Monday, December 17, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
എം.എസ്. സന്ദീപ് / സി.എം. ഷാജി
Tuesday 14 Nov 2017 08.11 AM

എല്ലാം പിണറായിയുടെ പിടിയില്‍; പാര്‍ട്ടി സമ്മേളനങ്ങള്‍ നിര്‍ജീവം ; വ്യക്തിപൂജ വേണ്ടെന്ന് കീഴ്ഘടകങ്ങള്‍ക്കു സി.പി.എം. നിര്‍ദേശം

uploads/news/2017/11/165304/pinarayi-vijayan.jpg

കൊച്ചി: ലോക്കല്‍ സമ്മേളനങ്ങളില്‍ മത്സരം അനുവദിക്കരുതെന്ന പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ഉഗ്രശാസനം നടപ്പായതോടെ 22-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സംസ്ഥാനത്തെ സി.പി.എം. സമ്മേളനങ്ങള്‍ക്ക് ചൂടും ചൂരും നഷ്ടമായി. ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ണമായും ലോക്കല്‍ സമ്മേളനങ്ങള്‍ തൊണ്ണൂറു ശതമാനവും പൂര്‍ത്തിയായതോടെ എതിര്‍ ശബ്ദങ്ങള്‍ പോലുമില്ലാതെ പാര്‍ട്ടി പിണറായിപക്ഷത്തിന്റെ ഉരുക്കുമുഷ്ടിയിലായി.

മത്സരം വിലക്കുന്നത് പാര്‍ട്ടിഭരണഘടനയ്ക്കു വിരുദ്ധമാണെങ്കിലും പിണറായിയുടെ കര്‍ശന നിര്‍ദേശം ജില്ലാ കമ്മിറ്റികള്‍ വരവണ്ണം വ്യത്യാസമില്ലാ െത നടപ്പാക്കി. പ്രതികരിച്ചവര്‍ക്ക് കനത്ത തിരിച്ചടി കിട്ടി. ഔദ്യോഗിക പാനലിനെതിരേ പ്രവര്‍ത്തകര്‍ മല്‍സരത്തിനിറങ്ങിയ ലോക്കല്‍ സമ്മേളനങ്ങള്‍ ജില്ലാ നേതൃത്വം ഇടപെട്ട് റദ്ദാക്കി. മാറ്റിവച്ച സമ്മേളനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം നടത്തിയാല്‍ മതിയെന്നാണു തീരുമാനം. ഇതോടെ മല്‍സരിക്കാന്‍ തയാറായ ലോക്കല്‍ കമ്മിറ്റികളിലെ പ്രവര്‍ത്തകര്‍ക്കു മേല്‍സമ്മേളനങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടും. മല്‍സരത്തിനു തയാറെടുത്തവര്‍ നോട്ടപ്പുള്ളികളുമായി.

വിഭാഗീയത പൂര്‍ണമായും ഇല്ലാതാക്കിയെന്നു വരുത്താനായാണ് താഴേത്തട്ടിലുള്ള സമ്മേളനങ്ങളില്‍ നേതൃത്വം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സി.പി.എം. ഗ്രൂപ്പുകളിലെ ബലാബലത്തിലുണ്ടായ മാറ്റവും സമ്മേളനങ്ങളില്‍ പ്രതിഫലിച്ചു. ഭരണത്തിന്റെ തണല്‍പറ്റുന്ന പ്രാദേശിക നേതൃത്വങ്ങള്‍ മേല്‍ഘടകങ്ങളുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി. നേതൃത്വത്തിന്റെ നോട്ടപുള്ളികളാകാനില്ലെന്ന നിലപാടായിരുന്നു പ്രാദേശിക നേതാക്കളുടേത്.

പാര്‍ട്ടി നേതൃത്വത്തിനും സ്വന്തം പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിനും എതിരേ രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുന്നതു സി.പി.എം. സമ്മേളനങ്ങളുടെ മാത്രം പ്രത്യേകതയായിരുന്നു. വിശദമായ ചര്‍ച്ചയും മറുപടിക്കും മല്‍സരവുമൊക്കെ സമ്മേളനങ്ങളെ ഊര്‍ജസ്വലമാക്കിയിരുന്നു. എന്നാല്‍ ഇക്കുറി ഇതൊന്നുമുണ്ടായില്ല.നേതൃത്വം പറയും, പ്രവര്‍ത്തകര്‍ കേള്‍ക്കും അത്രമാത്രം! 16-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി 1998 ല്‍ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തോടെയാണ് വിഭാഗീയത മറനീക്കിയത്.

പാലക്കാട്ട് സി.ഐ.ടി.യു. വിഭാഗം ഔദ്യോഗിക പക്ഷത്തിനെതിരേ രംഗത്തുവരികയായിരുന്നു. സി.ഐ.ടി.യു. ദേശീയ ഭാരവാഹികളായിരുന്ന കെ.എന്‍. രവീന്ദ്രനാഥ്, എം.എം. ലോറന്‍സ്, വി.ബി. ചെറിയാന്‍ എന്നിവര്‍ പരസ്യമായി രംഗത്തുവന്നു. പിന്നീട് എല്ലാ തട്ടിലേക്കും വിഭാഗീയത വ്യാപിച്ചു. എന്നാല്‍ ഇക്കുറി ഔദ്യോഗിക പക്ഷത്തിനെതിരേ ശബ്ദിക്കാന്‍ കാര്യമായി ആരുമില്ലാത്ത സ്ഥിതിയാണ്. സി.പി.എമ്മില്‍ വ്യക്തിപൂജ വേണ്ടെന്നും പാര്‍ട്ടിക്ക് അതീതനായി ആരും വളരേണ്ടെന്നും കീഴ്ഘടകങ്ങള്‍ക്കു വാക്കാല്‍ നിര്‍ദേശം.

പാര്‍ട്ടിക്കുമാത്രം പ്രാധാന്യം നല്‍കിയാല്‍ മതിയെന്നും വ്യക്തികളെ പ്രകീര്‍ത്തിക്കുന്ന പോസ്റ്ററുകളും ഫെയ്‌സ്ബുക്ക് കുറിപ്പുകളും ഫഌക്‌സ്‌ബോര്‍ഡുകളും ഒഴിവാക്കണമെന്നും നിര്‍ദേശം. ഇതുസംബന്ധിച്ച് എല്ലാ ഘടകങ്ങള്‍ക്കും ഉടന്‍ സര്‍ക്കുലര്‍ നല്‍കുമെന്നും സൂചനയുണ്ട്.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വ്യക്തിപൂജയെച്ചൊല്ലി സംസ്ഥാനകമ്മിറ്റിയില്‍ ചര്‍ച്ചയുയര്‍ന്നതിനു പിന്നാലെയാണു പ്രവര്‍ത്തകര്‍ക്കു വാക്കാലുള്ള നിര്‍ദേശം. ജയരാജനെ പ്രകീര്‍ത്തിക്കുന്ന ആല്‍ബം, ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ എന്നിവയ്‌ക്കെതിരേ സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

ജയരാജനെതിരേ സംസ്ഥാന കമ്മിറ്റിയില്‍ ആഞ്ഞടിച്ചത് മുന്‍ സെക്രട്ടറികൂടിയായ പിണറായി വിജയനായിരുന്നുവെന്നതും ശ്രദ്ധേയം. കണ്ണൂരില്‍ പി. ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്നെന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. സമ്മേളനങ്ങളിലും,പൊതുപരിപാടികളിലും പാര്‍ട്ടിക്കു പ്രാധാന്യം നല്‍കേണ്ടതിനുപകരം ജയരാജന് അമിതപ്രാധാന്യം നല്‍കുന്നെന്നായിരുന്നു പരാമര്‍ശം. ജയരാജനു പ്രാധാന്യം നല്‍കി ഇറങ്ങിയ ആല്‍ബവും ഫഌക്‌സ് ബോര്‍ഡുകളുമൊക്കെ ഇതിന്റെ ഭാഗമാണെന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഈ വിലയിരുത്തലാണു സംസ്ഥാന സമിതിയില്‍ പിണറായി അവതരിപ്പിച്ചത്. പാര്‍ട്ടിയില്‍ വ്യക്തികള്‍ക്ക് അമിതപ്രാധാന്യം നല്‍കേണ്ടെന്നു പരാമര്‍ശിക്കുന്നതായിരുന്നു പിണറായിയുടെ വാക്കുകള്‍. സംസ്ഥാന സമിതിയില്‍ ഭൂരിഭാഗം ആളുകളും ഇതിനെ അനുകൂലിച്ചു.

എന്നാല്‍ തന്റെ അറിവോടെയല്ല ആല്‍ബം പുറത്തിറക്കിയതെന്നും, ഫഌകസ് ബോര്‍ഡ് വച്ചതെന്നുമായിരുന്നു ജയരാജന്റെ മറുപടി. അതേസമയം സംസ്ഥാനസമിതിയില്‍ ജയരാജനെതിരേയുണ്ടായ പരാമര്‍ശങ്ങള്‍ നിഷേധിച്ച് സെക്രട്ടേറിയറ്റ് കുറിപ്പ് പുറത്തിറക്കിയ സാഹചര്യത്തില്‍ ജയരാജനെതിരേ മറ്റു നടപടികളുണ്ടാവില്ലെന്നാണു സൂചന.

Ads by Google
എം.എസ്. സന്ദീപ് / സി.എം. ഷാജി
Tuesday 14 Nov 2017 08.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW