Thursday, June 20, 2019 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Dec 2017 01.56 PM

നേരത്തെ അസ്തമിച്ച എന്റെ സൂര്യന്‍

uploads/news/2017/12/173853/soman121217a2.jpg

എം.ജി. സോമനെക്കുറിച്ച്ഭാര്യ സുജാത സോമന്‍ സ്മരിക്കുന്നു ഡിസംബര്‍ 12-ന് സോമന്‍ മരിച്ചിട്ട് 20 വര്‍ഷം തികയുന്നു....

''ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മംകൂടി... എനിക്കിനി ഒരു ജന്മം കൂടി.''
കൊട്ടാരം വില്‍ക്കാനുണ്ട് എന്ന ചിത്രത്തിലെ ''ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം'' എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന്റെ വരികളാണ് ഞാന്‍ മുകളില്‍ കുറിച്ചത്. സോമേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം.

ആകാശത്ത് മേഘമാലകള്‍ക്കപ്പുറത്ത് ഈ ഭൂമിയിലേക്ക് നോക്കി സോമേട്ടന്‍ ഈ വരികള്‍ പാടുന്നുണ്ടാകണം. 56-ാമത്തെ വയസില്‍ ഒരു വൃശ്ചികത്തണുപ്പിലെ തൃക്കാര്‍ത്തിക ദിവസം കാര്‍ത്തികവിളക്ക് കാണാന്‍ അനുവദിക്കാതെ മരണമെന്ന പേടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം ഞങ്ങളുടെ സ്വപ്നങ്ങളെ തകര്‍ത്തുകളഞ്ഞിട്ട് 20 വര്‍ഷം തികയുന്നു.

മറക്കാനാവുന്നില്ല. മൃത്യു.... നീ വേരുമുറിഞ്ഞ ഒരു കൊടും നുണയാണോ? ഒന്നു മുഴുമിപ്പിക്കാന്‍ അനുവദിച്ചുകൂടായിരുന്നോ?

മാവേലിക്കരയ്ക്കടുത്ത് തഴക്കര എം.എസ്.എസ്. സ്‌കൂളില്‍ 9-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സോമശേഖരന്‍ നായര്‍ എന്ന 'റ' മീശക്കാരന്‍ എന്നെ പെണ്ണുകാണാന്‍ വന്നത്. ''നീ ഇന്നു സ്‌കൂളില്‍ പോകണ്ട, ആരോ നിന്നെ കാണാന്‍ വരുന്നുണ്ട്'' എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ സ്‌കൂളില്‍ അന്ന് പോകണ്ടല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്.

അടുക്കളയില്‍ നാണിച്ചുനിന്ന എന്നെ കാണാന്‍ അദ്ദേഹം കയറി വന്നത് എന്റെ അച്ചനോടും സോമേട്ടന്റെ സുഹൃത്ത് നാരായണപിള്ളയുമായിട്ടായിരുന്നു. കാണാന്‍ വന്ന നാരായണപിള്ളയെ ഞാന്‍ സോമേട്ടനായി തെറ്റിദ്ധരിച്ചു. തുടര്‍ന്ന് 1968 ആഗസ്റ്റ് 26-ന് ഞാനും സോമേട്ടനുമായുള്ള ശൈശവവിവാഹം നടന്നപ്പോഴും മുഖത്ത് നോക്കാന്‍ കഴിഞ്ഞില്ല.

വിവാഹശേഷം കാറില്‍ യാത്ര ചെയ്യാമല്ലോ എന്ന ത്രില്‍ മാത്രമായിരുന്നു മനസ്സില്‍. അക്കാലത്ത് വാഹനങ്ങള്‍ വളരെ വിരളമാണെന്നോര്‍ക്കണം. ആ യാത്രയില്‍ ചെങ്ങന്നൂരിനടുത്തുവച്ച് കാര്‍ ബ്രേക്ക്ഡൗണ്‍ ആയപ്പോള്‍ സോമേട്ടന്റെ ഒരു കൂട്ടുകാരന്റെ വീട്ടില്‍ കയറിയിരുന്നപ്പോഴാണ് ആള്‍ മാറിയ വിവരം മനസ്സിലായത്. ഇക്കാര്യം പറഞ്ഞ് സോമേട്ടന്‍ എന്നെ കളിയാക്കുമായിരുന്നു.

സിനിമാരംഗത്തേക്ക്


ഇന്ത്യന്‍ വ്യോമസേനയില്‍ 9 വര്‍ഷക്കാലം സേവനം മതിയാക്കി വോളന്ററി റിട്ടയര്‍മെന്റ് വാങ്ങി നാട്ടിലെത്തിയ സോമേട്ടന്‍ അമേച്വര്‍ നാടകരംഗത്താണ് പിന്നീട് പ്രവര്‍ത്തിച്ചത്. അന്തരിച്ച സി. ബാബു എഴുതിയ ശരം എന്ന നാടകത്തില്‍ പേരില്ലാത്ത മനുഷ്യന്‍ എന്ന കഥാപാത്രമായി അഭിനയിച്ചതിന് സോമേട്ടന് വിക്രമന്‍ നായര്‍ ട്രോഫി ലഭിച്ചതോടെയാണ് കലാരംഗത്ത് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.

തുടര്‍ന്ന് കൊട്ടാരക്കര ശ്രീധരന്‍ നായരുടെ നാടകട്രൂപ്പിലും ഒടുവില്‍ കായംകുളം കേരള ആര്‍ട്‌സ് തിയേറ്റേഴ്‌സിന്റെ രാമരാജ്യത്തിലും സോമേട്ടന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അഭിനയിച്ചു. എടുത്തുപറയട്ടെ രാമരാജ്യത്തിലെ റിബല്‍ ക്യാരക്ടര്‍ വളരെയേറെ പ്രേക്ഷക പ്രീതി നേടി. ഈ നാടകം മലയാറ്റൂര്‍ രാമകൃഷ്ണന്‍ ചേട്ടന്റെ ഭാര്യ വേണി ചേച്ചി കാണാനിടയായതോടെയാണ് സോമേട്ടന്റെ ജാതകം തിരുത്തി എഴുതപ്പെട്ടത്.

ചേച്ചിയുടെ ശുപാര്‍ശയിന്മേല്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ സോമേട്ടനെ കാണാന്‍ ആവശ്യപ്പെട്ടു. പി.സി. സുകുമാരന്‍ നായരോടൊപ്പം ചെന്ന സോമേട്ടനെ മലയാറ്റൂര്‍ ശ്രീധരന്‍ ഇളയിടം നിര്‍മ്മിച്ച് പി.എന്‍. മേനോന്‍ സംവിധാനം നിര്‍വഹിച്ച 'ഗായത്രി' എന്ന സിനിമയിലേക്ക് കാസ്റ്റ് ചെയ്തു. അതും 'രാജാമണി' എന്ന പ്രധാന വേഷത്തില്‍. 1973-ല്‍ പുറത്തിറങ്ങിയ ആ വേഷം നായകസങ്കല്പത്തെ തന്നെ തിരുത്തിയെഴുതി.

'ദിനേശ്' എന്ന പേരിലാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്. വിണ്ണില്‍നിന്നും ഭൂമിയില്‍ ഇറങ്ങിയ സ്വപ്നതുല്യരായ നായകന് പകരം പാതി മയങ്ങിയ കണ്ണുകളും ആരെയും അനുകരിക്കാത്ത സംഭാഷണശൈലിയും അനുസരണക്കേട് കാണിക്കുന്ന മുടിയും താളനിബദ്ധമായ നടപ്പുമുള്ള നായകനെ മലയാളസിനിമ ഹാര്‍ദ്ദവമായി എതിരേറ്റു. ചുക്ക്, മഴക്കാറ്, മാധവിക്കുട്ടി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം മഞ്ഞിലാസ് ചിത്രമായ ചട്ടക്കാരിയിലെ റിച്ചാര്‍ഡാണ് സോമേട്ടന് ശരിക്കും ഒരു ബ്രേക്ക് നല്‍കിയത്.

തുടര്‍ന്നുവന്ന 'ഇതാ ഇവിടെ വരെ' സൂപ്പര്‍ഹിറ്റായതോടെ ജീവിതം മാറ്റിമറിക്കപ്പെട്ടു. 1977-ല്‍ മാത്രം സോമേട്ടന് 44 ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഊണും ഉറക്കവുമില്ലാതെ സെറ്റില്‍നിന്നും മറ്റൊരു സെറ്റിലേക്ക് പായുകയായിരുന്നു സോമേട്ടന്‍. ഈ സമയത്തെല്ലാം കുടുംബത്തെ കൂടെ കൂട്ടാനും സുഹൃത്തുക്കളുമായി സമയം പങ്കിടാനും സോമേട്ടന്‍ സമയം കണ്ടെത്തിയിരുന്നു.

സിനിമാരംഗത്തെ സിംഹാസനങ്ങള്‍ തനിക്കായി കാത്തുകിടന്നപ്പോഴും പച്ചയായ ഗ്രാമത്തിന്റെ നൈര്‍മല്യവും നിഷ്‌കളങ്കതയും മനസ്സില്‍ സൂച്ചിച്ചിരുന്നു സോമേട്ടന്‍. തിരുവല്ല എന്നത് സോമേട്ടന്റെ ഒരു ആവേശമായിരുന്നു. മദ്രാസില്‍ ഫ്‌ളാറ്റുണ്ടെങ്കിലും തിരുവല്ല മണ്ണടിപ്പറമ്പ് വീട്ടില്‍ അന്തിയുറങ്ങാനായിരുന്നു സോമേട്ടന്‍ ഇഷ്ടപ്പെട്ടത്.

വീട്ടിലെ ഉള്ളിത്തീയലും ചക്കക്കുരു മെഴുക്കുവരട്ടിയും വാഴക്കൂമ്പ് തോരനും കൂട്ടിയുള്ള ഭക്ഷണം കഴിക്കാനായിരുന്നു തികഞ്ഞ വെജിറ്റേറിയന്‍ ആയിരുന്ന സോമേട്ടന്‍ ഇഷ്ടപ്പെട്ടത്.

ഭദ്രാ സ്‌പൈസിന്റെ തുടക്കം


ഞാന്‍ എം.ജി. സോമന്‍ എന്ന സിനിമാനടന്റെ പ്രൗഢിയില്‍ ഒരു നിഴലായി കഴിയാന്‍ സോമേട്ടന്‍ അനുവദിച്ചിരുന്നില്ല. ആ വികാരമാണ് തിരുമൂലപുരത്ത് 'ഭദ്രാ സ്‌പൈസസ്' എന്ന കറി പൗഡര്‍ ഫാക്ടറി തുടങ്ങാനിടയായത്. പരിശുദ്ധിയില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം എനിക്കായി അദ്ദേഹം നല്‍കിയിരുന്നു.

ആ നിര്‍ദ്ദേശം ഈ നിമിഷം വരെ ഞാന്‍ കാത്തുപോരുന്നു. അതുമൂലമാണ് യാതൊരു പരസ്യവും നല്‍കുന്നില്ലെങ്കിലും ഭദ്രാ ഉല്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ഭംഗിയായി വിറ്റുപോകുന്നതെന്ന് തോന്നുന്നു. കനത്ത ബാങ്ക് ബാലന്‍സ് ഇല്ലാതെ സോമേട്ടന്‍ വിട്ടുപോയെങ്കിലും എന്റെ ജീവിതമാര്‍ഗത്തിന് വഴിതെളിച്ചത് ഭദ്രാ സ്‌പൈസസാണ്. ഒപ്പം കുറെപ്പേര്‍ക്ക് തൊഴിലവസരവും ലഭിച്ചു.

Tuesday 12 Dec 2017 01.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW