഒരു ദിവസം കുടിച്ചിരിക്കണം
16. കഠിനജലം (സാന്ദ്രത കൂടിയ വെള്ളം) ആണ് ലഭ്യമെങ്കില്‍ തിളപ്പിച്ചാറിയ ശേഷമേ കുളിക്കാവൂ.

അകാലനര തടയാന്‍


ഹെന്ന ട്രീറ്റ്‌മെന്റ്

ആവശ്യമുള്ള സാധനങ്ങള്‍


1. ഹെന്ന പൗഡര്‍ - അരക്കപ്പ്
2. ഉണക്കനെല്ലിക്ക പൊടിച്ചത് - അരക്കപ്പ്
3. നാരങ്ങാ നീര് - അര ടേബിള്‍ സ്പൂണ്‍
4. തേയിയ വെള്ളം - അര ടേബിള്‍ സ്പൂണ്‍
5. തൈര് - ഒരു കപ്പ്
6. മുട്ടയുടെ വെള്ള - ഒരെണ്ണത്തിന്റേത്

ഉപയോഗിക്കേണ്ട വിധം


മേല്‍പ്പറഞ്ഞ ചേരുവകള്‍ നന്നായി യോജിപ്പിച്ചെടുത്ത മിശ്രിതം ഇരുമ്പുപാത്രത്തിലോ സ്റ്റീല്‍ പാത്രത്തിലോ എടുത്ത് അഞ്ച് - ആറ് മണിക്കൂര്‍ വയ്ക്കണം. പിന്നീട് തലമുടിയിലും തലയോട്ടിയിലും തേച്ച് പിടുപ്പിച്ച് ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയണം. (ഹെന്ന ചെയ്യും മുമ്പ് തലയില്‍ നന്നായി ഓയില്‍ മസാജ് ചെയ്തിരിക്കണം).

താരന്‍


അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും തലയോട്ടിയെ സംരക്ഷിക്കാന്‍ ത്വക്കിലെ സ്‌നേഹഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണമയമുള്ള സെബം പൊടിയും ചെളിയും വിയര്‍പ്പുമായി ചേരുമ്പോഴാണ് താരന്‍ ഉണ്ടാകുന്നത്.

താരനകറ്റാന്‍ ചില ഒറ്റമൂലികള്‍


ഒരു ടേബിള്‍ സ്പൂണ്‍ ഉലുവ വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇത് നന്നായി അരിച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് ശുദ്ധജലത്തില്‍ തല കഴുകുക.

1. ഉലുവ, ജീരകം എന്നിവ ഒരു ടേബിള്‍ സ്പൂണ്‍ വീതം എടുത്ത് ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് വയ്ക്കുക. പിറ്റേന്ന് ഇവ നന്നായി അരച്ചെടുത്ത കുഴമ്പില്‍ പശുവിന്‍ പാല്‍ ചേര്‍ന്ന് കുഴച്ച് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. പതിനഞ്ചു മിനിട്ടിനു ശേഷം തല കഴുകുക.
2. അരി കഴുകാതെ അടുപ്പത്തിട്ട് തിളപ്പിച്ച് കിട്ടുന്ന കഞ്ഞിവെള്ളം തലയില്‍ പുരട്ടുക. അതിനു ശേഷം ചെറുപയര്‍ പൊടി കുഴച്ച് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. കുറച്ചു സമയത്തിന് ശേഷം ശുദ്ധജലത്തില്‍ തല കഴുകുക.
3. ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ രാത്രി തലയില്‍ പുരട്ടി പിറ്റേന്ന് രാവിലെ ഏതെങ്കിലും ഹെയര്‍ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക
4. ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാ നീരില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത മിശ്രിതം തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ചെറിയ ചൂടുവെള്ളത്തില്‍ തല കഴുകുക
5. നാല് ടേബിള്‍ സ്പൂണ്‍ പയറുപൊടി വിനാഗിരിയുമായി ചേര്‍ത്തിളക്കി 15 മിനിട്ടിന് ശേഷം തലയോട്ടിയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക
6. രണ്ടു കോഴിമുട്ടയുടെ മഞ്ഞക്കരു രണ്ട് ടീസ്പൂണ്‍ വെള്ളവുമായി ചേര്‍ത്തിളക്കുക. മുടി നനച്ചതിനു ശേഷം ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക.
അര മണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടവെള്ളം ഉപയോഗിച്ച് തല കഴുകുക
7. ഒരു ടേബിള്‍ സ്പൂണ്‍ തേയില ഒരു ലിറ്റര്‍ വെള്ളത്തില്‍ 3 മിനിട്ട് നേരം തിളപ്പിക്കുക. ഈ മിശ്രിതം നന്നായി തണുക്കാന്‍ അനുവദിക്കുക. കുളി കഴിഞ്ഞ് അവസാനം ഈ വെള്ളത്തില്‍ തല കഴുകുക.
8. തേങ്ങാപ്പാലും ചൂടുവെള്ളവും ചേര്‍ത്ത മിശ്രിതത്തില്‍ ഏതാനും തുള്ളി നാരങ്ങാനീര് കൂടി ചേര്‍ക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി അര മണിക്കൂറിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ തല കഴുകുക.
9. ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരി അര ബക്കറ്റ് വെള്ളത്തില്‍ കലര്‍ത്തി തല കഴുകുക. (ഈ മിശ്രിതത്തില്‍ തല കഴുകുന്നതിന് മുമ്പ് ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് തലമുടി നല്ലതുപോലെ കഴുകിയിരിക്കണം.
10. ശര്‍ക്കരയും വാളന്‍ പുളിയും തുല്യഅളവില്‍ കലര്‍ത്തുക. ഈ മിശ്രിതം അരച്ചു കുഴമ്പു രൂപത്തിലാക്കുക. ഇങ്ങനെ തയാറാക്കിയ മിശ്രിതം തലയില്‍ തേച്ചു പിടിപ്പിക്കുക. പത്തു മിനിട്ടിനു ശേഷം ശുദ്ധജലത്തില്‍ തല കഴുകുക.

മുടി തിളങ്ങാന്‍


ഷാംപൂ ഉപയോഗിച്ച്് മുടി കഴുകിയതിന് ശേഷം നാല് കപ്പ് ചെറുചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തിളക്കിയതുകൊണ്ട് മുടി കഴുകുക. മുടിക്ക് തിളക്കവും ഭംഗിയും ലഭിക്കും.

മുടി കൊഴിച്ചില്‍ തടയാം


1. കരിഞ്ചീരകം വെളിച്ചെണ്ണയില്‍ കാച്ചി ഉപയോഗിക്കുക
2. മൈലാഞ്ചിയില അരച്ചുണക്കി വെളിച്ചെണ്ണയില്‍ കാച്ചി തേയ്ക്കുക
3. ചെറുനാരങ്ങാ നീരും നാളികേരവും ചേര്‍ത്ത മിശ്രിതം തലയില്‍ പുരട്ടുക
4. ഉലുവയിട്ടു കുതിര്‍ന്ന നാളികേരവെള്ളം കൊണ്ട് തല മസാജ് ചെയ്യുക
5. രണ്ടു മുട്ട നന്നായി അടിച്ചെടുക്കുക. ഇതില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ക്കുക. തലമുടി നനച്ചതിനു ശേഷം ഈ മിശ്രിതം തലയില്‍ ഒഴിക്കുക. തലയോട്ടി നല്ലതുപോലെ മസാജ് ചെയ്യുക. പത്ത് മിനിട്ടിനു ശേഷം തല കഴുകുക.
6. അര ലിറ്റര്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് ലയിപ്പിച്ച വെള്ളത്തില്‍ തല കഴുകുക.
7. ഒരു മുറി നാളികേരത്തിന്റെ പാലും ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാ നീരും ചേര്‍ത്ത് തയാറാക്കിയ മിശ്രിതം ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുക. അര മണിക്കൂറിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ തല കഴുകുക.

മുടി പൊട്ടിപ്പോകാതിരിക്കാന്‍


കട്ടിത്തൈര് - അര കപ്പ്
ഹെന്ന - രണ്ട് ടീസ്പൂണ്‍
ചെറുനാരങ്ങാ നീര് - 1 ടീസ്പൂണ്‍
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍

ഉപയോഗക്രമം


മേല്‍പ്പറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് തയാറാക്കിയ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം ഒരു വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

ഹെര്‍ബല്‍ ഹെയര്‍ കണ്ടീഷണറുകള്‍


1. നെല്ലിക്ക അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് അല്‍പം പുളിച്ച മോരില്‍ കലര്‍ത്തി തലയില്‍ തേയ്ക്കുക.
2. രണ്ട് കപ്പ് മൈലാഞ്ചി, ഒരു കപ്പ് വെള്ളം, ഒരു ടീസ്പൂണ്‍ നാരങ്ങാ നീര്, ഒരു ടേബിള്‍സ്പൂണ്‍ കാപ്പിപ്പൊടി ഇവ ചേര്‍ത്ത് തയാറാക്കിയ മിശ്രിതം അര മണിക്കൂര്‍ തലയില്‍ പുരട്ടിവയ്ക്കുക. ശുദ്ധ ജലത്തില്‍ തല കഴുകുക.
3. ഒരു മുട്ടയും ഒരു ചെറുനാരങ്ങയുടെ നീരും ചേര്‍ത്തുണ്ടാക്കിയ മിശ്രിതത്തില്‍ തല കഴുകുക.
4. ചെമ്പരത്തിയില, പൂവ്, തുളസിയില ഇവ അരച്ചുണ്ടാക്കിയ പേസ്റ്റ് തലയില്‍ തേച്ച് പിടിപ്പിച്ച് ശുദ്ധജലത്തില്‍ കഴുകിക്കളയുക.
5. വെണ്ണ നീക്കിയ പുളിച്ച മോര് തലമുടിയില്‍ തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിട്ട് കഴിഞ്ഞ് ശുദ്ധജലത്തില്‍ തല കഴുകുക.
6. കുളിക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ ഏതാനും തുള്ളി ചെറുനാരങ്ങാനീരു കൂടി ചേര്‍ത്ത് തല കഴുകിയാല്‍ മുടി മിനുസവും തിളക്കവും ഉള്ളതായിത്തീരും.
7. ചെമ്പരത്തിയില അരച്ചു കുഴമ്പാക്കിയതില്‍ ഒരു ടീസ്പൂണ്‍ ഷിക്കാക്കായ് കൂടി ചേര്‍ത്ത് മുടിയില്‍ പുരട്ടുക. ഇത് നല്ലൊരു ഷാംപൂവും കണ്ടീഷണറുമാണ്.

മഴക്കാലവും മുടിയുടെ സംരക്ഷണവും


മഴക്കാലത്ത് നനഞ്ഞ മുടി ഉണങ്ങാതെ കെട്ടിവച്ചാല്‍ ദുര്‍ഗന്ധവും പേനും മുടിക്കായയും താരനുമെല്ലാം ഉണ്ടാകും. വര്‍ഷകാലം മുടിക്ക് പ്രത്യേകമായ ശ്രദ്ധയും പരിചരണവും നല്‍കേണ്ട സമയമാണ്.

1. മഴ നനഞ്ഞാല്‍ മുടി നന്നായി ഉണങ്ങിയതിന് ശേഷമേ കെട്ടിവയ്ക്കാവൂ. ഇല്ലെങ്കില്‍ മുടിക്കായ ഉണ്ടാകും. എന്നാല്‍ ഹെയര്‍ സ്റ്റീമര്‍ ഉപയോഗിച്ച് മുടിക്കായ അകറ്റാം.
2. മഴക്കാലമായാലും എല്ലാ ദിവസവും കുളിക്കുക. അല്ലാത്തപക്ഷം തലയില്‍ താരനും ശിരോചര്‍മ്മത്തില്‍ അണുബാധയും ഉണ്ടാകാന്‍ സാധ്യതയുണ്ട്
3. താരനുള്ളവര്‍ ഉപയോഗിക്കുന്ന ചീപ്പും ബ്രഷും കൂടെക്കൂടെ വൃത്തിയാക്കണം.
4. താരനകറ്റുന്ന ഷാംപൂ ഏതാനും ദിവസം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ഈ രോഗത്തില്‍ നിന്നും മുക്തി നേടാം.
5. നനഞ്ഞ മുടി ചീകാന്‍ പല്ലുകള്‍ അകന്ന ചീപ്പ് ഉപയോഗിക്കുക
6. മുടി നന്നായി നനഞ്ഞിരിക്കുമ്പോള്‍ കഴിവതും ചീകാതിരിക്കുകയാണ് നല്ലത്. നനയുമ്പോള്‍ മുടി പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്.

ഡോ. ഹസീന റിയാസ്
ആയുര്‍വേദിക് കണ്‍സള്‍ട്ടന്റ്
കിംസ്‌സൂപ്പര്‍സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍
കൊടുവള്ളി, കോഴിക്കോട്

Ads by Google
Wednesday 19 Apr 2017 04.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW