Friday, June 08, 2018 Last Updated 58 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jun 2017 04.48 PM

സ്വപ്‌നം വിടരുന്ന കണ്ണുകള്‍

uploads/news/2017/06/122881/jayaprabhaINW.jpg

ആറു വര്‍ഷത്തിനു ശേഷം ജയപ്രദ വീണ്ടും മലയാള സിനിമയിലേക്ക്... കിണര്‍ എന്ന ചിത്രത്തിലൂടെ എത്തുന്ന ദേവദൂതന്റെ സ്വന്തം അലീനയോടൊപ്പം...

വാകപ്പൂമരച്ചോട്ടില്‍ നിരത്തിയിട്ട ബെഞ്ചിലിരുന്ന് ക്യാമറക്ലിക്കുകള്‍ക്ക് ഭാവങ്ങള്‍ വാരിയെറിയുന്ന സൗന്ദര്യത്തെ ആരുമൊന്ന് നോക്കിപ്പോകും. ബ്‌ളസിയുടെ പ്രണയത്തിലെ ഗ്രേയ്‌സിന് ആറുവര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും എന്തൊരു ഗ്രെയ്‌സ്! തന്റെ കരം പിടിച്ചാല്‍ കടലോളം വെണ്ണിലാവെന്ന് അന്ധനായ നിഖില്‍ മഹേശ്വര്‍ പാടിയ ദേവദൂതനിലെ അലീന; ജയപ്രദ. കഥ പറയുന്ന കണ്ണുകളുടെ ഉടമ. എം.പി.യായി രാഷ്ര്ടീയത്തിലും നിറസാന്നിദ്ധ്യമായിത്തീര്‍ന്ന വ്യക്തിത്വം.

ഇനിയും കഥ തുടരുമെന്ന ജോഷി-മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ജയപ്രദ ചുരുക്കം സിനിമകളിലൂടെതന്നെ മലയാളിയുടെ ഇഷ്ടനായികയായി. ഹിന്ദിയിലടക്കം മുന്നൂറിലധികം ചിത്രങ്ങളില്‍ നായികയായ ജയപ്രദ ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിലേക്കെത്തുന്നത്, കിണറിലൂടെ. ജയ പ്രദ കന്യകയ്ക്കനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്.

പ്രണയത്തിനു ശേഷം വലിയൊരു ഇടവള... എന്തായിരുന്നു കാരണം ?


പ്രത്യേകിച്ചൊന്നുമില്ല. ഞാന്‍ മറ്റു ഭാഷകളിലെ സിനിമകളില്‍ തിരക്കായിരുന്നു. പിന്നെ രാഷ്ട്രീയവും. എങ്കിലും മലയാള സിനിമ എനിക്കെപ്പോഴും പ്രിയപ്പെട്ടതു തന്നെ. നല്ല തിരക്കഥയുമായി ആരും വരാത്തതാണു കാരണം.

ഇവിടുത്തെ പ്രേക്ഷകരെന്നും എന്നെ നെഞ്ചോട് ചേര്‍ത്തിട്ടുണ്ട്. ഒരിക്കലും അന്യഭാഷാ നായിക എന്ന പരിഗണനയല്ല തന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ നല്ല തിരക്കഥകളിലേ അഭിനയിക്കൂ എന്ന് തീരുമാനിച്ചിരുന്നു.

മൂന്നു മിനിറ്റ് മാത്രമുള്ളതായിരുന്നു ജയപ്രദയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റവേഷം. അവിടെ നിന്ന് ഇതുവരെ...?


സ്‌കൂളില്‍ പഠിച്ചു കൊണ്ടിരുന്നപ്പോഴാണത്. സ്‌കൂളിലെ ഒരു ഡാന്‍സ് കണ്ടിട്ടാണ് 1976 ല്‍ കെ.ബി. തിലക് സാര്‍ സംവിധാനം ചെയ്ത ഭൂമി കോശം എന്ന തെലുങ്കു ചിത്രത്തിലേക്ക് ഓഫര്‍ വരുന്നത്. അന്ന് എനിക്ക് സിനിമയെപ്പറ്റി ഒന്നുമറിയില്ല. എന്താണ് എനിക്കു ചുറ്റും സംഭവിക്കുന്നതെന്ന് പോലും മനസ്സിലായില്ല.

മൂന്നു മിനിറ്റുള്ള പാട്ടായിരുന്നു. പാട്ട് സീനില്‍ കലശം എടുത്തു കൊണ്ട് നടന്നു വരാന്‍ പറഞ്ഞു. ഞാനത് ചെയ്തു. ബോള്‍ഡായ പ്രണയകഥാപാത്രമായിരുന്നു എന്റേത്.

ആ സിനിമയിലൂടെയാണ് നടന്‍ എം. പ്രഭാകര്‍ റെഡ്ഡി ലളിതാറാണി എന്ന എന്നെ ജയപ്രദയാക്കുന്നത്. ആ മൂന്നു മിനിറ്റ് ശരിക്കും മൂന്ന് ഡെക്കേഡുകള്‍ തന്നെയായിരുന്നു. സിനിമയെന്തെന്നറിയാത്ത ഒരു പെണ്‍കുട്ടിയുടെ ബ്ലാങ്കായ മനസ്സായിരുന്നു അന്ന് എന്റേത്. വലിയൊരു വെല്ലുവിളിയായിരുന്നു അത്. ഇന്ന് എല്ലാം വളരെ ഫാസ്റ്റാണ്. അക്കാലത്തെക്കുറിച്ച് ഇന്ന് ചിന്തിക്കാന്‍ പോലുമാവില്ല.

വീട്ടുകാര്‍ പോലും രണ്ടു വട്ടം ആലോചിച്ച ശേഷമേ പെണ്‍കുട്ടികളെ സിനിമയില്‍ വിടൂ. എന്റെ അമ്മയും അച്ഛനും വളരെ സിമ്പിളായിരുന്നു. അങ്കിളിന് മാത്രമായിരുന്നു സിനിമയുമായുള്ള ബന്ധം. സിനിമ കാണുമെന്നതിലുപരി യാതൊരു ബന്ധവുമില്ലായിരുന്നു. ഇന്നങ്ങനല്ല.

എല്ലാവര്‍ക്കും വിശാലചിന്താഗതിയാണ്. അമ്മമാര്‍ പോലും മക്കളെ ഈ മേഖലയിലേക്ക് പോകാനനുവദിക്കുന്നു. ഒരു കരിയറായി അത് കരുതുന്നു. താരങ്ങളുടെ മക്കള്‍ ഇതിലേക്ക് എത്തുന്നത് അതിന്റെ തെളിവാണ്.

എപ്പോഴാണ് വെള്ളിത്തിരയെ സ്‌നേഹിച്ചു തുടങ്ങിയത് ?


തുടക്കത്തില്‍ സിനിമയില്‍ നിന്നകന്നു പോകാനായിരുന്നു ഇഷ്ടം. സുഹൃത്തുക്കളെയും സ്‌കൂളിനെയും മറ്റും ശരിക്കും മിസ് ചെയ്തു. (പുറത്ത് ചന്നംപിന്നം പെയ്യുന്ന മഴയെ നോക്കിയിരുന്ന് അവര്‍ തുടര്‍ന്നു) ഒന്നു മഴ പെയ്‌തെങ്കില്‍ ഷൂട്ടിങ് നിര്‍ത്തുമ്പോള്‍ വീട്ടില്‍ പോകാമല്ലോ എന്നു ചിന്തിച്ച കാലമുണ്ട്!
പക്ഷേ പതിയെ ഞാനതിനെ ശരിക്കും പ്രണയിച്ചു തുടങ്ങി.

അതിന്റെ സൗന്ദര്യം അറിഞ്ഞു. ഗ്ലാമര്‍ മേഖലയെന്നതു കൊണ്ടല്ല മറിച്ച് ഓരോ കഥാപാത്രവും സമൂഹത്തിന്റെ പ്രതിഫലനമാണ്. കുടുംബചിത്രങ്ങള്‍, സബ്ഡ്യൂഡ് കഥാപാത്രങ്ങള്‍, അമ്മ, ഭാര്യ, സഹോദരി, കാമുകി, മരുമകള്‍ എന്നിങ്ങനെ ഒട്ടുമിക്ക വേഷങ്ങളും ചെയ്തു. എല്ലാ ഭാഷയിലും കാമ്പുള്ള കഥാപാത്രങ്ങള്‍ കിട്ടി. പ്രഗല്ഭരായ സംവിധായകര്‍, അഭിനേതാക്കള്‍, തിരക്കഥാകൃത്തുക്കള്‍ എന്നിവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു.

അതിലൊക്കെ ഉപരി നൃത്തം എന്റെ ജീവനാണ്. നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. പ്രേക്ഷകര്‍ നൃത്തവേഷങ്ങളില്‍ എന്നെയൊരുപാട് സഹിച്ചിട്ടുണ്ട്. നല്ല സിനിമകള്‍ ഞാന്‍ നല്‍കിയപ്പോള്‍ പ്രേക്ഷകരത് രണ്ടു കൈയും നീട്ടി സ്വീകരിച്ചു.

Ads by Google
Loading...
TRENDING NOW