1f37  പച്ചക്കറി വില്‍പനക്കാരനായ വ്യാജ ഡോക്‌ടറുടെ ബ്രാഞ്ച്‌ ഓഫീസില്‍ റെയ്‌ഡ് | mangalam.com

പച്ചക്കറി വില്‍പനക്കാരനായ വ്യാജ ഡോക്‌ടറുടെ ബ്രാഞ്ച്‌ ഓഫീസില്‍ റെയ്‌ഡ്

mangalam malayalam online newspaper

തൊടുപുഴ: ചൈനയില്‍ നിന്ന്‌ ഡോക്‌ടറേറ്റ്‌ നേടിയെന്ന്‌ അവകാശപ്പെട്ട്‌ ചികിത്സ നടത്തിവന്ന കേസില്‍ കഴിഞ്ഞ ദിവസം അറസ്‌റ്റിലായ പച്ചക്കറി വില്‍പനക്കാരനായ വ്യാജ ഡോക്‌ടര്‍ എറണാകുളം തമ്മനം അപ്പോളോ റോഡ്‌ ആനിക്കാട്‌ ജോസി മാത്യു നഗരത്തില്‍ ആരംഭിച്ചിരുന്ന ബ്രാഞ്ച്‌ ഓഫീസില്‍ പോലീസ്‌ റെയ്‌ഡ്. തൊടുപുഴ- മൂവാറ്റുപുഴ റോഡില്‍ പി.ഡബ്ല്യൂ.ഡി. റെസ്‌റ്റ് ഹൗസിനു സമീപത്തെ കെട്ടിടത്തില്‍ തുറന്നിരുന്ന ഓഫീസിലാണ്‌ ഇന്നലെ വൈകിട്ട്‌ അഞ്ചോടെ പരിശോധന ആരംഭിച്ചത്‌.
നാലുമാസം മുമ്പാണു ഷിസെ നെല്‍നെസ്‌ സെന്റര്‍ എന്ന പേരില്‍ ഇവിടെ ബ്രാഞ്ച്‌ ഓഫീസ്‌ തുറന്നത്‌. ചികിത്സ നല്‍കുന്നതായി ബോര്‍ഡില്‍ രേഖപ്പെടുത്തിട്ടില്ലെങ്കിലും ശരീരത്തിലെ മാലിന്യവും മറ്റും നീക്കുമെന്ന്‌ തെറ്റിധരിപ്പിച്ചായിരുന്നു തട്ടിപ്പ്‌. അറസ്‌റ്റിലായ ജോസി ഇവിടെയെത്തി ചികിത്സ നടത്തിയതായി പോലീസിന്‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. ലൈസന്‍സോ മറ്റ്‌ നിയമപരമായ രേഖകളോ സ്‌ഥാപനത്തിന്‌ ഇല്ല.
ഇന്നലെ നടത്തിയ പരിശോധനയില്‍ ചൈനീസ്‌ രീതിയില്‍ ചികിത്സ നടത്താനെന്ന പേരില്‍ ഇവിടെ എത്തിച്ചിരുന്നത്‌ അടക്കമുള്ള ഉപകരണങ്ങളും കമ്പ്യൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്‌. ജോസി അറസ്‌റ്റിലായതോടെ രണ്ടുദിവസമായി അടഞ്ഞുകിടന്ന സ്‌ഥാപനത്തിന്റെ പൂട്ട്‌ പൊളിച്ചാണ്‌ എസ്‌.ഐ: പി.എസ്‌. സുബ്രഹ്‌മണ്യം, എസ്‌.ഐ: നാസര്‍, എ.എസ്‌.ഐ: ജോസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം പരിശോധന നടത്തിയത്‌. ചാക്കോ എന്നയാളാണ്‌ ഇവിടെ മുറിയെടുത്തതെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. എറണാകുളത്ത്‌ പച്ചക്കറി വില്‍പന നടത്തിയിരുന്ന ജോസിയുടെ ചികിത്സാ രീതികള്‍ ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. ബക്കറ്റില്‍ വെള്ളം നിറച്ച്‌ അതില്‍ ഉപ്പ്‌ വിതറിയശേഷം ചികിത്സയ്‌ക്കെത്തുന്നവരുടെ കാല്‍ ഇതില്‍ മുക്കിവയ്‌ക്കും.
ഇതിനുശേഷം ചെറിയതോതില്‍ വൈദ്യുതി കടത്തിവിടുമ്പോള്‍ വെള്ളത്തിനു നിറവ്യത്യാസം ഉണ്ടാകും. ഇത്‌ ശരീരത്തിലെ മാലിന്യമാണെന്നാണ്‌ ചികിത്സയ്‌ക്ക് എത്തുന്നവരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്‌. ഇത്തരത്തില്‍ നിരവധി രീതികളിലാണ്‌ ജോസി തട്ടിപ്പ്‌ നടത്തിയിരുന്നത്‌. നിരവധി ആളുകള്‍ ഇയാളുടെ തട്ടിപ്പിന്‌ ഇരയായതായാണ്‌ വിവരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0