Last Updated 3 hours 32 min ago
Ads by Google
05
Saturday
September 2015

എഴുപതിലും എനര്‍ജറ്റിക്‌

രമേഷ്‌ പുതിയമഠം

  1. Valsala menon
Valsala menon

എഴുപതാം വയസിലും വത്സലാമേനോന്‌ തിരക്കാണ്‌. അമ്മമാരില്ലാത്ത ന്യൂജനറേഷന്‍ സിനിമകളില്‍ അമ്മൂമ്മയായും ജനപ്രിയ സീരിയലുകളില്‍ മുത്തശ്ശിയായും അവര്‍ നമുക്കിടയിലുണ്ട്‌.

എഴുപതാംവയസിലും വെറുതെയിരിക്കുന്നില്ല, വത്സലാമേനോന്‍. അമ്മമാരില്ലാത്ത ന്യൂജനറേഷന്‍ സിനിമകളില്‍ അമ്മയായും ജനപ്രിയ സീരിയലുകളില്‍ മുത്തശ്ശിയായും അവര്‍ നമുക്കിടയിലുണ്ട്‌. രണ്ടാമത്തെ മകന്‍ പ്രേംമേനോന്‍ അറുപത്തിനാലാം പിറന്നാള്‍ സമ്മാനമായി നല്‍കിയ കൊച്ചി പനമ്പിള്ളിനഗറിലെ ഫ്‌ളാറ്റില്‍ ഒരു യാത്രയുടെ തയാറെടുപ്പിലാണ്‌ വത്സലാമേനോന്‍.

''നാളെ സിംഗപ്പൂരിലേക്കു പോവുകയാണ്‌. പ്രേമിന്റെ വീട്ടിലേക്ക്‌. കുറച്ചുനാളായി അവന്‍ വിളിക്കുന്നു. അതിനുവേണ്ടിയാണ്‌ അഭിനയം മാറ്റിവച്ച്‌ പത്തുദിവസം അവിടെ നില്‍ക്കാന്‍ തീരുമാനിച്ചത്‌. ഓസ്‌ട്രേലിയയിലുള്ള പ്രകാശും കൊച്ചിയിലുള്ള പ്രിയനും കുടുംബത്തോടെ അവിടെയെത്തും. മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കുറച്ചുദിവസം ഞാനുമൊന്ന്‌ അടിച്ചുപൊളിക്കട്ടെടോ.''

മലയാളികളുടെ പ്രിയപ്പെട്ട മുത്തശ്ശിയുടെ മനസിപ്പോഴും ചെറുപ്പമാണ്‌. എട്ടാം വയസില്‍ അഭിനയിക്കാനെത്തിയ തൃശൂര്‍ ഒല്ലൂക്കരയിലെ വത്സലയുടെ ഓര്‍മ്മകളെയും പ്രായം തളര്‍ത്തുന്നില്ല.

മൂന്നു പിള്ളേരുടെ അമ്മയല്ലേ?

പി.ആര്‍.എസ്‌.പിള്ളയെന്ന സംവിധായകന്‌ ഡാന്‍സറിയാവുന്ന പെണ്‍കുട്ടിയെ വേണം. ഒരുപാടലഞ്ഞതിനുശേഷമാണ്‌ അദ്ദേഹം ഒല്ലൂക്കരയിലെ രാമന്‍മേനോന്റെ വീട്ടിലെത്തിയത്‌. എട്ടുവയസുകാരിയായ വത്സലയെക്കണ്ടപ്പോള്‍ പിള്ളയ്‌ക്കിഷ്‌ടപ്പെട്ടു. നന്നായി ഡാന്‍സറിയാവുന്ന മകളെ സിനിമയിലേക്കയയ്‌ക്കാന്‍ മേനോന്‍ തീരുമാനിച്ചത്‌ അങ്ങനെയാണ്‌. തിരുവനന്തപുരത്തെ മെരിലാന്റ്‌ സ്‌റ്റുഡിയോയിലായിരുന്നു 'തിരമാല'യുടെ ഷൂട്ടിംഗ്‌.
''ഡാന്‍സ്‌ മാത്രം പോരാ. നായികയുടെ കുട്ടിക്കാലം അഭിനയിക്കുകയും വേണം.''

വത്സലയ്‌ക്ക് ഒരു കുലുക്കവുമില്ല. സംവിധായകന്‍ പറഞ്ഞുകൊടുത്തതുപോലെ അവള്‍ അഭിനയിച്ചു. 1953ല്‍ 'തിരമാല' പുറത്തിറങ്ങി. ഒല്ലൂക്കരയില്‍ മാത്രമറിയാവുന്ന വത്സലയെന്ന പെണ്‍കുട്ടി കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ പിന്നീടവളെ ആരും സിനിമയില്‍ വിളിച്ചില്ല. രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴാണ്‌ ആദ്യത്തെ അവസരം വന്നത്‌. ആ സമയത്താവട്ടെ മൂന്നു സഹോദരന്മാരും ഒന്നിച്ചെതിര്‍ത്തു.

''വത്സലയെ സിനിമയിലേക്കൊന്നും വിടില്ല. വേണമെങ്കില്‍ ഡാന്‍സ്‌ പഠിച്ചോട്ടെ.''
പത്തുവയസുകാരിയുടെ അഭിനയമോഹം അവിടെ അവസാനിച്ചു. പതിനാറാം വയസിലായിരുന്നു വിവാഹം. ബോംബെയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ ഹരിദാസ്‌ വത്സലയുടെ ജീവിതത്തിലേക്കു കടന്നുവന്നു. ആറുവര്‍ഷത്തിനിടയില്‍ മൂന്നുമക്കളുടെ അമ്മയായി. കലാജീവിതത്തില്‍നിന്ന്‌ തീര്‍ത്തും വിട്ടുനിന്ന സമയമായിരുന്നു അത്‌. പീന്നീട്‌ മലയാളസമാജത്തില്‍ സജീവമായി.

എല്ലാ വെക്കേഷനിലും തൃശൂരിലെ വീട്ടിലെത്തണമെന്നത്‌ വത്സലയുടെ നിര്‍ബന്ധമാണ്‌. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാമെന്ന്‌ ഹരിദാസ്‌ പറയുമെങ്കിലും വത്സല സമ്മതിക്കില്ല. അച്‌ഛനും അമ്മയുമായിരുന്നു അവളുടെ ലോകം. ലോകം കാണുന്നതിനേക്കാളും അവളിഷ്‌ടപ്പെടുന്നതും അതുതന്നെ.

ഒരു വെക്കേഷന്‌ വീട്ടിലെത്തിയപ്പോഴാണ്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ് സൗന്ദര്യമത്സരം നടത്തുന്ന വാര്‍ത്തയറിഞ്ഞത്‌. മത്സരിക്കാന്‍ അച്‌ഛന്‍ നിര്‍ബന്ധിച്ചു.
''അച്‌ഛനെന്തൊക്കെയാ പറയുന്നത്‌. ഞാന്‍ മുന്നു പിള്ളേരുടെ അമ്മയല്ലേ?''

അന്നു വൈകുന്നേരം വീട്ടിലേക്കുവന്ന അച്‌ഛന്റെ സുഹൃത്തുക്കളും നിര്‍ബന്ധിച്ചതോടെ സമ്മതിക്കേണ്ടിവന്നു. അവളോടൊപ്പം മത്സരിച്ചവരെല്ലാം ചെറുപ്രായക്കാരായ പെണ്‍കുട്ടികളായിരുന്നു. എല്ലാവരും അവിവാഹിതര്‍. വത്സല വിവാഹിത മാത്രമല്ല, മൂന്നുകുട്ടികളുടെ അമ്മ കൂടിയാണ്‌. എന്നിട്ടും കിരീടം അവള്‍ക്കുകിട്ടി. പത്രക്കാരൊക്കെ പൊതിഞ്ഞു. നടി ശാരദയാണ്‌ കിരീടമണിയിച്ചത്‌. പിറ്റേ ദിവസത്തെ പത്രത്തിന്റെ ഒന്നാംപേജില്‍ വലിയ ഫോട്ടോയടക്കം വാര്‍ത്തവന്നു. ആ ഫോട്ടോയാണ്‌ രാമുകാര്യാട്ട്‌ എന്ന പ്രശസ്‌തനായ സംവിധായകനെ ബോംബെയിലെ വത്സലയുടെ ഫ്‌ളാറ്റിലേക്കെത്തിച്ചത്‌.

അടുത്തെത്തിയിട്ടും സിനിമയെ തൊടാന്‍ കഴിയാതെപോയ ആ കാലത്തെക്കുറിച്ചാണ്‌ വത്സലാമേനോന്‍ പറയുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top
session_write_close(); mysql_close();