Saturday, April 07, 2018 Last Updated 4 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Apr 2017 03.54 PM

എന്നെ ആ വീട്ടില്‍ നിന്ന് പുറത്താക്കി

uploads/news/2017/04/100790/weeklytvremesh1.jpg

ഞാന്‍ അഭിനയ രംഗത്ത് സജീവമായിട്ട് 17 വര്‍ഷം കഴിഞ്ഞു. എന്നിട്ടും എന്റെ കുട്ടിക്കാലത്ത് നടന്ന സംഭവങ്ങള്‍ മറക്കാന്‍ സാധിച്ചിട്ടില്ല. നാടകം, ഷോര്‍ട്ട് ഫിലിം എന്നൊക്കെ പറഞ്ഞ് പോകാത്ത സ്ഥലങ്ങളും കയറാത്ത സ്‌റ്റേജുകളുമില്ല.

ജീവിതം കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ചു. കോളേജില്‍ പഠിക്കുമ്പോള്‍, നാടകം കളിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം ആലപ്പുഴ എസ്.ഡി കോളേജില്‍ പോയി. നാടകം കളിച്ച് തിരിച്ച് വീട്ടില്‍ പോകാന്‍ നോക്കുമ്പോള്‍ കൈയ്യില്‍ കാശില്ല.

എല്ലാവരുടെയും കൈയ്യിലുളളത് എടുത്തിട്ടും ടിക്കറ്റിനു തികയില്ല. അന്നൊക്കെ മത്സരത്തിന് പോയി വന്ന ശേഷമാണ് ഫണ്ട് ലഭിക്കുന്നത്. വീട്ടിലും ഇന്നത്തെപ്പോലെ സാമ്പത്തിക ഭദ്രത അന്നുണ്ടായിരുന്നില്ല.

അഭിനയം എന്ന ആഗ്രഹം കൊണ്ട് കൈയിലുളളത് നുളളിപെറുക്കി എങ്ങനെയെങ്കിലും പ്രോഗ്രാമില്‍ പങ്കെടുക്കുകയെന്ന ചിന്തമാത്രമേ അന്നുണ്ടായിരുന്നുളളൂ. അല്ലാതെ തിരിച്ച് വരുന്നതിനെപ്പറ്റി ഞാന്‍ മാത്രമല്ല സുഹൃത്തുക്കളും ആലോചിച്ചിരുന്നില്ല.

പ്രോഗ്രാം കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് മടങ്ങാന്‍ ഒരു നിവൃത്തിയുമില്ല. യാതൊരു മാര്‍ഗ്ഗവുമില്ലാതെ വന്നപ്പോള്‍ അന്നത്തെ പ്രോഗ്രാമിന് ജഡ്ജായി വന്ന സാറിന്റെ വീട് കണ്ട്പിടിച്ച് പുളളിയോട് കാര്യങ്ങള്‍ പറഞ്ഞു.

സാര്‍ ടിക്കറ്റിനുളള പണം നല്‍കി. വിശന്നിട്ട് വയ്യ, ഒരു തുളളി വെളളം കുടിക്കാന്‍ നിവൃത്തിയില്ല. ഭക്ഷണത്തോട് വല്ലാത്തൊരു കൊതിതോന്നി. പിന്നീട് ഒരിക്കലും തോന്നിയിട്ടില്ലാത്തത്ര കൊതി..., സഹികെട്ട് ഞാന്‍ കൂട്ടുകാരോടു പറഞ്ഞു, എന്റെ ടിക്കറ്റിനുളള കാശ് ഇങ്ങ് തന്നേക്ക്, ഞാന്‍ ആഹാരം കഴിച്ചിട്ട് നടന്നു വന്നോളാം.

ഞാന്‍ പറഞ്ഞതുകേട്ട് എല്ലാവരും കളിയാക്കി ചിരിച്ചെങ്കിലും ഞാന്‍ കാര്യമായിട്ട് തന്നെയാണ് പറഞ്ഞത്. അന്ന്‌വൈകിട്ട് വീട്ടില്‍ ചെന്ന് ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്ന എന്നെക്കണ്ട് അമ്മ അത്ഭുതപ്പെട്ടു. അന്നുമുതല്‍ വിശപ്പിന്റെ വിലയെന്തെന്ന് ഞാനറിഞ്ഞു.

മാതാപിതാ ഗുരു ദൈവം എന്നാണല്ലോ പറയുക, എന്നാല്‍ പിതാ മാതാ ഗുരു ദൈവം എന്നാണ് ഞാന്‍ പറയുക. അച്ഛന്‍ കഴിഞ്ഞിട്ടേ എനിക്ക് മറ്റെല്ലാവരും ഉളളൂ. എന്റെ എല്ലാകാര്യങ്ങള്‍ക്കും താങ്ങും തണലുമായിരുന്നു.

സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍, അച്ഛനെയാണെനിക്കിഷ്ടം സ്‌കൂള്‍ കോളേജ് കാലഘട്ടത്തില്‍ നാടകം ഷോട്ട് ഫിലിമിലൊക്കെ പങ്കെടുത്ത് അഭിനയം എന്നിലൊരു ലഹരിയായി മാറി. അതില്‍ നിന്നൊക്കെ ചാടിച്ചാടി ഇപ്പോള്‍ ഇവിടെ വരെ എത്തി.

കൂടുതലും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുളളതുകൊണ്ട് എല്ലാവരും പ്രശ്‌നകാരനായാണ് എന്നെ കാണുന്നത്. ഒരിക്കല്‍ ഷോര്‍ട്ട് ഫിലിം ചെയ്യാനായി ഒരു ഗ്രാമത്തില്‍ പോയി. അവിടെ ഒരു വീട്ടില്‍ മേക്കപ്പ് ഇട്ടുകൊണ്ടിരുന്നപ്പോള്‍ പ്രായമായ ഒരു സ്ത്രീ വന്നു.

ഇവനെയൊക്കെ വീട്ടില്‍ കയറ്റാന്‍ കൊളളില്ലെന്ന് പറഞ്ഞ് എന്നെ ആ വീട്ടില്‍ നിന്ന് പുറത്താക്കി. ആ സ്ത്രീ അങ്ങനെ പറഞ്ഞപ്പോള്‍ പെട്ടെന്ന് ഷോക്കായിപ്പോയെങ്കിലും ഞാനത് പോസിറ്റീവായി തന്നെ എടുത്തു.

അന്ന് ഞാന്‍ ചെയ്തുകൊണ്ടിരുന്ന സീരിയലില്‍ മോശം കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പ്രേക്ഷകര്‍ എന്നെ തിരിച്ചറിയുന്നതു കൊണ്ടാണല്ലോ അങ്ങനെ പ്രതികരിച്ചത്. അതൊരു അനുഗ്രഹമായി കാണുന്നു.

അഭിനയത്തിനിടെ ഒരുപാട് പരുക്കുകളും മറക്കാനാവാത്ത അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. കല്ലാറില്‍ വച്ച് വജ്രം എന്ന സീരിയലില്‍ റിസബാവയുമായിട്ട് ഫൈറ്റ് സീന്‍ ചെയ്തു.

കാല്‍ വഴുതി വെളളത്തിലേക്ക് വീണു. മരണവും ജീവിതവും മുന്നില്‍ കണ്ട നിമിഷം. എല്ലാം അവസാനിച്ചുവെന്ന് മനസ്സില്‍ വിചാരിച്ചു. സെറ്റിലുളളവരെല്ലാം ഞെട്ടിപ്പോയി. എല്ലാവരും കൂടി ഒരു കയര്‍ ഇട്ടു തന്നു.

ദൈവാനുഗ്രഹം കൊണ്ട് രക്ഷപെട്ടുവെന്ന് പറയാം. മറ്റൊരു സംഭവം, കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുന്ന സീനുണ്ടായിരുന്നു. കോണ്‍ഫിഡന്‍സോടെയാണ് ചാടിയതെങ്കിലും ഷൂ തെന്നി കാലിന്റെ പാദം ഒടിഞ്ഞു.

ബോധം വീണപ്പോള്‍ ആശുപത്രി കിടക്കയില്‍. അങ്ങനെ ആറുമാസം ആ കിടപ്പില്‍ കിടന്നു. പിന്നീട് എനിക്ക് ആ സീരിയല്‍ ചെയ്യാന്‍ പറ്റിയില്ല. അതിനുശേഷം പണ്ടത്തെപ്പോലെ ഓടാനും ചാടാനുമൊന്നും സാധിക്കില്ല. അത്യാവശ്യം നടക്കാന്‍ സാധിക്കുന്നുണ്ട്.

കുട്ടിക്കാലത്ത് വിഷു എന്ന് കേള്‍ക്കുമ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. പുത്തനുടുപ്പും കൈ നിറയെ വിഷുക്കൈനീട്ടവും കിട്ടുന്നതോര്‍ത്ത്. ഇപ്പോള്‍ വിഷുവെന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടലാണ്. കൈയില്‍ നിന്ന് കാശ് പോകുമല്ലോയെന്ന് ഓര്‍ത്ത്.

- അഞ്ജു രവി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW