Saturday, September 08, 2018 Last Updated 14 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Friday 07 Sep 2018 12.39 AM

വിധി 'കള്‍ച്ചറല്‍ ഷോക്ക്‌ '

uploads/news/2018/09/246583/3.jpg

പരസ്‌പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകൃത്യമല്ലെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി കള്‍ച്ചറല്‍ ഷോക്കാണ്‌. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനും അതിജീവനത്തിനും മാരകമല്ലാത്ത ഇത്തരം ഷോക്കുകള്‍ അനിവാര്യമാണ്‌.
ഇന്ത്യയില്‍ വൈവിധ്യമാര്‍ന്നതരം രതിസങ്കല്‍പ്പമുണ്ടായിരുന്നു. ക്ഷേത്രച്ചുമരുകളിലെ ശില്‍പ്പങ്ങളിലും അജന്ത, എല്ലോറ ശില്‍പ്പങ്ങളിലും ഈ രതിവൈവിധ്യം കാണാം.
ഇന്ത്യയിലെ രതിസങ്കല്‍പ്പം ഒരുകാലത്തും ഭാര്യാ-ഭര്‍ത്തൃ ലൈംഗികതയില്‍ തളച്ചിട്ടതായിരുന്നില്ല. കിടപ്പറയില്‍ എത്തിനോക്കുന്ന നിയമ വ്യവസ്‌ഥ ഇവിടെ ഉണ്ടായിരുന്നില്ല. അതു ഭരണവ്യവസ്‌ഥകളുടെ ആകുലതയും ആയിരുന്നില്ല.
ഇന്ത്യയെ വൈദേശികാധിപത്യം കീഴടക്കിയപ്പോള്‍ ഒന്നര നൂറ്റാണ്ടിനുള്ളില്‍ കടന്നുവന്ന സദാചാര വ്യവസ്‌ഥയാണ്‌ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377- ാം വകുപ്പായി പ്രത്യക്ഷപ്പെട്ടു ക്രിമിനല്‍ കുറ്റമായി ലൈംഗികയെ മാറ്റിയത്‌. എല്‍.ജി.ബി.ടി. അടക്കമുള്ള ലൈംഗിക വിഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇന്നു സമൂഹം തയാറായിട്ടുണ്ട്‌. ഇതു മാറിവരുന്ന സദാചാര ബോധത്തിന്റെ അടയാളമാണ്‌. എന്നാല്‍ നവോത്‌ഥാനത്തിന്റെ സന്ദേശം ഉയര്‍ത്തിയ ശ്രീനാരായണ ഗുരുവോ വിമോചന മുദ്രാവാക്യം മുന്നോട്ടുവച്ച വി.ടി. ഭട്ടതിരിപ്പാടിന്റെ കാലത്തെ പ്രസ്‌ഥാനങ്ങളോ അധികാരം കൈയാളിയ കമ്യൂണിസ്‌റ്റുകാര്‍ ഉള്‍പ്പെടെയുള്ളവരോലൈംഗിക ന്യൂനപക്ഷം എന്നൊരു വിഭാഗത്തെ അഭിസംബോധന ചെയ്‌തിട്ടില്ല. കിടപ്പറയില്‍ നിയമത്തിനും സദാചാരത്തിനും എന്തുകാര്യം എന്നു ചോദിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
സ്വവര്‍ഗരതി ഭരണഘടനാ അവകാശമായി മാറുമ്പോള്‍ അതു ദൂരവ്യാപക ഫലം ഉളവാക്കും. യൂറോപ്യന്‍ രാജ്യങ്ങള്‍ നിയമവിധേയമാക്കിയ സ്വവര്‍ഗ വിവാഹം പോലുള്ള അവകാശങ്ങളിലേക്ക്‌ ഈ നടപടിക്കു വികസിക്കേണ്ടി വരും. നിലവിലെ സദാചാര ബോധത്തിന്‌ ആഘാതമേല്‍പ്പിക്കുന്ന നടപടികള്‍ ഉണ്ടാവുമ്പോള്‍ എതിര്‍പ്പു സ്വാഭാവികം. എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും സഹിഷ്‌ണുതയോടെ ഇടപെടേണ്ട ഘട്ടമാണിത്‌.
സ്വവര്‍ഗ ലൈംഗികതയെ പ്രകൃതിവിരുദ്ധമായി കണ്ടിരുന്നവരും മാനസിക വൈകല്യമായി കണ്ട മനഃശാസ്‌ത്ര സമൂഹവും തെറ്റുതിരുത്താന്‍ തയാറാവുന്നു.
പ്രണയം ക്രിമിനല്‍ കുറ്റമായിത്തീരുന്ന വ്യവസ്‌ഥയില്‍ നിന്നുള്ള മോചനമായി വേണം കോടതി വിധിയെ കാണാന്‍. സദാചാരത്തിന്റെ ചങ്ങല മുറുകെപ്പിടിക്കുന്നത്‌ സാമൂഹികഘടനയിലെ അടിത്തട്ടില്‍ നില്‍ക്കുന്നവരാണ്‌ എന്നുകാണാം. സമ്പന്നരും ഇടത്തരക്കാരും സദാചാര വ്യവസ്‌ഥകളെ അനായാസം മറികടക്കുന്നുണ്ട്‌. സമ്പന്ന കുടുംബങ്ങള്‍ക്ക്‌ മിശ്രവിവാഹങ്ങള്‍ പ്രശ്‌നമല്ല. എന്നാല്‍ സമൂഹത്തിന്റെ താഴെ തട്ടിലെത്തുമ്പോള്‍ അതു സദാചാരവും അഭിമാനപ്രശ്‌നവുമായി വളരുകയാണ്‌.
മതങ്ങള്‍ സൃഷ്‌ടിക്കുന്ന സദാചാര വ്യവസ്‌ഥയല്ല രാജ്യത്തിന്റെ സദാചാര സങ്കല്‍പ്പം. ഇന്ത്യയുടെ സദാചാര പാരമ്പര്യത്തിന്‌ 5000 വര്‍ഷത്തെ പഴക്കമുണ്ട്‌. അവിടെ നിലനിന്ന ലൈംഗിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴിതുറക്കലാണ്‌ ഈ കോടതി വിധി.
150 വര്‍ഷം തടഞ്ഞുവച്ച വികാരങ്ങളുടെ വീണ്ടെടുപ്പായി വിധിമാറും. ഇത്തരം കള്‍ച്ചറല്‍ ഷോക്കുകള്‍ കൊണ്ട്‌ സദാചാരത്തിന്റെ മതില്‍ക്കെട്ടുകളെ ഇല്ലാതാക്കാന്‍ കഴിയും.

സിവിക്‌ ചന്ദ്രന്‍
(ആക്‌ടിവിസ്‌റ്റ്‌)

Ads by Google
Friday 07 Sep 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Ads by Google