പാലാ: നീതിബോധവും വാത്സല്യവും നിറഞ്ഞ വ്യക്തിത്വമാണ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റേതെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം.
പാലാ രൂപതയുടെ രണ്ടാമത്തെ മെത്രാനായിരുന്ന മാര്‍ പള്ളിക്കാപ്പറമ്പിലിന്റെ നവതിയോടനുബന്ധിച്ച് ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ നിലപാടുകള്‍ പുലര്‍ത്തുമ്പോഴും ആശയപരമായ ഭിന്നത വ്യക്തികള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് ഇടയാക്കാതെ ബിഷപ് ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസന്നവദനനായ മേലധ്യക്ഷനായിരുന്നു മാര്‍ പള്ളിക്കാപ്പറമ്പിലെന്ന് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. നീരുറവയുടെ അരികത്തു നില്ക്കുന്ന ഫലസമൃദ്ധമായ വൃക്ഷമെന്നു പൂര്വയൗസേപ്പിനെ വിശേഷിപ്പിക്കുന്നതാണ് മാര്‍ പള്ളിക്കാപ്പറമ്പിലിനെക്കുറിച്ചു പറയുമ്പോള്‍ ഓര്മയിലെത്തുന്നതെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ബിഷപ്പുമാരായ മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍, പാലാ രൂപതാ സഹായ മെത്രാന് മാര്‍ ജേക്കബ് മുരിക്കന്‍, കെ.എം. മാണി എം.എല്‍.എ, ജോസ് കെ. മാണി എം.പി, ഡോ. സിറിയക് തോമസ്, എം.ജി. വാഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, ഡോ. എ.ടി. ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.