പ്രധാനമന്ത്രി സോപാധികം ലോക്‌പാലില്‍: കരട് ബില്ലിന് അംഗീകാരം
Story Dated: Friday, February 1, 2013 12:09
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ ഉപാധികളോടെ ലോക്‌പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയും ലോകായുക്‌തയുടെ നിയമനാധികാരം സംസ്‌ഥാനങ്ങള്‍ക്കു നല്‍കിയും കരടു ലോക്‌പാല്‍ ബില്ലിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ 21-നാരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. സി.ബി.ഐ, സി.വി.സി. തുടങ്ങിയ അഴിമതി വിരുദ്ധ ഏജന്‍സികളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍നിന്നു മാറ്റണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല.
സര്‍ക്കാരിന്റെ ബില്‍ അഴിമതി തടയാനുള്ളതല്ല, ജനത്തെ പറ്റിക്കാനുള്ളതാണെന്നു ലോക്‌പാല്‍ ബില്ലിനു വേണ്ടി നിലകൊള്ളുന്ന അണ്ണാ ഹസാരെയും അരവിന്ദ് കെജ്‌രിവാളും ആരോപിച്ചു. ശക്‌തമായ ലോക്‌പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ രാജ്യവ്യാപകമായി വീണ്ടും പ്രക്ഷോഭം തുടങ്ങുമെന്നും ഇവര്‍ അറിയിച്ചു.
2011 ഡിസംബറിലെ ശീതകാല സമ്മേളനത്തില്‍ ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടേയും സര്‍ക്കാരിന്റെ ഭാഗമായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെയും എതിര്‍പ്പു മൂലം ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു ബില്‍ സെലക്‌ട് കമ്മിറ്റിക്കു വിട്ടു. കോണ്‍ഗ്രസ് നേതാവ് സത്യവ്രത് ചതുര്‍വേദി അധ്യക്ഷനായ സെലക്‌ട് കമ്മിറ്റി 16 ഭേദഗതികളാണു ബില്ലിന്മേല്‍ നിര്‍ദേശിച്ചത്. ഇതില്‍ 14 നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സഹമന്ത്രി വി. നാരായണ സ്വാമി അറിയിച്ചു.
രാജ്യസുരക്ഷ, ആണവോര്‍ജം, നയതന്ത്രബന്ധങ്ങള്‍, ക്രമസമാധാനപാലനം എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി െകെക്കൊള്ളുന്ന തീരുമാനങ്ങള്‍ ലോക്‌പാലിന്റെ പരിധിയില്‍ വരില്ല. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ലോക്‌പാല്‍ പരിധിയില്‍ വരും. സര്‍ക്കാരില്‍നിന്നു ഭാഗികമായി ധനസഹായം സ്വീകരിക്കുന്ന എന്‍.ജി.ഒകളെയും മത, ജീവകാരുണ്യസംഘടനകളെയും ലോക്‌പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
സി.ബി.ഐയെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍നിന്നു മാറ്റി സ്വതന്ത്രമാക്കുകയോ ലോക്‌പാലിനു കീഴിലാക്കുയോ വേണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടു വച്ചിരുന്നെങ്കിലും കമ്മിറ്റി സ്വീകരിച്ചില്ല. എന്നാല്‍ പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്നിവരുടെ കൊളീജിയം സി.ബി.ഐ. തലവനെ തെരഞ്ഞെടുക്കണമെന്ന കമ്മിറ്റിയുടെ ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നിയമിക്കുകയും സി.ബി.ഐ. തലവനു കീഴില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡയറക്‌ടര്‍ക്കു കീഴില്‍ സി.ബി.ഐക്കു സ്വന്തമായി ഡയറക്‌ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ ഉണ്ടാക്കണമെന്ന ശിപാര്‍ശ അംഗീകരിച്ചു. സി.ബി.ഐ തലവനും പ്രോസിക്യൂഷന്‍ തലവനും കാലാവധി നിശ്‌ചയിക്കണം. ലോക്‌പാല്‍ നിര്‍ദേശിക്കുന്ന കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കു പുറമെ സി.ബി.ഐക്കു മറ്റൊരു പാനല്‍ അഭിഭാഷകരെ നിയമിക്കാം. ലോക്‌പാലില്‍ സംവരണത്തിനു ഭരണഘടനാപരമായി സാധുതയില്ലാത്തതിനാല്‍ നിയമാനുസൃതമായി വനിത, ന്യൂനപക്ഷം, ദളിത്, ഒ.ബി.സി വിഭാഗങ്ങള്‍ക്കു പ്രാതിനിധ
2000
യം നല്‍കണമെന്നു കമ്മിറ്റി ശിപാര്‍ശ ചെയ്‌തിരുന്നു.
ലോക്‌പാലില്‍നിന്ന് അന്വേഷണം നേരിടുന്ന ഉദ്യോഗസ്‌ഥന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ വാദം ഉന്നയിക്കാന്‍ അവസരം നല്‍കേണ്ടതില്ലെന്ന ശിപാര്‍ശ അംഗീകരിച്ചില്ല. സി.ബി.ഐ. ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റാന്‍ ലോക്‌പാലിന് അധികാരം നല്‍കണമെന്ന ശിപാര്‍ശയും സ്വീകരിച്ചില്ല. കേന്ദ്രതലത്തില്‍ ലോക്‌പാല്‍ നിലവില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ ലോകായുക്‌തയെ നിയമിക്കണം. ലോക്‌പാലിന്റെ നിയമപരിധിക്കകത്തു നിന്നുകൊണ്ടു സംസ്‌ഥാനങ്ങളില്‍ ലോകായുക്‌തയെ നിയോഗിക്കണമെന്ന നിര്‍ദേശം മന്ത്രിസഭ ഭേദഗതി ചെയ്‌തു.
ശക്‌തമായ ലോക്‌പാല്‍ വന്നാല്‍ മന്ത്രിസഭയിലെ പകുതി പേരും ജയിലില്‍ പോകുമെന്നും ഇപ്പോഴത്തെ ലോക്‌പാല്‍ അഴിമതി വളര്‍ത്താനേ ഉപകരിക്കൂയെന്ന്‌അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ശക്‌തമായ ലോക്‌പാല്‍ വേണമെന്നുണ്ടായിരുന്നെങ്കില്‍ രണ്ടു വര്‍ഷം മുമ്പു തന്നെ ആകാമായിരുന്നെന്നും ഇതു ജനത്തെ പറ്റിക്കാനുള്ളതാണെന്നും ഹസാരെ കുറ്റപ്പെടുത്തി.
കെ.എന്‍. അശോക്
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക