Last Updated 2 hours 32 min ago
20
Monday
October 2014

'കൊച്ചി' ഗോള്‍ഡ്

ജിനേഷ് പൂനത്ത്

  1. Raveendran
Raveendran

ഐറ്റംഡാന്‍സ് ട്രെന്‍ഡാവുന്നതിനു മുന്‍പ് സിനിമകളില്‍ അടിപൊളി നൃത്തച്ചുവടുകള്‍ക്ക് ആവേശത്തിര പകര്‍ന്ന നടന്‍ രവീന്ദ്രന്‍ നീണ്ട ഇടവേളയ്ക്കു ശേഷം ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ പുതിയ തലമുറയ്ക്കും ഹരമാകുന്നു. ഇടുക്കി ഗോള്‍ഡ്' എന്ന സിനിമയുടെ ക്ളൈമാക്‌സ് രംഗത്ത് കഞ്ചാവ് തോട്ടത്തില്‍ വച്ചുള്ള രവീന്ദ്രന്റെ നൃത്തരംഗം തീയറ്ററുകളില്‍ ഉത്സവപ്രതീതി ജനിപ്പിച്ചു. മലയാളത്തിന്റെ പ്രഭുദേവ എന്ന് ചില ന്യൂജന്‍കാര്‍ വിശേഷിപ്പിച്ചു.സിനിമയ്‌ക്കൊപ്പം ഡാന്‍സും ഹിറ്റ്...!

എണ്‍പതുകളില്‍ തുടങ്ങിയ 'രവീന്ദ്രന്‍ ഡാന്‍സ്' ഇന്ത്യന്‍ സിനിമയെ തന്നെയാണ് ആവേശതിരയേറ്റിയത്. ക്ലബ്ബ് ബാറുകളില്‍ മാദകസുന്ദരികള്‍ക്കൊപ്പം ആടിപ്പാടിയ അനുഭവത്തെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എന്ത് തോന്നുന്നു...?

മാദകസുന്ദരിമാരും അവരുടെ മാദകനൃത്തവും അന്ന് സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ഇവര്‍ക്കൊപ്പം ആടിപ്പാടാന്‍ ഞാനും അവിഭാജ്യഘടകമായി മാറി. ഒരു ദിവസം രണ്ടും മൂന്നും സിനിമകളില്‍ വരെ അഭിനയിച്ചിട്ടുണ്ട്. ഡാന്‍സ് ചെയ്യുന്ന വില്ലന്‍കഥാപാത്രങ്ങളായിരുന്നു കൂടുതലും. ഞാന്‍ വരുന്നതുവരെ വില്ലന്‍മാര്‍ ഡാന്‍സ്ബാറുകളില്‍ മദ്യഗ്ലാസ് കൈയിലേന്തി മാദകസുന്ദരിമാരുടെ നൃത്തം നോക്കി നില്‍ക്കുകയും ഇടയ്ക്ക് അവരെ സ്പര്‍ശിക്കുകയും ചെയ്യുന്നവരായിരുന്നു. ഞാന്‍ വന്ന ശേഷമാണ് ഇവര്‍ക്കൊപ്പം നൃത്തംചെയ്യുന്ന രീതി വന്നത്. ഇത് അന്നത്തെ ന്യൂ ജനറേഷനിടയില്‍ വന്‍ തരംഗം സൃഷ്ടിച്ചു. എന്റെ പല സിനിമകളിലേയും പാട്ടുകളും ഡാന്‍സും വമ്പന്‍ഹിറ്റുകളായി . ഇത് കാലങ്ങളോളം തുടര്‍ന്നു. വിവിധ ഭാഷകളിലെ സുന്ദരിമാര്‍ക്കൊപ്പം അക്കാലത്ത് ഡാന്‍സ് ചെയ്തിട്ടുണ്ട്.

പാട്ടുരംഗങ്ങളില്‍ അന്ന് പ്രത്യക്ഷപ്പെട്ടിരുന്ന പല സുന്ദരിമാരും ഇന്ന് സിനിമയില്‍ ഇല്ല. ആരൊക്കെയായിരുന്നു അന്നത്തെ മാദക സുന്ദരിമാര്‍..?

തിളങ്ങി നിന്നത് ജ്യോതിലക്ഷ്മിയായിരുന്നു. അവരുടെയത്ര സെക്‌സി ലുക്കുള്ള നടിയില്ല. മാദകനൃത്തത്തിന്റെ അവസാനവാക്കായിരുന്നു ജ്യോതിലക്ഷ്മി. ഹിന്ദിയില്‍ ഹെലന്‍ തന്നെയായിരുന്നു താരം. ശരീരസൗന്ദര്യവും നൃത്തഭംഗിയും ഒരു പോലെ ഒത്തിണങ്ങിയ ഹെലന്‍ അക്കാലത്തെ സിനിമകളില്‍ അവിഭാജ്യഘടകമായിരുന്നു. തമിഴിലും തെലുങ്കിലുമാണെങ്കില്‍ സില്‍ക്ക് സ്മിതയ്ക്കായിരുന്നു മാര്‍ക്കറ്റ്. സ്മിത വളരെ പാവമായിരുന്നു. നമ്മള്‍ പുറത്ത് കാണുന്നതുപോലെ ആയിരുന്നില്ല സ്മിതയുടെ പെരുമാറ്റവും ഇടപെടലും. അക്കാലത്ത് സില്‍ക്കിനൊപ്പം ഒരുപാട് സിനിമകളില്‍ ഞാന്‍ ഡാന്‍സ് ചെയ്തിട്ടുണ്ട്. സ്മിതയ്ക്ക് ശേഷം അത്രയേറെ ആകര്‍ഷണീയതയും മാദകത്വവുമുള്ള ഒരു ഐറ്റം ഡാന്‍സര്‍ ഉണ്ടായിട്ടില്ല. സൗന്ദര്യം കത്തിനില്‍ക്കുമ്പോള്‍ മാത്രമാണ് ഇത്തരം ഐറ്റം ഡാന്‍സര്‍മാരെ സിനിമയ്ക്ക് ആവശ്യമുള്ളത്. അവരുടെ മാദകത്വം നശിച്ചാല്‍ സിനിമയില്‍നിന്ന് പുറത്താകും. പുതിയ കുട്ടികള്‍ വരും.

നായികനടിമാര്‍ക്കൊപ്പം ഒട്ടേറെ പടങ്ങളില്‍ രവീന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്. ഈ നടിമാരില്‍ ആര്‍ക്കാണ് കൂടുതല്‍ മാര്‍ക്ക് നല്‍കുക..?

അഭിനയത്തിലും ജീവിതത്തിലും ഏറെ ബോള്‍ഡായ ഒരു നടിയായിരുന്നു രാധിക. മാദകനൃത്തത്തിലും രാധിക മുന്നില്‍ നിന്നു. ആരേയും വിസ്മയിപ്പിക്കുന്ന സൗന്ദര്യമായിരുന്നു സിലോണില്‍നിന്നെത്തിയ രാധികയ്ക്ക്. കെ. ബാലചന്ദ്രന്റെ സിനിമയിലൂടെ വന്ന സുജാതയ്‌ക്കൊപ്പമുള്ള പാട്ട് സീനുകള്‍ നന്നായി ആസ്വദിച്ചാണ് അഭിനയിച്ചിരുന്നത്.

ഗംഭീര ആക്ടറായിരുന്നു ശ്രീപ്രിയ. സുജാതയ്ക്ക് ശേഷം കെ. ബാലചന്ദ്രന്റെ കണ്ടുപിടുത്തമായ സരിതയ്‌ക്കൊപ്പംവും നല്ല വേഷങ്ങള്‍ ചെയ്തു. ശ്രീദേവിയുടെ സൗന്ദര്യത്തിന് പകരം വയ്ക്കാന്‍ അക്കാലത്ത് മറ്റാരുമുണ്ടായിരുന്നില്ല. ഞങ്ങള്‍ ഒട്ടേറെ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അംബികയുടെ ആദ്യപടം എനിക്കൊപ്പമായിരുന്നു. മാധവിയാണ് എന്റെ ജോഡിയായ മറ്റൊരു നടി.
സീമ ഡാന്‍സറായാണ് സിനിമയിലേക്ക് വന്നത്. 'അവളുടെ രാവുകളാ'ണ് സീമയ്ക്ക് മുന്നില്‍ പുതുവഴി തീര്‍ത്തത്. ഐ.വി ശശി സീമയെ വിവാഹം ചെയ്ത ശേഷമാണ് ഞാന്‍ സിനിമയിലേക്കെത്തിയത്. 'കാഹള'ത്തില്‍ സീമ എന്റെ ജോഡിയായിരുന്നു.

ഒപ്പം അഭിനയിച്ച നടന്‍മാരെ എങ്ങിനെ വിലയിരുത്തുന്നു...?

ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പറായി മാറിയ ശങ്കറിനൊപ്പമായിരുന്നു എന്റേ അരങ്ങേറ്റം. 'ഒരു തലൈ രാഗം' എന്ന സിനിമയിലൂടെ. ആദ്യസിനിമയ്ക്ക് പിന്നാലെ രണ്ടാമത്തെ സിനിമയും സൂപ്പര്‍ഹിറ്റ്. അതില്‍പിന്നെ എനിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഞാന്‍ ടൈറ്റില്‍ റോളിലെത്തിയ 'മദ്രാസിലെ മോന്‍' എന്ന സിനിമയില്‍ നാലുപേരില്‍ ഒരാളായിരുന്നു മോഹന്‍ലാല്‍. ഷീലയായിരുന്നു എന്റെ ജോഡി.

കമലഹാസന്റെ ഒപ്പത്തിനൊപ്പം നിന്ന് ഞാന്‍ ഡാന്‍സ് ചെയ്ത സിനിമകള്‍ക്ക് തിയേറ്ററില്‍ വമ്പന്‍ പ്രതികരണമാണ് ഉണ്ടാക്കാന്‍ സാധിച്ചത്. കമലഹാസനൊപ്പം ഞാന്‍ അഭിനയിച്ച രാമലക്ഷമണന്‍, സര്‍വ്വകലാവല്ലഭന്‍, പൊയ്ക്കാല്‍ കുതിരൈ.. തുടങ്ങിയ സിനിമകളൊക്കെയും അക്കാലത്തെ സൂപ്പര്‍ഹിറ്റ് സിനിമകളായിരുന്നു. ഒരു സിനിമയില്‍ കമലിന് പകരക്കാരനായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്.
അടുത്തവാര്യത്ത്, രങ്ക, തങ്കമകന്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്രയുമുണ്ട് ഞാനും രജനികാന്തും ഒന്നിച്ചഭിനയിച്ച സിനിമകളുടെ എണ്ണമെടുക്കുമ്പോള്‍. ശിവാജി ഗണേശന്റെ മകനായി ഞാന്‍ അഭിനയിച്ച 'വാഴ്‌കെ' എക്കാലത്തേയും സൂപ്പര്‍ഹിറ്റ് സിനിമയാണ്. ഈ സിനിമയില്‍ സില്‍ക്ക് സ്മിതയുമൊത്തുള്ള ഡാന്‍സ് രംഗം യുവാക്കളുടെ ഹരമായിരുന്നു.

തമിഴിലും മലയാളത്തിലുമായി വാണിജ്യ സിനിമകളില്‍ കത്തിനില്‍ക്കുമ്പോഴും ഓഫ്ബീറ്റ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സത്യജിത്ത് റേയുടെ കാമറാമാനായ സുമന്ദ്‌റോയിയുടെ 'കണ്‍ചുവന്താല്‍ മണ്‍ ചുവക്കും', 'ഇരവുപൂക്കള്‍' എന്നീ ഓഫ് ബീറ്റ് സിനിമകളില്‍ ശ്രദ്ധേയ വേഷമായിരുന്നു. 'പപ്പയുടെ സ്വന്തം അപ്പൂസിലെ' രുദ്രന്റെ വേഷം ചെയ്തത് 1992-ലാണ്. അപ്പോഴേക്കും മടുത്തുതുടങ്ങി.
ഒട്ടേറെ ഭാഷകളില്‍ അഭിനയിച്ചു. സെറ്റില്‍ നിന്ന് സെറ്റിലേക്കുള്ള യാത്ര. അതോടെയാണ് തല്‍ക്കാലത്തേക്കെങ്കിലും അഭിനയമേഖലയില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്.

ഗ്‌ളാമര്‍ ലോകത്ത് കഴിഞ്ഞ രവീന്ദ്രന്

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
session_write_close(); mysql_close();