Last Updated 27 min 51 sec ago
Ads by Google
28
Friday
August 2015

ജീവിതത്തിന്‌ ഇപ്പോള്‍ എന്തൊരു രുചി...!

എം.എച്ച്‌. അനുരാജ്‌

  1. Krishna
Krishna

സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോഴും ദുരഭിമാനത്തിന്റെ ചിമിയില്‍ ഒതുങ്ങിക്കൂടാതെ ഹോട്ടല്‍ ബിനിസനിലേക്കു വന്ന്‌ വിജയം കൊയ്‌ത നടന്‍ കൃഷ്‌ണയുടെ ജീവിതരുചി..

എറണാകുളം എം.ജി റോഡില്‍ തന്തൂര്‍ എന്ന പേരിലുള്ള റസ്‌റ്റൊറന്റ്‌. പാചകപ്പുരയിലെ വലിയ സന്തൂരി അടുപ്പിനു സമീപം നില്‍ക്കുന്ന സിനിമാ നടന്‍ കൃഷ്‌ണയുടെ മുഖത്ത്‌ ഒരു പൂജാരിയുടെ ഭാവം. ഷൂട്ടിംഗ്‌ ലൈറ്റുകള്‍ക്ക്‌ ഉള്ളതിലേറെ ചൂടേറ്റ്‌ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ്‌ തൂവാലയാല്‍ ഒപ്പി കൃഷ്‌ണ പറഞ്ഞു'ഇതാണ്‌ യഥാര്‍ത്ഥ തന്തൂരി അടുപ്പ്‌. വടക്കേ ഇന്ത്യയില്‍ എല്ലായിടത്തും ഇത്തരം മരക്കരി ഉപയോഗിക്കുന്ന അടുപ്പാണുള്ളത്‌. നമ്മുടെ നാട്ടില്‍ എല്ലായിടത്തും ഗ്യാസ്‌ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന തന്തൂരി അടുപ്പാണുളളത്‌. ഞങ്ങള്‍ക്ക്‌ ഈ തന്തൂരി അടുപ്പ്‌ ശ്രീകോവിലിനു തുല്യമാണ്‌'. അടുപ്പിന്റെ തട്ടിലേക്കു കയറിനിന്ന്‌ കൃഷ്‌ണ ഒരു നിമിഷം തൊട്ടു നമസ്‌കരിച്ചു. വലിയ പാത്രത്തിലെ ഗോതമ്പുമാവില്‍നിന്ന്‌ പൂക്കുലയിറുക്കുംപോലെ മാവുരുള അടര്‍ത്തിയെടുത്തു.

മുഖത്ത്‌ തികഞ്ഞ ഏകാഗ്രത. മാവ്‌ പലകത്തട്ടില്‍വച്ച്‌ കൈകൊണ്ടു മൃദുവായി പരത്തി. പൂജാരി കളഭം തൊടുംപോലെ അല്‍പ്പം എണ്ണ അതില്‍ തലോടി. ശേഷം മാവ്‌ രണ്ടു കയ്യിലുമിട്ടു തട്ടിയപ്പോപ്പാള്‍ മന്ത്രംകൊണ്ടെന്നെവണ്ണം അതു വളര്‍ന്നു പരന്നു. അമ്പിളിവട്ടത്തിലായ മാവിനെ തന്തൂരി അടുപ്പിന്റെ മൂടിമാറ്റി ഉള്‍ഭിത്തിയില്‍ പറ്റിച്ചു. വലിയ ഇരുമ്പുചട്ടിയെടുത്തു അടുപ്പിന്റെ വായ മൂടി. മിനിട്ടുകള്‍ കഴിഞ്ഞ്‌ തന്തൂരി റൊട്ടി തയ്യാര്‍. റൊട്ടി രണ്ടായിക്കീറി ഒരുഭാഗം അടുപ്പിലേക്കുതന്നെ സമര്‍പ്പിച്ചു. ഒന്നുകൂടി നമസ്‌കരിച്ചു.'ആദ്യമുണ്ടാക്കുന്ന റൊട്ടി ഞങ്ങള്‍ അടുപ്പിനു കൊടുക്കും. അതാണു വിശ്വാസം.'

സിനിമാ നടന്‌ ജോലിവേണം

അച്‌ഛന്‍ മോഹന്‍ ദിവാകരന്‍ മുപ്പത്തി അഞ്ചു കൊല്ലം മുമ്പു തുടങ്ങിയ റസ്‌റ്റൊറന്റാണിത്‌. അക്കാലത്തെ തരക്കേടില്ലാത്ത ഒരു റസ്‌റ്റൊറന്റ്‌ എന്നു പറയാം. പ്രത്യേകിച്ചു പുതുമകളൊന്നും ഉണ്ടായിരുന്നില്ല. അഭിനയ പാരമ്പര്യമുള്ള കുടുംബമായിരുന്നതുകൊണ്ട്‌ എനിക്ക്‌ സിനിമയില്‍ അവസരം കിട്ടി. എന്റെ കസിനാണ്‌ ശോഭന. ഋഷ്യശൃംഗനായിരുന്നു ആദ്യ ചിത്രം. ഞാന്‍ സിനിമയില്‍ വരുന്ന സമയത്ത്‌ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമൊന്നും അധികം അവസരമില്ല. അതുകൊണ്ട്‌ രണ്ടുമൂന്നു പടം കഴിഞ്ഞപ്പോള്‍ വീട്ടിലിരിപ്പായി. സിനിമാ മോഹമൊക്കെ മടക്കിവെച്ച്‌ വേറെ പണി അന്വേഷിക്കാന്‍ തുടങ്ങി. എനിക്ക്‌ ഒരു ചേഞ്ച്‌ ആവശ്യമായിരുന്നു. പക്ഷേ രണ്ടുമൂന്നു സിനിമകളില്‍ മുഖം കാണിച്ച്‌ സിനിമാ നടന്‍ എന്നൊരു ലേബല്‍ വന്നതുകൊണ്ട്‌ ജോലി തരാന്‍ പലര്‍ക്കും മടി. സിനിമ കഴിഞ്ഞാല്‍ പാചകമായിരുന്നു എന്റെ ഇഷ്‌ട മേഖല. അച്‌ഛനാണ്‌ അതിനുള്ള പ്രചോദനമായത്‌. എങ്കിലും നാട്ടിലെ ഏതെങ്കിലും ഹോട്ടലില്‍ പാചകക്കാരനായി നില്‍ക്കാന്‍ എനിക്കുമൊരു ചമ്മല്‍. അങ്ങനെ നേരേ ഡല്‍ഹിക്കു വിട്ടു. അവിടെ ആകുമ്പോള്‍ എന്നെ ആരും അറിയില്ല. എന്തു ജോലിയുമെടുക്കാം. അവിടെ ഒരു ഹോട്ടലില്‍ കിച്ചന്‍ അപ്രന്റീസായി ജോലിക്കു കയറി. മൂന്നുകൊല്ലം പല ഹോട്ടലുകളിലായി ജോലി ചെയ്‌തു. അവിടെ ആദ്യം ഭയങ്കര റാഗിംഗ്‌ ആയിരുന്നു. അവര്‍ക്ക്‌ തെക്കേ ഇന്ത്യക്കാരെ പൊതുവേ ഇഷ്‌ടമല്ല. അല്‍പ്പം ഉയരവും നിറവുമുണ്ടെങ്ങില്‍ പറയുകയും വേണ്ട. എന്നോടു മുന്നൂറു റൊട്ടിവരെ ചുടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നെ തന്തൂരി അടുപ്പിന്റെ ചൂടു സഹിക്കവയ്യാതെ പലപ്പോഴും ഞാന്‍ കരഞ്ഞുപോയി.

പക്ഷേ അവിടുത്തെ ജീവിതം എനിക്ക്‌ ശരിക്കുമൊരു ട്രെയിനിംഗ്‌ പിരിഡായിരുന്നു. ആ അനുഭവങ്ങളാണ്‌ പിന്നീട്‌ എനിക്ക്‌ റസ്‌റ്റൊറന്റ്‌ നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ കരുത്തേകിയത്‌.

ഇവിടെ സിനിമയെ വെല്ലുന്ന സംഘട്ടനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. തൊഴിലാളികള്‍ തമ്മിലും ഭക്ഷണം കഴിക്കാന്‍ വന്നവര്‍ക്കിടയിലും വഴക്കുണ്ടായിട്ടുണ്ട്‌. അര്‍ദ്ധരാത്രിവരെ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനമാണിത്‌. പലതരം ആളുകള്‍ ഇവിടെ വരും. ചിലര്‍ കള്ളുകുടിച്ചിട്ടുവരും. അവരുടെ അടുത്ത്‌ സിനിമാ നടനായിനിന്നിട്ടു കാര്യമില്ല. നോര്‍ത്ത്‌ ഇന്‍ഡ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടലിനെ സംബന്ധിച്ച്‌ ഭാഷയും പ്രധാനമാണ്‌. പല ഭാഷക്കാര്‍ ഇവിടെ വരും.

ഇവിടെ ജോലിയെടുക്കുന്ന തൊണ്ണൂറ്റി അഞ്ചു ശതമാനം ആളകളും മലയാളികളല്ല. അവരെയൊക്കെ കൈകാര്യം ചെയ്യണമെങ്കില്‍ പല ഭാഷകള്‍ വശമുണ്ടാകണം. അതിനും സഹായിച്ചത്‌ ഡല്‍ഹി ജീവിതമാണ്‌.

കൃഷ്‌ണ പഴയ കൃഷ്‌ണയല്ല

98ലാണ്‌ ഡല്‍ഹിയില്‍നിന്നു തിരിച്ചെത്തിയത്‌. കൊച്ചി അപ്പോഴും പഴയ കൊച്ചിതന്നെയായിരുന്നു. പക്ഷേ കൃഷ്‌ണ പഴയ കൃഷ്‌ണ ആയിരുന്നില്ല. ഡല്‍ഹിയില്‍ പഠിച്ച നമ്പരുകള്‍ സ്വന്തം ഹോട്ടലില്‍ പയറ്റാന്‍ തുടങ്ങി. അതുവരെ സാധാ മട്ടില്‍ പോയിരുന്ന പഴയ ഹോട്ടല്‍ പരിഷ്‌കരിച്ച്‌ പഞ്ചാബി-തന്തൂരി റസ്‌റ്റൊറന്റാക്കി. മുകള്‍ നിലയില്‍ ചില്ലീസ്‌ എന്ന പുതിയൊരു വിഭാഗം തുടങ്ങി. പേരുപോലെതന്നെ എരുവിന്റെ രുചിഭേദങ്ങളായിരുന്നു ചില്ലീസില്‍ ഒരുക്കിയത്‌. പരിഷ്‌കാരങ്ങള്‍ വരുത്തുമ്പോഴും സാധാരണക്കാര്‍ക്കുള്ള ഹോട്ടല്‍ എന്ന സങ്കല്‍പ്പത്തില്‍നിന്നു മാറിപ്പോകാതെ ശ്രദ്ധിച്ചു. ആയിടയ്‌ക്ക് ബംഗലൂരുവിലെ ഒരു ഹോട്ടലില്‍നിന്ന്‌ ആന്ധ്ര ഉണുകഴിക്കാന്‍ ഇടയായി. അതിന്റെ പ്രത്യേക എരിവു രുചി എനിക്കു വളരെ ഇഷ്‌ടപ്പെട്ടു. അതു നമ്മുടെ നാട്ടില്‍ വിജയിക്കുമെന്നു തോന്നി. അങ്ങിനെയാണ്‌ ഇവിടെ ആന്ധ്ര-ചെട്ടിനാട്‌ വിഭാഗം തുടങ്ങിയത്‌. ആന്ധ്രയില്‍നിന്ന്‌ പാചകക്കാരെ കൊണ്ടുവന്നു. ആന്ധ്രയിലെ നെല്ലൂരില്‍നിന്നാണ്‌ അച്ചാറു വരുത്തുന്നത്‌.

കൃഷ്‌ണ വിലാസം ടീ ഷോപ്പ്‌

എന്റെ അടുത്ത സംരംഭം ഒരു ചായക്കടയാണ്‌. ഐശ്വര്യത്തോടെ പഴക്കുലകള്‍ തൂങ്ങിക്കിടക്കുന്ന, ചില്ലലമാരയില്‍ ചൂടുള്ള വടയും പഴംപൊരിയും നിറഞ്ഞിരിക്കുന്ന ഒരു സാധരണ ചായക്കട. റസ്‌റ്റോറന്റ്‌ ബിസിനസില്‍നിന്ന്‌ കിട്ടിയ അനുഭവങ്ങളാണ്‌ ആ വഴിക്ക്‌ മാറി ചിന്തിക്കാന്‍ കാരണം.സാധനങ്ങള്‍ക്കെല്ലാം വില കൂടിക്കൊണ്ടിരിക്കുകയാണ്‌. ജോലിക്കൂലിയും കൂടി. റസ്‌റ്റൊറന്റ്‌ ബിസിനസ്‌ പഴയപോലെ ഇനിയങ്ങോട്ട്‌ കൊണ്ടുപോകാനാവില്ല. എത്ര നല്ല ആഹാരം കൊടുത്താലും വില കൂടുലാണെങ്കില്‍ ആളുകള്‍ കയറാന്‍ മടിക്കും. ആഹാരത്തിനു വിലകൂട്ടാന്‍ പരിധിയുണ്ട്‌.

അതുകൊണ്ടാണ്‌ 'ടീ ഷോപ്‌' എന്ന പേരില്‍ കേരളത്തില്‍ അങ്ങോളം ന്യൂ ജെനറേഷന്‍ ചായക്കടകളുടെ ശൃംഖല സ്‌ഥാപിക്കാന്‍ ആലോചിക്കുന്നത്‌. സോള്‍ട്ട്‌ ആന്റ്‌ പെപ്പര്‍, ഉസ്‌താദ്‌ ഹോട്ടല്‍ എന്നീ സിനിമകള്‍ക്കു ശേഷം ആളുകളുടെ ആഹാര സങ്കല്‍പ്പത്തില്‍ മാറ്റം വന്നു. സത്യസന്ധമായ പാചകത്തിന്റെ രസം ജനങ്ങളിലെത്തിച്ച സിനിമകളാണു രണ്ടും. സോള്‍ട്ട്‌ ആന്റ്‌ പെപ്പര്‍ എന്ന സിനിമയുടെ ടൈറ്റില്‍ തെളിയുന്നതുതന്നെ വിവിധ ചായക്കടകളും തട്ടുകടകളും ദൃശ്യത്തോടെയാണ്‌. മുമ്പ്‌ നായകനും നായികയും കണ്ടുമുട്ടുന്നത്‌ ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലില്‍ വെച്ചായിരുന്നു. ഇപ്പോള്‍ അതൊക്കെ സിനിമയുടെ സ്‌ക്രിപ്‌റ്റില്‍നിന്നു മാറി. ഇപ്പോള്‍ അത്തരം കണ്ടുമുട്ടലെല്ലാം തട്ടുകടകളിലായി. അതാണ്‌ സ്വാഭാവികത. ആളുകള്‍ അത്‌ അംഗീകരിച്ചു. നാടന്‍ ഭക്ഷണത്തോടുള്ള ഇഷ്‌ടം ആള്‍ക്കാര്‍ക്കു കൂടി. എന്റെ ചായക്കടയില്‍ എയര്‍ കണ്ടീഷണറൊന്നും ഉണ്ടാവില്ല. വൃത്തിയുളള അന്തരീക്ഷവും രുചികരമായ നാടന്‍ ആഹാരവുമാണ്‌ കാണുക. വില ലോക്കല്‍ ചായക്കടയേക്കാള്‍ അല്‍പ്പമാത്രം കൂടുതലായിരിക്കും.

വീണ്ടും തിരക്കുമായി ട്രാഫിക്‌

സിനിമയൊക്കെ ഏറെക്കുറെ വിട്ട്‌ റസ്‌റ്റൊറന്റുമായി നല്ലരീതിയില്‍ പോകുമ്പോഴാണ്‌ ട്രാഫിക്‌ എന്ന സിനിമയില്‍ മികച്ച വേഷം കിട്ടുന്നത്‌. ഒരിടവേളയ്‌ക്കു ശേഷമുള്ള തിരിച്ചുവരവായിരുന്നു അത്‌.പിന്നീട്‌ തുടരെ വേഷങ്ങള്‍ കിട്ടാന്‍ തുടങ്ങി. പരസ്യങ്ങളില്‍ അഭിനയിക്കാനും അവസരങ്ങള്‍ വന്നു. ടിവിയില്‍ പാചക പരിപാടികള്‍ ചെയ്യാന്‍ ക്ഷണം വന്നു. കൈരളി ടിവിയില്‍ മൂന്നുകൊല്ലമായി പാചക പരിപാടി ചെയ്യുന്നു.

സിനിമയും റസ്‌റ്റോറന്റും താരതമ്യം ചെയ്‌താല്‍ സിനിമ ഈസിയാണെന്നു പറയാം. സിനിമയില്‍ നമ്മള്‍ സ്വന്തം കാര്യംമാത്രം നോക്കിയാല്‍ മതി. ഹോട്ടല്‍ പക്ഷേ അങ്ങിനെയല്ല മുഴുവന്‍ ആളുകളുടേയും കാര്യങ്ങള്‍ ശ്രദ്ധിക്കണം. മുമ്പ്‌ എം.ജി റോഡില്‍ അഞ്ചു റസ്‌റ്റോറന്റില്‍ കൂടുതല്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കുറഞ്ഞത്‌ നൂറ്റി അന്‍പത്‌ എണ്ണമുണ്ട്‌. അവരോടൊക്കെ പിടിച്ചു നില്‍ക്കണമെങ്കില്‍ നല്ല ശ്രദ്ധവേണം. ഇവിടെ എല്ലാ കാര്യവും ചെയ്യേണ്ടിവരും. നമ്മള്‍ തന്നെ കുക്കിനെ സഹായിക്കേണ്ടിവരും ക്‌ളീനിംഗ്‌ ജോലികളും ചെയ്യേണ്ടിവരും.

വി.ഐ.പികളുടെ സ്വന്തം തന്തൂര്‍

സിനിമാ രംഗത്തുള്ളവരും രാഷ്‌ട്രീയക്കാരും പതിവായി തന്തൂരില്‍ വരാറുണ്ട്‌. അവര്‍ക്കു സ്വകാര്യത നല്‍കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കും. അങ്ങനെ സ്വകാര്യത ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേകമൊരു ഹാള്‍തന്നെയുണ്ട്‌. സിനിമാക്കാര്‍ക്ക്‌ പലപ്പോഴും ഹോട്ടലുകളില്‍ പോയി സ്വസ്‌ഥമായിരുന്നു ഭക്ഷണം കഴിക്കാന്‍ കഴിയാറില്ല. ആസിഫ്‌ അലി, കൈലാഷ്‌, ചാക്കോച്ചന്‍, മനോജ്‌ കെ.ജയന്‍, മഞ്‌ജു വാര്യര്‍ എന്നിവരൊഴക്കെ പതിവായി ഇവിടെ വരുന്നവരാണ്‌. രമേശ്‌ ചെന്നിത്തലയും ജി. കാര്‍ത്തികേയനും കൊച്ചിയില്‍ ഉണ്ടെങ്കില്‍ ഇവിടെ വന്നാണ്‌ ഭക്ഷണം കഴിക്കാറ്‌.

ദോശ തിന്നാന്‍ ആശ

സ്വന്തം റസ്‌റ്റൊറന്റില്‍ പഞ്ചാബിയും തന്തൂരിയും ചെട്ടിനാടുമെല്ലാം റെഡിയാണെങ്കിലും എനിക്ക്‌ ഏറ്റവും ഇഷ്‌ടം ദോശയും ചമ്മന്തിയുമാണ്‌. തന്തൂരിയാണ്‌ എനിക്ക്‌ പാചകം ചെയ്യാന്‍ ഇഷ്‌ടം. പാചകം കൈവശമുള്ളതുകൊണ്ട്‌ ഏതു സിനിമാ സെറ്റില്‍ ചെന്നാലും ഞാന്‍ സ്‌റ്റാറാണ്‌. മുമ്പ്‌ ഷാജഹാന്‍ എന്ന തമിഴ്‌ സിനിമയില്‍ അവസരം കിട്ടി. അവര്‍ക്ക്‌ കേരള വിഭവങ്ങള്‍ വലിയ ഇഷ്‌ടമാണ്‌. അവിടെ ഞാന്‍ എല്ലാവര്‍ക്കും കോരളാ വിഭവങ്ങള്‍ ഉണ്ടാക്കി നല്‍കി. ഞാനുണ്ടാക്കിയ പായസത്തിന്‌ ആയിരുന്നു ആരാധകര്‍ കൂടുതല്‍.

അങ്കമാലിയിലെ റോഡുപണിക്കാരന്‍

എന്റെ അഭിപ്രായത്തില്‍ ഏറ്റവും നല്ല പാചകക്കാര്‍ തട്ടുകടകക്കാരാണ്‌. നല്ല പാചക്കാരെ കിട്ടാന്‍ പ്രയാസമാണ്‌. ദോശയുണ്ടാക്കുന്നവരേയും ചായയടിക്കാരെയും കിട്ടാനേയില്ല. എഴുനൂറു രൂപയാണ്‌ അവരുടെ ഒരുദിവസത്തെ കുറഞ്ഞ കൂലി. അതുകൊടുത്തിട്ടുപോലും ആളെ കിട്ടാനില്ല. നല്ല പൊറോട്ട അടിക്കാര്‍ക്കും ക്ഷാമമാണ്‌. കൈപ്പുണ്യമുള്ള പാചകക്കാരെ യാത്രകളില്‍ ഞാന്‍ എപ്പോഴും തിരഞ്ഞുകൊണ്ടിരിക്കും.

ഒരിക്കല്‍ അങ്കമാലിയിലെ ഒരു ചായക്കടയില്‍ ചായകുടിച്ചു നില്‍ക്കുകയാണ്‌. ഹോട്ടലിനു മുന്നില്‍ റോഡുപണി നടക്കുന്നുണ്ട്‌. എന്നെ കണ്ട്‌ സിനിമാ നടനാണെന്നു തിരിച്ചറിഞ്ഞ ഒരാള്‍ ഒപ്പംനിന്നു ഫോട്ടോയെടുത്തു. അതുകണ്ട്‌ റോഡുപണിക്കാരില്‍ ഒരാള്‍ എന്നെ വന്നു പരിചയപ്പെട്ടു. പേര്‌ മാണിക്‌. കോല്‍ക്കത്തയാണ്‌ അയാളുടെ സ്വദേശം. അവിടെ അയാളൊരു പാചകക്കാരനായിരുന്നു. മധുര പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിലാണ്‌ അയാള്‍ക്കു വൈദഗ്‌ധ്യം. ആ ജോലിയില്‍നിന്നു കാര്യമായ വരുമാനം കിട്ടാതായപ്പോഴാണ്‌ കേരളത്തില്‍ റോഡുപണിക്കുവന്നത്‌. മധുരങ്ങളെപ്പറ്റിയുള്ള എന്റെ ചോദ്യങ്ങള്‍ക്കുള്ള അയാളു െമറുപടികേട്ട്‌ ഞാന്‍ അമ്പരന്നു. ഗുലാബ്‌ ജാമുന്‍, രസഗുള, ജിലേബി...അയാളുടെ പാചകവിധികള്‍ കേട്ട്‌ എന്റെ നാവില്‍ വെള്ളമൂറി.

അവിടെ വെച്ചുതന്നെ അയാളെ ഞാനെന്റെ ഹോട്ടലിലേക്കു നിയമിച്ചു. അയാള്‍ ഇവിടെ കുറേക്കാലം ജോലിചെയ്‌തശേഷം വിട്ടുപോയി.അത്തരക്കാരുടെ ഒരു സ്വഭാവം അങ്ങിനെയാണ്‌ ഒരിടത്തും അധികകാലം ഉറച്ചുനില്‍ക്കില്ല. പക്ഷേ അവരുടെ കൈപ്പുണ്യം നമുക്ക്‌ അനുകരിക്കാനാവില്ല. ഇന്ത്യ എമ്പാടും സഞ്ചരിച്ച്‌ വിവിധ തരത്തിലുള്ള പാചക ശീലങ്ങള്‍ നേരിട്ട്‌ മനസിലാക്കണമെന്നത്‌ വലിയൊരു മോഹമാണ്‌. ആ രീതിയില്‍ ഒരു ടി.വി. പരിപാടി ചെയ്യാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഞാന്‍.

ഫോട്ടോ: എസ്‌.ഹരിശങ്കര്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top
session_write_close(); mysql_close();