Saturday, April 07, 2018 Last Updated 5 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Apr 2017 03.57 PM

വെറുതെയിരിക്കാനില്ല, രാജിനി മുത്തശ്ശി

uploads/news/2017/04/100477/Weeklyrajicandi1.jpg

'മുത്തശ്ശി ഗദ'യിലുടെ സിനിമയില്‍ ചേക്കേറിയ രാജിനി ചാണ്ടിയുടെ ജീവിതവും ഈസ്റ്റര്‍ അനുഭവങ്ങളും.

ആലുവ കൊടികുത്തിമലക്കാര്‍ക്ക് രാജിനി ചാണ്ടി എന്നും അത്ഭുതമാണ്. റോഡിലൂടെ അതിവേഗത്തില്‍ കാറോടിച്ചുപോകുന്ന ബോള്‍ഡായ സ്ത്രീയായിട്ടാണ് അവരാദ്യം കാണുന്നത്. അനീതി കണ്ടാല്‍ മുഖംനോക്കാതെ വിളിച്ചുപറയുന്ന സ്വഭാവം.

ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ സ്‌നേഹത്തോടെയുള്ള പെരുമാറ്റം. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ്. ഇതൊക്കെയും കൈമുതലായ അറുപത്തഞ്ചുകാരി ഇപ്പോള്‍ സിനിമാതാരമാണ്.

'' സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഇത്രയും വലിയ പബ്ലിസിറ്റി കിട്ടുമെന്ന് വിചാരിച്ചതല്ല. ഇപ്പോള്‍ എവിടെപ്പോയാലും ആരാധകരാണ്.

മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ പോയാല്‍ മിക്കവര്‍ക്കും ഒപ്പം നിന്ന് സെല്‍ഫിയെടുക്കണം. ഓരോ ദിവസവും പ്രോഗ്രാമുകള്‍. പ്രമോഷന്‍ വര്‍ക്കുകള്‍. ഉദ്ഘാടനങ്ങള്‍.. സത്യം പറഞ്ഞാല്‍ ഈ പബ്ലിസിറ്റി ഞാന്‍ ആസ്വദിക്കുകയാണ്.''

ഭര്‍ത്താവ് വി.വി.ചാണ്ടിക്കൊപ്പം ആലുവ അശോകപുരത്തെ വീട്ടിലാണ് രാജിനി മുത്തശ്ശിയുടെ താമസം. ഒരേയൊരു മകള്‍ സീന ഭര്‍ത്താവ് ടോമിക്കൊപ്പം അമേരിക്കയിലാണ്. സീനയ്ക്ക് മൂന്നുമക്കള്‍. നികിത, അലക്‌സ്, സോഫി.

''ഇരുപത്തിയൊന്നുവയസ്സുണ്ട് നികിതയ്ക്ക്. അവള്‍ പണ്ടേ പറയുന്ന കാര്യമാണ്, അമ്മാമയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെന്ന്. അതിപ്പോഴാണ് സാധിച്ചത്. എന്നേക്കാളും സന്തോഷം അവര്‍ക്കാണിപ്പോള്‍.''

നരച്ച തലമുടി പിന്നോട്ടേക്ക് കോതിയൊതുക്കി രാജനിചാണ്ടി സംസാരിക്കാനിരുന്നു.

ഭാഗ്യലക്ഷ്മി നല്‍കിയ ധൈര്യം


തൊടുപുഴയിലാണ് ഞാന്‍ ജനിച്ചത്. കുട്ടിക്കാലം മുതല്‍ സിനിമ കാണാന്‍ ആഗ്രഹമായിരുന്നു. ഇക്കാര്യം പറഞ്ഞാല്‍ അപ്പച്ചന്‍ കളിയാക്കും.
''എടീ റോസീ, രാജിനിക്ക് സിനിമ കാണണം പോലും. നീ ഓട്. പിന്നാലെ ഞാനും ഓടാം.''

അക്കാലത്തെ പ്രേംനസീര്‍ സിനിമകള്‍ ഈ രീതിയിലായിരുന്നു. ഇങ്ങനെയൊക്കെ പറയുന്ന അപ്പച്ചനാകട്ടെ, ആരും കാണാതെ ഒറ്റയ്ക്ക് സിനിമയ്ക്കുപോകുമെന്നത് മറ്റൊരു കാര്യം. വിവാഹത്തിനുശേഷം ബോംബെയിലേക്ക് പോയപ്പോള്‍ മാപ്പിളയാണ് (ഭര്‍ത്താവ്) എന്നെ തിയറ്ററിലേക്ക് കൊണ്ടുപോയത്.

ബോംബെയില്‍ അമേരിക്കന്‍ എക്‌സ്പ്രസ് ഇന്റര്‍നാഷണല്‍ ബാങ്കിന്റെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. പിന്നീട് ഒമാന്‍ ഇന്റര്‍നാഷണല്‍ ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവായി.

ഇരുപത്തിയൊന്നുവര്‍ഷം ബോംബെയില്‍ കഴിഞ്ഞു. അതിനുശേഷം മൂന്നുവര്‍ഷം ദുബായില്‍. പിന്നീടാണ് ആലുവയില്‍ സ്ഥിരതാമസമായത്. അന്നു മുതല്‍ ഇന്നുവരെ 'ഭാര്യാപ്പണി'യാണ്.

വീട്ടില്‍ വെറുതെയിരിക്കാന്‍ എനിക്കിഷ്ടമല്ല. എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കണം. മൃഗങ്ങളോടും പക്ഷികളോടും സ്‌നേഹമാണ്. ആലുവയില്‍ വന്ന സമയത്ത് തത്ത, താറാവ്, കോഴി, പാത്ത എന്നിവയൊക്കെ വീട്ടില്‍ വളര്‍ത്തിയിരുന്നു.

പിന്നീട് മനേകാഗാന്ധിയെ പേടിച്ചാണ് അതൊക്കെ നിര്‍ത്തിയത്. പക്ഷികളെ ആകാശത്തിലേക്ക് പറത്തി. കുറച്ചുകാലം ആലുവയില്‍ ഫെയര്‍ലേഡി എന്ന പേരില്‍ ഹെല്‍ത്ത്ക്ലബ് നടത്തിയിരുന്നു. സമയം കിട്ടുമ്പോള്‍ എംബ്രോയ്ഡറി വര്‍ക്ക് ചെയ്യും.

വീടിന്റെ ഒരുഭാഗത്ത് കൃഷിത്തോട്ടമുണ്ടാക്കിയിട്ടുണ്ട്. പാവലും പയറും വെണ്ടയ്ക്കയുമൊക്കെ കൃഷി ചെയ്യുന്നു. എനിക്കും മാപ്പിളയ്ക്കും കഴിക്കാവുന്നതൊക്കെ ഇവിടെ നിന്നു കിട്ടും.

അഭിനയത്തോടായിരുന്നില്ല, മോഡലിംഗിനോടായിരുന്നു താല്‍പ്പര്യം. ഒരിക്കല്‍ ഒരു കമ്പനിക്കുവേണ്ടി മൂന്ന് പോസിലുള്ള ഫോട്ടോകള്‍ അയച്ചുകൊടുത്തു. ചട്ടേംമുണ്ടും, പാന്റ്‌സും ടീഷര്‍ട്ടും സാരിയും. ഫോട്ടോകള്‍ കിട്ടിയശേഷം അവര്‍ വിളിച്ചു.

''ഫോട്ടോയൊക്കെ ഇഷ്ടപ്പെട്ടു. പക്ഷേ തലമുടി നരച്ചുപോയി.''
പ്രായം കൂടുമ്പോള്‍ തലമുടി നരക്കില്ലേ എന്ന് മറുചോദ്യം ചോദിച്ചപ്പോള്‍ അവര്‍ ഫോണ്‍ കട്ട് ചെയ്തു.

ആലുവയിലെ എഫ്ത്രീ ഹെല്‍ത്ത്ക്ലബ് ഉദ്ഘാടനം ചെയ്തത് ഞാനാണ്. അന്നു മുതല്‍ എനിക്കവിടെ ഫ്രീയാണ്. അവിടത്തെ സുനില്‍ ഇടയ്ക്കിടെ പറയും-ആന്റിക്ക് സിനിമയില്‍ അഭിനയിച്ചുകൂടെയെന്ന്. ടെക്‌നോളജിയൊന്നും വശമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറും.

ആ സമയത്താണ് ജൂഡ് ആന്റണിയുടെ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ അറുപതിനും എഴുപതിനുമിടയ്ക്കുള്ള പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന പരസ്യം വന്നത്. ഇത് കണ്ടപ്പോള്‍ സുനില്‍ നിര്‍ബന്ധിച്ചു.

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മജുമാത്യുവിന് എന്നെ അറിയാം. മജുവിനോട് ഒരു ദിവസം ഞാന്‍ പറഞ്ഞു-ജൂഡിനോട് നീയൊന്ന് പറഞ്ഞുനോക്ക്. ഒപ്പം കുറച്ച് ഫോട്ടോകളും കൊടുത്തയച്ചു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മജു വിളിച്ചു.

Ads by Google
LATEST NEWS
TRENDING NOW