Tuesday, May 29, 2018 Last Updated 10 Min 13 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 19 Apr 2017 01.45 AM

പൈത്യകം പ്രധാനം

uploads/news/2017/04/100619/bft1.jpg

ഇന്നലെ ലോക പൈതൃക ദിനം കടന്നു പോയി. മലയാള നിഘണ്ടുവില്‍ പൈതൃകമെന്നാല്‍ പിതാവില്‍ നിന്ന്‌ ലഭിച്ചത്‌ എന്നാവും ആദ്യത്തെ അര്‍ത്ഥം. തുടര്‍ന്ന്‌ പൂര്‍വിക സ്വത്ത്‌ എന്നും എഴുതിക്കാണുന്നു. എന്നാല്‍ ലോക പൈതൃക ദിനം സൂചിപ്പിക്കുന്ന പൈതൃകം ഇതൊന്നുമല്ല.
ലോക പൈതൃകദിനത്തിന്റെ അന്തഃസത്ത മനസിലാകണമെങ്കില്‍ കേംബ്രിഡ്‌ജ്‌ ഇംഗ്ലീഷ്‌ നിഘണ്ടുവില്‍ പൈതൃകം അഥവാ ഹെറിറ്റേജ്‌ എന്ന ഇംഗ്ലീഷ്‌ വാക്കിനു നല്‍കിയിരിക്കുന്ന പ്രഥമാര്‍ത്ഥം നോക്കണം. ഒരു സമൂഹത്തിന്റെ സംസ്‌കാരിക സ്വഭാവങ്ങള്‍ എന്നാണ്‌ കേംബ്രിഡ്‌ജ്‌ നിഘണ്ടു നല്‍കുന്ന വിശദീകരണം. പാരമ്പര്യം, ഭാഷ, കെട്ടിടനിര്‍മാണം തുടങ്ങി കഴിഞ്ഞകാലത്ത്‌ സൃഷ്‌ടിക്കപ്പെട്ടതും ഇപ്പോഴും ചരിത്ര പ്രാധാന്യം ഉള്ളതുമായ കാര്യങ്ങളെയാണ്‌ പൊതുവെ പൈതൃകം എന്ന വാക്കു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.
പൈതൃകത്തിലെ പ്രധാനപ്പെട്ടതും ഒന്നാമത്തേതുമായ ഘടകമാണ്‌ പാരമ്പര്യം. എന്താണ്‌ പാരമ്പര്യം? ദീര്‍ഘകാലമായി ഒരു സമൂഹത്തിലെ അംഗങ്ങള്‍ അഥവാ ഒരു ജനത കൊണ്ടു നടക്കുന്ന വിശ്വാസങ്ങള്‍, ആദര്‍ശങ്ങള്‍, സ്വഭാവം, ജീവിതശൈലി എന്നിവയെ പൊതുവെ പാരമ്പര്യം എന്നു പറയുന്നു. മുതിര്‍ന്നവരെ കാണുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുക, കൈകൂപ്പി നമസ്‌തേ എന്നു ചൊല്ലുക, തെറ്റു പറ്റിയാല്‍ ക്ഷമ ചോദിക്കുക, പരസ്‌പരം കാണുമ്പോള്‍ ക്ഷേമാന്വേഷണം നടത്തുക എന്നിവയെല്ലാം പാരമ്പര്യത്തില്‍ പെടും. ഭാരതത്തില്‍ മാത്രമല്ല ലോകമെങ്ങുമുള്ള മാനവസമൂഹങ്ങള്‍ ഇക്കാര്യം അവരുടേതായ ശൈലിയില്‍ പാലിക്കുന്നുണ്ടാവും.
ചുരുക്കിപ്പറഞ്ഞാല്‍ മാന്യമായ പെരുമാറ്റവും ജീവിതശൈലിയും പാരമ്പര്യഗുണങ്ങളാണ്‌. ആദിവാസി സമൂഹമായാലും രാജസമൂഹമായാലും മധ്യവര്‍ഗ സമൂഹമായാലും ഓരോ സമൂഹത്തിനും അതിന്റേതായ മഹിമയുണ്ടാവും. ഈ മഹിമ പ്രദാനം ചെയ്യുന്നത്‌ അവയോരോന്നിനും കൈവശമുള്ള നല്ല പാരമ്പര്യങ്ങളാണ്‌. കാലത്തിന്റെ കുത്തൊഴുക്കുകളെ അതിജീവിച്ച മൂല്യങ്ങളാണ്‌ നല്ല പാരമ്പര്യങ്ങള്‍.
പഴമയുടെ അടയാളമാണ്‌ പാരമ്പര്യം എന്ന്‌ പറയാമെങ്കിലും ചിലപ്പോള്‍ ആധുനിക സാഹചര്യങ്ങള്‍ ചില പുത്തന്‍ പാരമ്പര്യങ്ങള്‍ അഥവാ നവപാരമ്പര്യങ്ങള്‍ സൃഷ്‌ടിക്കാറുണ്ട്‌. പാരമ്പര്യത്തിന്റെ ഇത്തരം നൂതന നിര്‍മിതിയെ ഇന്‍വെന്റെഡ്‌ ട്രഡീഷന്‍സ്‌ എന്നാണ്‌ ആംഗലേയത്തില്‍ പറയുക. ലോകമെമ്പാടും കാണപ്പെടുന്ന നവപാരമ്പര്യ നിര്‍മിതികള്‍ക്ക്‌ ധാരാളം ഉദാഹരണം ഭാരതത്തില്‍ തന്നെയുണ്ട്‌.
ബ്രിട്ടീഷുകാരുടെ കാലത്താണ്‌ നവപാരമ്പര്യ നിര്‍മിതി ഭാരതത്തില്‍ ശക്‌തി പ്രാപിച്ചത്‌. പാശ്‌ചാത്യ ജീവിതി ശൈലിയും ഭക്ഷണരീതിയും വിദ്യാഭ്യാസവും നവപാരമ്പര്യങ്ങളായി തീര്‍ന്നു. അതിന്റെ ഗുണദോഷങ്ങള്‍ ഇതാ ഇപ്പോഴും നാം ചര്‍ച്ചകള്‍ക്കു വിധേയമാക്കുന്നു.
ഇന്നിപ്പോള്‍ വിവരസാങ്കേതിക യുഗം സമാരംഭിച്ചതോടെ നവപാരമ്പര്യങ്ങള്‍ പെരുകുകയാണ്‌. ഐടി പാര്‍ക്കുകളിലെ യുവ ഉദ്യോഗസ്‌ഥര്‍, വികസിത രാജ്യങ്ങളിലേക്ക്‌ കുടിയേറിയ ഭാരതീയര്‍ എന്നിവരുടെ ജീവിതശൈലിയും ആചാരമര്യാദകളും പരമ്പരാഗത ഭാരതീയ ശൈലിയില്‍ നിന്ന്‌ ഭിന്നമായിരിക്കുന്നത്‌ ശ്രദ്ധിച്ചിട്ടില്ലേ? അവരൊക്കെ നവപാരമ്പര്യ സൃഷ്‌ടികളെ മനസാവരിക്കുകയും പഴമയെ തിരസ്‌കരിക്കുകയും ചെയ്‌തിരിക്കുന്നു. അത്‌ അവരുടെ കുറ്റമല്ല. അവരുടെ തൊഴില്‍ മേഖലയിലും വിദേശ മണ്ണിലും പിടിച്ചു നില്‍ക്കണമെങ്കില്‍ അനുയോജ്യമായ പാരമ്പര്യ വ്യതിയാനങ്ങള്‍ അവര്‍ക്ക്‌ സ്വീകരിക്കേണ്ടി വരുന്നു എന്നു മാത്രം. പൈതൃകമെന്ന വലിയ തലക്കെട്ടിനു ചുവട്ടിലെ മറ്റൊരു ഘടകമാണ്‌ ഭാഷ. ഓരോ രാജ്യത്തിന്റേയും രാഷ്‌ട്രഭാഷ, രാജ്യത്തിനുള്ളിലെ പ്രാദേശിക ഭാഷകള്‍ ഭാഷാവ്യതിയാനങ്ങള്‍ എന്നിവയ്‌ക്കെല്ലാം പരമോന്നത സ്‌ഥാനമാണ്‌ പൈതൃക സങ്കല്‍പ്പത്തില്‍ നല്‍കിയിരിക്കുന്നത്‌.
പ്രാചീന കാലത്തും മധ്യകാലഘട്ടത്തിലും വിവിധ ഏഷ്യന്‍ വംശജര്‍ക്കു പൊതുവായി സ്വീകാര്യമായിരുന്ന ആശയവിനിമയ മാധ്യമമായിരുന്നു സംസ്‌കൃതം. ഇന്നിപ്പോള്‍ സംസ്‌കൃതം വായിക്കാനും പറയാനും അറിയാത്തവരാണ്‌ ഭൂരിപക്ഷം ഭാരതീയരും. ഭാരതീയരേക്കാള്‍ കൂടുതല്‍ സംസ്‌കൃതത്തെ അറിയാനും പഠിക്കാനും ഗവേഷണം ചെയ്യാനും താല്‍പ്പര്യപ്പെടുന്നത്‌ വിദേശികളാണ്‌ എന്ന വൈരുധ്യവും നിലവിലുണ്ട്‌.
ഹിന്ദിക്ക്‌ രാഷ്‌ട്രഭാഷയെന്ന സ്‌ഥാനലബ്‌ധി വന്നത്‌ ആ ഭാഷയുടെ ഭാഗ്യം. മലയാളവും തമിഴും കന്നടയും ഒറിയയും ഉള്‍പ്പെടെ സംസ്‌ഥാന ഭാഷകളുടെ കാര്യം പരമകഷ്‌ടമാണ്‌. മലയാളം പഠിക്കാന്‍ അറയ്‌ക്കുന്ന മലയാളികളാണ്‌ ഭൂരിപക്ഷം. മലയാളം എന്തുകൊണ്ടു പഠിക്കണം എന്നത്‌ വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും മുന്നില്‍ വ്യക്‌തമായി പറഞ്ഞു കൊടുക്കാനുള്ള പരിജ്‌ഞാനം അധ്യാപകര്‍ക്കിടയിലും തുലോം കുറവു തന്നെ.
ഇന്നത്തെ സാഹചര്യത്തില്‍ ആധുനിക ശാസ്‌ത്രവിഷയങ്ങള്‍ മലയാളത്തില്‍ പഠിക്കുന്നതിലൂടെ വിദ്യാര്‍ഥിക്കോ സമൂഹത്തിനോ നേട്ടം ഉണ്ടാകില്ലെന്ന്‌ എല്ലാവര്‍ക്കുമറിയാം. അപ്പോള്‍ ആംഗലേയം തന്നെ ആശ്രയം. ഈ പശ്‌ചാത്തലത്തിലാണ്‌ ഒരു മലയാളം സര്‍വകലാശാല സൃഷ്‌ടിച്ചതുകൊണ്ടൊന്നും മലയാളത്തിന്‌ നഷ്‌ടമായ പ്രതാപം വീണ്ടെടുക്കാന്‍ കഴിയില്ല എന്നു പറയേണ്ടി വരുന്നത്‌. പിന്നെ കുറെ സ്‌ഥാനമോഹികള്‍ക്കു കയറിക്കൂടാനും താല്‍പര്യമുള്ളവരെ കയറ്റിവിടാനും മറ്റൊരു മേഖലകൂടി സൃഷ്‌ടിക്കപ്പെട്ടു എന്നു മാത്രം.
പൈതൃകങ്ങളുടെ അക്ഷര-ശബ്‌ദരൂപങ്ങളാണ്‌ ഭാഷ. ഒരു ഭാഷ പഠിക്കുമ്പോള്‍ ഒരു വലിയ പൈതൃകത്തിന്റെ ഒരു തിരി വെട്ടമാണ്‌ വിദ്യാര്‍ഥി ഏറ്റുവാങ്ങുന്നത്‌. പഠിക്കുന്നത്‌ തുളുവോ, ജാപ്പനീസോ, ഒറിയയോ, മലയാളമോ, ഉറുദുവോ ആയിക്കൊള്ളട്ടെ. ഭാഷപഠിക്കുമ്പോള്‍ മനസ്‌ വിമലമാവും. മാതൃഭാഷ വശമാക്കാതെ വിദേശിക്കു പിന്നാലെ പോകുന്നത്‌ ഗുണം ചെയ്യില്ല. സ്‌കൂള്‍ തലം മുതല്‍ മലയാളത്തിന്‌ ഒരു ഭാഷയെന്ന രീതിയിലുള്ള പ്രാമുഖ്യം നല്‍കിയാല്‍ മാത്രമേ ഭാഷയ്‌ക്ക്‌ എന്തെങ്കിലും ഗുണം ലഭിക്കൂ.
വിദേശ മലയാളികളോട്‌ ഒരഭ്യര്‍ഥനയുണ്ട്‌. കുട്ടികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുക. അത്‌ അവരുടെ മാതൃഭാഷയാണ്‌. മാത്രമല്ല, ഭാഷയെന്നാല്‍ ഒരു സംസ്‌കൃതിയുടെ അടയാളവുമാണ്‌. സ്വന്തം സംസ്‌കൃതിയുടെ മുദ്രത്തിളക്കമില്ലാതെ ജീവിതം പൂര്‍ണമാകില്ലല്ലോ.
പൈതൃകങ്ങളുടെ മറ്റൊരു സുപ്രധാന ഘടകമാണ്‌ കെട്ടിടനിര്‍മാണം. ഭാരതവും കേരളവും തനതു കെട്ടിട നിര്‍മിതിയില്‍ സ്വന്തമായ അടയാളം പതിപ്പിച്ചിട്ടുണ്ട്‌. ഭൗമോപരിതലത്തില്‍ ഏതാനും മീറ്ററുകള്‍ മാത്രം താഴ്‌ചയില്‍ കാണപ്പെടുന്ന മണ്ണിന്‍ പാളിയെ കള്‍ച്ചറല്‍ സോയില്‍ അഥവാ സംസ്‌കാരമുള്‍ക്കൊള്ളുന്ന മണ്ണ്‌ എന്നാണ്‌ പര്യവേഷകര്‍ വിളിക്കുന്നത്‌. ഈ മണ്ണിന്‍ പാളികളിലായിരിക്കും മണ്‍ മറഞ്ഞ സംസ്‌കൃതികളുടെ തിരുശേഷിപ്പുകള്‍ ഉണ്ടാവുക.
ചരിത്രാന്വേഷികള്‍ മണ്ണ്‌ കുഴിച്ചെടുത്തപ്പോള്‍ അയ്യായിരം വര്‍ഷം പഴക്കമുള്ള ഹാരപ്പ മോഹന്‍ജദാരോ സംസ്‌കൃതി അനാവരണം ചെയ്യപ്പെട്ടു. സിന്ധു നദീതടത്തെ കെട്ടിട-പട്ടണ നിര്‍മാണ വൈഭവം കൊണ്ട്‌ സ്വര്‍ഗീയമാക്കിയ ഒരു മനുഷ്യസമൂഹത്തെക്കുറിച്ച്‌ നാം പഠിച്ചത്‌ എത്ര വൈകിയാണ്‌, അല്ലേ?
വൈകിവായിക്കാന്‍ സുഖമുള്ള ഒന്നാണ്‌ ചരിത്രം. പക്ഷേ ഇന്നത്തെ നിര്‍മിതികളെ ഇന്നു തന്നെ സംരക്ഷിക്കുവാനുള്ള പ്രബുദ്ധത നമുക്കുണ്ടാകണം. എന്നാല്‍ മാത്രമേ പില്‍ക്കാലവായനക്കും പഠനങ്ങള്‍ക്കുമായി വല്ലതും അവശേഷിക്കുകയുള്ളൂ. നമ്മുടെ എത്രയോ ചരിത്ര സ്‌മാരകങ്ങള്‍ കാടുപിടിച്ചും ചിതലരിച്ചും ചോര്‍ന്നൊലിച്ചും നാശോന്മുഖമായിരിക്കുന്നു. അടിയന്തരമായി അവയെ സംരക്ഷിക്കണം. അവ നല്‍കുന്ന ചരിത്രപാഠം പഠിക്കാന്‍ ദാഹിക്കുന്ന ഒരു തലമുറയുണ്ടാവും. സകല പുരാതന നിര്‍മ്മിതികളേയും സംരക്ഷിച്ചുകൊണ്ട്‌ വരും തലമുറയോടുള്ള ഉത്തരവാദിത്വം നാം നിര്‍വഹിക്കണം.
അപ്പോള്‍ പാരമ്പര്യത്തെ മുറുകെ പിടിച്ചും മാതൃഭാഷ സ്വായത്തമാക്കിയും കെട്ടിടങ്ങളെ സംരക്ഷിച്ചും നമുക്കും ചരിത്രത്തിലേക്ക്‌ ഒരു സുവര്‍ണ പാത നിര്‍മിക്കാം.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 19 Apr 2017 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW