Tuesday, September 12, 2017 Last Updated 7 Min 30 Sec ago English Edition
Todays E paper
Sunday 10 Sep 2017 01.26 AM

പ്രണയത്തിനും പ്രതികാരത്തിനും സാക്ഷിയായി കാട്ടാത്തിപ്പാറയ്‌ക്കിന്നും യൗവനം

uploads/news/2017/09/144516/2.jpg

കോന്നി: പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും സ്‌മാരകമായ കാട്ടാത്തിക്ക്‌ ഇന്നും നിത്യയൗവനം. കോന്നിയില്‍ നിന്നും കൊക്കാത്തോട്ടിലേക്കുള്ള യാത്രാമധ്യേ തലയെടുപ്പോടെ നില്‍ക്കുന്ന കാട്ടാത്തിപ്പാറയെന്ന ജില്ലയിലെ തന്നെ കൂറ്റന്‍ പാറ ഒരു നോക്ക്‌ കാണാതെ ആരും ഇതുവഴി കടന്നു പോകില്ല.
നാല്‌ പതിറ്റാണ്ടുകള്‍ക്കപ്പുറം കൊക്കാത്തോട്‌ വനാന്തര്‍ ഭാഗത്തേക്ക്‌ കര്‍ഷകര്‍ കുടിയേറുന്നതിനു മുമ്പ്‌ കാട്ടാളന്മാരായ ആദിവാസികള്‍ മാത്രം വസിച്ചിരുന്ന ഭൂപ്രദേശമാണിവിടം.
കഥ ഇങ്ങനെ: അക്കാലത്ത്‌ കാട്ടാത്തിപ്പാറയുടെ അടിവാരത്ത്‌, ഇപ്പോഴത്തെ കാട്ടാത്തി ആദിവാസി കോളനിക്കടുത്ത്‌ ഒരു കാട്ടാളനും, സുന്ദരിയായ കാട്ടാളത്തിയും താമസിച്ചിരുന്നു. ഇവിടേക്ക്‌ നാട്ടിന്‍ പുറത്ത്‌ നിന്നും വനവിഭവങ്ങള്‍ വാങ്ങാനായി ഒരു മലഞ്ചരക്ക്‌ വ്യാപാരി ആഴ്‌ച തോറും വരുമായിരുന്നു. തേന്‍, കുന്തിരിക്കം, ഇഞ്ച, ചന്ദനം, ചിത്തിര പൂവ്‌ എന്നിങ്ങനെ വിവിധങ്ങളായ വനവിഭവങ്ങള്‍ ഈ കാട്ടാള ദമ്പതിമാരില്‍ നിന്നും ഇയാള്‍ ശേഖരിച്ച്‌ കൊണ്ടു പോകുമായിരുന്നു.
ഇങ്ങനെ ഇവരില്‍ നിന്നും ശേഖരിക്കുന്ന വിഭവങ്ങള്‍ക്ക്‌ പകരം ഇവര്‍ക്കാവശ്യമായ അരിയും മറ്റ്‌ പല വ്യഞ്‌ജനങ്ങളും, വെറ്റില മുറുക്കാനും, പുകയിലയും നല്‍കി സാധനത്തിനു പകരം സാധനം നല്‍കുന്ന രീതിയാണ്‌ സ്വീകരിച്ചിരുന്നത്‌.
സ്‌ഥിരമായി സാധനങ്ങള്‍ ശേഖരിക്കാനെത്തിയിരുന്ന വ്യാപാരിയ്‌ക്ക്‌ സുന്ദരിയായ കാട്ടാത്തിയുടെ മേല്‍ മോഹമാരംഭിച്ചു. ക്രമേണെ വ്യാപാരി കാട്ടാത്തി യുമായി പ്രണയത്തിലായി. ഇതു വളര്‍ന്നപ്പോള്‍ കാട്ടാളനെ ഒഴിവാക്കി കാട്ടാത്തിയെ തട്ടിയെടുക്കാന്‍ മലഞ്ചരക്ക്‌ വ്യാപാരി തീരുമാനിച്ചു.
കാട്ടാത്തിപ്പാറയുടെ ഒരു വശത്ത്‌ ധാരാളം കാട്ടു തേന്‍ അറകള്‍ തൂങ്ങി കിടക്കുമായിരുന്നു. കുത്തനെ ചരിവുള്ള പാറയിലൂടെ സാഹസികമായി കാട്ടുവള്ളിയിലൂടെ തൂങ്ങിയിറങ്ങി തേന്‍ എടുക്കാന്‍ ഈ കാട്ടാളനു മാത്രമേ കഴിയുമായിരുന്നുള്ളൂ. ഒരു ദിവസം കാട്ടുവള്ളിയിലൂടെ തേനെടുക്കാന്‍ കാട്ടാളന്‍ പാറയുടെ വശത്തുകൂടി നൂര്‍ന്നിറങ്ങി. താഴ്‌ഭാഗത്തെത്തി തേന്‍ ശേഖരിച്ചു കൊണ്ടിരിക്കുമ്പോള്‍ കാട്ടാളനെ വകവരുത്താന്‍ തക്കം പാര്‍ത്തിരുന്ന മലഞ്ചരക്ക്‌ വ്യാപാരിമുകള്‍ ഭാഗത്ത്‌ നിന്നും കാട്ടുവള്ളി മുറിച്ചു വിട്ടു. പിടിവിട്ട കാട്ടാളന്‍ താഴ്‌ഭാഗത്തെ വലിയ കൊക്കയിലേക്ക്‌ വീണ്‌ കൊല്ലപ്പെട്ടു.
സംഭവം അപകടമാണെന്നാണ്‌ വ്യാപാരി കാട്ടാളത്തിയെ ധരിപ്പിച്ചിരുന്നത്‌. സംഭവത്തിനു ശേഷം നാട്ടിലേക്ക്‌ മടങ്ങാതെ ഏകയായ കാട്ടാളത്തിയോെടാപ്പം ഇയാള്‍ താമസമാക്കി. തന്നെ സ്വന്തമാക്കാന്‍ വ്യാപാരി കാട്ടാളനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ മനസിലാക്കിയ കാട്ടാളത്തി ഇത്‌ പുറത്ത്‌ പ്രകടമാക്കാതെ ഭര്‍ത്താവിനെ കൊന്നതിലുള്ള പ്രതികാരദാഹം മനസില്‍ കൊണ്ടു നടന്നു.
കാട്ടാളന്റെ മരണശേഷം ഇവിടെ നിന്നും തേന്‍ ശേഖരിക്കാന്‍ കഴിയാതെ വന്നു. ഒരു ദിവസം കാട്ടാത്തിയുടെ പ്രേരണയില്‍ വ്യാപാരി തേന്‍ എടുക്കാന്‍ തയാറായി.
അസാധ്യമെങ്കിലും സാഹസികമായി കാട്ടുവള്ളിയിലൂടെ തേനെടുക്കാന്‍ വ്യാപാരി ഊര്‍ന്നിറങ്ങി. പ്രതികാര ദാഹിയായ കാട്ടാളത്തി മുന്‍പ്‌ വ്യാപാരി കാട്ടാളനെ കൊല്ലാന്‍ ചെയ്‌തതു പോലെ വള്ളി മുറിച്ചു വിട്ടു കൊലപ്പെടുത്തി.
ഈ കഥയുടെ അടിസ്‌ഥാനത്തിലാണ്‌ ഈ കൂറ്റന്‍ പാറയ്‌ക്ക്‌ കാട്ടാത്തിപ്പാറ എന്ന പേരു വന്നത്‌.
ഇവിടെ പാറയുടെ മുകളില്‍ ആദിവാസികളുടെ ആരാധന കേന്ദ്രം കാട്ടാന നശിപ്പിച്ച നിലയില്‍ കാണാം. ആദിവാസി ഊരായ കാട്ടാത്തി ഗിരിവര്‍ഗ കോളനിയും ഇതിനു സമീപത്താണ്‌ ധാരാളം കാട്ടുനെല്ലികള്‍ നിറഞ്ഞതാണ്‌ ഈ വനപ്രദേശം.
കോന്നി ഇക്കോ ടൂറിസത്തിന്റെ രണ്ടാം ഘട്ടത്തില്‍ കാട്ടാത്തിപ്പാറ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ഇനിയും ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല.

Ads by Google
Advertisement
Sunday 10 Sep 2017 01.26 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW