Last Updated 8 min 15 sec ago
27
Friday
March 2015

ഹൃദയപൂര്‍വം

mangalam malayalam online newspaper

വിവാഹം കഴിച്ചാല്‍ ഹൃദ്രോഗം തടയാമോ?

38 വയസുള്ള സര്‍ക്കാര്‍ ജീവനക്കാരനാണ്‌ ഞാന്‍. അവിവാഹിതനാണ്‌. വിവാഹം കഴിക്കാതെ തുടര്‍ന്നുള്ള കാലവും ഒറ്റയ്‌ക്ക് ജീവിക്കാനാണ്‌ എന്റെ തീരുമാനം. ഇതിനിടെ വിവാഹവും സംതൃപ്‌തമായ ലൈംഗിക ജീവിതവും ഹൃദ്രോഗസാധ്യത കുറയ്‌ക്കുമെന്ന്‌ വായിച്ചു. ഇതു ശരിയാണോ? ലൈംഗികത ഹൃദ്രോഗം തടയാന്‍ സഹായിക്കുമോ? വിവാഹം കഴിക്കാതിരുന്നാല്‍ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുമോ?
ഹരിപ്രസാദ്‌ ഹൈദരാബാദ്‌

തീര്‍ച്ചയായും ലൈംഗികത മുനഷ്യശരീരത്തിന്റെ അവിഭാജ്യ ഘടകംതന്നെയാണ്‌. ഭക്ഷണവും മറ്റ്‌ ആവശ്യങ്ങളും പോലെ ലൈംഗികതയും മനുഷ്യന്റെ ജീവിത പൂര്‍ത്തീകരണത്തിന്‌ ആവശ്യമാണ്‌. വിവാഹത്തിലൂടെ കൂട്ടായി കിട്ടുന്ന ജീവിത പങ്കാളിയുടെ സാമീപ്യവും പരിചരണവും സഹായവും നല്ലൊരു പരിധിവരെ ഒരാളെ സംതൃപ്‌തനാക്കും. ഈ സംതൃപ്‌തി രോഗങ്ങള്‍ കുറയ്‌ക്കാന്‍ സഹായിക്കും. മൂടിക്കെട്ടിവയ്‌ക്കുന്ന ലൈംഗികവാഞ്‌ഛ ഊര്‍ജ സ്രോതസുകളെ തളര്‍ത്താം. പല മാനസിക വിഭ്രാന്തികള്‍ക്കും കാരണമാകാം. അതിനാലാണ്‌ ഹാര്‍ട്ടറ്റാക്ക്‌ കഴിഞ്ഞ്‌ അധികം വൈകാതെ പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. അപ്പോള്‍ ലൈംഗിക സംതൃപ്‌തി അനായാസകരമായ ജീവിതത്തിന്‌ സഹായിക്കും. മനോസംഘര്‍ഷം കുറച്ച്‌, സന്തുലിതമായ ജീവിതം നയിക്കാനും പര്യാപ്‌തമാകും. എന്നാല്‍ വിവാഹവും ലൈംഗികബന്ധവും ഇല്ലാതെ ഒരുവന്‌ ജീവിതം അസാധ്യമാണെന്ന്‌ തെറ്റിദ്ധരിക്കരുത്‌. പുരാണങ്ങളിലെ യോഗീവര്യന്മാരെക്കുറിച്ച്‌ ചിന്തിക്കുക. ബ്രഹ്‌മചാരികളായിരുന്ന അവര്‍ക്ക്‌ മറ്റുമനുഷ്യരേക്കാള്‍ മനോശക്‌തിയും പല സിദ്ധികളും കൂടുതലായിരുന്നു. അപ്പോള്‍ കൂടുതല്‍ കഴിവുകള്‍ക്കായി ചില സുഖങ്ങള്‍ ത്യജിക്കാന്‍ തയാറായാല്‍ മനുഷ്യന്റെ സമൂലമായ വ്യക്‌തിത്വത്തിന്‌ മാറ്റുകൂട്ടും. വിവാഹം കഴിക്കാതിരുന്നാല്‍ ഹൃദ്രോഗമുണ്ടാകുമെന്ന്‌ തെറ്റിദ്ധരിക്കുകയുമരുത്‌. വിവാഹം കഴിക്കുന്നില്ല എന്ന താങ്കളുടെ തീരുമാനത്തില്‍ തെറ്റില്ല. അതിലൂടെ താങ്കള്‍ ആര്‍ജിച്ചെടുക്കുന്ന ശക്‌തി സമൂഹ നന്മയ്‌ക്ക് പ്രയോജനപ്പെടട്ടെ.

കൊറോണറി സ്‌പാസം പരിശോധനയിലൂടെ കണ്ടെത്താം
ഹൃദയധമനികളിലൂടെ രക്‌തസഞ്ചാരം ദുഷ്‌കരമാകുമ്പോഴാണ്‌ ഹൃദയകോശങ്ങള്‍
രക്‌തദാരിദ്ര്യത്താല്‍ ചത്തൊടുങ്ങുന്നത്‌.

25 വയസുള്ള വീട്ടമ്മയാണ്‌ ഞാന്‍. മെലിഞ്ഞ ശരീരപ്രകൃതമാണ്‌ എനിക്ക്‌. 160 സെന്‍റീ മീറ്റര്‍ ഉയരമുണ്ട്‌. കുറച്ചു നാളുകളായി നെഞ്ചിന്‌ ഇടതുഭാഗത്ത്‌ കഠിന വേദനയും അസ്വസ്‌ഥതയും അനുഭവപ്പെടുന്നു. ഗ്യാസിന്റെ ഉപദ്രവമായിരിക്കുമെന്നുകരുതി മരുന്ന്‌ കഴിച്ചു. എന്നിട്ടും മാറ്റമൊന്നുമില്ല. ഇതേത്തുടര്‍ന്ന്‌ പരിചയത്തിലുള്ള ഡോക്‌ടറെ കണ്ടു. പരിശോധനയില്‍ തകരാറുകളൊന്നും കണ്ടെത്താനായില്ല. ഒരു മാസം കഴിഞ്ഞും കുറവ്‌ കാണുന്നില്ലെങ്കില്‍ കാര്‍ഡിയോളജിസ്‌റ്റിനെ കാണണമെന്ന്‌ പറഞ്ഞു. കൊറോണറി സ്‌പാസം എന്ന രോഗത്തിന്റെ ലക്ഷമാണോ എന്ന്‌ സംശയമുണ്ടെന്നും ഡോക്‌ടര്‍ പറഞ്ഞു. എന്താണ്‌ ഈ രോഗം? ഈ പ്രായത്തില്‍ ഇത്തരം രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടോ? ചികിത്സകൊണ്ട്‌ പൂര്‍ണമായും മാറ്റിയെടുക്കാനാവുമോ?
മെറിന്‍ അബുദാബി

