Last Updated 47 min 31 sec ago
Ads by Google
09
Friday
October 2015

ഭര്‍ത്താവിനെ അനുസരിക്കുന്നവളാണ് നല്ല ഭാര്യ

അജിന മോഹന്‍

  1. Manoj K. Jayan
Manoj K. Jayan

സംഗീതം തപസ്യയാക്കിയ കുടുംബത്തില്‍ നിന്ന് വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിച്ച് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച കലാകാരന്‍. നായകനെന്നോ വില്ലനെന്നോ ഉപനായകനെന്നോ വേര്‍തിരിവില്ലാതെ തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ മനോജ് കെ. ജയന്‍. കഥാപാത്രത്തില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക് കൂടുമാറാനുള്ള സ്വതസിദ്ധമായ കഴിവിലൂടെ മനോജ് കെ. ജയന്‍ ഇന്നും നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.

പുതിയ സിനിമയെക്കുറിച്ച് ?

'കൊന്തയും പൂണൂലും' എന്ന സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഭാമയും കുഞ്ചാക്കോ ബോബനും ഉണ്ട്. എനിക്ക് ഒരു വട്ടിപ്പലിശക്കാരന്റെ വേഷമാണ്. കുഴപ്പക്കാരനാണെങ്കിലും അത്യാവശ്യം തമാശക്കാരനായ ഒരാള്‍.

ന്യൂ ജനറേഷന്‍ സിനിമകളിലും സജീവ സാന്നിദ്ധ്യമാണല്ലോ?

നമുക്ക് ന്യൂ ജനറേഷനെന്നോ ഓള്‍ഡ് ജനറേഷനെന്നൊന്നും ഇല്ല. അഭിനയമെന്ന തൊഴിലറിയാം. എവിടെ പോയാലും ഏത് ജനറേഷനാണെങ്കിലും അത് വൃത്തിയായി ചെയ്യുക എന്നു മാത്രം. ഹരിഹരന്‍ സാറിന്റെ സിനിമയില്‍ സാറിന്റേതായ ചിട്ടയും രീതികളും ഉണ്ട്. നമ്മള്‍ അത് അനുസരിച്ച് അഭിനയിക്കുന്നു. നേരത്തിന്റെ സംവിധായകനായ അല്‍ഫോന്‍സ് നമ്മളോട് ആവശ്യപ്പെടുന്നത് വേറൊരു തരത്തിലാകും. സംവിധായകന്‍ എന്ത് ആവശ്യപ്പെടുന്നോ അത് ചെയ്തുകൊടുക്കും.

നായകനായി തിളങ്ങിയ ശേഷം ഉപനായകനും വില്ലനുമായി മാറുമ്പോള്‍?

ഒരിക്കലും നായകനാകാന്‍ സിനിമയില്‍ എത്തിയ ആളല്ല ഞാന്‍. സ്‌കൂള്‍- കോളേജ് കാലഘട്ടത്തില്‍ മോണോആക്ടിലോ ഏകാങ്കനാടകങ്ങളിലോ ഒന്നും പങ്കെടുത്ത പാരമ്പര്യവും ഇല്ല. അഭിനയിക്കണമെന്ന മോഹം മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. അഭിനയം പഠിക്കാനായി തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു. അവിടെ അദ്ധ്യാപകനായ ആദം അയൂബ് സര്‍ സംവിധാനം ചെയ്ത 'കുമിളകള്‍ 'എന്ന സീരിയലില്‍ നായകനായി തെരെഞ്ഞെടുത്തത് എന്നെ. അഭിനയത്തിന്റെ തുടക്കം അവിടെ നിന്നാണ്. നല്ലൊരു നടനാകണമെന്നല്ലാതെ സൂപ്പര്‍സ്റ്റാര്‍ ആകണമെന്നോ നായകനാകണമെന്നോ ഇതുവരെ ആഗ്രഹിച്ചിട്ടില്ല.
രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും പാല്‍ എന്നു പറയുന്നതു പോലെ എനിക്കിതു വരെ ലഭിച്ചതും വ്യത്യസ്തതയുള്ള വേഷങ്ങളാണ്. നായകനാകാന്‍ ഒരു ശ്രമവും എന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. എല്ലാത്തരം റോളുകളും ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷം ഒന്നു വേറെയാണ്. ആദ്യ സിനിമയായ പെരുന്തച്ചനില്‍ തന്നെ കുടുമയും മുട്ടത്തലയുമായി അഭിനയിച്ചു. ഭരേതട്ടന്റെ ചമയത്തിലും വെങ്കലത്തിലും വളരെ വ്യത്യസ്തമായ റോളുകള്‍ ചെയ്തു. അന്ന് കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്തതുകൊണ്ടാണ് ഇന്നു ന്യൂ ജനറേഷന്‍ സിനിമകളിലും എന്നെ ആവശ്യപ്പെടുന്നത്.

ഭരതന്‍ എന്ന സംവിധായകനെക്കുറിച്ച്?

ഭരതേട്ടനെപോലുള്ള ഒരു സംവിധായകന്‍ ഇനി ഉണ്ടാകില്ല. അത്രയ്ക്ക് അറിവുള്ള ബുദ്ധിമാനായ മനുഷ്യന്‍. ആദ്യ സമയങ്ങളില്‍ എനിക്ക് സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന ഇമേജ് ആയിരുന്നു. അത് മാറിയത് ഭരതേട്ടന്റെ സിനിമകളിലൂടെയാണ്. ഭരതേട്ടന്‍ വരയ്ക്കും എഴുതും പാടും പെയിന്റിംഗ് ചെയ്യും. സകലകലാ വല്ലഭന്‍. ഒരു അഭിനേതാവിനെ കഥാപാത്രമായി വാര്‍ത്തെടുക്കാന്‍ ഇത്രയും കഴിവുള്ള സംവിധായകനെ വേറെ കണ്ടിട്ടില്ല. . അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുമ്പോള്‍ മനസ്സു വളരെ ശാന്തമാകും.അത്രയ്ക്ക് സുഖമാണ്. ചമയത്തിലെ അന്തിക്കടപ്പുറത്ത് എന്ന പാട്ടു സീന്‍ മാത്രം കണ്ടാല്‍ മതി അത് മനസ്സിലാക്കാന്‍.

രണ്ടു സംസ്ഥാന അവാര്‍ഡ് ലഭിച്ചത് ഹരിഹരന്‍ എന്ന സംവിധായകന്റെ സിനിമയ്ക്കാണ്. ഹരിഹരനെന്ന സ്‌കൂള്‍?

അഭിനയം എന്തെന്ന് പഠിച്ചത് സാറിന്റെ അടുത്തു നിന്നാണ്. പുരികത്തിന്റെ ചലനമാണെങ്കിലും നോട്ടമാണെങ്കിലും എല്ലാം വളരെ കൃത്യമായി പറഞ്ഞു തരും. സംഗീതകുടുംബത്തില്‍ നിന്ന് വന്നതുകൊണ്ടും കുറച്ചെങ്കിലും കല രക്തത്തില്‍ അലിഞ്ഞതുകൊണ്ടും ഞാന്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ പഠിപ്പിച്ചു തരാന്‍ സാറും ബുദ്ധിമുട്ടേണ്ടി വന്നേനെ. പറഞ്ഞുതന്ന കാര്യങ്ങള്‍ അതുപോലെ സ്വായത്തമാക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസം. അതൊരു സര്‍വ്വകലാശാലയായിരുന്നു. ഇന്നും സാറിന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ സര്‍ഗ്ഗത്തില്‍ അഭിനയിക്കുന്ന അതേ മനസ്സോടെയാണ് ചെല്ലുന്നത്. പുതിയതായി എന്തു പഠിക്കാം എന്ന ചിന്തയോടെ. 92 ല്‍ സര്‍ഗത്തിനും 2008 ല്‍ പഴശ്ശിരാജയ്ക്കുമാണ് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഞാന്‍ ചിന്തിക്കുമായിരുന്നു ഇനി ഒരു അവാര്‍ഡ് കിട്ടണമെങ്കിലും ഹരിഹരന്‍ സാര്‍ തന്നെ വേണ്ടി വരുമോ. കഴിഞ്ഞവര്‍ഷമാണ് അബ്ദുള്‍ റഹ്മാന്‍ എന്ന പുതുമുഖ സംവിധായകന്റെ കളിയച്ഛന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതും അതിന് സംസ്ഥാന അവാര്‍ഡ് കിട്ടുന്നതും.

കളിയച്ഛനിലെ കഥകളി നടനാവാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നോ?

ഒരു കഥാപാത്രത്തിനു വേണ്ടിയും ഇതു വരെ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ല. നമ്മള്‍ പ്രാക്ടീസ് ചെയ്യുന്നതിന്റെ വിപരീതമായിട്ടായിരിക്കും സംവിധായകന്‍ പറഞ്ഞു തരുന്നത്. രണ്ടും ചേര്‍ന്ന് അവസാനം ഒന്നും ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും. തയ്യാറെടുപ്പുകള്‍ ഒന്നും ഇല്ല. എന്നാല്‍ ഓരോ ലൊക്കേഷനില്‍ ചെല്ലുമ്പോഴും ആ കഥാപാത്രമായി മാറാന്‍ ശ്രമിക്കാറുണ്ട്. കഥകളിയിലെ ഒരു പുരികത്തിന്റെ ചലനം പോലും പഠിക്കണമെങ്കില്‍ രണ്ടു മൂന്നു മാസം എടുക്കും. അത്രയും വിശാലമായ കലയാണത്. ഈ സിനിമയ്ക്ക് വേണ്ടി മാത്രം കുറച്ച് കഥകളി പഠിച്ചു. പ്രയാസകരമാണ് അതിന്റെ സ്‌റ്റെപ്പുകള്‍ പഠിക്കാന്‍. കഥകളി നടനായി അഭിനയിക്കുക എന്നു പറഞ്ഞാല്‍ ഏത് നടന്റെയും സ്വപ്നമാണ്. മോഹന്‍ലാലിനു മാത്രമാണ് അങ്ങനെയൊരു ഭാഗ്യം ഉണ്ടായിട്ടുള്ളൂ.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top
session_write_close(); mysql_close();