Last Updated 1 min 49 sec ago
Ads by Google
28
Friday
August 2015

വിധിക്കപ്പുറം മനഃക്കരുത്ത്‌

അബിത പുല്ലാട്ട്‌

mangalam malayalam online newspaper

വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ വിധി സമ്മാനിച്ച ദുരന്തങ്ങളോര്‍ത്ത്‌ നിരാശപ്പെട്ടിരിക്കാതെ സന്തോഷത്തോടെ നേരിടാന്‍ തയ്യാറാവണം. ഉള്ളില്‍ കരയുമ്പോഴും ചിരിക്കുന്ന മുഖത്തോടെ ജീവിതത്തെ നോക്കിക്കാണുന്നു മനുവര്‍മ്മ.

പ്രശസ്‌ത സിനിമാ- സീരിയല്‍ നടന്‍ ജഗന്നാഥവര്‍മ്മയുടെ മകനും അഭിനേതാവുമായ മനുവര്‍മ്മയെ കാണാന്‍ തിരുവനന്തപുരം കുറ്റിക്കാട്ട്‌ ക്ഷേത്രത്തിനടുത്തുള്ള വസതിയിലെത്തുമ്പോള്‍ ഉച്ചസൂര്യന്‍ തലയ്‌ക്ക് മുകളില്‍ കത്തുന്നുണ്ടായിരുന്നു. 'ഗൗരീശങ്കര'മെന്ന വീട്ടിലേക്ക്‌ തിരിയുമ്പോള്‍ തന്നെ കണ്ടു, പന്തല്‍ കെട്ടി നിറയെ അലങ്കാരബള്‍ബുകള്‍ തൂക്കിയിട്ട എതിര്‍വശത്തെ വീടിന്റെ ചാരുപടിയില്‍ മനുവര്‍മ്മയും അച്‌ഛന്‍ ജഗന്നാഥവര്‍മ്മയും. 'അയല്‍പക്കത്തെ പെണ്‍കുട്ടിയുടെ വിവാഹമാണ്‌. മുമ്പില്‍ കാണുന്നതാണ്‌ വീട്‌. കയറിക്കോളൂ. ഞങ്ങള്‍ ദാ വന്നൂ' എന്നു പറഞ്ഞ്‌ ഗൃഹനാഥനായി മനുവര്‍മ്മ. ഒരു സിനിമാ താരത്തിന്റെ ആഡംബരങ്ങളൊന്നുമില്ലാത്ത വീട്‌. നടക്കാന്‍ ബുദ്ധിമുട്ടുള്ള അച്‌ഛന്റെ കൈയില്‍പ്പിടിച്ച്‌ പതിയെ നടത്തിക്കുമ്പോള്‍ ഉത്തരവാദിത്വവും സ്‌നേഹവുമുള്ള മകനാകുന്നു മനുവര്‍മ്മ. സിറ്റൗട്ടിലേക്ക്‌ കയറുമ്പോഴേക്കും തലനിറയെ പച്ചമരുന്നിട്ടിരിക്കുന്ന മകള്‍ ശ്രീ ഗൗരിയെയുംകൊണ്ട്‌ ഭാര്യ സിന്ധുവുമെത്തി. ശ്രീ ഗൗരിയെ വാങ്ങി മടിയിലിരുത്തുമ്പോള്‍ മനു വര്‍മ്മയുടെ മുഖത്ത്‌ ഒരച്‌ഛന്റെ വാത്സല്യവും കരുതലും. പഴയ കാര്യങ്ങളൊന്നും ചോദിക്കരുതെന്ന നിബന്ധനയോടെയാണ്‌ സംസാരിക്കാന്‍ തുടങ്ങിയത്‌.
'മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങളാണ്‌ അതൊക്കെ. പഴയതൊക്കെ കുത്തിപ്പൊക്കി ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ തയാറല്ല.' ആദ്യ വിവാഹവും വേര്‍പിരിയലുമൊക്കെയായി ജീവിതത്തിലെ തിരിച്ചടികളെ നേരിട്ട്‌ പുതിയൊരു ജീവിതം തുടങ്ങിയ മനുവര്‍മ്മ പറഞ്ഞു. സന്തോഷം നിറഞ്ഞ ദാമ്പത്യമാണ്‌ മനുവര്‍മ്മയ്‌ക്ക് ഈശ്വരന്‍ രണ്ടാമത്‌ നല്‍കിയത്‌. ആദ്യ വിവാഹത്തിന്റെ മുറിവുകള്‍ മനസില്‍നിന്ന്‌ പാടെ മാഞ്ഞു തുടങ്ങി. പഴയതൊന്നും ഇരുവരുടെയും ഇപ്പോഴത്തെ ജീവിതത്തെ ബാധിക്കരുതെന്ന പൂര്‍ണബോധ്യവുമുണ്ട്‌. ആദ്യ വിവാഹത്തിലെ മകന്‍ വല്ലപ്പോഴും വരുന്നതാണ്‌ ആകെയുള്ള ഓര്‍മ്മ. പഴയ വിവാഹവും അതിന്റെ മുറിവുകളും മറന്നെങ്കിലും മകന്‍ അക്ഷയുമായി ഇപ്പോഴും നല്ല കൂട്ടാണ്‌.
അച്‌ഛന്റെ സംസാരത്തില്‍നിന്ന്‌ അപരിചിതര്‍ ഉണ്ടെന്ന്‌ മനസിലാക്കിയാവണം ശ്രീഗൗരി മെല്ലെ ചിണുങ്ങി. തലയിലെ മരുന്ന്‌ ഉണങ്ങിത്തുടങ്ങി. ഇടയ്‌ക്കിടെ തലയില്‍ പിടിക്കാന്‍ നീട്ടുന്ന കൈ മനുവര്‍മ്മ പതിയെ പിടിച്ചുമാറ്റുന്നുണ്ട്‌. അതിന്‌ പ്രതിഷേധമെന്നോണം ഗൗരി കരച്ചിലിന്റെ ഒച്ചകൂട്ടി. അതോടെ അമ്മ വന്ന്‌ കുഞ്ഞിനെയെടുത്തു കൊണ്ടുപോയി. മരുന്നു കഴുകാന്‍ മൂന്നുമണിക്കൂര്‍ കഴിയും, അപ്പോഴേക്കും നമുക്ക്‌ സംസാരിക്കാം എന്നു മനുവര്‍മ്മയും. ആദ്യ ഭാര്യയിലെ മകന്‍ കൂടാതെ എനിക്ക്‌ രണ്ട്‌ മക്കളാണ്‌. മകന്‍ ഗിരിധര്‍, അഞ്ചാം ക്ലാസിലാണ്‌ പഠിക്കുന്നത്‌. നന്നായി പടം വരയ്‌ക്കും. അഭിനയിക്കാന്‍ വലിയ ഇഷ്‌ടമാണ്‌. അവസരങ്ങളും വരുന്നുണ്ട്‌. പക്ഷേ അവനെ കൊണ്ടുപോകാനാളില്ല എന്നതാണ്‌ പ്രശ്‌നം. ഞാനും അച്‌ഛനും രാവിലെ ഷൂട്ടിംഗിനു പോകും. സിന്ധു ഇവിടടുത്തൊരു സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്‌. ഗൗരിയുടെ അടുത്ത്‌ എപ്പോഴും ആളു വേണ്ടതിനാല്‍ അമ്മയാണ്‌ അവളുടെ അടുത്തിരിക്കുന്നത്‌. സഹോദരീ ഭര്‍ത്താവ്‌ സംവിധായകന്‍ വിജി തമ്പിയുടെ ദി മാസ്‌ക് എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കണമെന്ന്‌ വലിയ ആഗ്രഹമുണ്ട്‌.

മൂത്ത മകനിപ്പോള്‍?

ആദ്യ ഭാര്യയോടൊപ്പമാണ്‌. പ്ലസ്‌ ടു കഴിഞ്ഞു. ഐ ഐ റ്റി പഠിക്കുന്നു. അക്ഷയ്‌ എന്നാണ്‌ പേര്‌. അവന്‌ രണ്ടരവയസുള്ളപ്പോഴാണ്‌ ഞങ്ങള്‍ പിരിയുന്നത്‌. പക്ഷേ എല്ലാം വെക്കേഷനും അവന്‍ എന്നെ കാണാന്‍ വരും. അക്ഷയ്‌ വരുമ്പോഴൊക്കെ ഞങ്ങള്‍ നാലുപേരുംകൂടി ഒരുമിച്ചാണ്‌ നടപ്പും കിടപ്പുമൊക്കെ. ഒരുപാട്‌ പഠിക്കാനുള്ളതുകൊണ്ട്‌ ഇടയ്‌ക്കിടയ്‌ക്ക് വരാന്‍ പറ്റുന്നില്ലായെന്നതാണ്‌ ഞങ്ങളുടെയും അവന്റെയും സങ്കടം. ഇളയവരോട്‌ രണ്ടുപേരോടും വലിയ സ്‌നേഹമാണ്‌. പ്രത്യേകിച്ചും ഗൗരിയോട്‌. ഇവിടെ വന്നാല്‍ മുഴുവന്‍ സമയവും അവളുടെ കൂടെയുണ്ടാവും.

കുഞ്ഞിന്‌ അസുഖമുണ്ടെന്ന്‌ തിരിച്ചറിഞ്ഞത്‌?

സിന്ധു ഗര്‍ഭിണിയായിരുന്നപ്പോള്‍ ആദ്യ സമയത്തൊന്നും കുഞ്ഞിന്‌ അസുഖമുണ്ടെന്ന്‌ കണ്ടുപിടിച്ചിരുന്നില്ല. ഏഴാംമാസം സ്‌കാന്‍ ചെയ്‌തപ്പോള്‍ ഡോക്‌ടര്‍ പറഞ്ഞു കുഞ്ഞിന്റെ തലയില്‍ ഫ്‌ളൂയിഡ്‌ കെട്ടിക്കിടപ്പുണ്ടെന്ന്‌. പ്രസവത്തോടെ ശരിയാകുമെന്നായിരുന്നു ഡോക്‌ടര്‍മാരുടെ പ്രതീക്ഷ. പ്രസവം കഴിഞ്ഞതിന്റെ പിറ്റേന്ന്‌ ഡോക്‌ടര്‍ പറഞ്ഞു അതേ അവസ്‌ഥ തന്നെയാണ്‌, മാറ്റമൊന്നുമില്ല, സമയതാമസമുണ്ടാകുമെന്നേയുള്ളൂ, ചികിത്സിക്കാവുന്ന രോഗമാണിതെന്ന്‌. 'ഹൈഡ്രോസെഫാലസ്‌' എന്നാണ്‌ ഈ അസുഖത്തിന്റെ പേര്‌. മോള്‍ക്കൊരു പനി വന്നതോടുകൂടി ഫ്‌ളൂയിഡ്‌ കെട്ടി തല വലുതാകാന്‍ തുടങ്ങി.

ഈ രോഗത്തിന്റെ ചികിത്സ?

അനന്തപുരിയില്‍ കൊണ്ടുപോയി രണ്ടുതവണ സര്‍ജറി നടത്തി. തലയ്‌ക്കുള്ളിലൂടെ ട്യൂബിട്ടിരിക്കുകയാണ്‌. അഞ്ചുവയസായെങ്കിലും ഗൗരി ഇതുവരെ നടക്കാന്‍ തുടങ്ങിയിട്ടില്ല. കസേരയിലൊക്കെ ചാരിയിരുത്തിയാല്‍ ഇരിക്കും. സംസാരവും കുറവാണ്‌. പക്ഷേ ഇവളുടെ കാര്യങ്ങളറിഞ്ഞതിനു ശേഷം ധാരാളമാളുകള്‍ അവരുടെ മക്കള്‍ക്കും ഇതേ അസുഖമുണ്ടായിരുന്നു, ഇപ്പോള്‍ സുഖമായി എന്നു പറഞ്ഞ്‌ എന്നെ ഫോണ്‍ വിളിക്കാറുണ്ട്‌. അതു കേള്‍ക്കുമ്പോള്‍ മനസിനൊരാശ്വാസമാണ്‌.

മറ്റ്‌ ശാരീരികപ്രശ്‌നങ്ങള്‍?

മാനസികവളര്‍ച്ച പതിയെയായതിനാല്‍ ആക്‌ടിവിക്‌ടീസെല്ലാം സമയമെടുത്താണ്‌ ചെയ്യുന്നത്‌. കണ്ണിന്‌ അല്‌പം കാഴ്‌ചക്കുറവുണ്ട്‌. അതുകൊണ്ട്‌ പേടിയും കൂടുതലാണ്‌. എടുക്കുമ്പോഴും പരിചയമില്ലാത്ത ശബ്‌ദങ്ങള്‍ കേള്‍ക്കുമ്പോഴും എന്താണ്‌ സംഭവിക്കുന്നതെന്ന്‌ അറിയാന്‍ കഴിയാത്തതിനാല്‍ കരയും.

അലോപ്പതി വിട്ട്‌ ആയുര്‍വേദത്തിലേക്ക്‌ മാറിയത്‌?

എന്റെ സുഹൃത്തുക്കളായ മനു ശ്രീകണ്‌ഠപുരവും രമേഷ്‌തമ്പിയും പറഞ്ഞാണ്‌ മാത്യൂസ്‌ എന്ന വൈദ്യനെക്കുറിച്ച്‌ അറിയുന്നത്‌. ഒരു പരീക്ഷണം എന്ന നിലയിലാണ്‌ വൈദ്യന്റെയടുക്കല്‍ കൊണ്ടുപോയത്‌. ഒരു വാക്കുപോലും സംസാരിക്കാതിരുന്ന മോളിപ്പോള്‍ അച്‌ഛ, അമ്മ, ചേട്ടാ എന്നൊക്കെ പറയും. ഒന്നരവര്‍ഷമായി ചികിത്സിക്കാന്‍ തുടങ്ങിയിട്ട്‌.

ഈ ചികിത്സാരീതിയെങ്ങനെയാണ്‌?

വൈദ്യന്‍ തന്നെയാണ്‌ മരുന്ന്‌ അരച്ചുകൊണ്ടുവരുന്നത്‌. കാട്ടില്‍നിന്നും പലതരം പച്ചമരുന്നുകള്‍ പറിച്ച്‌ അരച്ച്‌ തലയില്‍ പുരട്ടാവുന്ന രീതിയിലാണ്‌ കൊണ്ടുവരുന്നത്‌. പത്തുമണിക്ക്‌ മരുന്ന്‌ പുരട്ടിയാല്‍ മൂന്നുമണിക്കൂര്‍ അത്‌ കളയാതെ വയ്‌ക്കണം. അമ്മയാണ്‌ എപ്പോഴും കുഞ്ഞിന്റെയടുത്തിരിക്കുന്നത്‌. ഇടയ്‌ക്കിടയ്‌ക്ക് മോള്‍ തലയില്‍നിന്ന്‌ മരുന്ന്‌ തുടച്ചുകളയാന്‍ ശ്രമിക്കും. കസേരയിലിരുത്തി പാട്ടുവച്ച്‌ കൊടുത്താല്‍ അവള്‍ക്ക്‌ വലിയ സന്തോഷമാണ്‌. അനങ്ങാതെയിരുന്ന്‌ കേട്ടുകൊള്ളും.

ഈ ചികിത്സ വളരെ ചിലവേറിയതല്ലേ?

ഒന്നരവര്‍ഷം മുന്‍പ്‌ മോളെയും കൊണ്ട്‌ മാത്യൂസ്‌ വൈദ്യന്റെയടുത്ത്‌ ചെല്ലുമ്പോള്‍ 2000 രൂപയോളം ഒരാഴ്‌ച ചെലവാകുമായിരുന്നു. ഇപ്പോള്‍ പഞ്ചായത്തില്‍ നിന്നും മറ്റും സഹായം കൊടുക്കുന്നതിനാല്‍ ചെലവ്‌ കുറവാണ്‌. ഇവിടെ ചുറ്റുവട്ടത്തുള്ള ആറേഴു കുട്ടികളെ വൈദ്യന്‍ ചികിത്സിക്കുന്നുണ്ട്‌.

മക്കള്‍ക്ക്‌ എന്തെങ്കിലും രോഗം വന്നാല്‍ അത്‌ പുറത്തറിയരുതെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ താരങ്ങളധികവും?

കുഞ്ഞിന്‌ രോഗം വന്നുവെന്ന്‌ പറഞ്ഞ്‌ ഒളിച്ചുവയ്‌ക്കുന്നതെന്തിനാ? എത്ര വലിയ രോഗമാണെങ്കിലും അവളെന്റെ മോളല്ലേ? അവളുടെ വിവരങ്ങള്‍ ഒളിച്ചുവയ്‌ക്കുന്നതുകൊണ്ട്‌ പ്രത്യേകിച്ച്‌ നേട്ടമൊന്നുമുണ്ടാകുന്നില്ല. ഇത്‌ പുറത്തറിയുന്നതുകൊണ്ട്‌ നഷ്‌ടമുണ്ടാകുന്നില്ല. മറിച്ച്‌, എന്നെ അറിയുന്നവര്‍, സ്‌നേഹിക്കുന്നവര്‍ എന്റെ മോള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമല്ലോ. എല്ലാവരുടെയും പ്രാര്‍ത്ഥനയുടെ ശക്‌തികൊണ്ട്‌ എന്റെ മോളുടെ രോഗം വേഗം ഭേദമായാല്‍ എനിക്കതിലും വലിയ സന്തോഷമില്ല.

ഷൂട്ടിംഗിന്റെ തിരക്കിനിടയില്‍ മോളുടെ കാര്യങ്ങള്‍?

യാത്ര പോകാന്‍ വലിയ ഇഷ്‌ടമാണവള്‍ക്ക്‌. ഷൂട്ടിംഗ്‌ അടുത്താണെങ്കില്‍ വല്ലപ്പോഴും കൂടെ കൊണ്ടുപോകും. വീട്ടിലുള്ളപ്പോഴെല്ലാം മോളുടെ കാര്യങ്ങള്‍ ഞാന്‍ തന്നെയാണ്‌ നോക്കുന്നത്‌. അവള്‍ക്ക്‌ വാശിയുള്ളത്‌ ഒരു കാര്യത്തിലേയുള്ളൂ. മരുന്ന്‌ കഴുകി കുളിച്ച്‌ നല്ല ഉടുപ്പിട്ടാല്‍പ്പിന്നെ റ്റാറ്റ പോകണം. അതും എന്നെയോ സിന്ധുവിനെയോ കണ്ടാല്‍ മാത്രം.

ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌?

ചോദിച്ച്‌ തിരുന്നതിനുമുമ്പേ ട്യൂഷന്‌ പോയിരുന്ന ഗിരിധറെത്തി. പരിചയമില്ലാത്തവരെ കണ്ടിട്ടാവണം പതിയെ അച്‌ഛന്റെ അരികിലേക്ക്‌ പോയിരുന്നു. സൂര്യ ടിവിയില്‍ മോഹക്കടല്‍ എന്ന സീരിയില്‍ ചെയ്‌തുകൊണ്ടിരിക്കുന്നു. സിനിമ ചെയ്‌തത്‌ ദിലീപ്‌ നായകനായ നാടോടിമന്നന്‍. മോഹക്കടലില്‍ വില്ലന്‍ വേഷമാണ്‌. എന്തും ചെയ്യാന്‍ മടിയില്ലാത്ത, പണത്തിനുവേണ്ടി സ്വന്തം അച്‌ഛനെപ്പോലും കൊല്ലാന്‍ തയാറാവുന്ന ഒരു വില്ലന്‍ കഥാപാത്രമാണ്‌ അതില്‍. ഉടന്‍ വന്നു ഗിരിധറിന്റെ കമന്റ്‌. ''അച്‌ഛന്‍ വില്ലനായിട്ട്‌ അഭിനയിക്കുന്നത്‌ ഇഷ്‌ടമല്ല. അച്‌ഛന്‍ ശരിക്കും പാവമാ.''

ഒരുകാലത്ത്‌ മലയാളിയുടെ സ്വീകരണമുറിയില്‍ നിറഞ്ഞു നിന്നിരുന്നയാളാണ്‌ താങ്കള്‍. അഭിനയത്തില്‍ നിന്നല്‌പം മാറി നില്‍ക്കുകയാണെന്നു തോന്നുന്നു?

അങ്ങനെയൊന്നുമില്ല. എനിക്ക്‌ ചേരുന്ന റോളുകള്‍ എനിക്കു തന്നെ കിട്ടുമെന്നു വിചാരിക്കുന്നയാളാണ്‌ ഞാന്‍. ഒരു ദിവസം ഏഴ്‌ സീരിയലില്‍ വരെ അഭിനയിച്ച സമയങ്ങളുണ്ടായിട്ടുണ്ട്‌. എപ്പോഴും അങ്ങനെത്തന്നെ വേണമെന്ന്‌ വിചാരിക്കുന്നത്‌ മണ്ടത്തരമാണ്‌. സീരിയലും സിനിമയും ഒരുമിച്ച്‌ കൊണ്ടുപോകണമെന്നാണ്‌ ആഗ്രഹം.

പ്രദീപ്‌കുമാര്‍ വര്‍മ്മയില്‍ നിന്ന്‌ മനു വര്‍മ്മയായത്‌?

എന്റെ യഥാര്‍ത്ഥ പേര്‌ പ്രദീപ്‌കുമാര്‍ എന്നാണെന്ന്‌ അധികമാര്‍ക്കുമറിയില്ല. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത്‌ സുധാകര്‍ മംഗളോദയത്തിന്റെ കനകചിലങ്ക എന്ന ഡിറ്റക്‌ടീവ്‌ നോവല്‍ ഒരു മലയാള വാരികയില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. സാധാരണരീതിയില്‍ ചിത്രങ്ങള്‍ വരയ്‌ക്കുന്നതിനു പകരം ഫോട്ടോയായിരുന്നു അവരിതില്‍ ഉപയോഗിച്ചത്‌. നായകന്‍ മനുവായി ഞാനായിരുന്നു. അതോടെ പ്രദീപ്‌കുമാര്‍ വര്‍മ്മ എന്ന ഞാന്‍ മനു വര്‍മ്മയായി.

ക്ഷേത്രത്തിനടുത്ത്‌ താമസം. ഭക്‌തി കൂടുതലാണോ?

കൂടുതലൊന്നുമില്ല. ആവശ്യത്തിന്‌. ശിവനും പാര്‍വതിയുമാണ്‌ ഇഷ്‌ടദൈവങ്ങള്‍. എപ്പോഴും അമ്പലത്തില്‍ പോകുന്ന ശീലമൊന്നുമില്ല. വല്ലപ്പോഴും ആറ്റുകാല്‍ ക്ഷേത്രത്തിലും ഗുരുവായൂരും പോകും. കഴിഞ്ഞതവണ ശബരിമലയ്‌ക്ക് മോനെയും കൊണ്ടുപോയിരുന്നു. അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ പുണ്യം കൂടുതല്‍ കിട്ടുമെന്ന വിശ്വാസമില്ല. മാത്രമല്ല ഒരു നടന്‍ എന്ന നിലയില്‍ അമ്പലത്തിലൊക്കെ ചെല്ലുമ്പോള്‍ നമുക്കൊരു പ്രത്യേക പരിഗണനയുണ്ട്‌. മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നവരെ ഒഴിവാക്കി നമുക്ക്‌ തൊഴാനുള്ള അവസരം ഒരുക്കിത്തിരുമ്പോള്‍ ഉള്ളിലെങ്കിലും അവര്‍ കുറ്റം പറയും. അങ്ങനെ തൊഴുതിട്ട്‌ എന്തു പുണ്യം കിട്ടാനാണ്‌. അതുകൊണ്ട്‌ കൂടുതലും വീട്ടില്‍ത്തന്നെയാണ്‌ പൂജ. ഇതിനിടയില്‍ തലയിലെ മരുന്നൊക്കെ കഴുകി കുളിച്ച്‌ പുതിയ ഉടുപ്പിട്ട്‌ ശ്രീഗൗരിയെത്തി. പുറത്തെവിടെയോ യാത്ര പോകാനാണെന്ന്‌ കരുതിയാവണം വലിയ സന്തോഷത്തിലാണ്‌ ആള്‍. അല്‌പസമയം കഴിഞ്ഞും പുറത്തേക്ക്‌ പോവാത്തത്‌ കണ്ടിട്ടാവണം ഗൗരി കരയാന്‍ തുടങ്ങി. ഫോട്ടോയില്‍ സുന്ദരിയായിരിക്കണേല്‍ കരയരുത്‌ എന്ന അമ്മയുടെ ഉപദേശമൊന്നും ഗൗരിയെ ബാധിക്കുന്നില്ല. റ്റാറ്റ കൊണ്ടുപോകാം എന്നു സമ്മതിക്കുന്നതുവരെ ഗൗരി കരച്ചില്‍ നിര്‍ത്തിയില്ല. ഗിരിധര്‍ ഗൗരിയെയുംകൊണ്ട്‌ പുറത്തേക്കിറങ്ങിയതോടെ ഗൗരി ഫോട്ടോയ്‌ക്ക് തയാര്‍. നിര്‍മ്മലമായ പുഞ്ചിരിയുമായി നില്‍ക്കുന്ന ആ കുഞ്ഞ്‌ മുഖത്തേക്ക്‌ നോക്കുമ്പോള്‍ മനസിലെവിടെയോ സങ്കടം നിറഞ്ഞു. ഗൗരിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഒരാള്‍ക്കൂടി. എത്രയും വേഗം സുഖമാവട്ടെ.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top
session_write_close(); mysql_close();