ഹൃദയധമനികളിലൂടെ രക്‌തസഞ്ചാരം ദുഷ്‌കരമാകുമ്പോഴാണ്‌ ഹൃദയകോശങ്ങള്‍ രക്‌തദാരിദ്ര്യത്താല്‍ ചത്തൊടുങ്ങുന്നത്‌. രക്‌തപ്രവാഹം കുറഞ്ഞു തുടങ്ങുമ്പോള്‍ രോഗിക്ക്‌ നെഞ്ചുവേദന അനുഭവപ്പെടും. ഈ രക്‌തദാരിദ്ര്യം ദീര്‍ഘനേരം നീണ്ടു നില്‍ക്കുമ്പോഴാണ്‌ ഹൃദയകോശങ്ങള്‍ നിര്‍ജീവമാകുന്നത്‌. ഈ അവസ്‌ഥയിലാണ്‌ ഹാര്‍ട്ടറ്റാക്ക്‌ ഉണ്ടാകുന്നത്‌. ഹൃദയധമനികളായ കൊറോണറിയിലെ ഘടനാവൈകല്യം മൂലമാണ്‌ അവയുടെ ഉള്‍വ്യാസം ചെറുതായി രക്‌തപ്രവാഹം അപര്യാപ്‌തമാകുന്നത്‌. കൊളസ്‌ട്രോളും മറ്റ്‌ പദാര്‍ഥങ്ങളും അടിഞ്ഞുകൂടിയാണ്‌ ഹൃദയധമനികളുടെ ഉള്‍വ്യാസം കുറയുന്നത്‌. ഈ കൊഴുപ്പ്‌ നിക്ഷേപത്തെ 'പ്ലാക്ക്‌' എന്നു പറയുന്നു. ഈ പ്ലാക്ക്‌ വലുതായി കൊറോണറികള്‍ വികലമാകുമ്പോഴാണ്‌ തുടര്‍ച്ചയായ നെഞ്ചുവേദനയും അറ്റാക്കും ഉണ്ടാകുന്നത്‌. എന്നാല്‍ ഹൃദയധമനികളില്‍ ഘടനാപരമായ ബ്ലോക്ക്‌ ഉണ്ടാകാതെയും രക്‌തസഞ്ചാരം ദുഷ്‌കരമാകാം. അതായത്‌ താല്‍ക്കാലികമായി കൊറോണറികള്‍ ചുരുങ്ങുന്നു. വീണ്ടും അല്‍പനേരം കഴിഞ്ഞ്‌ വികസിച്ച്‌ പൂര്‍വസ്‌ഥിതിയിലെത്തുന്നു. ഇതിനെയാണ്‌ കൊറോണറി 'സ്‌പാസം' എന്നു വിളിക്കുന്നത്‌.
സെറോടോണിന്‍, ത്രോംബോക്‌സേന്‍, എന്റോത്തലിന്‍ പദാര്‍ഥങ്ങളുടെ പ്രവര്‍ത്തനത്താലും അജ്‌ഞാാത കാരണങ്ങളാലും ജരിതാവസ്‌ഥ ഉള്ളതും ഇല്ലാത്തതുമായ കൊറോണറികളില്‍ വാസോസ്‌പാസം ഉണ്ടാകും. ഈ സമയത്ത്‌ കൊറോണറി ചുരുങ്ങുന്നതിനാല്‍ രക്‌തസഞ്ചാരം നിന്ന്‌് ഹൃദയകോശങ്ങളില്‍ രക്‌തദാരിദ്ര്യമുണ്ടായി കലശലായ നെഞ്ചുവേദനയുണ്ടാകാം. ചിലപ്പോള്‍ ഇത്‌ ഹാര്‍ട്ടറ്റാക്കിലേക്കും നയിക്കും. ഇത്തരം രോഗികളില്‍ ആന്‍ജിയോപ്ലാസ്‌റ്റിയെടുത്താല്‍ ബ്ലോക്ക്‌ കണ്ടെത്താന്‍ സാധിക്കില്ല. കൊറോണറി സ്‌പാസം സാധാരണ ചെറുപ്പക്കാരായ സ്‌ത്രീകളിലാണ്‌ കൂടുതലായി ഉണ്ടാവുക. എത്രയായാലും താങ്കള്‍ക്ക്‌ ഈ അപൂര്‍വരോഗമുണ്ടെന്ന്‌ പറയാനാവില്ല. അതിന്‌ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്‌. വിദഗ്‌ദ്ധനായൊരു കാര്‍ഡിയോളജിസ്‌റ്റിനെ കാണുന്നത്‌ നന്നായിരിക്കും.

ഡോ. ജോര്‍ജ്‌ തയ്യില്‍

സീനിയര്‍ കാര്‍ഡിയോളജിസ്‌റ്റ്
ലൂര്‍ദ്‌ ഹോസ്‌പിറ്റല്‍
എറണാകുളം

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
session_write_close(); mysql_close();