Last Updated 3 min 47 sec ago
Ads by Google
02
Sunday
August 2015

രക്ഷകന്‍

സ്‌മിത സി. ചെറിയാന്‍

mangalam malayalam online newspaper

നിസാര്‍ അക്ഷരാര്‍ത്ഥത്തില്‍ പാതയുടെ രക്ഷകനാണ്‌. റോഡപകടങ്ങളുടെ ഇരകളെ സ്വന്തം വാഹനത്തില്‍ ആശുപത്രികളിലെത്തിച്ചു ജീവന്‍ കാക്കുന്ന രക്ഷകന്‍. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവര്‍ക്കിടയില്‍ നിസാര്‍ ഒരു അദ്‌ഭുതമാണ്‌. കാരുണ്യത്തിന്റെ അദ്‌ഭുതം!

വഴിയരികില്‍ ഒരു അപകടം കണ്ടാല്‍ മുഖം തിരിച്ചു പോകാന്‍ എത്ര തിരക്കാണെങ്കിലും നിസാറിനാവില്ല. അപകടത്തില്‍ കാഴ്‌ചക്കാരാകുന്നവര്‍ക്കു മുന്നിലൂടെ അലിവുള്ള മനസുമായി നിസാര്‍ അവരുടെ അടുത്തെത്തും. ദൈവം നല്‍കിയ ജീവന്റെ ഭൂമിയിലെ കാവലാളായി. രക്‌തത്തില്‍ കുളിച്ചു കിടക്കുന്നവരെ കൈകളില്‍ വാരിയെടുക്കുമ്പോള്‍ ആ ജീവന്‍ തിരിച്ചു നല്‍കണേ എന്ന പ്രാര്‍ഥനയോടെ. മനുഷ്യത്വം നഷ്‌ടപ്പെടുന്നവര്‍ക്കിടയില്‍ സാന്ത്വനത്തിന്റെ പ്രഭചൊരിയുന്ന ഇത്തരം മനുഷ്യരുണ്ടെന്ന്‌ നമ്മള്‍ അറിയണം. ആരും അറിയരുതെന്ന്‌ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍പ്പോലും.

രക്ഷകന്റെ വേഷത്തിലേക്കുള്ള പകര്‍ച്ചയ്‌ക്കു പിന്നില്‍ നിസാറിനു പറയാന്‍ കണ്ണീര്‍ നനവുള്ള ഒരു അനുഭവമുണ്ട്‌. പാമ്പാടി എട്ടാം മൈലില്‍ റോഡ്‌ സൈഡിലാണ്‌ നിസാറിന്റെ വീട്‌. ചെറിയ അപകടങ്ങള്‍ക്ക്‌ സാക്ഷിയായിട്ടുണ്ടെങ്കിലും അത്തരത്തിലൊരു ദുരന്തം കണ്‍മുമ്പില്‍ കാണുന്നത്‌ ആദ്യമായിട്ടായിരുന്നു. അഞ്ചു വര്‍ഷം മുമ്പാണ്‌. ചീറിപ്പാഞ്ഞു വന്ന ഒരു ടിപ്പര്‍ ലോറി എതിര്‍ദിശയില്‍വന്ന ജീപ്പിനെ ഇടിച്ചു തെറിപ്പിക്കുന്ന നടുക്കുന്ന കാഴ്‌ച. പ്രായമായ ഭാര്യ ഭര്‍ത്താക്കന്മാരാണ്‌ ആ ജീപ്പിലുണ്ടായിരുന്നത്‌. അപകടം കണ്ട്‌ ആളുകള്‍ തടിച്ചു കൂടിയതല്ലാതെ ആരും രക്ഷാപ്രവര്‍ത്തനത്തിനു തയാറാകുന്നില്ല. പോലീസ്‌ എത്തി അവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വൃദ്ധന്‍ രക്‌തസ്രാവം കാരണം മരിച്ചിരുന്നു. കുറച്ചു ദിവസം കഴിഞ്ഞ്‌ മരിച്ചയാളുടെ മകന്‍ ജീപ്പിലുണ്ടായിരുന്ന ചില പേപ്പറുകള്‍ വാങ്ങാനായി നിസാറിന്റെ വീട്ടിലെത്തി. അയാള്‍ പൊട്ടിക്കരയുകയായിരുന്നു. എന്റെ അച്‌ഛനെ 10 മിനിറ്റെങ്കിലും മുമ്പേ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍? അയാള്‍ നെടുവീര്‍പ്പെട്ടു.

അപ്പോഴേക്കും നിസാര്‍ മനസില്‍ ഒരു തീരുമാനമെടുത്തിരുന്നു. ശത്രുവാണെങ്കില്‍പോലും ജീവനുവേണ്ടി പിടയുന്നതു കണ്ടാല്‍ അവരെ സഹായിക്കുക. പിന്നീട്‌ നിസാറിന്റെ സ്‌നേഹ തണലില്‍ മരണത്തിന്റെ നനുത്ത കരങ്ങളില്‍നിന്ന്‌ ജീവിതം തിരിച്ചു പിടിച്ചവര്‍ നിരവധിയുണ്ട്‌. ഭാര്യയ്‌ക്കും മക്കള്‍ക്കും ഒപ്പം ഏതെങ്കിലുമൊരു യാത്രക്കൊരുങ്ങുമ്പോഴാകും ആ വിളിയെത്തുന്നത്‌. അപകടം എന്നു കേള്‍ക്കേണ്ട താമസം നിസാര്‍ മറ്റെല്ലാം മറന്ന്‌ അവിടെയെത്തിയിരിക്കും. നിസാറിന്റെ സേവന മനോഭാവം പാമ്പാടിക്കാര്‍ക്കെല്ലാം അറിയാം. എവിടെയെങ്കിലും ഒരു അപകടം നടന്നാല്‍ ഉടന്‍ അവര്‍ നിസാറിനെ വിളിച്ചറിയിക്കും. ഒരു സെക്കന്റിനുപോലും ഒരു ജീവന്റെ വിലയുണ്ടെന്ന്‌ നന്നായറിയുന്ന നിസാര്‍ ഒട്ടും വൈകാതെ അവിടെയെത്തിയിരിക്കും. "മറ്റുള്ളവരുടെ കാര്യം നോക്കിനടക്കാന്‍ നിനക്കെന്താ ഭ്രാന്തുണ്ടോ" എന്ന്‌ പരിഭവിക്കുന്നവര്‍ക്കു മുന്നില്‍ സ്‌നേഹം നിറയുന്ന ചിരിയിലൂടെ മറുപടി നല്‍കി മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയായി മാറും. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചാലും അടുത്ത ബന്ധുക്കളെത്തുന്നതുവരെ നിസാര്‍ അവരുടെ അരികത്തുണ്ടാകും. അതുവരെയുള്ള ചികിത്സാ ചെലവുകളെല്ലാം ഏറ്റെടുത്തുകൊണ്ട്‌. "ചെലവിന്‌ ആരോടും ഞാന്‍ പണം വാങ്ങാറില്ല. ചിലര്‍ കണ്ടറിഞ്ഞുതരും. അതു ഞാന്‍ സ്‌നേഹത്തോടെ നിരസിക്കും. അപകടത്തില്‍പ്പെട്ടവരെ എടുത്തുകൊണ്ടുപോയാല്‍ പോലീസില്‍നിന്ന്‌ 200 രൂപ പാരിതോഷികമുണ്ട്‌. അതും ഞാന്‍ സ്വീകരിക്കാറില്ല. അതിനേക്കാള്‍ എനിക്ക്‌ അനുഗ്രഹം നല്‍കുന്നത്‌ ആ കുടുംബത്തിന്റെ പ്രാര്‍ഥനയാകും." നിസാര്‍ പറയുന്നു.

ദൈവത്തിന്റെ കാവലില്‍

ഏതു പാതിരാത്രിയിലും ജീവനുവേണ്ടി പിടയുന്നവര്‍ക്കരികിലെത്താന്‍ മടിവിചാരിക്കാറില്ല നിസാര്‍. അപകടവാര്‍ത്ത കേട്ട്‌ വണ്ടിയുമെടുത്തു പുറപ്പെട്ട എത്രയെത്ര രാത്രികള്‍. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒരു സംഭവമുണ്ട്‌ നിസാറിന്റെ ജീവിതത്തില്‍. "അന്ന്‌ ഭാര്യ അടുത്ത ബന്ധുവിന്റെ വിവാഹത്തിന്‌ പോയിരിക്കുകയാണ്‌. പനിയായതിനാല്‍ ഇളയമകനെ കൊണ്ടുപോയില്ല. ഞാനും രണ്ടുവയസുള്ള മകനും മാത്രമേ വീട്ടിലുള്ളൂ. അപ്പോഴാണ്‌ ഒരു സുഹൃത്ത്‌ വിളിക്കുന്നത്‌. രാത്രി 12 മണിയായിക്കാണും. പൊന്‍കുന്നത്തിനടുത്ത്‌ ഒരു കാര്‍ നാലാള്‍ താഴ്‌ചയുള്ള കുഴിയിലേക്ക്‌ മറിഞ്ഞു. അപകട വിവരം അറിഞ്ഞതും കുഞ്ഞിന്റെ കാര്യം പോലും മറന്നു ഞാന്‍ കാറില്‍ അവിടെയെത്തി. അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചെടുത്ത്‌ മെഡിക്കല്‍കോളജിലെത്തിച്ചപ്പോഴേക്കും വെളുപ്പിനെ നാലുമണിയായിക്കാണും. അപ്പോഴാണ്‌ കുഞ്ഞു തനിച്ചല്ലേ വീട്ടിലുള്ളതെന്നു ഓര്‍ത്തത്‌. ഉടന്‍ വീട്ടിലെത്തി. കുഞ്ഞ്‌ സുഖമായി ഉറങ്ങുന്നു. ദൈവത്തിന്റെ കാവലിലെന്നപോലെ. പനിയായിട്ടും അവന്‍ എഴുന്നേറ്റ്‌ കരഞ്ഞതുപോലുമില്ല. ഒരു പുണ്യം ചെയ്യുമ്പോള്‍ നാം അറിയാതെ അള്ളാഹു നമ്മളെ സംരക്ഷിക്കുകയാണ്‌" അതു പറയുമ്പോള്‍ നിസാറിന്റെ ചിരിക്ക്‌ കൂടുതല്‍ തിളക്കം കൈവരുന്നു. പനി വന്നാല്‍ കുത്തിവയ്‌പ്പ് എടുക്കാന്‍ ഭയപ്പെടുന്ന നിസാര്‍ അപകടം കണ്ടാല്‍ ആത്മധൈര്യം വീണ്ടെടുക്കും. "മനസ്‌ മരവിപ്പിക്കുന്ന കാഴ്‌ചകളാണ്‌ മിക്ക അപകടങ്ങളും അവശേഷിപ്പിക്കുന്നത്‌. അതൊക്കെ നേരിടാനുള്ള മനോബലം ഞാന്‍പോലും അറിയാതെ എന്നില്‍ വന്നുചേരുന്നതാണ്‌. ദൈവം തരുന്ന കരുത്താണതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. "

പ്രത്യാശയുടെ പുതു വെളിച്ചം

ഈശ്വര തുല്യമായ സഹായത്താല്‍ ജീവിതം തിരിച്ചു പിടിച്ചവര്‍ നല്‍കുന്ന സ്‌നേഹമാണ്‌ നിസാറിന്റെ പ്രചോദനം. പാമ്പാടിയിലെ സിന്‍സി...വെള്ളൂരിലെ കൊച്ചനിയന്‍... പൊന്‍കുന്നത്തെ റജി... തേക്കടി ദുരന്തത്തില്‍പ്പെട്ട തമിഴ്‌ നാട്ടുകാര്‍ എന്നിങ്ങനെ ജീവിതം തിരിച്ചു നല്‍കിയവരുടെ നീണ്ടനിരതന്നെയുണ്ട്‌. ദൈവങ്ങളോടൊപ്പം അവര്‍ സ്‌നേഹത്തോടെ നിസാറിനെ എന്നും ഓര്‍മിക്കുന്നു. ഇടയ്‌ക്ക് നിറഞ്ഞ സന്തോഷത്തോടെ നിസാറിനെ കാണാനെത്തുന്നു. പ്രത്യാശയുടെ പുതു ജീവിതത്തിലേക്ക്‌ വെളിച്ചമേകിയതിന്‌ അല്ലാതെ അവര്‍ എങ്ങനെയാണ്‌ നന്ദിപറയുക. അക്കൂട്ടത്തില്‍ ഒരിക്കലും മറക്കാത്തൊരു മുഖമുണ്ട്‌. വെള്ളൂരുകാരന്‍ കൊച്ചുമോന്റെ. മൂന്നു വര്‍ഷം മുമ്പാണ്‌. കൂരോപ്പട റോഡില്‍ ഒരു ഓട്ടോറിക്ഷ ബസിനടിയിലേക്ക്‌ ഇടിച്ചു കയറി. അപ്പനും രണ്ടു മക്കളുമാണ്‌ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്‌. ഈ അപകടം നടക്കുമ്പോള്‍ നിസാര്‍ സാക്ഷിയായുണ്ട്‌. ഉടന്‍ നിസാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒരു വിധത്തില്‍ ഓട്ടോ വെട്ടിപ്പൊളിച്ച്‌ അതിലുള്ളവരെ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ബസിലുള്ളവര്‍ അത്രയും നോക്കിനില്‍ക്കുകയാണ്‌. ഒരാള്‍പോലും സഹായത്തിന്‌ വരുന്നില്ല. തൊട്ടടുത്തുള്ള പോലീസ്‌ സ്‌റ്റേഷനില്‍ വിവരം അറിയിക്കാനും ആരും തയാറാകുന്നില്ല. വണ്ടി വെട്ടിപ്പൊളിച്ച്‌ അതിലുള്ളവരെ പുറത്തെടുക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നു. ഡ്രൈവര്‍ കൊച്ചുമോന്റെ കണ്ണില്‍ കൂടി കമ്പി തുളച്ചു കയറിയ അവസ്‌ഥയിലായിരുന്നു. കമ്പിയില്‍നിന്ന്‌ വലിച്ചെടുത്തപ്പോള്‍ അയാളുടെ കണ്ണ്‌ പുറത്തേക്കു തള്ളിവരുകയാണ്‌. മനോബലം വീണ്ടെടുത്ത്‌ നിസാര്‍ ഉടുമുണ്ട്‌ വലിച്ചു കീറികെട്ടി ഒരുവിധത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഒരു കണ്ണ്‌ നഷ്‌ടപ്പെട്ടെങ്കിലും കൊച്ചുമോന്‍ ജീവിതത്തിലേക്ക്‌ മടങ്ങിയെത്തി. "ദൈവം പല രൂപത്തില്‍ നമ്മളെ പരീക്ഷിക്കുമെന്ന്‌ പറയാറില്ലേ. ഏറ്റവും വലിയ വേദനതന്ന അതേ നിമിഷത്തില്‍തന്നെ നിസാറിന്റെ രൂപത്തില്‍ ദൈവം എന്റെ അരികില്‍ വന്നു ." അപകടത്തില്‍നിന്നു രക്ഷപ്പെട്ട കൊച്ചുമോന്‍ പറയുന്നു.

വേദനയുടെ നിമിഷങ്ങള്‍

സ്വന്തം ജീവന്‍പോലും നോക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ ചില ദുരനുഭവങ്ങള്‍ നിസാറിനെ വല്ലാതെ വേദനപ്പിക്കാറുണ്ട്‌. കുമരകത്തു ബസ്‌ ആറ്റിലേക്ക്‌ മറിഞ്ഞ്‌ അപകടമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തകരുടെ കൂടെ നിസാറും ഉണ്ടായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ചില ജീവനുകള്‍ അന്ന്‌ നഷ്‌ടപ്പെട്ടു. ഇടവഴികളിലെല്ലാം കാഴ്‌ചക്കാര്‍ നിറഞ്ഞ്‌ ആംബുലന്‍സിനുപോലും കടന്നുപോകാന്‍ കഴിയാത്ത അവസ്‌ഥ. "ഒരു ജീവന്‍ എങ്ങനെ രക്ഷിക്കാമെന്ന്‌ നമ്മള്‍ ചിന്തിക്കുമ്പോള്‍ ദുരന്തദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താനാണ്‌ ആളുകള്‍ക്ക്‌ തിടുക്കം. സ്വന്തം സഹോദരനാണ്‌ ഈ അവസ്‌ഥ വരുന്നതെങ്കില്‍ ഇങ്ങനെ ചെയ്യുമോ. അപ്പോള്‍ നമ്മള്‍ ചിന്തിക്കും ആരെങ്കിലും ഒന്ന്‌ ആശുപത്രിയിലെത്തിക്കാന്‍ ഉണ്ടായിരുന്നെങ്കിലെന്ന്‌." നിസാറിനെപ്പോലെ സഹജീവിയുടെ വേദന ഹൃദയത്തില്‍ തൊട്ടറിയുന്നവര്‍ക്ക്‌ ഇത്തരം സംഭവങ്ങളില്‍ രോഷം കൊള്ളാതിരിക്കാനാവില്ല. കോടതികയറിയിറങ്ങേണ്ടി വരുമെന്ന്‌ കരുതി വഴിമാറി പോകുന്നവരോട്‌ നിസാറിന്‌ ഒന്നേ പറയാനുള്ളൂ. "അത്‌ തെറ്റായ ധാരണ മാത്രമാണ്‌.ഞാന്‍ ചെറുതും വലുതുമായ 300 ല്‍ അധികം അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കഴിഞ്ഞു. ഒരു കേസിന്റെ പേരില്‍പോലും ഇതുവരെ കോടതി കയറി ഇറങ്ങേണ്ടി വന്നിട്ടില്ല. അപകടവിവരം പലപ്പോഴും പോലീസിനെ വിളിച്ച്‌ അറിയിക്കുന്നതുതന്നെ ഞാനാണ്‌." ടാക്‌സി ഓടിക്കുകയായിരുന്ന നിസാര്‍ സ്വന്തമായി കാര്‍ വാങ്ങിയതിനു പിന്നിലും ഈ സഹായ മനസ്‌കതതന്നെയാണ്‌.

അപ്രതീക്ഷിതമായ ഒരു നിയോഗംപോലെ മിക്ക അപകടങ്ങളും നിസാറിന്റെ കണ്‍മുമ്പിലാണ്‌ നടക്കുന്നത്‌. "പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം ചോദിച്ചാല്‍ വണ്ടിയില്‍ രക്‌തക്കറപറ്റുമെന്നൊക്കെ പറഞ്ഞു തരാന്‍ മിക്കവര്‍ക്കും മടിയാണ്‌. അറിയാവുന്നവരും കൈകാണിച്ചാല്‍ വണ്ടി നിര്‍ത്തില്ല. സ്വന്തമായി ഒരു വാഹനമുള്ളപ്പോള്‍ എപ്പോഴും എവിടെയും ചെന്നെത്താമല്ലോ. ഞാന്‍ കാറില്‍ ഹെഡ്‌ ലൈറ്റ്‌ വയ്‌ച്ചിട്ടുണ്ട്‌. ഇത്‌ നിയമ ലംഘനമാണ്‌. എന്നാല്‍ പരിക്കേറ്റവരെകൊണ്ടു പോകുമ്പോള്‍ മുന്നിലെ ചെറിയ ലൈറ്റു മാത്രം കത്തിച്ചുപോയാല്‍ വണ്ടികള്‍ മാറിതരണമെന്നില്ല. ഹെഡ്‌ ലൈറ്റു കാണുമ്പോള്‍ എന്തായാലും ഒതുങ്ങിത്തരും. എന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അറിയാവുന്നതുകൊണ്ട്‌ പോലീസും അതിന്‌ മൗനാനുവാദം നല്‍കിയിട്ടുണ്ട്‌. രാത്രിയാണ്‌ അപകടമുണ്ടാകുന്നതെങ്കില്‍ ലൈറ്റിട്ട്‌ രക്ഷാപ്രവര്‍ത്തനം നടത്താനും കഴിയും." ജീവന്റെ തുടിപ്പുകള്‍ മറ്റുള്ളവര്‍ക്കുവച്ചു നീട്ടുമ്പോള്‍ കിട്ടുന്ന ആത്മസന്തോഷത്തിനു പകരം വയ്‌ക്കാന്‍ മറ്റൊന്നും ഈ ഭൂമിയിലില്ലെന്ന്‌ നിസാര്‍ വീണ്ടും ഓര്‍മപ്പെടുത്തുന്നു. നിസാറില്‍നിന്ന്‌ പ്രചോദനം ഉള്‍കൊണ്ട്‌ പാമ്പാടി നന്മ പുരുഷ സ്വയംസഹായ സംഘത്തിലെ അംഗങ്ങളും ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ സമയം കണ്ടെത്തുന്നുണ്ട്‌.
എത്ര ശ്രമിച്ചാലും വിധി ചിലപ്പോള്‍ ചില ജീവനുകള്‍ കവര്‍ന്നെടുക്കാം.
"ആശുപത്രിയിലേക്കു കൊണ്ടു പോകുന്നവഴി എന്റെ മടിയില്‍ കിടന്നു മരിച്ചവരുമുണ്ട്‌. രക്ഷപ്പെടുത്താന്‍ ശ്രമിച്ചിട്ടും നഷ്‌ടപ്പെട്ട ആ ജീവനുകള്‍ എന്റെ നൊമ്പരമാണ്‌." അത്‌ പറയുമ്പോള്‍ നിസാര്‍ നിശബ്‌ധനാകുന്നു.
അപകടങ്ങളില്‍ കാഴ്‌ചക്കാരാകുമ്പോള്‍ ഓര്‍ക്കണം നിസ്വാര്‍ഥ സ്‌നേഹം പകര്‍ന്നു നല്‍കുന്ന നിസാറിനെപ്പോലുള്ളവരെ. അപ്പോള്‍ സഹായത്തിനായി കേണപേക്ഷിക്കുന്നവരുടെ നിലവിളി കേള്‍ക്കാതിരിക്കാന്‍ നമ്മുക്കാവില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top
session_write_close(); mysql_close();