Last Updated 21 min 32 sec ago
25
Friday
April 2014

വി.എം. സുധീരന്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി? കാര്‍ത്തികേയന്‍ തന്നെ കെ.പി.സി.സി. പ്രസിഡന്റ്

എസ്. നാരായണന്‍

mangalam malayalam online newspaper

തിരുവനന്തപുരം: നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കെ.പി.സി.സി. അദ്ധ്യക്ഷന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നയം വ്യക്തമാക്കിയതായി സൂചന. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടിരുന്ന വി.എം. സുധീരനെ എ.ഐ.സി.സി. ജനറല്‍സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് ഉടനെ പ്രഖ്യാപിക്കുമെന്ന് അറിയുന്നു. ഇതോടെ രമേശ് ചെന്നിത്തലയ്ക്കു പകരം കെ.പി.സി.സി. പ്രസിഡന്റായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ തന്നെ വരുമെന്ന് ഉറപ്പായി.

സംസ്ഥാന ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തല സ്ഥാനമേറ്റതോടെയാണ് കെ.പി.സി.സി. പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങള്‍ ഉണ്ടായത്. ആദ്യംതന്നെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ പേരു വന്നുവെങ്കിലും പിന്നീട് വി.ഡി. സതീശന്റേതുള്‍പ്പെടെ നിരവധി പേരുകള്‍ ഉയര്‍ന്നുവന്നു. നിലവില്‍ എ.ഐ.സി.സി. സെക്രട്ടറിയായ വി.ഡി. സതീശന്‍ ഹരിതരാഷ്ട്രീയത്തിന്റെ വ്യക്താവാണ്. കോണ്‍ഗ്രസിലെ യുവനേതൃത്വത്തിന്റേയും രാഹുല്‍ ഗാന്ധിയുടെയും പിന്തുണ വി.ഡി. സതീശനാണെന്ന വാര്‍ത്തയും പരന്നു. എന്നാല്‍ കെ. സുധാകരന്‍ എം.പി.യ്ക്കുവേണ്ടി എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയതോടെ ചിത്രം മാറിമറിഞ്ഞു. ഇതിനിടെ പലപ്രാവശ്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം നീണ്ടു പോകുകയായിരുന്നു.

എ.ഐ.സി.സി. സമ്മേളനത്തിന്റെ മുന്നോടിയായി വി.എം. സുധീരന്‍ ഡല്‍ഹിയിലെത്തിയതോടെ അഭ്യൂഹങ്ങള്‍ക്ക് വീണ്ടും കനം വച്ചു. ഡല്‍ഹി ഇലക്ഷനില്‍ നേരിട്ട തിരിച്ചടിയോടെ, കോണ്‍ഗ്രസിന് അഖിലേന്ത്യാ തലത്തില്‍ തിളക്കമാര്‍ന്ന പ്രതിഛായ ഉണ്ടാക്കാന്‍ സുധീരനേപ്പോലെയുള്ള നേതാക്കളെ ദേശീയരാഷ്ട്രീയത്തിലേയക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതായാണ് അറിയുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും സ്വീകാര്യനായ ജി. കാര്‍ത്തകേയന്‍ തന്നെയാവണം കെ.പി.സി.സി . പ്രസിഡന്റ് എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. ഗ്രൂപ്പുരാഷ്ട്രീയത്തിനതീതനാണ് എന്നതും ഹൈക്കമാന്‍ഡില്‍ ജി. കാര്‍ത്തികേയന് അനുകൂല ഘടകമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top