Last Updated 11 min 44 sec ago
Ads by Google
31
Monday
August 2015

വിവാഹം ആരെയും അറിയിക്കാതെ...

രമേഷ്‌ പുതിയമഠം

  1. Abhirami
Abhirami

കഴിഞ്ഞ പത്തുവര്‍ഷം അഭിരാമി എവിടെയായിരുന്നു? ആരെയും അറിയിക്കാതെ വിവാഹം കഴിച്ചതെന്തിന്‌? വീണ്ടും നായികയായി മലയാളത്തില്‍ തിരിച്ചെത്തുകയാണ്‌ അഭിരാമി.

കഴിഞ്ഞ പത്തുവര്‍ഷമായി അഭിരാമിയെ ആരും കണ്ടിട്ടേയില്ല. പഠിക്കാന്‍ വേണ്ടി യു.എസിലേക്കു പോയ പെണ്‍കുട്ടിയിപ്പോള്‍ ഏറെ മാറിപ്പോയിരിക്കുന്നു. നാലുവര്‍ഷം മുമ്പ്‌ വിവാഹം കഴിഞ്ഞു. ഭര്‍ത്താവ്‌ രാഹുലിന്‌ യു.എസിലെ കണ്‍സള്‍ട്ടിംഗ്‌ കമ്പനിയിലാണ്‌ ജോലി. അമേരിക്കയിലെ മാര്‍ക്കറ്റിംഗ്‌ കമ്പനി ഹെഡ്‌ ആയ ദിവ്യാ ഗോപികുമാര്‍, അഭിരാമിയായി മലയാളസിനിമയിലേക്ക്‌ തിരിച്ചെത്തുകയാണ്‌.

സിനിമയില്‍ സജീവമായിരിക്കുമ്പോഴാണല്ലോ അഭിരാമി യു.എസിലേക്കു പോയത്‌?

പഠിച്ച്‌ നല്ലൊരു ജോലി നേടണമെന്ന്‌ നേരത്തെ ആഗ്രഹിച്ചിരുന്നു. പെട്ടെന്നാണ്‌ സൈക്കോളജിക്ക്‌ പഠിക്കാന്‍ യു.എസില്‍ സ്‌കോളര്‍ഷിപ്പ്‌ കിട്ടിയത്‌. ആ സമയത്ത്‌ തമിഴില്‍ കമല്‍സാറുമൊത്ത്‌ 'വീരുമാണ്ടി' ചെയ്യുകയാണ്‌. പുതിയ സിനിമകള്‍ക്ക്‌ കമ്മിറ്റ്‌ ചെയ്‌തിട്ടുമില്ല. പറ്റിയ സമയമാണെന്നു തോന്നി. അങ്ങനെയാണ്‌ യു.എസിലേക്ക്‌ പോയത്‌. 2000 കുട്ടികള്‍ പഠിക്കുന്ന പ്രൈവറ്റ്‌ കോളജായിരുന്നു ഞങ്ങളുടേത്‌. സൗത്തിന്ത്യയില്‍ നിന്ന്‌ അഞ്ചോ ആറോ പേര്‍ മാത്രം. ഞാന്‍ സിനിമാതാരമാണെന്നൊന്നും അവര്‍ക്കറിയില്ലായിരുന്നു. സൗത്ത്‌ ഏഷ്യന്‍ ഫിലിം ഫെസ്‌റ്റിവല്‍ അവിടെ നടന്നപ്പോള്‍ ഞാന്‍ അഭിനയിച്ച സിനിമകളും പ്രദര്‍ശിപ്പിച്ചിരുന്നു. അതു കണ്ടപ്പോഴാണ്‌ ഞാന്‍ നടിയായിരുന്നുവെന്ന്‌ കൂടെ പഠിക്കുന്നവര്‍ക്കു മനസിലായത്‌. കോഴ്‌സ് പൂര്‍ത്തിയായപ്പോള്‍ യു.എസിലെ ഒരു കമ്പനിയില്‍ മാര്‍ക്കറ്റിംഗ്‌ ഫീല്‍ഡില്‍ ജോലി കിട്ടി. പിന്നീട്‌ മാര്‍ക്കറ്റിംഗ്‌ ഹെഡായി. എനിക്കു ജോലി കിട്ടിയതോടെ അച്‌ഛനും അമ്മയും തിരുവനന്തപുരം വിട്ട്‌ ഇവിടേക്ക്‌ സെറ്റിലായി.

പത്തുവര്‍ഷത്തിനുശേഷം സിനിമ ചെയ്യണമെന്നു തോന്നിയത്‌?

യു.എസില്‍നിന്ന്‌ ഇടയ്‌ക്ക് ഞാന്‍ ചെന്നൈയിലേക്ക്‌ വരാറുണ്ട്‌. കഴിഞ്ഞ തവണ വന്നപ്പോഴാണ്‌ ഇന്ത്യന്‍ സിനിമയുടെ നൂറാംവാര്‍ഷികാഘോഷം നടന്നത്‌. പഴയ ആളുകളെയൊക്കെ കാണാനാണ്‌ പോയത്‌. ഒരുപാടുപേരുമായി സൗഹൃദം പുതുക്കി. ആ സമയത്താണ്‌ സംവിധായകന്‍ മാധവ്‌ രാംദാസും നിര്‍മ്മാതാക്കളായ ഡോ.ബേബി മാത്യുവും ജോര്‍ജ്‌ മാത്യുവും എന്നെ കാണുന്നത്‌. ഞാന്‍ യു.എസിലെത്തിയപ്പോള്‍ സംവിധായകന്റെ മെയില്‍ കണ്ടു.
''പുതിയൊരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്‌. അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ?''
എന്നായിരുന്നു ചോദ്യം. പിന്നീട്‌ ഫോണില്‍ വിളിച്ച്‌ കഥ പറഞ്ഞുതന്നു. കഥയിലെ പുതുമ എന്നെ വല്ലാതെ ആകര്‍ഷിച്ചു. വീണ്ടും അഭിനയിക്കണമെന്ന ആഗ്രഹം തോന്നി. ഭര്‍ത്താവിനോടും പേരന്റ്‌സിനോടും ചോദിച്ചപ്പോള്‍ അവര്‍ക്കും സമ്മതം. അങ്ങനെയാണ്‌ 'അപ്പോത്തിക്കരി' എന്ന സിനിമയ്‌ക്ക് ഡേറ്റ്‌ നല്‍കിയത്‌. മാര്‍ച്ച്‌ മാസത്തില്‍ പാലക്കാട്ടാണ്‌ ചിത്രീകരണം.

ഇതിനിടയില്‍ മലയാളസിനിമയിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്നോ?

മലയാളികള്‍ അധികമില്ലാത്ത സ്‌ഥലത്തായിരുന്നു ഞങ്ങളുടെ താമസം. തിയറ്ററില്‍ വരുന്നതാവട്ടെ തമിഴ്‌, ഹിന്ദി, തെലുങ്ക്‌ സിനിമകള്‍. ടി.വിയിലാവട്ടെ മലയാളം ചാനലുകളേയില്ല. അത്തരമൊരവസ്‌ഥയില്‍ ഡി.വി.ഡി വാങ്ങിയിട്ടും യുട്യൂബിലുമായിരുന്നു മലയാളം സിനിമകള്‍ കണ്ടത്‌. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മലയാളത്തിലും തമിഴിലും നല്ല മാറ്റമാണ്‌ കാണുന്നത്‌. കഴിവുള്ള ഒരുപാടുപേര്‍ ഈ രംഗത്തേക്കുവരുന്നു. ആക്‌ടിംഗിനേക്കാളും ടെക്‌നീഷ്യന്മാരുടെ കഴിവിനെയാണ്‌ എടുത്തുപറയേണ്ടത്‌. നല്ല പ്രമേയങ്ങള്‍ അതുവഴി സിനിമയ്‌ക്ക് കിട്ടുന്നുണ്ട്‌. കുറച്ചു സിനിമകള്‍ മാത്രം കണ്ടതിന്റെ ബലത്തിലാണ്‌ ഞാനിതു പറയുന്നത്‌. നേരം, മേല്‍വിലാസം, ലെഫറ്റ്‌ റൈറ്റ്‌ ലെഫ്‌റ്റ്, സിറ്റി ഓഫ്‌ ഗോഡ്‌ തുടങ്ങിയ സിനിമകള്‍ ഉദാഹരണം. ഒഴിമുറി എന്ന സിനിമ മറ്റൊരു ഫീലിംഗാണ്‌ നമുക്കു നല്‍കുന്നത്‌. അതില്‍ കഥയാണ്‌ രാജാവ്‌. ലാല്‍സാര്‍ അത്‌ നന്നായി ചെയ്‌തു. ഇത്തരമൊരു സാഹചര്യത്തില്‍ മലയാള സിനിമയിലേക്ക്‌ വരുന്നത്‌ എന്തുകൊണ്ടും ഗുണമാകുമായിരിക്കും.

മലയാളസിനിമയിലെ സുഹൃത്തുക്കള്‍ വിളിക്കാറുണ്ടായിരുന്നോ?

സിനിമയില്‍ എനിക്ക്‌ അധികം സുഹൃത്തുക്കളുണ്ടായിരുന്നില്ല. ദിവ്യാഉണ്ണിയും ഗീതുമോഹന്‍ദാസുമായിരുന്നു ഏറ്റവുമടുത്ത കൂട്ടുകാര്‍. അവരിപ്പോഴും ഇ മെയില്‍ വഴി വിശേഷങ്ങള്‍ അറിയിക്കാറുണ്ട്‌. രാജീവ്‌ രവിയുമായുള്ള വിവാഹത്തെക്കുറിച്ചും കുഞ്ഞുണ്ടായതുമൊക്കെ ഗീതു അറിയിച്ചിരുന്നു. അവള്‍ മലയാളത്തിലെ അറിയപ്പെടുന്ന സംവിധായിക ആയതില്‍ അഭിമാനമുണ്ട്‌. ദിവ്യ യു.എസിലാണെങ്കിലും കാണാറില്ല. ഇടയ്‌ക്ക് ഇന്ദ്രജിത്തും പൃഥ്വീരാജും വിളിച്ചിരുന്നു.
യു.എസിലേക്ക്‌ പോകുന്ന സമയത്ത്‌ തമിഴ്‌,തെലുങ്ക്‌, കന്നഡ സിനിമകളിലായിരുന്നു അഭിനയിച്ചിരുന്നത്‌?
'മേഘസന്ദേശ'മായിരുന്നു ഏറ്റവുമൊടുവില്‍ അഭിനയിച്ച മലയാളസിനിമ. അതില്‍ ഗസ്‌റ്റ്റോളായിരുന്നു. അതിനുശേഷം മലയാളസിനിമയിലേക്ക്‌ ആരും വിളിച്ചില്ലെന്നതാണ്‌ സത്യം. കിട്ടിയതാവട്ടെ തമിഴിലും തെലുങ്കിലും കന്നഡയിലും. മലയാളത്തില്‍ നാലു സിനിമകളില്‍ മാത്രമാണ്‌ നായികാ കഥാപാത്രമായത്‌. നല്ല റോളുകള്‍ കിട്ടിയില്ലെന്നു പറയാം. പലതും സൈഡ്‌റോളുകളായിരുന്നു. ആ വിഷമം മനസിലുണ്ടായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top
session_write_close(); mysql_close();