Last Updated 1 min 33 sec ago
29
Friday
May 2015

കഥ കടന്ന്‌ പ്രേക്ഷകഹൃദയത്തിലേക്ക്‌....

പി.ആര്‍. സുമേരന്‍

mangalam malayalam online newspaper

പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന ഒട്ടേറെ കഥാപാത്രങ്ങളെ സൃഷ്‌ടിച്ച്‌ മലയാള സിനിമാ തിരക്കഥയില്‍ ക്വാട്ടര്‍ സെഞ്ചുറി പൂര്‍ത്തീകരിച്ച തിരക്കഥാകൃത്ത്‌ ബെന്നി പി. നായരമ്പലം ജീവിതവും സിനിമാ അനുഭവങ്ങളും പങ്കിടുന്നു.

ഒട്ടുമിക്ക രാത്രികളിലും, പ്രത്യേകിച്ച്‌ ക്രിസ്‌മസ്‌ രാത്രിയില്‍ അത്താഴം കഴിഞ്ഞ്‌ രണ്ട്‌ സ്‌മോളടിച്ചശേഷം അപ്പച്ചന്‍ തന്റെ കൈവെള്ളയിലേക്ക്‌ നോക്കി പറയും: "മക്കളെ, ഈ കൈയിലുണ്ടായിരുന്ന വെറും നാലണയില്‍ നിന്നാണ്‌ അപ്പച്ചന്‍ ഈ കാണുന്നതൊക്കെ ഉണ്ടാക്കിയത്‌. അത്‌ മക്കള്‍ മറക്കരുത്‌." പിന്നെയും അപ്പച്ചന്‍ പഴയ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. ഞാന്‍ ജനിച്ച കാലം മുതല്‍ അപ്പച്ചന്റെ ഈ പുരാണം കേള്‍ക്കുന്നതാണ്‌. കേട്ട്‌ കേട്ട്‌ ബോറടിച്ചതിനാല്‍ അപ്പച്ചന്‍ സ്‌മോളും വിട്ട്‌ കഥ പറയാനായിരിക്കുമ്പോഴേ ഞങ്ങള്‍ മക്കളൊക്കെ സ്‌ഥലം കാലിയാക്കും. പിന്നെ പാവം അമ്മച്ചിയാണ്‌ കേള്‍വിക്കാരി. അമ്മച്ചിക്ക്‌ കേള്‍ക്കാതിരിക്കാനാവില്ലല്ലോ. ഇത്തരമൊരു സ്വഭാവമായിരുന്നു എന്റെ അപ്പച്ചന്‍ പുളിമൂട്ടില്‍ പൗലോസിന്‌.

അപ്പച്ചന്‍ എന്ന വലിയ പാഠം

എന്റെ നാടക-സിനിമാ കഥാപാത്ര സൃഷ്‌ടിയിലെല്ലാം അപ്പച്ചന്റെ ഈ സ്വഭാവം ഒരു മാതൃകയായിരുന്നു. ആദ്യകാലങ്ങളിലെ നാടകങ്ങളിലൊക്കെ അപ്പച്ചന്റെ ചെയ്‌തികളാണ്‌ കഥാപാത്രങ്ങളായി ഞാന്‍ സൃഷ്‌ടിച്ചിട്ടുള്ളത്‌. സത്യത്തില്‍ അപ്പച്ചന്‍ എനിക്ക്‌ വലിയ ഒരു കഥാപാത്രമായിരുന്നു. ഒരുപാട്‌ തീഷ്‌ണമായ ജീവിതാനുഭവങ്ങള്‍ ഉള്ള വ്യക്‌തിയായിരുന്നു അദ്ദേഹം. ജന്മനാടായ കോട്ടയത്തുനിന്ന്‌ വളരെ ചെറുപ്പത്തിലാണ്‌ അപ്പച്ചന്‍ തൊഴില്‍ തേടി നായരമ്പലത്തെത്തുന്നത്‌. പിന്നീട്‌ വര്‍ഷങ്ങള്‍ നീണ്ട കഠിനാദ്ധ്വാനത്തിലൂടെയാണ്‌ ഇക്കാണുന്നതൊക്കെ ഉണ്ടാക്കിയത്‌. പില്‍ക്കാലത്ത്‌ ഉണ്ടായ എല്ലാ കഥാപാത്ര സൃഷ്‌ടികളിലും അപ്പച്ചന്റെ അദൃശ്യമായ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്‌.

കഥകള്‍ പിറക്കുന്നു

നായരമ്പലത്തെ ഞങ്ങളുടെ തറവാട്‌ വീട്‌ വളരെ വലുതായിരുന്നു. എന്റെ കുട്ടിക്കാലത്ത്‌ അപ്പച്ചന്‌ കൊപ്ര ബിസിനസായിരുന്നു. ഞാന്‍ പിച്ച വച്ച്‌ നടന്ന കാലത്ത്‌ മുറ്റം നിറയെ കൊപ്ര നിരത്തിയിട്ടിരിക്കുകയായിരുന്നു. തേങ്ങയും ചിരട്ടയും കൊപ്രയും മടലും കൊണ്ട്‌ ഞങ്ങളുടെ തറവാട്ട്‌ മുറ്റം നിറഞ്ഞ്‌ കിടക്കുമായിരുന്നു. അക്കാലത്ത്‌ ആ പ്രദേശത്ത്‌ ഞങ്ങള്‍ക്ക്‌ മാത്രമായിരുന്നു കൊപ്ര ബിസിനസ്‌. വീട്ടില്‍ ധാരാളം പണിക്കാരും എപ്പോഴുമുണ്ടാകും. എനിക്ക്‌ അക്കാലം മുതലേ വീട്ടിലെ പണിക്കാരോട്‌ കുശലം പറയാന്‍ താല്‌പര്യമായിരുന്നു. ഇപ്പോഴും അതിന്‌ മാറ്റമില്ല. രസകരമായ ഒരു കാര്യം, ഓരോ പണിക്കാര്‍ക്കും അവരവരുടേതായ രൂപത്തിലും ഭാവത്തിലും സ്വഭാവത്തിനുമനുസരിച്ചിട്ടുള്ള ഇരട്ട പേരുകളുണ്ടായിരുന്നു. അറപൊക്കി, വങ്കന്‍, മത്തായിമാര്‌ പലവിധമുണ്ടായിരുന്നു. പാണ്ടന്‍ മത്തായി, തുകലന്‍ മത്തായി അങ്ങനെ പലര്‍... പണിക്കാര്‍ പരസ്‌പരം ഇരട്ട പേരു വിളിച്ചാണ്‌ സംസാരിച്ചിരുന്നത്‌. അവരുടെ സംസാരവും വളരെ രസകരമായിരുന്നു. കൊച്ചു കൊച്ചു കഥകളും സംഭവങ്ങളും അവര്‍ പറഞ്ഞു കൊണ്ടിരുന്നു. ഗുണപാഠകഥകളും പറഞ്ഞുതരുമായിരുന്നു.

അപ്പച്ചന്റെ ജോലിക്കാരായിരുന്നെങ്കിലും അവര്‍ ഞങ്ങളുടെ വീടുമായി ഏറെ ആത്മബന്ധം ഉള്ളവരായിരുന്നു. വീട്ടിലെ ഇളയ മകന്‍ ആയിരുന്നതിനാല്‍ അവര്‍ക്കെന്നോട്‌ ഏറെ വാത്സല്യവുമുണ്ടായിരുന്നു. ചെറിയ ജീവിതം നയിച്ചിരുന്ന അവര്‍ വലിയ ജീവിത സന്ദേശമാണ്‌ എനിക്ക്‌ പറഞ്ഞ്‌ തന്നിരുന്നത്‌. പില്‌ക്കാലത്ത്‌ നാടകത്തിലും സിനിമയിലും ഞാന്‍ സൃഷ്‌ടിച്ച പല കഥാപാത്രങ്ങള്‍ക്കും ഇവരോടാണ്‌ കടപ്പാട്‌. എന്റെ സിനിമയിലെ ഫലിതത്തിനും ഈ പണിക്കാരോടാണ്‌ കടപ്പാട്‌. കുട്ടിക്കാലത്ത്‌ അവര്‍ പറഞ്ഞ്‌ തന്ന തമാശകളാണ്‌ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതലത്തില്‍ ഞാനിപ്പോഴും എന്റെ കഥാപാത്രങ്ങളെ കൊണ്ട്‌ പറയിപ്പിച്ച്‌ കൊണ്ടിരിക്കുന്നത്‌. പണിക്കാര്‍ക്ക്‌ ഉണ്ടായിരുന്ന ഇരട്ട പേരുകള്‍ ഞാന്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്‌. നാടകത്തിലും സിനിമയിലും ചെറിയ വേഷങ്ങളിലെത്തുന്ന കഥാപാത്രങ്ങളൊക്കെ പലപ്പോഴും അവരുടെ ഛായയുള്ളവരായിരുന്നു. എന്റെ എഴുത്തിനെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളതും അപ്പച്ചനും വീട്ടിലെ പണിക്കാരുമായിരുന്നു. അവരില്‍ നിന്നാണ്‌ ഞാന്‍ ജീവിതാനുഭവങ്ങളുടെ ബാലപാഠങ്ങള്‍ പഠിച്ച്‌ തുടങ്ങിയത്‌. വീടിനടുത്ത്‌ തന്നെയുള്ള ഭഗവതി വിലാസം ഹൈസ്‌കൂള്‍, വാടയില്‍ സെന്റ്‌ ജോര്‍ജ്‌ജ് സ്‌കൂള്‍, ദേവിവിലാസം സ്‌കൂ ള്‍ എന്നിവിടങ്ങളിലായിരുന്നു എന്റെ പഠനം. മേരിമാതാ കോളജിലായിരുന്നു പ്രീഡിഗ്രി. പറവൂര്‍ കേസരി ബാലകൃഷ്‌ണപിള്ള കോളജില്‍ ഡിഗ്രിയും എറണാകുളം കച്ചേരിപ്പടി ഓള്‍ സെയന്റ്‌സ് കോളജില്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും പഠിച്ചു.

ആദ്യ നാടകം

പഠിക്കുന്ന കാലം മുതലേ കഥയും കവിതയുമൊക്കെ എഴുതുമായിരുന്നു. 88 ല്‍ എഴുതിയഅത്യുന്നതങ്ങളില്‍ ദൈവത്തിന്‌ സ്‌തുതി യാണ്‌ ആദ്യ നാടകം. ബൈബിള്‍ നാടകമായിരുന്നു. പിന്നീട്‌ വിവിധ തിയേറ്ററുകള്‍ക്ക്‌ വേണ്ടി 43 നാടകങ്ങള്‍ എഴുതി. ചേര്‍ത്തല ജൂബിലി, കൊച്ചിന്‍ സിദ്ധാര്‍ത്ഥ, കൊച്ചിന്‍ മഹാത്മ, തിരുവനന്തപുരം കേളി എന്നീ തിയേറ്ററുകള്‍ക്കാണ്‌ ഞാന്‍ കൂടുതല്‍ നാടകങ്ങള്‍ എഴിതിയിട്ടുള്ളത്‌. ഇവളെന്റെ മണവാട്ടി, അപ്പൂന്നനു നൂറു വയസ്‌, ദൈവത്തിന്റെ കോടതി, വികലാംഗ വര്‍ഷം, തായമ്പക, ഡോക്‌ടറോടു ചോദിക്കാം തുടങ്ങിയ നാടകങ്ങളൊക്കെ വളരെയധികം ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. പല നാടകങ്ങള്‍ക്കും പുരസ്‌കാരങ്ങളും ലഭിച്ചു. ആയിരക്കണക്കിന്‌ വേദികളില്‍ എന്റെ നാടകങ്ങള്‍ അരങ്ങേറി. നാടകരചനയ്‌ക്ക് പുറമേ ചില നാടകങ്ങളില്‍ നായകവേഷം വരെ ഞാന്‍ ചെയ്‌തിട്ടുണ്ട്‌. നാടകരംഗത്തു കത്തിനിന്ന സമയത്താണു സിനിമ എന്നെത്തേടി വരുന്നത്‌. സത്യത്തില്‍ സിനിമ എന്നെത്തേടിവരികയായിരുന്നു, നാടകരംഗത്തെ എന്റെ പ്രശസ്‌തി സിനിമയിലെത്താന്‍ ഏറെ സഹായിച്ചിട്ടുമുണ്ട്‌. അത്യുന്നതങ്ങളില്‍ ദൈവത്തിന്‌ സ്‌തുതി എന്ന എന്റെ ആദ്യ നാടകംസിനിമയാക്കാന്‍ സംവിധായകന്‍ പി.ജി വിശ്വംഭരന്‍ എന്നെ സമീപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
session_write_close(); mysql_close();